അപ്പോള്‍ സംശയിക്കേണ്ടത് വയനാട് മണ്ഡലം അവകാശപ്പെട്ടുകൊണ്ടുള്ള ചാണ്ടി-ചെന്നിത്തല പോരിന്റെ ഭാഗമാണ് ഈ പ്രഖ്യാപനമെന്നാണ്. സിദ്ദിഖിനെ ഒഴിവാക്കാനുള്ള ചെന്നിത്തലയുടെ തന്ത്രവിജയമാണിതെന്ന് ഒരു വ്യാഖ്യാനമുണ്ട്. എന്നാല്‍ ഗ്രൂപ്പ് തന്ത്രത്തില്‍ ചെന്നിത്തലയുടെ നൂറു മടങ്ങ് കേമനായ ചാണ്ടിയുടെ പൂഴിക്കടകന്‍ ആണിതെന്നതിലും സത്യമുണ്ടാകാം.

കോട്ടയം കുഞ്ഞച്ചന്‍ എന്ന ഹാസ്യസിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കോണായില്‍ കൊച്ചാപ്പിയുടെ ഡയലോഗ് ആയിരുന്നു അത്. ''മോഹന്‍ലാല്‍ വരുമോ, വരില്ലേ?''. പിന്നീട് മറ്റൊരു പടത്തില്‍ മഞ്ജുവാര്യരിലൂടെ ആ തമാശവാചകം കൂടുതല്‍ പേരെടുത്തു. കോട്ടയത്തുകാരുടെ കുഞ്ഞൂഞ്ഞ് ആയ ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്ക് വരുന്നെന്ന അത്ഭുതവാര്‍ത്ത അറിയിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം രാഷ്ട്രീയകേരളത്തില്‍ നിറഞ്ഞുനിന്ന ചോദ്യം സമാനമായിരുന്നു. ''രാഹുല്‍ വരുമോ, വരില്ലേ?'' 

വാര്‍ത്ത കേരളത്തെ അമ്പരപ്പിച്ചു. യു ഡി എഫിനെ ആഹ്ളാദിപ്പിച്ചു. ഇടതുപക്ഷത്തെ ഞെട്ടിച്ചു. പക്ഷേ ഇതൊക്കെ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും രാഹുലില്‍ നിന്നോ എ ഐ സി സിയില്‍ നിന്നോ യാതൊരു സ്ഥിരീകരണവും വന്നില്ല. ശ്രീരാമന്‍ വന്ന് ഏകുന്ന മോക്ഷം കാത്തുകിടക്കുന്ന ശിലയായ അഹല്യയെന്ന മട്ടില്‍ വയനാട് രാഹുലിനെ കാത്തിരിക്കുന്നു എന്ന് ചാനലുകള്‍ ദിവസങ്ങളായി എഴുതിവിടുന്നു. പക്ഷേ ഇത് എഴുതുന്നതുവരെ പുക വെളുത്തോ കറുത്തോ പുറത്തുവന്നിട്ടില്ല. 

രാഹുലിന്റെ വരവ് വയനാട്ടില്‍ മാത്രമല്ല കേരളമാകെ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു യു ഡി എഫിന്റെ പ്രഖ്യാപനം. 1977 ആവര്‍ത്തിച്ചുകൊണ്ട് 20 ല്‍ 20 സീറ്റ് ഉറപ്പ്. അങ്കലാപ്പിലായെങ്കിലും സി പി എമ്മിന്റെ പ്രതികരണം, അപായത്തിലായ മതനിരപേക്ഷതക്ക് വേണ്ടി ബി ജെ പിക്കെതിരെയാണ് ഈ തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പൂച്ച് പുറത്തായെന്നായിരുന്നു. മാത്രമല്ല ഇതോടെ കോണ്‍ഗ്രസുമായുള്ളതോ ഉണ്ടാകാവുന്നതോ ആയ സകല ബന്ധവും ഉപേക്ഷിക്കുമെന്ന് അവര്‍ കടുത്ത ഭീഷണി മുഴക്കുന്നു. 

