അകാലത്തിൽ മരിക്കും എന്ന് ഏതാണ്ടുറപ്പുള്ള ഒരാളുമായി ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരൺ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാൻസർ ബാധിച്ച് മരിച്ചുപോയി എന്നറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഏത് തരത്തിൽ ഉള്ള കാൻസർ വരും എന്നത് മാത്രമായിരുന്നു ഞങ്ങൾക്ക് അറിയാതിരുന്നത്. തൈറോയ്ഡ് കാൻസർ ആണ് ആരണിന്റെ ജീവനെടുത്തത്.

ആരൺ, ചെർണോബിൽ ന്യൂക്ലിയർ പ്ലാന്‍റ് ദുരന്തത്തിന്റെ ഒരു ഇരയായിരുന്നു.

ഇപ്പോൾ ജോലി ചെയ്യുന്ന പ്രോജെക്ടിൽ പത്ത് വർഷം മുമ്പ് എന്റെ കൂടെ ജോലിക്ക് ചേർന്നതായിരുന്നു ആരൺ എന്ന റഷ്യക്കാരൻ. അടുത്ത സുഹൃത്തായിക്കഴിഞ്ഞാണ് തനിക്ക് ചെർണോബിലിൽ വച്ച് റേഡിയേഷൻ അടിച്ച കാര്യവും, കാൻസർ വരും എന്നുള്ളത് ഏതാണ്ട് ഉറപ്പാണ് എന്നുള്ളതും ആരൺ പറഞ്ഞത്. HBO പ്രക്ഷേപണം ചെയ്ത ചെർണോബിൽ സീരിസിലെ പല കഥകളും പള്ളിയിൽ നിന്നാണ് കേട്ടത്. അതിൽ ഏറ്റവും അവിശ്വസനീയം ആയിരുന്നു വലേറി ലെഗ്‌സോവ് എന്ന ശാസ്ത്രജ്ഞരും കൂട്ടുകാരും ചേർന്ന് അന്ന് സംഭവിച്ചതിനേക്കാൾ വലിയ, ഏതാണ്ട് യൂറോപ് മുഴുവനും ബാധിക്കുമായിരുന്ന ഒരു ദുരന്തത്തെ ഒഴിവാക്കിയ കഥ.

ചെർണോബിൽ വിസ്ഫോടനം നടന്ന പ്ലാന്‍റിന്‍റെ താഴെ ഉള്ള പ്ലാന്‍റ് തണുപ്പിക്കാൻ ഉപയോഗിക്കുന്ന ജലവും ഉരുകിയ ന്യൂക്ലിയർ വസ്തുക്കളും തമ്മിൽ കൂടിച്ചേർന്നിരുന്നെങ്കിൽ പല ആണവ ബോംബുകൾ പൊട്ടുന്ന അത്ര വലിയ വിസ്ഫോടനം ഉണ്ടാകുമായിരുന്നു. അത് കണ്ടുപിടിച്ചതും, ആത്മഹത്യ എന്നറിഞ്ഞു കൊണ്ട് ആ ജലം ഒഴുക്കി കളയാൻ ചില തൊഴിലാളികളെ സന്നദ്ധമാക്കിയതും, ആയിരക്കണക്കിന് ടൺ കോൺക്രീറ്റ് ഈ ന്യൂക്ലിയർ പ്ലാന്‍റിന് മുകളിൽ ഇട്ട് വലിയ തോതിലുള്ള ആണവ വിസ്ഫോടനം ഒഴിവാക്കിയതും വലേറി ലഗേസോവും മറ്റു ശാസ്ത്രജ്ഞന്മാരും കൂടിയായിരുന്നു, പക്ഷേ, അതായിരുന്നില്ല അവരുടെ ഏറ്റവും വലിയ സംഭാവന.

