Asianet News MalayalamAsianet News Malayalam

കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്

എല്ലാ ദുരന്തങ്ങളുടെയും ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം പ്രകൃതിയുടെ ഓരോ തിരിച്ചടിയുടെയും ഇരകള്‍ പലപ്പോഴും അതിന്‍റെ യഥാര്‍ത്ഥ കാരണക്കാരല്ല അനുഭവിക്കേണ്ടി വരിക എന്നതാണ്. നമ്മുടെ കാലവര്‍ഷത്തിന്‍റെ രീതികള്‍ എപ്പോഴോ മാറി. നമ്മുടെ പ്രകൃതിയും മാറി. ഇനി നമ്മള്‍ മാത്രമെന്താണ് മാറാതിരിക്കുന്നത്? മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് ഡോ. ഡോ  ജോയിസ്‌  കെ ജോസഫ് 

Land use planning needs to be done for disaster management
Author
First Published Aug 6, 2024, 6:31 PM IST | Last Updated Aug 6, 2024, 10:02 PM IST


പ്രകൃതി ദുരന്തം എന്നൊന്നില്ലെന്നാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വാദങ്ങള്‍. അപകടങ്ങൾ (hazards) അപകടകരമായ സ്ഥലങ്ങളിൽ (vulnerable regions) എത്തുമ്പോഴാണ് ദുരന്തമായി മാറുന്നത്. എന്തൊക്കെ തടയൽ പ്രവൃത്തനങ്ങൾ നടത്തിയാലും ഭൂമി കുലുക്കവും, ചുഴലിക്കാറ്റും, ഉരുൾ പൊട്ടലുകളുമൊക്കെ ഉണ്ടാവുക തന്നെ ചെയ്യും. ഇത്തരം അപകടങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. പക്ഷേ, നമ്മുക്കിന്ന് മണ്‍സൂണ്‍ ഒരു ടൂറിസം സാധ്യതയാണ്. 

തുടർച്ചയായിയുള്ള മഴ കാരണം വെള്ളത്തെ പിടിച്ചു നിർത്താനുള്ള മണ്ണിന്‍റെ കഴിവ് (soil saturation capacity) അധീകരിക്കുകയും പിന്നീട് ഒരു അതിതീവ്ര മഴയോട് (mini cloud burst) കൂടി ഉരുൾ ഉണ്ടാവുകയും ചെയ്യുന്നുവെന്നത് പൊതുവെ അംഗീകരിച്ച സിദ്ധാന്തമാണ്. ഈ സാഹചര്യത്തിൽ കൃത്യമായ മുന്നറിയിപ്പ് നൽകി ദുരന്ത സാധ്യതാ പ്രദേശത്തെ ആളുകളെ നിർബന്ധിതമായി മാറ്റിയാൽ ഉരുൾ ഒരു ദുരന്തമാകില്ല. 2018 -ൽ പ്രളയ സമയത്ത് ഹെലികോപ്റ്ററിൽ വന്ന രക്ഷാപ്രവത്തകരോട്‌ ദുരന്തബാധിതർ, ഫ്രിഡ്ജ് രണ്ടാം നിലയിലേക്ക് എടുത്തുവെച്ചാൽ മതിയെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. എങ്കിലും അടിയന്തിര ഒഴിപ്പിക്കലിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. 

സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണം
 
ഉയർന്ന സ്കെയിലിലുള്ള, നിലവിലെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടങ്ങൾ (hazard zonation maps) പൂർണമായി തദ്ദേശീയ തലത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇത് കൃത്യമായി അതാത് സ്ഥലങ്ങളിൽ നേരിട്ട് പോയി അപ്ഡേറ്റ് ചെയ്യുകയും മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സർക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിൽ  ജനങ്ങളുടെ സഹകരണത്തോടെ റിസേർവ് ക്യാമ്പ് (Reserve Camp) തയ്യാറാക്കാവുന്നതാണ്. 

