Asianet News MalayalamAsianet News Malayalam

വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

വീടകങ്ങളിലെ വാര്‍ദ്ധക്യങ്ങളോട് കൊറോണ വൈറസ് ചെയ്യുന്നത്. കെ. പി റഷീദ് എഴുതുന്ന ലോക്ക്ഡൗണ്‍ കാല കുറിപ്പുകള്‍ നാലാം ദിവസം.

Lock down column by KP Rasheed on corona virus elderly quarantine loneliness health
Author
Thiruvananthapuram, First Published Mar 28, 2020, 9:05 PM IST

എരിവെയിലില്‍ പെട്ടുപോയ ആ അമ്മയുടെ മാത്രം മുന്നിലുള്ള ചോദ്യമല്ല അത്. രാജ്യത്തുടനീളം വീടുകളിലും തെരുവുകളിലും അഭയകേന്ദ്രങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് വൃദ്ധരുടെ മുന്നിലെ ജീവന്‍ മരണ പദപ്രശ്‌നം കൂടിയാണത്. വൃദ്ധരുടെ ചോരകുടിക്കാന്‍ നാവുനീട്ടിയിരിക്കുന്ന ഭീകരജീവിയായി SARS-CoV-2 വൈറസ് മുന്നില്‍ നിറയുമ്പോള്‍, ഒരു ജീവിതത്തോടു മുഴുവന്‍ പൊരുതി ജീവിതസായാഹ്‌നത്തിലേക്ക് കടക്കുന്ന ആ മനുഷ്യരുടെ മനസ്സില്‍ എന്തായിരിക്കും? ഏറ്റവുമെളുപ്പം മരിച്ചുപോവുന്നവരായി ഒറ്റയടിക്ക് മുദ്രകുത്തപ്പെടുമ്പോള്‍, ജീവിതത്തോടുള്ള എല്ലാ ആസക്തികള്‍ക്കും മീതെ, അവര്‍ എന്തായിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക? 

 

Lock down column by KP Rasheed on corona virus elderly quarantine loneliness health

 

ആ അമ്മ നടക്കുകയാണ്. കൈയിലൊരു  നീളന്‍ വടി കുത്തിപ്പിടിച്ച്, നിറയെ പഴങ്ങളുടെ ചിത്രങ്ങളുള്ള, അവിടവിടെ കീറിയ പഴഞ്ചന്‍ സ്വെറ്ററില്‍ തളര്‍ന്ന ഉടല്‍ പുതച്ച്, തീരെപ്പതുക്കെ, എന്നാല്‍ ആവും വിധം ആഞ്ഞ് കൈവീശി, മുന്നോട്ടുമാത്രം നോക്കിയുള്ള നടത്തം. മുന്നില്‍ പൊരിവെയിലാണ്. സൂര്യന്‍ തലയ്ക്കു മുകളില്‍വന്ന് തീവെയിലുകൊണ്ട് നക്കിത്തുടക്കുന്ന റോഡില്‍, ഓരോ അടി വെച്ചു കഴിയുമ്പോഴും അവര്‍ കിതയ്ക്കുന്നു. അല്‍പ്പദൂരം പിന്നിടുമ്പോള്‍ ഇത്തിരിനേരം റോഡരികില്‍ ഇരിക്കുന്നു. വീണ്ടും നടക്കുന്നു. 

ഇന്നലെയാണ്, ഔട്ട്‌ലുക്ക് മാഗസിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ആ അമ്മയെ കണ്ടത്. അവരുടെ പേര് കജോദി. വയസ്സ് 90 കഴിഞ്ഞു. ദില്ലിയില്‍നിന്നാണ് അവരുടെ യാത്ര. 400 കിലോ മീറ്റര്‍ അകലെ രാജസ്ഥാനിലെ സവോയി മധോപൂരിലുള്ള സ്വന്തം വീട്ടിലേക്കാണ് അവര്‍ക്കു പോവേണ്ടത്. നോയിഡ സെക്ടര്‍ 15 -ലെ ട്രാഫിക് സിഗ്‌നലിനരികെ കുട്ടികള്‍ക്കുള്ള പാവകള്‍ വില്‍ക്കുകയായിരുന്നു ഇത്രയും കാലം അവരും ബന്ധുക്കളും. ഈയടുത്താണ് ട്രാഫിക് സിഗ്‌നല്‍ നിശ്ചലമായത്. ഒപ്പം, ഇത്രകാലം മുന്നിലൂടെ, തിളച്ചുമറിഞ്ഞ് പാഞ്ഞുകൊണ്ടിരുന്ന നഗരവും. രാജ്യത്ത്, മൂന്നാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അവര്‍ അറിഞ്ഞിട്ടുണ്ടാവാം. ആ അറിവിനു പിന്നാലെയാണ് ലോകം അവര്‍ക്കുമുന്നില്‍ നിശ്ചലമായത്. ട്രെയിനുകളില്ല, ബസുകളില്ല, റിക്ഷകളില്ല, കടകളില്ല, ഭക്ഷണമില്ല. മുന്നില്‍ ഇടയ്ക്കിടെ എത്തുന്ന പൊലീസുകാര്‍ ആട്ടിയോടിക്കുന്ന ആളുകളെ മാത്രം അവര്‍ കാണുന്നു. 

