Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്ത് ഒരു ഗര്‍ഭിണിയുടെ ജീവിതം

കൊറോണക്കാലം. കൊറോണക്കാലത്ത് ഒരു ഗര്‍ഭിണിയുടെ ജീവിതം. ഗീതാഞ്ജലി എഴുതുന്നു
 

life of a pregnant woman in corona days by Geethanjali
Author
Thiruvananthapuram, First Published Aug 8, 2020, 5:50 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

life of a pregnant woman in corona days by Geethanjali

 

കൊറോണാക്കാലത്തെ ഗര്‍ഭം എന്നോ മറ്റോ പേരിടാന്‍ കഴിയുന്ന ഒരു അനുഭവമെഴുത്താണിത്. മുപ്പതുകളുടെ ഒടുവിലെത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയായ ഒരു ഗര്‍ഭിണി കടന്നു പോയ മാനസിക സംഘര്‍ഷങ്ങളുടെ നേര്‍സാക്ഷ്യം. 

വയസ്സായ അമ്മയോടും ഒന്നാം ക്ളാസ്സുകാരന്‍ മകനോടുമൊപ്പം തിരുവനന്തപുരം നഗരത്തില്‍ താമസിച്ചു പോരുകയായിരുന്നു. കൊറോണയുടെ വരവറിയാതെ ഒരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അതൊരു ഗമണ്ടന്‍ പ്ലാനിങിനൊടുവില്‍ തീരുമാനിക്കപ്പെട്ടതാണ്. സര്‍ട്ടിഫിക്കറ്റുംട്രോഫിയും ഒന്നിച്ചു നേടാമെന്നുള്ള അതിമോഹം. ഏപ്രില്‍ മാസത്തില്‍ അവസാനിക്കുന്ന ബി എഡ് പഠനവും മെയ് മാസം ഒടുവില്‍ പ്രസവവും ആയിരുന്നു പ്രധാന അജണ്ട. അങ്ങനെ വീര്‍ത്തവയറിന്റെ എല്ലാ വിധ പ്രിവിലേജുകളും ആസ്വദിച്ചു വീടും കോളേജുമായി നടക്കുന്ന കാലത്താണ് കൊറോണ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഒരു ശരാശരി മലയാളിയുടെ മാനസികാവസ്ഥയില്‍ 'ഓ അവിടല്ലേ, തിരോന്തരം സേഫാ' എന്നു ചിന്തിച്ച് ചിരിച്ചു തള്ളി. പത്തനംതിട്ടയില്‍ സംഭവിച്ചത് അറിഞ്ഞപ്പോള്‍ മറ്റുള്ളവരോടൊപ്പം സാമൂഹ്യവിചാരണയില്‍ പങ്കുചേര്‍ന്നു. അപ്പോഴും 'തിരോന്തരം സേഫ്'. ഫെബ്രുവരി ഒടുക്കം സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നപ്പോള്‍ 'അയ്യോ കോളേജില്‍ സെന്റ് ഓഫ് കിട്ടൂല്ലേ' എന്നായിരുന്നു ആധി. അവധി അനിശ്ചിതകാലത്തേക്ക് നീളുമെന്ന സ്ഥിതി ആയപ്പോഴാണ് ഫ്‌ളാറ്റിനുള്ളിലെ രണ്ടു മുറികളില്‍ ഓടിക്കളിച്ചു മടുത്ത കുഞ്ഞനെയും കൊണ്ട് കൊല്ലത്തുള്ള ഭര്‍തൃവീട്ടില്‍ എത്തിയത്. 

അതായിരുന്നു പൊതുഗതാഗതമാര്‍ഗ്ഗം ഉപയോഗിച്ചുള്ള അവസാനയാത്ര. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് ആറാം തീയതി. പിന്നെയിന്നുവരെ കെ എസ് ആര്‍ ടി സി  ബസിന്റെ പടി കയറാനൊത്തിട്ടില്ല. ജീവനില്‍ കൊതിയില്ലാത്ത മനുഷ്യരുണ്ടാവില്ലല്ലോ! 

ചുരുക്കി പറഞ്ഞാല്‍ ശരിക്കുള്ള ലോക്ക് ഡൗണ്‍ വരും മുന്‍പേ ജീവിതം ലോക്ക് ആയി. ഗര്‍ഭിണി എന്ന നിലയില്‍ ഹൈ റിസ്‌ക് കാറ്റഗറി എന്ന് ഇടയ്ക്കിടെ വീട്ടില്‍ സുഖവിവരം അന്വേഷിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഒരു മീറ്റര്‍ ദൂരെ നിന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ എട്ടാം മാസത്തെ ചെക്ക് അപ്പിനുള്ള നേരമായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തണമെങ്കില്‍ ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടക്കണം. അതിന് പ്രത്യേകം പാസ് വേണം. പോകുന്നതിനു മൂന്നു നാല് ദിവസങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ കൊടുത്തിരുന്ന സൈറ്റില്‍ പാസിന് അപേക്ഷിച്ചു കാത്തിരുന്നു. പോകുന്നതിനു രണ്ടു ദിവസം മുന്‍പ് application rejected എന്ന് സന്ദേശം വന്നു. അതു വായിച്ചു തകര്‍ന്നു തരിപ്പണമായി പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ചു. ഇനിയെന്ത് ചെയ്യുമെന്ന് കരഞ്ഞു. 