ഇത് എഴുതുന്നതുവരെ പുക വെളുത്തോ കറുത്തോ പുറത്തുവന്നിട്ടില്ല

ഇക്കുറി ഇരട്ട അക്കത്തില്‍ എത്തുമോ എന്ന് സംശയിക്കുന്ന ഇടതുപക്ഷം ഇങ്ങനെ മസില്‍ ഇളക്കുന്നത് 'വരവേല്‍പ്പ്' എന്ന സിനിമയിലെ കൃഷ്ണന്‍ കുട്ടിനായരുടെ തമാശ പോലെ തോന്നാം. എങ്കിലും അതിനു ചില പ്രസക്തിയൊക്കെയുണ്ട്. ബി ജെ പിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ അധ്യക്ഷനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തന്നെ ബി ജെ പിക്ക് പകരം അവര്‍ ഏറ്റവും ദുര്‍ബലമായ കേരളത്തിലെത്തി ഇടതുപക്ഷത്തെ നേരിടുമ്പോള്‍ ആ യുദ്ധത്തിന്റെ ലക്ഷ്യവും ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടാം. അതേ സമയം എല്ലാവരും നിലനില്‍പ്പിനായി പൊരുതുമ്പോള്‍ ഇടതുപക്ഷത്തിന്റെ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനു എത്രമാത്രം ബാധ്യത എന്ന അവരുടെ മറുചോദ്യവും അപ്രസക്തമല്ല. പരാജയഭീതിയാണ് രാഹുലിനെ കേരളത്തിലേക്ക് ഓടിച്ചതെന്ന ബി ജെ പിയുടെ പരിഹാസത്തിലും കഴമ്പുണ്ട്. അമേഠിയില്‍ നില പരുങ്ങലിലായതുകൊണ്ടുതന്നെയാണ് മുമ്പ് അമ്മയെയും (ബെല്ലാരി, കര്‍ണാടകം 1999) അമ്മമ്മയെയും (മേഡക്, ആന്ധ്ര 1980) പോലെ രാഹുല്‍ വിന്ധ്യനു തെക്ക് സുരക്ഷിതമണ്ഡലം തേടുന്നത് എന്നത് ശരിയാണ്. കുടുംബമണ്ഡലമായ അമേഠിയില്‍ 2009 ല്‍ രാഹുല്‍ ആദ്യം തോല്‍പ്പിച്ചത് ബഹുജന്‍സമാജിന്റെ പ്രാദേശിക നേതാവിനെയാണ്. കിട്ടിയ വോട്ട് 70%, ഭൂരിപക്ഷം 3.70 ലക്ഷത്തില്‍ പരം. അപ്രധാനിയായ ബി ജെ പി സ്ഥാനാര്‍ഥി അന്ന് വെറും മുപ്പതിനായിരം വോട്ടുമായി വളരെ പിന്നില്‍ മൂന്നാം സ്ഥാനത്ത്. 2014 ആയപ്പോള്‍ സ്ഥിതി മാറി. ബി ജെ പിയുടെ താരം സ്മൃതി ഇറാനിയായിരുന്നു എതിരാളി. അന്ന് രാഹുലിന്റെ ഭൂരിപക്ഷം ഇടിഞ്ഞെത്തിയത് ഒരു ലക്ഷത്തില്‍പരം വരെ. ഇക്കുറി വീണ്ടും സ്മൃതി തന്നെ രാഹുലിനെ നേരിടാന്‍ ചാടിയിറങ്ങിയത് വലിയ തയ്യാറെടുപ്പോടെയാണ്. ഉത്തരപ്രദേശില്‍ സമാജ് വാദി-ബഹുജന്‍സമാജ് മുന്നണിയില്‍ കോണ്‍ഗ്രസില്ലെങ്കിലും അമേഠിയില്‍ അവര്‍ രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ മായാവതിയെ പൂര്‍ണമായും വിശ്വസിക്കാന്‍ വിഷമമാണ്. തീര്‍ച്ചയായും ഇക്കുറി രാഹുലിനു അത്ര സുരക്ഷിതമല്ല.

പക്ഷേ ചരിത്രത്തിലേറ്റവും നിര്‍ണായകമായ മത്സരത്തിനു കോണ്‍ഗ്രസ്സ് ഒരുങ്ങുമ്പോള്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ മണ്ഡലത്തെ ചൊല്ലി ദേശീയനേതാക്കളായ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒക്കെ ഇത്ര ഉറപ്പില്ലാത്ത പരസ്യപ്രകടനങ്ങള്‍ ചെയ്യുന്നതിന്റെ അപക്വത നിസ്സാരമല്ല. ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച ഒരു കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ഒരു കോടതിയില്‍ ഹാജരായശേഷം ഉമ്മന്‍ ചാണ്ടി തെരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രഖ്യാപിക്കേണ്ടതാണോ ഇത്ര പ്രധാനപ്പെട്ട ഇക്കാര്യം? എക്കാലത്തും സമുന്നതനേതാവിന്റെ ഇഷ്ടപ്രകാരം ചലിക്കുന്നതാണ് കോണ്‍ഗ്രസ് എന്ന സംഘടന. വാസ്തവത്തില്‍ രാഹുലോ ഹൈക്കമാന്റോ എപ്പോഴെങ്കിലും വയനാട് ഗൗരവമായി പരിഗണിച്ചിരുന്നോ എന്ന് സംശയമാണ്. മൂന്ന് തെക്കന്‍ സംസ്ഥാനങ്ങളും രാഹുലിനെ ക്ഷണിച്ചുവെന്നാണ് എ ഐ സി സി പറയുന്നത്. പക്ഷേ ഗൗരവതരമായ ക്ഷണമായിരുന്നുവോ അതെന്ന് സംശയം. അതല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി മാര്‍ച്ച് 23 ന് രാഹുലിന്റെ വരവ് പ്രഖ്യാപിക്കുന്നതുവരെ അദ്ദേഹവും പ്രതിപക്ഷനേതാവ് ചെന്നിത്തലയും തമ്മില്‍ ഇത്രക്ക് വാശിയോടെ വയനാട് മണ്ഡലത്തെ ചൊല്ലി പൊരിഞ്ഞ പോരിലേര്‍പ്പെടുകയും അതുകൊണ്ട് മാത്രം എ ഐ സി സി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുമോ? ചാണ്ടിയുടെ ശിഷ്യനായ ടി സിദ്ദിക്ക് ആണ് സ്ഥാനാര്‍ത്ഥി എന്ന് അനൗദ്യോഗികമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്യുമോ?