അവര്‍ നടക്കുകയാണ്, ജീവിതത്തിന്റെ അവസാനമെത്തി എന്നോണം, തളര്‍ന്നുലഞ്ഞ ശരീരത്തെ ഒരു വടികൊണ്ടു താങ്ങി മുന്നോട്ടേക്ക് ചുവടുകള്‍ വെയ്ക്കുകയാണ്. അവര്‍ക്കു മുന്നില്‍ ബന്ധുക്കളുണ്ട്. പല സംഘങ്ങളായി നാനൂറ് കിലോ മീറ്റര്‍ എന്ന അകലത്തെ തളര്‍ന്ന കാലുകളാല്‍ പിന്നിടാന്‍ ശ്രമിക്കുകയാണ് അവര്‍. ഇടയ്ക്ക്, പൊലീസുകാര്‍ വരും. ഇങ്ങനെ കൂട്ടം കൂടി നടന്നാല്‍ കേസ് എടുക്കേണ്ടി വരുമെന്ന് പറയും. അപ്പോള്‍ സംഘം ചിതറും. പൊലീസ് കണ്‍വെട്ടത്തുനിന്നു മാറിയാല്‍ ഒന്നിച്ചുനടത്തം തുടരും. എപ്പോഴെങ്കിലും തങ്ങള്‍ക്കു മുന്നില്‍ ഒരു വാഹനം വന്നേക്കാമെന്ന നേരിയ പ്രതീക്ഷ മാത്രമാവും ഒരുപക്ഷേ, അവരെ നടത്തുന്നുണ്ടാവുക. 

മുന്നിലങ്ങനെ നീണ്ടുകിടക്കുന്ന നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലൂടെ ഇത്രയും ദൂരം പിന്നിട്ട് ആ അമ്മ വീട്ടിലെത്തുമോ? ഒരൊറ്റ സ്പര്‍ശത്തില്‍ രോഗിയാവാനുള്ള സാദ്ധ്യതകളെ, മാസ്‌കും കൈയുറകളും കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച്, പരമാവധി അകലം പാലിച്ച് മനുഷ്യരെല്ലാം വീടകങ്ങളില്‍ ഒതുങ്ങിക്കൂടിയ നേരത്തെ കജോദി അതിജീവിക്കുമോ? 

