Asianet News MalayalamAsianet News Malayalam

നാട്ടില്‍നിന്നും ഗള്‍ഫിലേക്ക് ഒരു വിഐപി കറിവേപ്പിലയുടെ യാത്ര!

ഒരു അബൂദാബി കറിവേപ്പിലക്കഥ! ദേശാന്തരത്തില്‍ ശംസ് വീട്ടില്‍ എഴുതുന്നു.

deshantharam journey of some curry leaves from Kerala to Abu Dhabi
Author
Thiruvananthapuram, First Published Apr 7, 2022, 3:20 PM IST

രണ്ടു ദിവസം കഴിഞ്ഞാല്‍ മകള്‍ വരും. കഴിഞ്ഞ മാസം ഒമ്പതാം ക്ലാസിലെ പരീക്ഷയെഴുതാന്‍ പോയതാണ്. കേരള സിലബസായതിനാല്‍ നാട്ടിലേക്കുള്ള യാത്ര നിര്‍ബന്ധമായിരുന്നു. ഇനി പത്താംതരം തുടങ്ങുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി വന്നു പോകാം. പിന്നെ ട്യൂഷന്‍ ആരംഭിച്ചാല്‍ പത്താംതരത്തിന്റെ തത്രപ്പാടിലേക്കു വീഴും.

ഇന്നലെ വൈകീട്ടു ഡ്യൂട്ടികഴിഞ്ഞു വരുമ്പോള്‍ ഭാര്യ ഫോണില്‍ തിരക്കിലായിരുന്നു. നോമ്പുകാലം തുടങ്ങുന്നതിനു ഒരാഴ്ച മുമ്പേ തുടങ്ങിയ നോമ്പുതുറ വിഭവങ്ങളുടെ യൂട്യൂബു കാഴ്ചകളില്‍ അഭിരമിച്ചിരിക്കുന്നതിനു പകരമായി അവള്‍ വാട്സ് ആപ്പിലായിരുന്നു.

വിവരം ആരായാന്‍ ചെല്ലവെ വിരലുയര്‍ത്തി മൗനം ദീക്ഷിക്കാന്‍ ഉത്തരവിട്ടു. സോഫയില്‍ അടുത്തിരിക്കാന്‍ അനുവദിക്കാത്തത്ര ഗൗരവവും കൂടിയായപ്പോള്‍ അകലം പാലിക്കുകയാണു നല്ലതെന്നു തോന്നി.

വാട്‌സ് ആപ്പില്‍ മൈക്കിന്റെ ചിഹ്നം അമര്‍ത്തിപ്പിടിച്ചു ഫോണ്‍ മുഖത്തോടടുപ്പിച്ചു സംസാരിക്കുന്ന അവളുടെ വോയ്‌സ് ശ്രദ്ധിക്കവെയാണ് കാര്യ ഗൗരവം കുറെശ്ശെയായി ഗ്രഹിക്കാന്‍ കഴിഞ്ഞത്.

ക്ലീഷെയില്‍ തുടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ കേട്ടു ചിരിയടക്കാന്‍ പെടാപ്പാടു പെടേണ്ടി വന്നു.

''എന്താടോ സുഖല്ലെ...? ''
''മോന്റെ പഠിപ്പെന്തായി... ''
''മോളെന്തു പറയുന്നു...?''
''ചേട്ടന്‍ വന്നിരുന്നോ...? ''
''ഇക്ക കടയിലായിരിക്കും അല്ലെ ...? ''
''ദിവ്യ വിളിച്ചിരുന്നു.''
''അശറഫ് പറഞ്ഞു...''

എല്ലാ വിശേഷങ്ങള്‍ക്കുമൊടുവില്‍ ആവശ്യം കുറച്ചു കറിവേപ്പിലയായിരുന്നു. അതും അവരുടെ സ്വന്തം ഗൃഹത്തിലെ അടുക്കളത്തോട്ടത്തിലുള്ളതായിരിക്കണം. മകളുടെ കയ്യിലെത്തിച്ചാല്‍ മതി. 

അത് അവളുടെ ജീവിത നിര്‍ബന്ധങ്ങളിലൊന്നായിരുന്നു. അബുദാബിയിലെത്തി ഇന്നുവരെ അതു നിലനിര്‍ത്തിപ്പോന്നിരുന്നത്. കിട്ടിയില്ലെങ്കില്‍ അത് ഉപയോഗിക്കുകയില്ലെന്നത് അവളുടെ  ദൃഢതീരുമാനവുമായിരുന്നു.

നിരാശാജനകമായ മറുപടികളാണ് എതിര്‍കക്ഷികളില്‍ നിന്നും ലഭിക്കുന്നതെന്ന് അവളുടെ മുഖം പറയുന്നുണ്ടെങ്കിലും ശ്രമം അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു.