ചെർണോബിൽ പ്ലാന്‍റ് വിസ്ഫോടനത്തിലെ ഏറ്റവും വലിയ, കുറേനാൾ ഉത്തരം കിട്ടാതിരുന്ന ചോദ്യമായിരുന്നു, ഈ വിസ്ഫോടനത്തിന്റെ അടിസ്ഥാന കാരണം എന്താണ് എന്നുള്ളത്. RBMK-1000 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ ഡിസൈൻ ഒരുതരത്തിലും അപകടം നടക്കാൻ സാധ്യത ഇല്ലാത്ത വിധത്തിൽ തയ്യാറാക്കിയതായിരുന്നു. അന്ന് പ്ലാന്‍റിൽ ഉണ്ടായിരുന്ന അനേകം ജോലിക്കാരെ ഇന്‍റർവ്യൂ ചെയ്ത് ഒരു സ്ട്രെസ് ടെസ്റ്റിന്റെ ഭാഗമായി നടത്തിയ ചില നീക്കങ്ങൾ ആണ് പ്ലാന്‍റിലേക്ക് പൊട്ടിത്തെറി ഉണ്ടാക്കിയത് എന്ന് ലഗേസോവും മറ്റു ശാസ്ത്രജ്ഞരും കണ്ടെത്തിയത്. പൊട്ടിത്തെറി നടക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് മുതൽ പൊട്ടിത്തെറി ഉണ്ടാകുന്നതു വരെ ഉള്ള സംഭവങ്ങൾ മിനിറ്റ് ബൈ മിനിറ്റ് ഡോക്യുമെന്‍റ് ചെയ്താണ് ഇത് കണ്ടുപിടിച്ചത്.

Valery Legasov

അന്താരാഷ്ട്ര ആണവ സമൂഹത്തിൽ ഈ പഠനം അവതരിപ്പിക്കപ്പെട്ടു. മറ്റു പല ന്യൂക്ലിയർ പ്ലാന്‍റ് പൊട്ടിത്തെറികളും ഒഴിവാക്കുവാൻ ഈ പഠനങ്ങൾ സഹായിച്ചിരിക്കണം. ദുഖകരമായ ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ ജോലിയുമായുള്ള മാനസിക സമ്മർദ്ദങ്ങൾ കൊണ്ട് വലേറി രണ്ടു വർഷങ്ങൾക്ക് ശേഷം (1988 ) ആത്മഹത്യ ചെയ്തു എന്നതാണ്.

ഇത്രയ്ക്ക് വലുതല്ലെങ്കിലും നമ്മുടെ നാട്ടിൽ സംഭവിച്ച വലിയ ഒരു ദുരന്തമാണ്‌ 2018 -ലെ വെള്ളപ്പൊക്കം. ഞങ്ങൾ നാട്ടിലുള്ളപ്പോഴാണ് ഈ വെള്ളപ്പൊക്കം നടന്നത് എന്നത് കൊണ്ട്, ഞങ്ങൾക്ക് ഇതിന്റെ ഭീകരത നേരിട്ട് അനുഭവിക്കാൻ പറ്റി. പക്ഷേ, അത് കഴിഞ്ഞിട്ട് ഒരു വർഷം ആകുമ്പോഴും എന്തുകൊണ്ട് വെള്ളപ്പൊക്കം സംഭവിച്ചു എന്ന് ചോദിച്ചാൽ, ആരോടാണോ ചോദിക്കുന്നത്, അവരുടെ രാഷ്ട്രീയം അനുസരിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ മറുപടികൾ കിട്ടും. അതിൽ പ്രധാനമായിട്ടുള്ളതാണ് മന്ത്രി എം എം മണി ഷട്ടർ തുറന്നു വിട്ടതുകൊണ്ടാണ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതെന്ന്. ഹൈ കോടതി ഏർപ്പെടുത്തിയ അമിക്കസ് ക്യൂറിയും ഡാം മാനേജ്‌മെന്‍റ് ആണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത് എന്നാണ് നിഗമനത്തിൽ എത്തിയത്. എന്നാൽ, ഐഐടി മദ്രാസിലെ ശാസ്ത്രജ്ഞർ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ ഡാമിന്റെ ഷട്ടർ നേരത്തെ തുറന്നിരുന്നു എങ്കിലും വെള്ളപ്പൊക്കം ഏതാണ്ട് ഇതേ അളവിൽ തന്നെ നടക്കുമായിരുന്നു എന്ന നിഗമനത്തിൽ എത്തി.