'ഒൗട്ട്‌ലുക്ക് ലേഖകന്‍ സാലിക് അഹമ്മദ് പകര്‍ത്തിയ വേദനിപ്പിക്കുന്ന ആ പടം കണ്ടുകൊണ്ടിരിക്കെ, ഉള്ളിലുയര്‍ന്നത് ഉള്ളുപൊള്ളിക്കുന്ന മറ്റൊരു ചോദ്യമാണ്്. അത്രയും കാതങ്ങളെ നടന്നുതോല്‍പ്പിച്ചാലും ആ അമ്മയ്ക്ക് കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവുമോ? ഏതെങ്കിലും ഒരിടത്തുവെച്ച്, ഏതെങ്കിലും കൂട്ടത്തില്‍വെച്ച്, ഒരു സ്പര്‍ശത്തില്‍ വൈറസ് ശരീരത്തിലേക്ക് കടന്നാല്‍ ആ ്അമ്മയ്ക്ക് പിന്നെയെന്താവും സംഭവിക്കുക? തൊണ്ണൂറു വയസ്സു പിന്നിട്ട ഒരു മനുഷ്യ സ്ത്രീയുടെ മുന്നില്‍ കൊറോണക്കാലം മുന്നോട്ടുവെയ്ക്കുന്നത് മരണം എന്ന സാദ്ധ്യതയല്ലാതെ മറ്റെന്താണ്? നടന്നോ, എവിടെയെങ്കിലുംനിന്ന് കിട്ടിയേക്കാവുന്ന വാഹനത്തിലോ ഇത്രയും ദൂരം പിന്നിട്ട് വീട് എന്ന അഭയസ്ഥാനം പുല്‍കിയാലും കൊവിഡ്-19 മുന്നോട്ടുവെയ്ക്കുന്ന 'മരിച്ചുപോവുക' എന്ന ഒരൊറ്റ സാധ്യതയെ തോല്‍പ്പിക്കാന്‍ അവരുടെ പ്രായത്തിനാവുമോ? രോഗപ്രതിരോധ ശേഷിയെ സദാ തോല്‍പ്പിക്കുന്ന, അവരുടെ ജീവിതസാഹചര്യങ്ങള്‍ക്ക് അതിനുള്ള എല്ലുറപ്പുണ്ടാവുമോ? 

 

Lock down column by KP Rasheed on corona virus elderly quarantine loneliness health

Image Courtesy: Salik Ahamed/ Outlook


രണ്ട്

എരിവെയിലില്‍ പെട്ടുപോയ ആ അമ്മയുടെ മാത്രം മുന്നിലുള്ള ചോദ്യമല്ല അത്. രാജ്യത്തുടനീളം വീടുകളിലും തെരുവുകളിലും അഭയകേന്ദ്രങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് വൃദ്ധരുടെ മുന്നിലെ ജീവന്‍ മരണ പദപ്രശ്‌നം കൂടിയാണത്. വൃദ്ധരുടെ ചോരകുടിക്കാന്‍ നാവുനീട്ടിയിരിക്കുന്ന ഭീകരജീവിയായി SARS-CoV-2 വൈറസ് മുന്നില്‍ നിറയുമ്പോള്‍, ഒരു ജീവിതത്തോടു മുഴുവന്‍ പൊരുതി ജീവിതസായാഹ്‌നത്തിലേക്ക് കടക്കുന്ന ആ മനുഷ്യരുടെ മനസ്സില്‍ എന്തായിരിക്കും? ഏറ്റവുമെളുപ്പം മരിച്ചുപോവുന്നവരായി ഒറ്റയടിക്ക് മുദ്രകുത്തപ്പെടുമ്പോള്‍, ജീവിതത്തോടുള്ള എല്ലാ ആസക്തികള്‍ക്കും മീതെ, അവര്‍ എന്തായിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക? 

ഇക്കാര്യം കുറച്ചുകൂടി അറിയാന്‍, മറ്റു ചില വാര്‍ത്തകളിലേക്ക് പോവേണ്ടി വരും. കഴിഞ്ഞ ദിവസം വായിച്ച അത്തരമൊരു റിപ്പോര്‍ട്ട്  വൃദ്ധസദനങ്ങളെക്കുറിച്ചായിരുന്നു. ഏതു സമയവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബുകള്‍ എന്നാണ് ആ വാര്‍ത്തയില്‍, ഇറ്റാലിയന്‍ പെന്‍ഷന്‍ വിഭാഗത്തിലെ ഒരുദേ്യാഗസ്ഥന്‍ വൃദ്ധസദനങ്ങളെ വിശേഷിപ്പിക്കുന്നത്. സ്പാനിഷ് പ്രതിരോധ മന്ത്രി മാര്‍ഗരിത്ത റോബിള്‍സ് പറയുന്നത് കൂടിക്കേള്‍ക്കുക: 'രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാനിഷ് സൈന്യം നടത്തിയ തെരച്ചിലില്‍ കണ്ടത്തിയത് ആര്‍ക്കും വേണ്ടാതെ കിടക്കുന്ന വൃദ്ധരെയായിരുന്നു. രോഗക്കിടക്കകളില്‍ എത്രയോ നേരമായി മരിച്ചു കിടക്കുകയായിരുന്നു അവരില്‍ ചിലര്‍.'  

