മുമ്പെങ്ങുമില്ലാത്തവിധം സെക്സ് ഡോളുകൾക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. 2030 ആകുമ്പോഴേക്കും ആഗോള സെക്സ് ഡോൾ വിപണി 5 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിവേഗം സഞ്ചരിക്കുന്ന ലോകം. ആ ലോകത്തിന്റെ ഏതറ്റത്തിരുന്നും പരസ്പരം 'കണക്ടാ'വാനുള്ള അവസരം. ഏറ്റവും പ്രിയപ്പെട്ടവർ എത്ര അകലത്താണെങ്കിലും ഒരു വിളിപ്പുറത്തവരുണ്ട്. മുമ്പില്ലാത്തവിധം ടെക്നോളജി മനുഷ്യരെ അരികത്താക്കുന്ന കാലം. എന്നാൽ, കനത്ത ഏകാന്തതയും വിഷാദവും മനുഷ്യരെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
തൊട്ടുമുമ്പുവരെ നമുക്കൊപ്പം ചിരിച്ചുകളിച്ചിരുന്നൊരു മനുഷ്യൻ. അടുത്ത നിമിഷം അയാൾ ആത്മഹത്യ ചെയ്തെന്ന വാർത്ത തേടി വരുന്നു. അയാളുടെ വിഷാദത്തെ കുറിച്ച്, ഏകാന്തതയെ കുറിച്ച് ആളുകൾ അമ്പരക്കുന്നു. ആൾക്കൂട്ടത്തിന്റെയും ബഹളങ്ങളുടെയും ഈ കാലത്ത് മനുഷ്യർക്ക് ശരിക്കും മനുഷ്യരില്ലാതാവുകയാണോ? മനുഷ്യർക്ക് മനുഷ്യരെ വേണ്ടാതാവുകയാണോ?
എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും, ആശങ്കകളും പങ്കുവയ്ക്കാൻ എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നവർ. മജ്ജയും മാംസവും വികാരങ്ങളും, വികാരങ്ങളിലെ ഏറ്റക്കുറച്ചിലുകളുമുള്ള മനുഷ്യരെ വേണ്ടാഞ്ഞിട്ടോ, അവരില്ലാഞ്ഞിട്ടോ, അതോ കെട്ടുപൊട്ടിച്ചോടുന്ന മറ്റ് ആഗ്രഹങ്ങളുടെ പിന്നാലെയോ മനുഷ്യർക്ക് പകരമായി സെക്സ് ഡോളുകളെ 'റീപ്ലേസ്' ചെയ്യുന്നവർ.
അതേ, മുമ്പില്ലാത്ത ചില മാറ്റങ്ങളെ കൂടി നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ എല്ലാ മേന്മകളും അങ്ങനെതന്നെ നിലനിൽക്കുമ്പോഴും അതിലൂടെ നാം നടത്തുന്ന ഒളിച്ചോട്ടങ്ങൾ എങ്ങോട്ടാണ്?