കീടനാശിനിയോ വിഷമോ തളിക്കാത്ത വേപ്പില വേണമെന്നതിനാല്‍ ഗ്രോസറി, സൂപ്പര്‍, ഹൈപര്‍ എന്നീ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങില്ലെന്ന ദുശ്ശാഠ്യം ഉള്ളവരെ ഉപദേശിച്ചു ഫലം കാണാതിരുന്നതിനാല്‍ ഞാന്‍ വീണ്ടും ഒരു കാഴ്ചക്കാരനായി ത്തന്നെ തുടര്‍ന്നിരുന്നു.

സന്ദേശം നോക്കാത്ത വാട്‌സ് ആപ്പുകാരെ തിരിച്ചു കാള്‍ ചെയ്തു ശ്രദ്ധിപ്പിച്ചിട്ടും മറുഭാഗക്കാര്‍ കേവലം കറിവേപ്പില പോലെ പ്രതികരിക്കുന്നതുകൊണ്ടാകാം ഭവതിയുടെ മുഖത്ത് കനത്ത തോതില്‍ ദേഷ്യം പ്രകടമാകുന്നുണ്ടായിരുന്നു.

നോമ്പു തുറയും പ്രാര്‍ത്ഥനയും കഴിഞ്ഞു ചായ കുടിച്ചിരിക്കവെ, അവളെന്റെ മൊബൈലെടുത്തു വീണ്ടും മാറിയിരുന്നു. സംഭാഷണം തുടങ്ങിയപ്പോള്‍ വിളിക്കുന്നയാളെ മനസ്സിലായി. ഖത്തറിലുള്ള മകനാണ്.

ഹൈസ്‌കൂള്‍ മുതല്‍ കോളേജു വരെയുണ്ടായിരുന്ന അവന്റെ സഹപാഠികളിലാരെയെങ്കിലും വിളിച്ചു കറി വേപ്പില നാളെത്തന്നെ നാട്ടിലെ വീട്ടിലെത്തിപ്പിക്കണമെന്ന സ്വരം അഭ്യര്‍ത്ഥനയാണോ അതോ കല്‍പനയാണോ എന്ന് എനിക്കു മനസ്സിലായതുമില്ല.

ശേഷം, എന്റെ മൗനത്തിലേക്കു തറച്ചു നോക്കി, ഫോണ്‍ എന്റെ മടിയിലേക്കെറിഞ്ഞു അവള്‍ അടുക്കളയിലേക്കു പോയി.

രാവിലെയെഴുന്നേറ്റു വന്നപ്പോള്‍ മുഖം വീര്‍പ്പിച്ചു തറ ബ്രഷ് ചെയ്യുന്നതു കണ്ടു.

എന്നെ കണ്ടതും മകനെ ശകാരിക്കാന്‍ തുടങ്ങി. 

ഇന്നലത്തെ വിഷയത്തില്‍ അവന്റെ ഭാഗത്തു നിന്നും ഫലം കണ്ടില്ലെന്നു ശകാരവര്‍ഷത്തില്‍ നിന്നും വ്യക്തമായി ഊഹിച്ചെടുക്കാന്‍ കഴിഞ്ഞു.

''മക്കളുണ്ടായിട്ടെന്താ കാര്യം? ഒന്നിനെയും ഒരുഉപകാരത്തിനു കൊള്ളില്ല.''

തികട്ടി വന്ന കോപം അവള്‍ ഒരു നിമിഷം സ്വയം പിടിച്ചു നിന്നു.

''എന്റെ മാത്രം ആവശ്യമാണെന്നാ വിചാരം. കിട്ടിയില്ലെങ്കില്‍ വേണ്ട. കൊന്നാലും ഞാനിത് കടയില്‍ ന്ന് വാങ്ങുമെന്ന് ഇവിടെയാരും കരുതണ്ട.''

അത് എനിയ്ക്കാണ്.

പിന്നില്‍ നിന്നും പിറുപിറുപ്പ് കേട്ടു മൊബൈലെടുത്തു. മകന്റെ മെസ്സേജു കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ ചിരി വന്നു. ഇന്നലത്തെ മദറുമായുമായുള്ള ഫോണ്‍ കോണ്‍വര്‍സേഷന്റെ സമ്മറി.

കുളി കഴിഞ്ഞിറങ്ങിയപ്പോള്‍ ഇമ്പായിക്കാടെ മിസ്ഡ് കാള്‍ കണ്ടു. ആഴ്ചയില്‍ മീന്‍ തരുന്ന കച്ചവടക്കാരനാണ്. ദുബായില്‍ നിന്നും നല്ല മീന്‍ കിട്ടിയാല്‍ വിളിക്കുന്ന പതിവുണ്ട്. തിരിച്ചു വിളിച്ചപ്പോള്‍ ഒരു മണിക്കൂറിനുള്ളിലെത്താമെന്നു പറഞ്ഞു.