ജീവിത സായാഹ്‌നത്തില്‍, സമാധാനത്തിനും സന്തോഷത്തിനുമായി മനുഷ്യര്‍ തെരഞ്ഞെടുക്കുന്ന ഇടം മാത്രമല്ല വൃദ്ധസദനം. ആര്‍ക്കും വേണ്ടാത്തവര്‍ക്ക് ചെന്നുപറ്റാനാവുന്ന അഭയസ്ഥാനം കൂടിയാണ്. പ്രായമായ മാതാപിതാക്കളെ കൊണ്ടിടാന്‍ മക്കള്‍ക്കു മുന്നിലുള്ള തികച്ചും സാധാരണമായ ഒരു സാധ്യത. അത്തരമൊരിടമാണ് സവിശേഷമായ ഒരു സാഹചര്യത്തില്‍, 'ടൈം ബോംബാ'യി മാറുന്നത്. ഒരു വൈറസ് കടന്നുകഴിഞ്ഞാല്‍, ആ കെട്ടിടങ്ങള്‍ കൂട്ടക്കുരുതിക്കുള്ള ഇടങ്ങളാവും എന്നതാണ് ആ വിളിക്കുള്ള കാരണം. പ്രതിരോധശേഷിയും യൗവനവും തുടിക്കുന്നവര്‍ വൈറസിനെ കുടഞ്ഞെറിഞ്ഞേക്കാം, എന്നാല്‍, വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ച ആ മനുഷ്യരെ കുടഞ്ഞെറിയുക മരണമായിരിക്കും. സ്‌പെയിനിലും ഇറ്റലിയിലുമുള്ള അത്തരം ടൈംബോംബുകളെക്കുറിച്ചുള്ള ആധി, സത്യത്തില്‍ നമ്മുടെ നാട്ടിലെ വാര്‍ദ്ധക്യത്തിലെത്തിയ മനുഷ്യരുടേതു കൂടിയാണ്. നമ്മുടെ വീടകങ്ങളിലുള്ള, നമ്മുടെ പ്രിയപ്പെട്ടവര്‍, നമ്മോടൊരുപക്ഷെ പറയാതെ മനസ്സില്‍ കൊണ്ടുനടക്കുന്ന ഭയം. 

എങ്ങനെയാണ്, കൊവിഡ് രോഗത്തെ തുരത്താനുള്ള ലോകത്തിന്റെ പരി്രശമങ്ങള്‍ ആ ആധികളെ പരിഗണിക്കുന്നത്?  മറ്റാര് പുറത്തിറങ്ങിയാലും നിങ്ങള്‍ ഒരിക്കലും വീട്ടില്‍നിന്നിറങ്ങരുതെന്നാണ് ലോകം അവരോട് പറയുന്നത്. കാരണം, അവര്‍ക്ക് പ്രായമായി. ''വൈറസ് പിടികൂടാന്‍ ഏറ്റവും സാദ്ധ്യതയുള്ളത് വൃദ്ധരാണ്. പ്രത്യേകിച്ച്, ശ്വാസകോശരോഗങ്ങളാല്‍ വലയുന്നവര്‍. അത്തരക്കാര്‍ക്കിടയില്‍, മരണസാദ്ധ്യത 15 ശമാനമാണ്'' -അമേരിക്കയിലെ വെയ്ന്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ ഡയരക്ടറായ ഡോ. ടീന ചോപ്ര ചൂണ്ടിക്കാട്ടുന്നു. ചൈനീസ് അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടനയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു: ''ചൈനയില്‍, കൊവിഡ് 19 രോഗത്തിന്റെ ഇരകളായവരില്‍ 70 ശതമാനം പേര്‍ 30-69 പ്രായപരിധിയിലുള്ളവരാണ്്.'' രണ്ടു കാരണങ്ങളാണ് ഇതിനു പറയുന്നത്. കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ടെക്‌സസ് യൂനിവേഴ്‌സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് വിനീത് മെനച്ചേരിയുടെ അഭിപ്രായത്തില്‍ അത് ഇങ്ങനെയാണ്: ഒന്ന്, കടുത്ത ശ്വാസകോശ രോഗങ്ങള്‍ പോലുള്ള രോഗാവസ്ഥകള്‍ മറികടക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ. രണ്ട്, ശരീരത്തിന്റെ രോഗ പ്രതിരോധശേഷിക്ക് പ്രായം വരുത്തുന്ന ഗുരുതരമായ മാറ്റങ്ങള്‍. 