എഐ പങ്കാളികൾ
ലോകത്തിന്റെ ഏതറ്റത്ത് നിന്നുള്ള മനുഷ്യരുമായും നമുക്കിന്ന് സൗഹൃദം സാധ്യമാണ്. എപ്പോൾ വേണമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരെ, (സുഹൃത്തുക്കളെ, ബന്ധുക്കളെ, പങ്കാളികളെ) വിളിക്കാനും കാണാനും സാധിക്കും, അവരിനി എത്ര അകലെയാണെങ്കിലും. പണ്ടത്തെ പോലല്ല, എളുപ്പത്തിൽ അരികിലെത്തിച്ചേരാനുള്ള മാർഗങ്ങളുമിന്നുണ്ട്. എന്നാൽ, സന്തോഷങ്ങളും സങ്കടങ്ങളും നേരിൽ കണ്ട് പറഞ്ഞിരുന്ന, തോളോടുതോൾ ചേർന്ന് മനുഷ്യർ പരസ്പരം സാന്ത്വനമായിരുന്ന കാലത്ത് നിന്നും നാമേറെ നടന്നുകഴിഞ്ഞോ? എന്താണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
മനസിലെന്തുണ്ടെങ്കിലും ആദ്യം ചോദിക്കാനുള്ള/പറയാനുള്ള ഓപ്ഷനുകളായി മാറുകയാണ് പലർക്കും ഇന്ന് എഐ ചാറ്റ്ബോട്ടുകൾ. എന്തിനും ഏതിനും ചാറ്റ്ബോട്ടിന്റെ കയ്യിൽ ഉത്തരമുണ്ട് എന്നത് തന്നെയാണ് പലർക്കും അവ പ്രിയപ്പെട്ടതാകാൻ കാരണവും. എന്നാൽ, അങ്ങേയറ്റം അരക്ഷിതരായ, ആളുകളുടെ മുൻവിധികളെ ഭയക്കുന്ന പലർക്കും അറിയാതെ ചാറ്റ്ജിപിടിയോട് ഒരുതരം ആശ്രിതത്വം (Dependency) വന്നുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
25% യുവാക്കളും കരുതുന്നത് എഐ ചാറ്റ്ബോട്ടുകൾക്ക് പ്രണയത്തിൽ മനുഷ്യരെ 'റീപ്ലേസ്' (Replace) ചെയ്യാൻ സാധിക്കും എന്നാണ്. എന്തിനേറെ പറയുന്നു, 1% ആളുകൾ ഇപ്പോൾ തന്നെ തങ്ങളുടെ എഐ പങ്കാളികളുമായി പ്രണയത്തിലായിക്കഴിഞ്ഞു. Replika -യിൽ നിന്നുള്ള എഐ ചാറ്റ്ബോട്ടുകളെ പങ്കാളികളായി കാണുകയും വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്നവരും വരെ ഇന്നുണ്ട്.

എന്നാൽ, എഐ ചാറ്റ്ബോട്ടുകൾ മനുഷ്യർക്ക് സഹായകമാകുന്നത് എങ്ങനെ എന്നതുപോലെതന്നെ അതിനോടുള്ള അമിതമായ സൗഹൃദവും ആശ്രിതത്വവും ആളുകളുടെ മാനസികനിലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ചർച്ചകളുയരുന്നുണ്ട്. കനത്ത ആശങ്കകളാണ് പലപ്പോഴും വിദഗ്‍ദ്ധർ ഇതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്നത്.
കൂടുതൽ കൂടുതൽ തന്നിലേക്ക് ഒതുങ്ങിപ്പോകാനും, മറ്റ് മനുഷ്യരുമായി ബന്ധമറ്റുപോകാനും ഇങ്ങനെയൊരു 'കൂട്ട്' കാരണമായിത്തീർന്നേക്കാം. അത് മാത്രമല്ല, അമിതമായി ചാറ്റ്ബോട്ടുകളുമായി അടുക്കുക, അതിനെ കൂടുതലായി ആശ്രയിക്കുക, മറ്റുള്ളവരുമായിട്ടുള്ള സംഭാഷണങ്ങളിൽ തൃപ്തിയില്ലാതെ വരിക തുടങ്ങി അതുണ്ടാക്കുന്ന ആശങ്കകൾ ഏറെയാണ്.
എഐ സെക്സ് ഡോളുകളും
മുമ്പെങ്ങുമില്ലാത്തവിധം സെക്സ് ഡോളുകൾക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. 2030 ആകുമ്പോഴേക്കും ആഗോള സെക്സ് ഡോൾ വിപണി 5 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും സെക്സ്ഡോളുകൾ വാങ്ങുന്നത് നിയമവിധേയമാണ്.
യുഎസിൽ, 9.7% പുരുഷന്മാരും 6.1% സ്ത്രീകളും സെക്സ് ഡോൾ സ്വന്തമാക്കിയവരാണ്. അതായത്, സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ആളുകൾ സെക്സ് ഡോളുകൾ സ്വന്തമാക്കുന്നു എന്നർത്ഥം.
