കഥകളേക്കാളേറെ കെട്ടുകഥകളുണ്ട് സ്‌റ്റോണ്‍ ഹെന്‍ജില്‍. ഏതോ കാലത്തു തകര്‍ന്നു പോയൊരു വാനനിരീക്ഷണ കേന്ദ്രമായിരുന്നു ഇത് എന്നോ പറക്കും തളികയുടെ ലാന്‍ഡിംഗ് സ്റ്റേഷന്‍ ആയിരുന്നു എന്നോ കഥകളുണ്ട്. അതല്ല 3000 നൂറ്റാണ്ടെങ്കിലും മുന്‍പേ ഇതൊരു ഉത്സവകേന്ദ്രം ആയിരുന്നുവെന്നും ഏകീകൃത ബ്രിട്ടന്റെ പലകോണുകളില്‍ നിന്നും എവിടെ ആളുകള്‍ ഒത്തുകൂടിയിരുന്നുവെന്നും പറയപ്പെടുന്നു. 

 

 

സ്‌റ്റോണ്‍ ഹെന്‍ജ് എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് ഓര്‍മ്മയില്‍ വരുന്നത്. നമ്മളില്‍ പലര്‍ക്കുമത് ആ പഴയ വാള്‍പേപ്പറാവും. ച്ച പുല്‍മേട്ടിന്‍പുറത്തു കല്ലുകള്‍ അടുക്കി വെച്ച വിന്‍ഡോസ് XPയുടെ ആ പഴയ  വാള്‍പേപ്പര്‍. ആ ഓര്‍മ്മയില്‍നിന്നാണ് മരങ്ങളും ചെടികളുമെല്ലാം ശൈത്യകാല മേലങ്കിയഴിച്ചു വെച്ചു പച്ചപുതുനാമ്പു നീട്ടിത്തുടങ്ങുന്ന വസന്തകാലാരംഭത്തിലെ നനുനനുത്തൊരു പ്രഭാതത്തില്‍ സ്‌റ്റോണ്‍ ഹെന്‍ജിലേക്ക് ആദ്യം ചെല്ലുന്നത്. 

ഇംഗ്‌ളണ്ടിന്റെ വടക്കുപടിഞ്ഞാറ് വില്‍റ്റ്‌ഷെയര്‍ കൗണ്ടിയിലെ സാലിസ്‌ബെറി പുല്‍പ്രതലങ്ങള്‍ക്ക് ഒത്ത നടുക്കാണ് സ്‌റ്റോണ്‍ ഹെന്‍ജ്. ആര് നിര്‍മിച്ചതെന്നോ എന്തിനെന്നോ ഇന്ന് വരെ ഒരെത്തും പിടിയും കിട്ടാത്ത, തീര്‍ത്തും ദുരൂഹമായ ഒരുകൂട്ടം കല്ലുകള്‍. ലോകത്തെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്ന് എന്ന് പലരും വിശേഷിപ്പിച്ച ഇവിടം ഏറ്റവും സംരക്ഷിതമായ മഹാശിലായുഗ ശേഷിപ്പുകളിലൊന്നാണ്.

ബി സി 3000 -നും ബിസി  2000-നും ഇടയില്‍ -അതായത്, നവീനശിലായുഗത്തിനും വെങ്കലയുഗത്തിനുമിടയില്‍- ഒട്ടനവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും രൂപമാറ്റങ്ങളും സംഭവിച്ച ഇവിടം കാലാന്തരത്തില്‍ മനുഷ്യരാശിയുടെ അതിജീവന രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുതകുന്ന ഒട്ടേറെ തെളിവുകള്‍ സമ്മാനിച്ചിട്ടുണ്ട്. 