ശാസ്ത്രത്തിന്റെ ഒരു രീതി അത് പരമമായ സത്യം കണ്ടുപിടിക്കാൻ എപ്പോഴും തുടർച്ചയായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കും എന്നതാണ്. രാഷ്ട്രീയം ശാസ്ത്രീയമായി കണ്ടുപിടിക്കുന്ന സത്യങ്ങളെ ബാധിക്കാറില്ല. വെള്ളപ്പൊക്കം നടക്കുമ്പോൾ ഡാമിന്റെ ഷട്ടറുകൾ തുറക്കണോ വേണ്ടയോ എന്ന് ആര് എങ്ങനെ തീരുമാനിച്ചു, അതിന്റെ ശാസ്ത്രീയമായ രീതി എന്തൊക്കെ, ഇനി ഇതുപോലെ ഒരു മഴ പെയ്താൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ആണ് നമ്മൾ, മുമ്പുണ്ടായിരുന്ന ഓപ്പറേറ്റിംഗ് രീതികൾ മാറ്റിയത് എന്നൊക്കെ ഇനിയും പൊതുജനത്തിന് അജ്ഞാതമാണ്.

ഡാമിലെ ഷട്ടറുകൾ തുറക്കണോ വേണ്ടയോ എന്നത് സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ച് നടത്തുന്ന ഒരു വലിയ പരിപാടിയാണ്. മാനത്ത് മഴമേഘങ്ങൾ കണ്ടിട്ട് തീരുമാനിക്കുന്ന ഒന്നല്ല അത്. മറിച്ച് അനേകം വർഷങ്ങളിൽ ശേഖരിച്ച, ഓരോ വൃഷ്ടിപ്രദേശത്തും ഉള്ള മഴയുടെ അളവ് വച്ചുള്ള ഒരു സ്ഥിതിവിവരക്കണക്കുകൾ കൊണ്ടുള്ള ഒരു വലിയ കണക്കുകൂട്ടലാണത്. 

GEV, QQ plots ,Chi - square test, DDF curve തുടങ്ങിയ സാങ്കേതിക പദങ്ങൾ ഒഴിവാക്കി, ലളിതമായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം ഇവിടെ പറയാം. 2018 ഓഗസ്റ്റ് 15 -ന് പെയ്ത മഴ 75 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. 14 - 15 തീയതികളിൽ ഒരുമിച്ച് പെയ്ത അത്ര മഴ 200 വർഷങ്ങളിൽ ഒരിക്കൽ സംഭവിക്കുന്നതാണ്. അന്ന് പത്ത് ദിവസം ഒരുമിച്ചു പെയ്ത മഴ 50 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണ്. ചുരുക്കി പറഞ്ഞാൽ ഓഗസ്റ്റ് 15 - 16 തീയതികളിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത, ആരും പ്രതീക്ഷിക്കാത്ത അത്ര മഴ പെയ്തു ( നമ്മൾ മഴയുടെ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 117 വർഷമേ ആയിട്ടുള്ളൂ). 2018 ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണ പെയ്യുന്ന മഴയെക്കാൾ അധികം മഴ പെയ്തത് കൊണ്ട്, വൃഷ്ടിപ്രദേശങ്ങൾ പൂരിതാവസ്ഥയിൽ ആയിരുന്നു ( saturated ). ഇതിനു മീതെ ആണ് ഓഗസ്റ്റിലെ ചരിത്ര മഴ.