വാട്‌സ് ആപ്പില്‍ മകള്‍ അയച്ച ഫോട്ടോസ് കാണിക്കാന്‍ പ്രിയതമ അടുത്തുവന്നു.

കൊണ്ടുവരാനുള്ളകടലാസുപെട്ടി പ്ലാസ്റ്റിക് കയര്‍ കൊണ്ടുകെട്ടിക്കഴിഞ്ഞതിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളാണ്.

വിഷണ്ണയായ അവളുടെ മുഖത്തു നോക്കി അരി, മുളക്, മല്ലി, മഞ്ഞള്‍ എന്നിത്യാദി പൊടികളും ചക്ക, മാങ്ങ, നേന്ത്ര, പപ്പായ എന്നീ പഴവര്‍ഗ്ഗങ്ങളും ഉണ്ടല്ലോ എന്ന സമാശ്വാസ വചനങ്ങളുമായി സംസാരിക്കാന്‍ മുതിരവെയാണ് ഇമ്പായിക്കാടെ വിളി വന്നത്.

''മീന്‍ നിങ്ങള് തന്നെയങ്ങ് നോക്കി വാങ്ങ്യാ മതി. ഞാനില്ല.''

മുഖമടച്ച വാക്കുകളും കേട്ടു ഞാന്‍ പുറത്തിറങ്ങി.

വാങ്ങിയ വലിയ മീന്‍ കഷണം നുറുക്കുന്നതിനിടയില്‍ ഇമ്പായിക്ക സംസാരിക്കാന്‍ തുടങ്ങി. അത് അങ്ങനെയാണ് വിഫലമായ വിഷയങ്ങളാണെങ്കിലും പൊടിപ്പും തൊങ്ങലും വെച്ചു സംസാരം തുടങ്ങും. കേട്ടു നില്‍ക്കാന്‍ രസമാണ്. 

മീന്‍ വെട്ടി കവറിലിട്ടിട്ടും വിഷയങ്ങള്‍ തീരാത്തതിനാല്‍ സംസാരം നിന്നിരുന്നില്ല.

ദിര്‍ഹവും വാങ്ങി വാഹനത്തിന്റെ സീറ്റിലേക്കു കയറവെ ഇമ്പായിക്ക തിരിച്ചിറങ്ങി എന്നോടു ചോദിച്ചു.

''ഇങ്ങക്ക് കറിവേപ്പില വേണോ...?''

ഒരശിരീരി പോലെയാണെനിക്കാ ശബ്ദം തോന്നിയത്.

''എന്താ പറഞ്ഞത്?''

എന്റെ തലയിലെ കിളി പോയതും ഒപ്പമായിരുന്നു.

''കറിവേപ്പില. എന്തേ ഇങ്ങള് കണ്ടിട്ടില്ലേ?''

''ആ...''

വാനിന്റെ  അടുത്ത സീറ്റിലേക്ക് കയ്യെത്തിച്ച് അയാള്‍ വലിയൊരു പ്ലാസ്റ്റിക് കവര്‍ പുറത്തേക്കെടുത്തു.

''ഇന്ന് അല്‍ റഹബ തോട്ടത്തിലേക്ക് മീന്‍ ഓര്‍ഡറുണ്ടായിരുന്നു. അവിടെ പോയപ്പോ വേപ്പിലയിങ്ങനെ തഴച്ചു നിക്കണത് കണ്ടു''

''ബംഗാളികളാ അവിടെ പണിക്ക് നിക്കണത്.''

മറ്റൊരു കവറെടുത്തു വേപ്പില പകുത്തു നിറക്കവെ അയാള്‍ തുടര്‍ന്നു: ''അവറ്റോളിത് ഉപയോഗിക്കൂലാന്നാ തോന്നണത്.  ചോയ്ച്ചപ്പോ ഇഷ്ടം പോലെ കൊണ്ടോയ്‌ക്കോളാന്‍ പറഞ്ഞു''
 
കറിവേപ്പില കവര്‍ കയ്യില്‍ തന്നു പകച്ചു നില്‍ക്കുന്ന എന്നെ നോക്കി പതിവു ചിരിയും ചിരിച്ചു അയാള്‍ വാഹനമോടിച്ചു പോയി.

അടക്കാനാവാത്ത ആഹ്‌ളാദത്തോടെ വാമഭാഗത്തിന്റെ മുഖത്ത് തെളിയുന്ന നിലാച്ചിരിയും ഓര്‍ത്തു ഞാന്‍ വിട്ടിലേക്കു നടന്നു.
 

Follow Us:
Download App:
  • android
  • ios