 

 

സാലിസ്‌ബെറിയിലേക്കുള്ള യാത്രയില്‍ വഴിയരികില്‍ വലതു വശത്തായി സ്‌റ്റോണ്‍ ഹെന്‍ജിന്റെ മനോഹര ദൃശ്യം കാണാം. എന്നാല്‍, അവിടെ എങ്ങും വാഹനം നിര്‍ത്താന്‍  അനുവാദമില്ല. സ്‌റ്റോണ്‍ ഹെന്‍ജ്  പിന്നിട്ട്  അരമൈലിനപ്പുറം റൗണ്ട് എബൌട്ട് കഴിഞ്ഞു വലത്തോട്ടു വീണ്ടും അര മൈല്‍ സഞ്ചരിച്ചാല്‍ വിസിറ്റിംഗ് സെന്ററിലെ കാര്‍ പാര്‍ക്കിങ്ങിലെത്താം. ആവോണ്‍ നദിക്കരയിലെ അതിവിസ്തൃതവും വിശാലവുമായ ഈ ഭൂവിഭാഗം പൊതുവില്‍ സാലിസ്‌ബെറി പ്ലെയ്ന്‍  എന്നറിയപ്പെടുന്നു. 

പ്രഭാതസൂര്യന്‍ കത്തി നില്‍ക്കുകയാണെങ്കിലും പുറത്തു സാമാന്യം തണുപ്പുണ്ട്. സൂര്യ പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന ഇളം പുല്‍നാമ്പുകള്‍.  നീലാകാശത്തില്‍ പഞ്ഞിക്കെട്ടുകള്‍ പോലെ തോന്നിച്ച ചെറു മേഘശകലങ്ങള്‍. കണ്ണെത്താ ദൂരത്തോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഭൂപ്രദേശം. ലാന്‍ഡ്സ്‌കേപ്പ് ചിത്രങ്ങള്‍ക്ക് ഇതിലേറെ മിഴിവ് നല്‍കുന്നൊരു പ്രദേശമുണ്ടോ എന്ന് പോലും സംശയം തോന്നിയ നിമിഷങ്ങള്‍. (ഏതാനും മാസങ്ങള്‍ക്കപ്പുറം ഗ്രീഷ്മത്തിലൊരു നാള്‍ ഇതേയിടത്തു ചെന്നപ്പോള്‍, മുകളില്‍ ഇപ്പോള്‍ പെയ്യുമെന്നു തോന്നിച്ചു മൂടിക്കെട്ടി നിന്ന കാര്‍മേഘങ്ങളും,  സ്വര്‍ണനിറത്തില്‍ വിളവെടുക്കാന്‍ പാകമായി നിന്ന ബാര്‍ലി പാടവുമാണ് എന്നെ എതിരേറ്റത്!)

ആധുനികതയെ പൗരാണികതയില്‍ ലയിപ്പിച്ച വിസിറ്റിംഗ് സെന്റര്‍. ഇംഗ്ലീഷ് ഹെറിറ്റേജ് സൈറ്റായ ഇവിടം കാണാന്‍ 22 പൗണ്ട് കൊടുത്തു ടിക്കറ്റ് എടുക്കണം. ബസില്‍ അവിടം വരെ കൊണ്ട് പോയി കാട്ടി തിരിച്ചു കൊണ്ട് വിടും.  ടിക്കറ്റ് എടുക്കാതെ നടന്നു പോയും കാണാം. പ്രവേശനം സ്‌റ്റോണ്‍ ഹെന്‍ജിനു പുറത്തു കെട്ടിയ വേലിക്കരികില്‍ വരെ മാത്രം.

 

................................................

ഏതാനും മാസങ്ങള്‍ക്കപ്പുറം ഗ്രീഷ്മത്തിലൊരു നാള്‍ ഇതേയിടത്തു ചെന്നപ്പോള്‍, മുകളില്‍ ഇപ്പോള്‍ പെയ്യുമെന്നു തോന്നിച്ചു മൂടിക്കെട്ടി നിന്ന കാര്‍മേഘങ്ങളും,  സ്വര്‍ണനിറത്തില്‍ വിളവെടുക്കാന്‍ പാകമായി നിന്ന ബാര്‍ലി പാടവുമാണ് എന്നെ എതിരേറ്റത്!