പക്ഷേ, ഡാം നേരത്തെ തുറന്നു വിട്ടിരുന്നെങ്കിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ എന്നുള്ള ചോദ്യം ഉയരാം. ഡാമിൽ ശേഖരിക്കാവുന്ന വെള്ളത്തിന്റെ വളരെ കൂടുതൽ ആണ് ഡാമിലേക്ക് ഒഴുകി എത്തിയ വെള്ളം. നേരത്തെ ഡാം തുറന്നു വിടണോ എന്ന് തീരുമാനിക്കുന്നത് കാലാവസ്ഥാ പ്രവചനം കൂടി കണക്കിൽ എടുത്താണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴയിൽ ഏതാണ്ട് നിറഞ്ഞു കിടന്നിരുന്ന ഡാമുകളെ ശരാശരി മഴയുടെ അളവ് കണക്കാക്കി ആയിരിക്കണം തുറന്നുവിടാതെ വച്ചിരുന്നത്. പക്ഷേ, ഐഐടി മദ്രാസിന്റെ പഠനത്തിൽ പറയുന്നത് ഡാം തുറന്നു വിട്ടിരുന്നെങ്കിലും 16% മാത്രമേ വെള്ളപ്പൊക്കത്തിൽ കുറവ് വരുമായിരുന്നു എന്നാണ്. കാരണം, ഡാമുകൾക്ക് താങ്ങാവുന്നതിനേക്കാൾ മഴയാണ് ഓഗസ്റ്റിൽ പെയ്തത്. ആഗോളതാപനം കാലാവസ്ഥയെ, പ്രത്യേകിച്ച് മൺസൂണിനെ പ്രതീക്ഷിക്കാത്ത രീതികളിൽ സ്വാധീനിക്കുന്നു എന്ന ഒരു വാദമുണ്ട്, അധികം ഡാറ്റ പോയ്ന്റ്സ് വരുന്നതുവരെ അത് തെളിയിക്കാൻ ബുദ്ധിമുട്ടാണ്.

ഈ പറഞ്ഞതൊക്കെ ഇതുമായി ബന്ധപ്പെട്ട പല ഗവേഷണ പ്രബന്ധങ്ങൾ വായിച്ച് അറിഞ്ഞതാണ്. ഗവണ്‍മെന്‍റ് അത്യാവശ്യമായി ചെയ്യേണ്ട ഒരു കാര്യം എത്രയും പെട്ടെന്ന് ഈ വെള്ളപ്പൊക്ക സമയത്തെ കാര്യങ്ങളെ കുറിച്ച് ഒരു ധവള പത്രം ഇറക്കുക എന്നതാണ്. എന്തുകൊണ്ട് 2018 -ൽ കേരളത്തിലെ വെള്ളപ്പൊക്കം ഉണ്ടായി, അതിനെ കുറിച്ച് ശാസ്ത്രജ്ഞരുടെ പൊതു അഭിപ്രായം എന്താണ് എന്ന് പൊതുജനം അറിയേണ്ട കാര്യമാണ്.

സ്ഥിതിവിവര കണക്കുകളിൽ 200 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന കാര്യം എന്ന് പറയുന്നതിന് 200 വർഷം കഴിഞ്ഞ് അത് സംഭവിക്കും എന്നർത്ഥമില്ല. ഇത് ഈ വർഷവും സംഭവിച്ചിട്ട് അടുത്ത 400 വര്‍ഷം സംഭവിച്ചില്ലെങ്കിലും മേല്‍പ്പറഞ്ഞ കണക്ക് ശരിയായി വരും.

പിന്നെ, ഒന്ന് വെള്ളപ്പൊക്ക സമയത്ത് ശേഖരിച്ച പൈസ എങ്ങനെ ചിലവാക്കി എന്ന് ഒരു വെബ്‌സൈറ്റിൽ കാണിക്കുക എന്ന ലളിതമായ കാര്യമാണ്. ഇന്ന് പൈസ ലഭിച്ച കണക്കുകൾ CMDRF വെബ്‌സൈറ്റിൽ ഉണ്ടെങ്കിലും ചിലവാക്കിയ കണക്കുകൾ കാണണം എങ്കിൽ വിവിധ ജില്ലകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ട ഗതികേടാണ്.

ഓർക്കുക ഈ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ഏത് പഠനവും നമ്മുടെ ഭാവി തലമുറയ്ക്ക് നമ്മൾ നീക്കിവയ്ക്കുന്ന കരുതലാണ്.