സിസ്റ്റം ജനറേറ്റഡ് അല്ലേ തെറ്റ് സംഭവിക്കാം. ഒരു തവണ കൂടി അപ്ലൈ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചു. അതിന്റെ ഫലവും മുന്‍പത്തെപ്പോലെ തന്നെ. 

പോകുന്നതിനു തലേ ദിവസമാണ് സന്ദേശം വന്നത്. പാസ് ഇല്ലാതെ അന്തര്‍ ജില്ലാ യാത്ര നടത്തിയ ഗര്‍ഭിണി പിടിയില്‍ എന്ന പത്രവാര്‍ത്ത വരുമെന്ന് ഭയന്ന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു. ഭാഗ്യത്തിന് അവിടെ നിന്ന് അനുകൂല മറുപടി കിട്ടി. ആശുപത്രി രേഖകളും സുരക്ഷാ മാനദണ്ഡങ്ങളും സത്യവാങ്മൂലവും കൊണ്ട് യാത്രയ്ക്ക് അനുവാദം കിട്ടി. അങ്ങനെ ഗര്‍ഭകാലത്തെ ഒടുവിലെ മാസങ്ങള്‍ അത്തരം യാത്രകള്‍ക്ക് സാക്ഷിയായി. 

ഒന്‍പതാം മാസത്തില്‍ ഒരു പാതിരാവില്‍ എന്നെ ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ചു കൊണ്ട് അസഹ്യമായ വയറുവേദന ആരംഭിച്ചു. ഇടയ്ക്കിടെ ബാത്റൂമില്‍ പോയും നടുവില്‍ കൈകുത്തി മുറിയില്‍ അങ്ങുമിങ്ങും നടന്നും ചൂടുവെള്ളം കുടിച്ചും ഞാനാ വേദനയെ മറക്കാന്‍ നോക്കി. എന്റെ ഹൃദയത്തിലൊരു നൂലുകെട്ടി വലിഞ്ഞു മുറുക്കി ഊഞ്ഞാലാടിയതല്ലാതെ വേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. ആംബുലന്‍സ് വിളിക്കണോ ഫയര്‍ ഫോഴ്‌സിനെ വിളിക്കണോ അതോ അപ്പുറത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന അച്ഛനമ്മമാരെ വിളിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ ഒടുക്കം ആരെയും വിളിക്കണ്ട എന്നു തീരുമാനിച്ചു ഷെല്‍ഫിലിരുന്ന അന്റാസിഡ് ഒരു വലിയ സ്പൂണ്‍ അകത്താക്കി. വെളുപ്പിന് അറബിക്കടലിന്റെ തിരയിളക്കത്തെ വെല്ലുന്നോരിളക്കത്തില്‍ വയറുവേദന പമ്പ കടന്നു. 

അതോടെ കൊറോണാകാലത്ത് ചക്ക മാതമേ കിട്ടുള്ളൂ എങ്കിലും വാരിവലിച്ചു തിന്നരുതെന്ന പാഠം ഞാന്‍ പഠിച്ചു. എന്തായാലും ആംബുലന്‍സ് കയറാതെ അന്ന് രക്ഷപ്പെട്ടു. അപ്പോഴും രണ്ടു ജില്ലകള്‍, ആശുപത്രിയില്‍ എത്താനെടുക്കുന്ന സമയം, ആദ്യപ്രസവത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ ഒക്കെയ്ക്കും മീതെ കൊറോണ ഇവയൊക്കെ ഉറക്കമില്ലാത്ത രാത്രികളായി എന്നെ ചിന്തിപ്പിച്ചുകൊണ്ടേയിരുന്നു. 