ഏതൊരു ദുരന്തത്തിന്‍റെയും ആഘാതം കുറയ്ക്കുന്നതിൽ 'ഗോൾഡൻ അവറി' (golden hour concept) -ല്‍  എത്തിപ്പെടുന്ന രക്ഷാപ്രവർത്തകർക്ക് നിർണായക പങ്കുണ്ട്. പക്ഷെ,  ഏത് സേനയും ദുരന്തസ്‌ഥലത്ത് എത്തിപ്പെടാൻ നിശ്ചിത സമയം എടുക്കും. അതാത് പ്രദേശത്തെ സമൂഹം തന്നെയാണ് ഓരോ ദുരന്തത്തിന്‍റെയും ഇരകളും അതുപോലെ തന്നെ ആദ്യ പ്രതികര്‍ത്താവും (First Responder) എന്നത് മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെയാണ് സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണത്തിന്‍റെ (Community-based disaster response) പ്രസക്തി.  ഉരുൾപൊട്ടൽ, പ്രളയം തുടങ്ങിയ  ദുരന്തങ്ങൾക്ക് വേണ്ടുന്ന ഇൻഷുറൻസ് പരിരക്ഷ മലയാളികൾ എടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പറയാം. വാലി വ്യൂ, റിവർ വ്യൂ വീടുകൾക്ക് ഉയർന്ന പ്രീമിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  

Land use planning needs to be done for disaster management

ബദല്‍ ഉപജീവന മാർഗം

ദുരന്ത നിവാരണ ശാസ്ത്രത്തിൽ അപകട സ്വീകാര്യത (risk acceptance) എന്നൊരു പ്രയോഗം ഉണ്ട്. മലയോരങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ട് എന്ന് അവിടുത്തെ ആളുകളോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല എന്നുള്ളതാണ് വസ്തുത. പക്ഷേ അവരുടെ ഉപജീവന മാർഗം അവിടെയാണ് ഉള്ളത്. അതുകൊണ്ട് അപകട സാധ്യത അംഗീകരിച്ച് അവർ അവിടെ തുടരുന്നു. കടലോരം തുടങ്ങി എല്ലാ ദുരന്ത സാധ്യതാ പ്രദേശങ്ങളിലും ഈ വൈരുദ്ധ്യം കാണാം. പുനരധിവാസ പ്രവർത്തനങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം ബദൽ ഉപജീവന മാർഗങ്ങളെ (alternative livelihood options) പറ്റിയാണ്.  

ഉള്‍ക്കാഴ്ചയുള്ള പദ്ധതികള്‍

കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ എടുക്കുന്ന പ്രകൃതി ദുരന്തം എന്ന നിലയിൽ ഉരുൾ പൊട്ടൽ പ്രതിഭാസത്തിന് മാത്രമായി നയരൂപീകരണം സാധ്യമാണോയെന്നും നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക വകയിരുത്തലിനെക്കാൾ ഉപരി ദീർഘവീക്ഷണമാണ് ദുരന്ത കേന്ദ്രീകൃത പദ്ധതികൾക്ക് വേണ്ടത്. ബംഗ്ലാദേശ് ഡെൽറ്റ പ്ലാൻ 2100 (BDP 2100), ഇത്തരം ദീർഘകാല പദ്ധതികൾക്ക് ഒരു മാതൃകയാണ്. 

നദീ തീരങ്ങള്‍

നമ്മുടെ നാല്പത്തിനാല് നദികളുടെയും വെള്ളപ്പൊക്ക സമതലങ്ങൾ (flood plains) മാർക്ക് ചെയ്യുകയും അവ പ്രത്യേകമായി തിരിച്ച് സംരക്ഷിക്കുകയും വേണം. 2018 -ൽ പല നദികളും കര കേറി ഒഴുകിയതല്ല. മറിച്ച് അതാതിന്‍റെ ഫ്ലഡ് പ്ലെയിൻ നിവേശം നടത്തിയതേയുള്ളൂ. അതായത്, നദിയുടെ ഒഴുക്ക് കുറഞ്ഞപ്പോള്‍ മനുഷ്യന്‍ നദിയിലേക്ക് കൈയേറ്റം നടത്തി. ഒടുവില്‍ നദിയിൽ വെള്ളം കൂടി, അത് സ്വാഭാവിക ഒഴുക്കിലേക്ക് എത്തിയപ്പോള്‍ നമുക്ക് അത് പ്രളയമായി മാറി. 2018 -ലെ പമ്പാ നദി ഒരു മികച്ച ഉദാഹരണമാണ്. 