ചൈനയാണ് പ്രധാനമായും സെക്സ് ഡോളുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. WMDOLL, LinkDolls പോലുള്ള കമ്പനികളാവട്ടെ എഐ സെക്സ് ഡോളുകൾ വിപണിയിലെത്തിച്ച് തുടങ്ങിയിരിക്കുന്നു. ആവശ്യക്കാർ വർധിച്ചതോടെ WMDOLL പോലെയുള്ള കമ്പനികൾ ഇത്തരം പാവകളുടെ നിർമ്മാണം ദ്രുതഗതിയിലാക്കിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ വന്നിട്ട് അധികമായില്ല. യുഎസ്സിലാണ് ഇത്തരം പാവകൾക്ക് ഏറെയും ആവശ്യക്കാർ എന്നാണ് പറയുന്നത്.
സാധാരണ സെക്സ് ഡോളുകളെ അപേക്ഷിച്ച് എഐ സെക്സ് ഡോളുകൾ മനുഷ്യരെപ്പോലെ തന്നെ പ്രതികരണശേഷിയുള്ളവയാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇവ ചാറ്റ്ജിപിടിക്ക് സമാനമായി പ്രവർത്തിക്കുന്നു. നേരത്തെ ഉടമയുമായി നടത്തിയ സംഭാഷണങ്ങൾ 'കളക്ട്' ചെയ്തുവച്ച് അതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനും കഴിവുള്ളവയാണ് ഈ 'ലവ് ഡോളു'കൾ.
'സെക്സ് ഡോളുകൾ മുമ്പ് ആളുകളുടെ ലൈംഗികമായ ആഗ്രഹങ്ങളെ മാത്രമാണ് തൃപ്തിപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ എഐ സെക്സ് ഡോളുകൾ ആളുകളെ വൈകാരികമായി കൂടി പിന്തുണയ്ക്കുന്നവയാണ്' എന്നാണ് WMDoll -ന്റെ സിഇഒ ലിയു ജിയാങ്‌സിയ അവകാശപ്പെടുന്നത് തന്നെ.
അതായത്, മനുഷ്യർ മനുഷ്യരെപ്പോലെ തന്നെ ഈ സെക്സ് ഡോളുകളെ കാണുന്നുണ്ടാവണം എന്നർത്ഥം. അതേസമയം, ഈ പാവകളുടെ ആവശ്യക്കാരിൽ ഏറെപ്പേരും പങ്കാളികളെ കണ്ടെത്താൻ സാധിക്കാത്ത പുരുഷന്മാരാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മനുഷ്യന് മനുഷ്യനെ വേണ്ടേ?
2007 -ലിറങ്ങിയ ഏറെ പ്രശസ്തമായ സിനിമയാണ് ഷോൺ പെൻ സംവിധാനം ചെയ്ത 'ഇൻ ടു ദി വൈൽഡ്' (Into the Wild). 1996 -ൽ ജോൺ ക്രാകൗർ എഴുതിയ അതേ പേരിലുള്ള നോൺ-ഫിക്ഷൻ പുസ്തകമാണ് സിനിമയ്ക്കാധാരം. 1990 -കളുടെ തുടക്കത്തിൽ വടക്കേ അമേരിക്കയിലൂടെ അലാസ്കൻ മരുഭൂമിയിലേക്ക് കാൽനടയായി സഞ്ചരിച്ച ക്രിസ്റ്റഫർ മക്കാൻഡ്‌ലെസ് എന്ന മനുഷ്യന്റെ കഥയാണിത്.

എല്ലാത്തിൽ നിന്നും വേർപെട്ട് തനിയെ യാത്ര തിരിച്ച മനുഷ്യൻ. ഇന്നലെ വരെയുണ്ടായിരുന്ന എല്ലാ ബന്ധങ്ങളുമുപേക്ഷിച്ച്, ഒരടയാളം പോലും ബാക്കിവയ്ക്കാതെ ഏകാന്തത (solitude)യുടെ ആനന്ദം അന്വേഷിച്ചിറങ്ങിയ ഒരാളെ ഈ സിനിമയിൽ കാണാം. അവനവനെ തേടിയുള്ള അതിസാഹസികമായ ഏകാന്തയാത്ര. അതിന്റെ ആനന്ദം പലപ്പോഴും അയാളെ ഉന്മത്തനാക്കുന്നുമുണ്ട്.