അപ്പോള്‍ സംശയിക്കേണ്ടത് വയനാട് മണ്ഡലം അവകാശപ്പെട്ടുകൊണ്ടുള്ള ചാണ്ടി-ചെന്നിത്തല പോരിന്റെ ഭാഗമാണ് ഈ പ്രഖ്യാപനമെന്നാണ്. സിദ്ദിക്കിനെ ഒഴിവാക്കാനുള്ള ചെന്നിത്തലയുടെ തന്ത്രവിജയമാണിതെന്ന് ഒരു വ്യാഖ്യാനമുന്ദ്. എന്നാല്‍ ഗ്രൂപ്പ് തന്ത്രത്തില്‍ ചെന്നിത്തലയുടെ നൂറു മടങ്ങ് കേമനായ ചാണ്ടിയുടെ പൂഴിക്കടകന്‍ ആണിതെന്നതിലും സത്യമുണ്ടാകാം. സിദ്ദീക്ക് ആണ് സ്ഥാനാര്‍ഥിയെന്ന് ചാണ്ടി പക്ഷത്തിന്റെ പ്രചാരണമുണ്ടായെങ്കിലും വാസ്തവത്തില്‍ എ ഐ സി സി അതില്‍ അവസാന തീരുമാനം എടുത്തിരുന്നില്ല. വയനാടും വടകരയും അവസാനം വരെ പ്രഖ്യാപിക്കാതിരുന്നത് അതുകൊണ്ടാണ്. 2009 ഹൈക്കമാന്റ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പദത്തില്‍ നിന്ന് സിദ്ദീക്കിനെ നീക്കി ഐ ഗ്രൂപ്പുകാരനായ എം ലിജുവിനെ അവരോധിച്ചതില്‍ എല്ലാ നിയന്ത്രണവും വിട്ട് ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചിരുന്നു. അന്ന് ചാണ്ടിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഹൈക്കമാന്റ് സിദ്ദീക്കിനെ തന്നെ പുനരവരോധിച്ചെങ്കിലും സോണിയയ്ക്കും രാഹുലിനും അത് തീരെ പിടിച്ചിരുന്നില്ല. അതു ഇപ്പോഴും അവര്‍ മറന്നിരുന്നുമില്ല. ഇതിനു പുറമേ ആയിരുന്നു 2015 ല്‍ സിദ്ദിക്കിന്റെ ഒരു കുടുംബപ്രശ്നം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തി പാര്‍ട്ടിക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നതും കെ പി സി സി ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് അദ്ദേഹത്തിനു ഒഴിയേണ്ടിവന്നതും. അന്ന് വയനാട് എം പി ആയിരുന്ന അന്തരിച്ച എം ഐ ഷാനവാസാണ് തനിക്കെതിരെ കുത്തിത്തിരിപ്പ് നടത്തിയെന്ന് സിദ്ദീക്ക് ആരോപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി ചില പരാതികള്‍ ഇപ്പോള്‍ ഹൈക്കമാന്റിനു എത്തുകയും ചെയ്തു. അതും അന്തിമതീരുമാനം അനിശ്ചിതത്വത്തിലാക്കി. ഈ സമയത്തായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഹുല്‍ പ്രയോഗം എന്നത് ശ്രദ്ധേയം. എനിക്കില്ലെങ്കില്‍ നിനക്കും വേണ്ടെന്ന തന്ത്രമാകാം ഇതിനുപിന്നില്‍. മാത്രമല്ല ഇനി രാഹുല്‍ ഇല്ലെന്നാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിനായി ഒഴിഞ്ഞുകൊടുത്തുവെന്ന് പ്രചരിക്കപ്പെട്ട സിദ്ദിക്കിന്റെ പേര് അതോടെ വയനാട്ടില്‍ ഉറയ്ക്കുകയും ചെയ്യുമല്ലോ. (ഉമ്മന്‍ ചാണ്ടിയോട് വളരെ അടുപ്പം പുലര്‍ത്തുന്ന പ്രമുഖ മാധ്യമം തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.). ചുരുക്കത്തില്‍ കേരളത്തിലെ എ-ഐ ഗ്രൂപ്പ് പോരിലെ ഒരു ആയുധമാകുകയായിരുന്നുവോ രാഹുലിന്റെ വയനാടന്‍ കഥ എന്ന് സംശയിക്കാതെ വയ്യ. 