സ്വാഭാവികമായും മറ്റുള്ളവര്‍ക്കുള്ളതിലും ഏറെയായിരിക്കും പ്രായം ചെന്നവര്‍ക്കു മുകളിലുള്ള സമ്മര്‍ദ്ദങ്ങള്‍. ഉറ്റവരും പരിചയക്കാരുമെല്ലാം, അവരെ അത്രയെളുപ്പം മരിക്കുന്നവരായി  പരിഗണിക്കും. നിരന്തരം അതുകേട്ടുകേട്ട്, ഏതുനിമിഷവും മരണത്തിലേക്കു വഴുതിവീഴുന്നവരായി സ്വയം കരുതുന്ന ഒരു നിമിഷം അവര്‍ക്കുണ്ടാവും. പ്രായാധിക്യം സൃഷ്ടിക്കുന്ന മറ്റുപ്രശ്‌നങ്ങള്‍ക്കു പുറമേയായിരിക്കും കൊവിഡ് 19 പുതുതായി സൃഷ്ടിച്ച ഈ പ്രശ്‌നം അവരെ തേടിയെത്തുക. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടച്ചുമാറ്റാന്‍ എളുപ്പമുള്ളതാവില്ല. 

 

Lock down column by KP Rasheed on corona virus elderly quarantine loneliness health

 

മൂന്ന്

എല്ലാം മായ്ച്ചുകളയുന്ന മറവി രോഗത്തിന്റെ പിടിയിലായിരുന്നു അവസാന കാലങ്ങളില്‍ എന്റെ പിതാവ്. അപാരമായ ഓര്‍മ്മശക്തിയുണ്ടായിരുന്ന ഒരാള്‍ വാര്‍ദ്ധക്യത്തിന്റെ പിടിയില്‍പ്പെട്ട് മറവിയിലേക്ക് മുറിഞ്ഞുമുറിഞ്ഞുവീഴുന്നത് നേരിട്ടറിയുകയായിരുന്നു. 'ഒറ്റയ്ക്ക് പുറത്തുപോവരുത്' എന്നായിരുന്നു അന്നേരം ഞാനടക്കം എല്ലാവരും ഉപ്പയോട് സദാ പറഞ്ഞുകൊണ്ടിരുന്നത്. അത് കേട്ടു തലകുലുക്കി അല്‍പ്പ സമയത്തിനകം അദ്ദേഹമത് മറക്കും. വാതില്‍ തുറന്ന് പുറത്തേക്ക് പോവാനിറങ്ങും. പിടിച്ചു വെക്കുമ്പോള്‍, എനിക്ക്് അതിനെന്താണ് പ്രശ്‌നമെന്ന് തിരിച്ചുചോദിക്കും. അസുഖത്തെക്കുറിച്ചും വയ്യായ്കയെക്കുറിച്ചും ഏറെ നേരമെടുത്ത് പറഞ്ഞുകൊടുക്കുമ്പോള്‍ അത് മനസ്സിലായെന്നോണം തലയാട്ടും. മുന്നോട്ടുവെച്ച കാല്‍ വീട്ടിനുള്ളിലേക്കാവും. എന്നാല്‍, അല്‍പ്പ നിമിഷം കഴിയുമ്പോള്‍ ആ തിരിച്ചറിവു വീണ്ടും മായും. ചെറുപ്പകാലത്തെ തിളയ്ക്കുന്ന ചോര ഓര്‍മ്മയില്‍ നിറയുമ്പോള്‍ വീണ്ടും പുറത്തിറങ്ങാന്‍ ശ്രമിക്കും. രണ്ടു വര്‍ഷത്തോളമാണ് ഈ അവസ്ഥയുടെ നൂല്‍പ്പാലത്തിലൂടെ ഉപ്പ കടന്നുപോയത്. രോഗാവസ്ഥയില്‍ മൂത്രം പോകാനായിട്ട കുഴലായിരുന്നു ഏറ്റവും സങ്കടപ്പെടുത്തിയത്. എ്രത പറഞ്ഞാലും 'അതെന്തിന്' എന്ന് മറന്നുപോവുമായിരുന്നു. പിന്നെയത് വലിച്ച് പൊട്ടിക്കാന്‍ ശ്രമിക്കും. ചോരയില്‍ കുളിച്ച് ആശുപത്രിയിലേക്ക് പായേണ്ടിവരും. അവിടെയെത്തിയാല്‍, ഇഞ്ചക്ഷനുവേണ്ടി കൈയില്‍ സ്ഥാപിക്കുന്ന ഐവി ക്യാനുല ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണെന്ന് തോന്നുന്നുണ്ടാവണം. അതു വലിച്ചു പറിക്കാനായി കൈകള്‍ താനേ ഉയരും. അവസാന കാലങ്ങളില്‍ വരെ ഇതായിരുന്നു അവസ്ഥ. 