അങ്ങനെ മെയ് മധ്യത്തില്‍ ഒരു വൈകുന്നേരം നടുവിനു ചുറ്റും വെട്ടിയൊരു വെള്ളിടിയില്‍ ആംബുലന്‍സിന്റെ നിലവിളി ശബ്ദം ചേര്‍ത്തു വയ്ക്കപ്പെടാമെന്നു കണ്ടെത്തി ഞാന്‍ ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ വിളിച്ചു. അന്നേരം ഒപിയില്‍ ഉണ്ടായിരുന്ന എന്റെ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം പിറ്റേന്ന്, മെയ് പതിനേഴിന് ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ തീരുമാനിച്ചു. വീണ്ടും ജില്ലാഅതിര്‍ത്തി വില്ലനായി. കാരണം അന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ട ഞായറാഴ്ച ആയിരുന്നു. ഞാന്‍ നിറവയറുമായി തത്തോ പിത്തോ നടന്നു അച്ഛനോടൊപ്പം പോലീസ് സ്‌റ്റേഷന്റെ പടികയറി. സത്യം പറയാല്ലോ ആ സന്ദര്‍ശനത്തോട് കൂടി പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോഴുണ്ടായിരുന്ന പേടി മാറിക്കിട്ടി. 'നമ്മടെ സ്വന്തം പോലീസ് 'എന്ന മട്ടായി. കാരണം അത്രയും അനുഭാവപൂര്‍വ്വം പോലീസുകാര്‍ പെരുമാറുമെന്ന് സത്യത്തില്‍ എനിക്കറിയുമായിരുന്നില്ല ! 

വണ്ടി നമ്പറും മറ്റും പറഞ്ഞു പാസ് വാങ്ങി വിജയശ്രീലാളിതരായി ഞാനും അച്ഛനും തിരിച്ചെത്തി. അങ്ങനെ 'ഒന്നു പോ കോറോണേ' എന്ന ആത്മഗതത്തില്‍ പാസും കൊണ്ടു പ്രസവിക്കാന്‍ പോയ എന്നെ കൊറോണ പിന്നെയും തോല്‍പ്പിച്ചു. ആശുപത്രിയില്‍ ബൈ സ്റ്റാന്‍ഡര്‍ ആയി ഒരൊറ്റയാള്‍ മാത്രമേ പാടുള്ളൂ. അച്ഛന്‍, അമ്മ, കുഞ്ഞന്‍ എന്നിവര്‍ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം പകച്ചുപോയി. പെട്ടീം ഭാണ്ഡവും ഒക്കെയായി വന്നതാണ്. അറുപത്തഞ്ചു വയസ്സ് കഴിഞ്ഞ എന്റെ അമ്മയും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടതാണ്. ഒടുവില്‍ ആശുപത്രി അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രസവം കഴിഞ്ഞു രണ്ടുപേര്‍ നിന്നോട്ടെ എന്ന നിലയായി. അങ്ങനെ ആശുപത്രിയ്ക്കകത്തും പുറത്തുമായി നാലഞ്ചു ദിവസം ചെലവഴിച്ച് കൊറോണാക്കാലത്തൊരു റോസാപ്പൂ പെണ്‍കുഞ്ഞുമായി ഞങ്ങള്‍ തിരികെയെത്തി. 

ആറ് കുപ്പി സാനിറ്റൈസറും, പത്തിരുപതു ഡിസ്‌പോസിബിള്‍ മാസ്‌കുകളും ഹാന്‍ഡ് ഗ്ലൗസും രണ്ടു മൂന്നുകുപ്പി ഡെറ്റോളും ഹാന്‍ഡ് വാഷും ഒക്കെയായി ശുചിത്വത്തിന്റെ 'കൊറോണകേറാ മലയില്‍ 'സ്വയം സുരക്ഷിതരായിരിക്കാന്‍ ഞാനും കുടുംബവും പാടുപെട്ട ദിവസങ്ങള്‍. അങ്ങനെ എന്റെ ജീവചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ക്കാവുന്ന 'കൊറോണാക്കാലത്തെ ഗര്‍ഭവും' കഴിഞ്ഞ്,  മടിയില്‍ കണ്ണുമിഴിച്ചു ലോകം കാണുന്ന കുഞ്ഞിപ്പെണ്ണുമായിരിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബാധയുടെ ദിവസക്കണക്ക് എന്നെ ഭയപ്പെടുത്തുന്നു. 

ആ ഭയം ഉള്ളിലൊതുക്കി ജാഗ്രതയുടെ പാഠങ്ങള്‍ മകനു പറഞ്ഞു കൊടുക്കുകയാണ് ഞാന്‍. നോക്കൂ, പുതു തലമുറ ജാഗരൂകരായി വളരട്ടെ. ഓരോ വീടും ശുചത്വത്തിന്റെ, സാമൂഹ്യസുരക്ഷയുടെ പാഠശാലകളാവട്ടെ. ഈ സമയവും കടന്നു പോകും. നാം അതിജീവിക്കും. 


കൊറോണക്കാലത്തെ ജീവിതങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

Follow Us:
Download App:
  • android
  • ios