നീർച്ചാലുകള്‍

അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് കുന്നിൻ മുകളിലുള്ള നീർച്ചാലുകൾ (first order streams). അവയ്ക്ക് മഴക്കാലത്ത് കൃത്യമായി ഒഴുകുന്നതിനുള്ള സാഹചര്യം ഒരുക്കുകയെന്നത്. ഞാൻ കണ്ട പല ഉരുൾപൊട്ടലുകളുടെയും തുടക്ക പ്രദേശത്ത്, മല മുകളിൽ, ഇത്തരം നീരുറവകൾ കൈയാല കെട്ടിയും മറ്റും തടസ്സപ്പെടുത്തിയത് കണ്ടിരുന്നു. എല്ലാ ഉരുള്‍പൊട്ടലുകളും ഒരു ചെറിയ നീർച്ചാലിലാണ് തുടങ്ങുന്നത്.  അതിനാല്‍ അവയെ അടയ്ക്കുകയല്ല, മറിച്ച് കൂടുതല്‍ സുഗമമായി ഒഴുകാന്‍ അനുവദിക്കുകയാണ് വേണ്ടത്. 

Land use planning needs to be done for disaster management

കുന്നുകളുടെ ചെരിവ് മുറിക്കൽ 

അശാസ്ത്രീയമായ ചെരിവ് മുറിക്കൽ (slope cutting) എന്ന നിർമാണ പിഴവും നല്ലൊരു ശതമാനം മണ്ണിടിച്ചിലുകൾക്കും കാരണമാകുന്നുണ്ട്. ഷിരൂര്‍ അപകടം, ദേശീയ പാത 66 ന് വേണ്ടി നടത്തിയ അത്തരമൊരു അശാസ്ത്രീയ ചെരിവ് മുറിക്കലിനെ തുടര്‍ന്നാണെന്നുള്ള ചില അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കോണ്ടൂർ മാപ്പിംഗ് അടിസ്ഥാനപ്പെടുത്തിയുള്ള റോഡ് നിർമാണമായിരുന്നു ബ്രിട്ടീഷ് എൻജിനീയേഴ്‌സ് നടപ്പാക്കിയിരുന്നത്. തുല്യമായ ഉയരത്തിലുള്ള പോയിന്‍റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രേകഖകളാണ് കോണ്ടൂർ ലൈനുകൾ. സ്ലോപ്പ് കട്ടിങ് പരമാവധി കുറച്ച് റോഡ് നിർമാണത്തിനും മറ്റും ഇവ പണ്ട് മുതലേ ഉപയോഗിച്ചു വരുന്നു. റബ്ബർ പോലുള്ള വാണിജ്യ വിളകളുടെ നടീലിനും കൊണ്ടൂർ ഉപയോഗിക്കാം. ബ്രീട്ടീഷുകാര്‍ പണിത മൂന്നാറിലെ ഗ്യാപ് റോഡ് നല്ലൊരു ഉദാഹരണമാണ് നമ്മുടെ മുമ്പിലുണ്ട്. ഭൂഗുരുത്വാകർഷണം കൊണ്ട് ഭൂവൽക്കവസ്തുക്കൾ താഴേക്ക് പതിക്കുന്നതാണ് ഉരുൾ പൊട്ടലിന്‍റെ ശാസ്ത്രീയ നിർവചനം എന്നോർക്കണം. ഇതിനെ ട്രിഗർ ചെയ്യുന്ന ഏതൊരു പ്രവൃത്തനവും അപകടകരമാണ്.   