 

നടക്കാന്‍ തീരുമാനിച്ചു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഒറ്റവരിപ്പാതയില്‍ ഇടയ്ക്കിടെ സ്‌റ്റോണ്‍ ഹെന്‍ജിന്റെ വലിയ ചിത്രങ്ങള്‍ പതിച്ച ബസ് വരും. ലോകത്തെങ്ങു നിന്നും പൗരാണികതയുടെ തിരുശേഷിപ്പുകള്‍ തേടി, ആദിമ മനുഷ്യര്‍ തീര്‍ത്ത മഹാത്ഭുതങ്ങള്‍ തേടി വരുന്നവര്‍ അത്ഭുതം കോരുന്ന കണ്ണുകളുമായി ഇരുപുറം സഞ്ചരിക്കും. നഗരത്തിരക്കുകള്‍ക്കും ആധുനികതയുടെ മായക്കാഴ്ചകള്‍ക്കും അവധി കൊടുത്ത്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു  മുന്‍പ് ഏതോ ജനത തീര്‍ത്ത വിസ്മയങ്ങള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കും.

ബാര്‍ലി പാടങ്ങളും പുല്‍മേടുകളും കടന്നു മുന്നോട്ടു പോയാല്‍ ഇരുവശത്തും നിന്നും മരങ്ങള്‍ വളര്‍ന്നു വന്നു തീര്‍ക്കുന്ന കൊച്ചു കൊച്ചു പച്ചതുരങ്കങ്ങള്‍ക്ക് അക്കരെ സ്‌റ്റോണ്‍ ഹെന്‍ജ് കാണാനാകുന്നുണ്ട്. വൃത്താകൃതിയില്‍ കുത്തി നിര്‍ത്തിയ ഭീമാകാരന്‍ കല്ലുകള്‍. അവയെ പരസ്പരം യോജിപ്പിച്ചു കൊണ്ട് അതിനു മുകളില്‍ സ്ഥാപിച്ച വേറെയും കല്ലുകള്‍. അവയില്‍ ഏറ്റവും വലിയ കല്ലിന് 50 ടണ്ണിലധികം ഭാരം വരും. ചിലവയാകട്ടെ ഇവിടെ നിന്നും 200 മൈലകലെ വെയില്‍സിലെ ചിലയിടങ്ങളില്‍ മാത്രം കാണുന്നവയും.

കഥകളേക്കാളേറെ കെട്ടുകഥകളുണ്ട് സ്‌റ്റോണ്‍ ഹെന്‍ജില്‍. ഏതോ കാലത്തു തകര്‍ന്നു പോയൊരു വാനനിരീക്ഷണ കേന്ദ്രമായിരുന്നു ഇത് എന്നോ പറക്കും തളികയുടെ ലാന്‍ഡിംഗ് സ്റ്റേഷന്‍ ആയിരുന്നു എന്നോ കഥകളുണ്ട്. അതല്ല 3000 നൂറ്റാണ്ടെങ്കിലും മുന്‍പേ ഇതൊരു ഉത്സവകേന്ദ്രം ആയിരുന്നുവെന്നും ഏകീകൃത ബ്രിട്ടന്റെ പലകോണുകളില്‍ നിന്നും എവിടെ ആളുകള്‍ ഒത്തുകൂടിയിരുന്നുവെന്നും പറയപ്പെടുന്നു.