പവാറിലൂടെ സി പി എം നേതൃത്വം സ്വാധീനിച്ചാണ് രാഹുലിന്റെ വയനാട് പ്രവേശത്തെ ചാക്കോ എതിര്‍ക്കുന്നതെന്നൊരു സംസാരമുണ്ട്.

ചാണ്ടിയുടെ എതിരാളിയായ എ ഐ സി സി സെക്രട്ടറി പി സി ചാക്കോ പരസ്യമായി തന്റെ അതൃപ്തി പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. ചാണ്ടിയോടുള്ള എതിര്‍പ്പിനു പുറമേ ദേശീയ രാഷ്ട്രീയം സംബന്ധിച്ച ചാക്കോയെപ്പോലെയുള്ള കോണ്‍ഗ്രസുകാരുടെ വ്യത്യസ്ത സമീപനവും ഇതില്‍ കാണാം. തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെയുള്ള നിലപാടിനെയും തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരാനുള്ള മതേതരസഖ്യസാധ്യതയെയും ദുര്‍ബലപ്പെടുത്തുന്നതാണ് ഇടതുപക്ഷത്തെ ശത്രുക്കളാക്കുന്നതെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസ്സുകാരിലാണ് ചാക്കോ. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം സ്ഥാപിക്കണമെന്ന് പരസ്യമായി നിര്‍ബന്ധം പിടിക്കുന്ന ചാക്കോ ഇക്കാര്യത്തില്‍ ഷീലാ ദീക്ഷിത്തുമായി ഇടഞ്ഞു. 1998 ല്‍ രാജ്യമാകെ സഖ്യം സ്ഥാപിച്ചുകൊണ്ട് ബി ജെ പിയുടെ രാഷ്ട്രീയ അയിത്തം അവസാനിപ്പിച്ച് ഇന്ത്യയില്‍ മേധാവിത്തം നേടാന്‍ വാജ്പേയിക്ക് കഴിഞ്ഞു. അന്നത്തെപ്പോലെ നിര്‍ണായകമായ ഇന്നത്തെ സാഹചര്യത്തില്‍ ബുദ്ധിശാലിയായ ഒരു രാഷ്ട്രീയ ആചാര്യന്റെ അഭാവം കോണ്‍ഗ്രസില്‍ ഇന്നുണ്ട്. ഈ അവസ്ഥയൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ ഇന്ന് പഴയ കളരിയില്‍ വളര്‍ന്ന ചാക്കോയെപ്പോലെ ചുരുക്കം പേര്‍ മാത്രമെ ഉള്ളൂ. സഖ്യങ്ങള്‍ സംബന്ധിച്ച എ ഐ സി സി സമിതി അധ്യക്ഷനായ ആന്റണിക്കും ഇതൊക്കെ അറിയാമെങ്കിലും ഫലമില്ല. 

1980 ല്‍ ഇടതു ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഐയിലേക്ക് ആന്റണിയും ഉമ്മന്‍ ചാണ്ടിയും മറ്റും പോയപ്പോഴും ശരദ് പവാറിനൊപ്പം ഇടതുപക്ഷത്ത് തന്നെ നിന്ന എ സി ഷണ്മുഖദാസ്, കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ആദ്യം ചാക്കോ. ഇപ്പോഴും പവാറുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ചാക്കോയെ പവാറിലൂടെ സി പി എം നേതൃത്വം സ്വാധീനിച്ചാണ് രാഹുലിന്റെ വയനാട് പ്രവേശത്തെ അദ്ദേഹം എതിര്‍ക്കുന്നതെന്നൊരു സംസാരമുണ്ട്. എന്തായാലും കേരളത്തില്‍ നിന്ന് ആദ്യമായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന വാര്‍ത്ത വ്യാജമാണെങ്കിലും അല്ലെങ്കിലും അതോടെ ഇവിടുത്തെ ലോകസഭാതെരഞ്ഞെടുപ്പിനു ഒരു സവിശേഷത കൂടി കൈവന്നിരിക്കുന്നു.