സമാനമായ അനേകം അവസ്ഥകളിലുള്ള, നമ്മുടെ പ്രിയപ്പെട്ടവരാവും, ഇപ്പോള്‍ ലോക്ക്ഡൗണില്‍ അടച്ചിട്ട വീടിനകത്ത് നമുക്കൊപ്പം കഴിയുന്നത്. പല തരം രോഗാവസ്ഥകള്‍ ചൂഴുന്ന മാനസിക നിലയുള്ളവര്‍. എത്ര പറഞ്ഞാലും മനസ്സിലാവാത്ത ഓര്‍മ്മത്തെറ്റുകളാവും അവര്‍ക്ക് കൂട്ട്. മനസ്സ് ആഗ്രഹിക്കുന്നതുപോലെ ചലിക്കാത്ത ശരീരം. ഏത് പ്രതിസന്ധി ഘട്ടത്തെയും പുല്ലുപോലെ തരണം ചെയ്തിരുന്ന ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മ. അവരവര്‍ തളര്‍ന്നു എന്ന് സ്വയം സമ്മതിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. അത്തരം മനുഷ്യരെയാണ്, ഈ കൊറോണക്കാലത്ത് നമുക്ക് കൈകാര്യം ചെയ്യേണ്ടി വരിക. കൊറോണ എന്ന കൊടുങ്കാറ്റിന്റെ വേഗതയും സംഹാരശേഷിയുമൊന്നും പൂര്‍ണ്ണമായി മനസ്സിലാവാത്തവരെ നാമെങ്ങനെയാവും കൈകാര്യം ചെയ്യുക? 

ഉറപ്പാണ്, ക്ഷമയുടെ നെല്ലിപ്പലകകള്‍ കടക്കേണ്ടി വരും. എല്ലാ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍, ചിലപ്പോള്‍ ദേഷ്യം വന്നുപോവും. എങ്കിലും, അത്തരം സാഹചര്യങ്ങള്‍ നാം കുറച്ചുകൂടി കരുണയോടെ  കൈകാര്യം ചെയ്യേണ്ടതുണ്ട്. 'ദേ തള്ളേ, പുറത്തിറങ്ങിയാല്‍ തട്ടിപ്പോവുമെന്ന്' ഒട്ടും മയമില്ലാതെ പറയാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണ വന്നാല്‍, ആരും തിരിഞ്ഞുനോക്കാനില്ലാതെ മരിച്ചുപോവും എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഒറ്റയടിക്ക് അവരെ തള്ളിയിടാതിരിക്കാന്‍ നാം കരുണ കാണിക്കേണ്ടതുണ്ട്. നോക്കൂ, പ്രായം ഒരു രോഗമല്ല. അതൊരവസ്ഥയാണ്. നാളെ നമ്മളും നൂണുപോവേണ്ട സൂചിക്കുഴ. ലോക്ക്ഡൗണ്‍ കാലത്ത്, സ്വന്തം ശരീരങ്ങളോടുള്ള കരുതല്‍ പോലെ, അത്തരം ചില കരുതല്‍ വീടകങ്ങളിലെ വാര്‍ദ്ധക്യങ്ങളോടും നാം കാണിക്കേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങളില്‍ മനസ്സു തകര്‍ന്നുപോവുന്നവര്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍ ഇന്നേരങ്ങളില്‍ ഒരു കാതെങ്കിലുമാവേണ്ടതുണ്ട്. 

നോയിഡ എക്‌സ്പ്രസ് വേയിലൂടെ, കൊടും വെയിലില്‍ കരിഞ്ഞ്, സ്വന്തം അഭയസ്ഥാനത്തേക്ക് ഏന്തിവലിഞ്ഞ് നടന്നുപോവുന്ന ആ അമ്മ നമ്മളോട് പറയുന്നത് ഇതു കൂടിയാണ്. 

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

 

 

 

Follow Us:
Download App:
  • android
  • ios