എന്നാൽ, ഏറ്റവും ഒടുവിൽ ആ ജീവിതത്തിൽ നിന്നും തിരികെ തന്റെ മനുഷ്യരിലേക്ക് നടന്നെത്തണമെന്ന് അതേ തീവ്രതയോടെ അയാൾ ആഗ്രഹിക്കുന്നത് കാണാം. പങ്കുവയ്ക്കപ്പെടുമ്പോഴാണ് ആനന്ദം പോലും ആനന്ദമായി മാറുന്നത് എന്ന തിരിച്ചറിവാണത്. യഥാർത്ഥ സന്തോഷമുണ്ടാകുന്നത് പങ്കുവയ്ക്കലുകളിലൂടെയാണ് എന്നും സിനിമ പറയുന്നു. എന്നാൽ, വിധി അയാൾക്കായി കാത്തുവച്ചത് മറ്റൊരന്ത്യമായിരുന്നു.
എഐ ഓപറേറ്റിംഗ് സിസ്റ്റവുമായി പ്രണയത്തിലാവുന്ന നായകന്റെ കഥ പറഞ്ഞ, 2013 -ലിറങ്ങിയ സ്പൈക് ജോൺസ് സംവിധാനം ചെയ്ത ഹെർ (Her) എന്ന സിനിമയും സിനിമാപ്രേമികൾ മറന്നു കാണില്ല. അന്തർമുഖനായ നായകൻ തന്റെ യഥാർത്ഥ ജീവിതാവസ്ഥകളെ അഭിമുഖീകരിക്കാതെ, അതിൽ നിന്നും ഒളിച്ചോടാനുള്ള (Escapism) വഴിയായിട്ടു കൂടിയാവണം ഈ പ്രണയത്തെ കാണുന്നത്. ഒടുവിൽ മനുഷ്യരിലേക്കും യാഥാർത്ഥ്യങ്ങളിലേക്കുമുള്ള അയാളുടെ ശാന്തമായ മടക്കത്തെ കൂടി പറഞ്ഞുവച്ചാണ് സിനിമ അവസാനിക്കുന്നത്.

സെക്സ് ഡോളുകളും സെക്സ് ടോയ്‍സും എഐ ചാറ്റ്ബോട്ടുമെല്ലാം ആധുനിക കാലത്തിന്റെ ചില കണ്ടുപിടിത്തങ്ങളെന്ന രീതിയിൽ നോർമലായ മാറ്റങ്ങൾ മാത്രമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, മനുഷ്യർക്ക് മനുഷ്യരായ പങ്കാളികളെ കണ്ടെത്താനാവാത്ത അവസ്ഥയിൽ, തൃപ്തിപ്പെടുത്താനാവാത്ത അവസ്ഥയിൽ അവരെത്തിച്ചേരുന്ന അഭയങ്ങളായി ഇവ മാറുകയാണോ എന്നതാണ് ആശങ്ക.
മുൻവിധികളില്ലാതെ ഇടപെടാനാവാത്തതിനാൽ, നമ്മുടെ പ്രതീക്ഷകൾ തകർത്തെറിയുന്നതിനാൽ, നമ്മിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിനാൽ നാം മനുഷ്യരിൽ നിന്നും അകന്നുപോകുന്നതാണോ? അതോ, മറ്റൊരു മനുഷ്യന് ഓടിയെത്താനാവുന്ന മെച്ചപ്പെട്ട മനുഷ്യരായിത്തീരാനുള്ള നമ്മുടെ വിമുഖതയാണോ?
പറഞ്ഞുവന്നത്, മനുഷ്യർക്ക് മനുഷ്യരെ തന്നെയാവണം വേണ്ടത്. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുന്ന, സങ്കടം വരുമ്പോൾ കരഞ്ഞുതീർക്കുന്ന/പറഞ്ഞുതീർക്കുന്ന, ഏകാന്തതയിൽ മറ്റൊരാളെ കൂട്ടുതേടുന്ന, മറ്റൊരാളുടെ കൈപിടിക്കുന്ന, അരക്ഷിതാവസ്ഥകളെയും പ്രതിസന്ധികളെയും ഒറ്റയായി തരണം ചെയ്താലും വീണ്ടും മറ്റൊരു മനുഷ്യനെ വിശ്വസിച്ച് മുന്നോട്ടു നടക്കുന്നവർ തന്നെയാണല്ലോ നാം.