 

 

സ്‌റ്റോണ്‍ ഹെന്‍ജിനു സമീപത്തു നിന്നും കണ്ടെടുക്കപ്പെട്ട ആയിരക്കണക്കിന് മൃഗ-മനുഷ്യ അസ്ഥികള്‍ ഇവിടെ ഒരുകാലത്ത് മൃഗബലിയും നരബലിയും നടന്നിരുന്നുവെന്നും ഏറെ ദൂര ദേശത്തുനിന്നും അതിനായി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും ഒക്കെയുള്ള കഥകളിലേക്ക് നടത്തുന്നു. ഇതൊന്നുമല്ല, സ്‌റ്റോണ്‍ ഹെന്‍ജ് ഒരു കഴുമരമായിരുന്നുവെന്നും ശ്മശാനഭൂമിയാണെന്നും അതല്ല ആശുപത്രിയായിരുന്നുവെന്നും ഒക്കെ വാദിക്കുന്നവരുണ്ട്.

എന്തായിരുന്നുസ്‌റ്റോണ്‍ ഹെന്‍ജ് എന്നതിന് ഇന്നും സ്ഥിരീകരണമില്ലെങ്കിലും ഗ്രീഷ്മസംക്രമത്തിലെ സൂര്യോദയവും ശൈത്യസംക്രമത്തിലെ അസ്തമയവും കാണാന്‍ ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ ഇവിടെ ഒത്തുചേരാറുണ്ട്. ക്ഷേത്രഗണിതത്തിലെ സങ്കീര്‍ണ സമവാക്യങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന രീതിയില്‍ പ്രകാശ ക്രമീകരണങ്ങള്‍ വൃത്താകൃതിയിലുള്ള കല്‍മതിലുകളിലും അകത്തെ കുതിരലാട മാതൃകയിലുള്ള കല്‍വിടവുകളിലും കാണാം.
  
ചക്രങ്ങള്‍ കണ്ടു പിടിക്കുന്നതിന് മുന്‍പേ ഇത്രയും ഭാരമുള്ള കല്ലുകള്‍ എങ്ങനെ എവിടെ എത്തിച്ചുവെന്നത് ഇന്നും സമസ്യയാണ്. വലിയ ചങ്ങാടങ്ങളില്‍ ആവോണ്‍ നദിയിലൂടെ എത്തിച്ച്, ഉരുളന്‍ മരത്തടികളുടെ ട്രാക്കുണ്ടാക്കി വലിച്ചു കയറ്റിയതാവാമെന്നും അവയ്ക്കിടയില്‍ ഘര്‍ഷണം ഇല്ലാതാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ച് കാണുമെന്നും പുരാവസ്തു നിരീക്ഷകര്‍ അനുമാനിക്കുന്നു.

 

 

ആധുനിക കാലത്ത് ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വേദിയായ ഇവിടം ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന്റെ സൈനിക താവളമായി ഉപയോഗിക്കപ്പെട്ടു. യുദ്ധാനന്തരം ഭാഗിക നാശ നഷ്ടങ്ങള്‍ സംഭവിച്ച ഇവിടം നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി സംരക്ഷിക്കപ്പെടുകയും 1986 -ല്‍ യുനെസ്‌കോ ലോക പൈതൃകകേന്ദ്രമായി അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല മഹാശിലായുഗത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായും ഇവിടം പരിഗണിച്ചു പോരുന്നു.

ഉച്ചവെയിലിന്  കനം വെച്ചു. 

വീശുന്ന കാറ്റില്‍ നിന്ന് തണുപ്പ് മെല്ലെ പിന്‍വാങ്ങിത്തുടങ്ങി.

ഇനി തിരിച്ചു നടക്കാം, മനുഷ്യരാശിയുടെ പല തലമുറകള്‍ നടന്നു തീര്‍ത്ത വഴിയിലൂടെ. കഥകളും കെട്ടുകഥകളും യാഥാര്‍ഥ്യങ്ങളും ഇണചേരുന്ന, കാലാനുവര്‍ത്തിയായ, ഇനിയും പൂരിപ്പിക്കാത്ത സമസ്യകളുറങ്ങുന്ന ഈ വഴിയിലൂടെ മടക്കയാത്ര. കാലം പറയാന്‍ ബാക്കി വെച്ച കഥകള്‍ ഇനിയുമുണ്ട്.