പാറമടകളും ടൂറിസവും

ഇക്കാരണങ്ങളൊക്കെ ഉണ്ടെങ്കിലും ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകൾ  അശാസ്ത്രീയമായി ചെയ്തു കൂട്ടുന്ന കാര്യങ്ങൾ നിയന്ത്രിക്കുകയെന്നതാണ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രാഥമികമായി ചെയ്യേണ്ടത്. വയനാട് ജില്ലയിൽ മാത്രം ചെറുതും വലുതുമായി 5,000 -ൽ പരം റിസോർട്ടുകളോ ഹോം സ്റ്റേകളോ ഉണ്ടെന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. പാറമടകളുടെ കാര്യം വിട്ടുപോയതല്ല. ദുഃഖകരമായ ഒരു യാഥാർത്ഥ്യം എന്തെന്നാൽ പ്രകൃതിയുടെ തിരിച്ചടിയുടെ ഇരകൾ പലപ്പോഴും അതിന്‍റെ യഥാര്‍ത്ഥ കാരണക്കാരല്ല അനുഭവിക്കേണ്ടി വരിക എന്നതാണ്. 

ഭൂവിനിയോഗ ആസൂത്രണം

കൃത്യമായ ഭൂവിനിയോഗ ആസൂത്രണം (proper landuse planning), നല്ല ശതമാനം ദുരന്തങ്ങളെയും ഒഴിവാക്കുന്നതിന് നമ്മെ പ്രാപ്‌തരാക്കുന്ന മികച്ച ഒരു വഴിയാണ്. സമൂഹത്തിന്‍റെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായി ലഭ്യമായിട്ടുള്ള സ്ഥലം എങ്ങനെ ക്രമീകരിക്കാമെന്ന് കണ്ടെത്തുന്ന ഈ പ്രക്രിയ വളരെ സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്. വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുടെ ഒരു സംഘത്തെ തന്നെ ഇതിനാവശ്യമാണ്. ഒരു വീട്, കുറച്ച് മുറ്റം, പിന്നെ തൊടി എന്നിങ്ങനെയുള്ള പഴയ കാഴ്ചപ്പാടുകൾ മലയാളി മാറ്റേണ്ടതുണ്ട്. സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി അവിടെ ലംബ രീതിയിൽ ഉള്ള (vertical growth) ഭവന സമുച്ചയങ്ങളാണ് ഇനി വേണ്ടത്. ഫ്ലാറ്റ് സംസ്കാരത്തോട് പൂർണ്ണമായും 'നോ' പറയേണ്ടതില്ലെന്ന് തോന്നുന്നു.  

ഇടുക്കിയും വയനാടും മലയോര മേഖലകളും മാത്രമല്ല പരിസ്ഥിതി ലോലം എന്ന് മലയാളി മനസ്സിലാക്കണം. കേരളം മൊത്തം സഹ്യപർവ്വതത്തിന്‍റെ ഫ്ലഡ് പ്ലെയിനും അതേസമയം പാടിഞ്ഞാറ് മൊത്തം തീരപ്രദേശവുമാണ്. കാലാവസ്ഥ വ്യതിയാനം ഒരു യാഥാർത്ഥ്യമായി ലോകം അംഗീകരിച്ചു കഴിഞ്ഞു. കുമുലോ നിംബസ് മേഘങ്ങളുടെ കട്ടി കൂടി (deep clouding phenomenon) വരുന്നു.  കാലവർഷത്തിന്‍റെ രീതി എപ്പോഴേ മാറി.  നമ്മുടെ മലയും കുന്നും ഇടിയാനുള്ള സാധ്യത വീണ്ടും കൂടുകയാണ്. ഉരുൾപൊട്ടൽ മലമ്പ്രദേശങ്ങളിൽ ആണെങ്കിൽ IPCC -യുടെ ആറാമത്തെ റിപ്പോർട്ട് പ്രകാരം കേരള തീരപ്രദേശങ്ങൾ വൻ ദുരന്തങ്ങളെയാണ് നേരിടേണ്ടത്.  കടൽ നിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളിലേക്ക് പ്രളയജലം വൻതോതിൽ എത്തിയാൽ നിലവിലുള്ള രക്ഷാ സംവിധാനങ്ങൾ നമ്മുക്ക് പോരാതെ വരും. പ്രകൃതി  മാറി, കൂടെ നമ്മളും മാറിയേ തീരൂ.     


ഡോ ജോയിസ്‌ കെ ജോസഫ് 
ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണോമസ്)

Latest Videos
Follow Us:
Download App:
  • android
  • ios