ആറു വര്‍ഷം മുമ്പ്, ഈ ദിവസം മരണം വന്നുതൊടുമ്പോള്‍, മറവി എന്ന വാക്കുപോലുമുണ്ടായിരുന്നില്ല, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഓര്‍മ്മകളില്‍. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ മക്കൊണ്ടയെ വിഴുങ്ങിയ അതേ വ്യാധി, മറവി, മാര്‍ക്കേസിന്റെ ഓര്‍മ്മകളെയും മായ്ച്ചു കളഞ്ഞിരുന്നു. ഓര്‍മ്മയുടെ കൈപിടിച്ച് മാര്‍ക്കേസ് മടങ്ങിവരുമെന്ന്, ലോകമാകെ, അദ്ദേഹത്തിന്റെ വായനക്കാര്‍ ഉള്ളുരുകുമ്പോള്‍ ഇങ്ങ് കേരളത്തില്‍നിന്നുമുണ്ടായി പ്രാര്‍ത്ഥനകള്‍. മലയാളിയുടെ ഭാവനാലോകങ്ങളില്‍ അത്രയ്ക്ക് കലര്‍ന്നുപോയിരുന്നു, ലാറ്റിനമേരിക്കക്കാരനായ ഈ  എഴുത്തുകാരന്‍. മുണ്ടും മാടിക്കുത്തി, മുറിബീഡി ചുണ്ടത്തുവെച്ച്, കലുങ്കുംചാരി രാഷ്ട്രീയം പറയുന്നൊരു മീശക്കാരന്‍. മക്കൊണ്ടയ്ക്കും മലയാളിയ്ക്കുമിടയില്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയവും ചരിത്രവും ഭാവുകത്വ ശൂന്യതയുമടക്കം അനേകം ഘടകങ്ങള്‍ കൂടിയുണ്ടായിരുന്നു. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒന്നല്ല  ഓര്‍ത്തെടുക്കാനുള്ള ഒന്നാണെന്ന് പറഞ്ഞുവെച്ച ആ വലിയ എഴുത്തുകാരനെ ഓര്‍ക്കുന്നു, രാഹുല്‍ രാധാകൃഷ്ണന്‍.  

 

 

ഞാന്‍ മാര്‍ക്കേസിനെ  കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ  നാടായ കൊളംബിയയില്‍ പോയിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷയായ സ്പാനിഷ് എനിയ്ക്കറിയില്ല. പക്ഷെ അദ്ദേഹം ഒട്ടുമിക്ക മലയാളി വായനക്കാരെയും പോലെ എനിയ്ക്കും ആരൊക്കെയോ ആയിരുന്നു.ഒരു ശരാശരി സാഹിത്യ പ്രേമിയായ മലയാളിക്ക് ആരായിരുന്നു ഗാബോ? ഇദ്ദേഹത്തെ നേരിട്ട്  കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതുമായ മലയാളികളായ എത്ര പേരുണ്ടാകും? എന്നിട്ടും ഈ മനുഷ്യനെ മലയാളികള്‍ തങ്ങളുടെ ഭാവനാലോകത്തെ കീഴ്‌മേല്‍ മറിച്ച എഴുത്തുശൈലിയുടെ അപ്പോസ്തലനായി വാഴിക്കുന്നത് എന്തുകൊണ്ടായിരിയ്ക്കും?  

ഭാഷയുടെയും ഫാന്റസിയുടെയും ഭാവപ്പൊലിമയില്‍ വായനക്കാരെ തന്റെ കൃതികളിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന  ഗാബോയുടെ ജീവിതവും കഥകളും നാം അറിഞ്ഞിട്ടുണ്ട്. ജീവിതവും മരണവും തമ്മിലുള്ള അന്തരത്തെ ഏറ്റവും നന്നായി ആവിഷ്‌ക്കരിച്ച്, അത് വായനക്കാരെ മനസ്സിലാക്കിച്ച മഹാനായ ഈ സാഹിത്യകുലപതിക്ക് മലയാളിയുടെ ജീവിതപരിസരത്ത് ഉള്ള സ്ഥാനം എന്തായിരുന്നു?

ആദ്യം കിട്ടുന്ന ഉത്തരം അദ്ദേഹം നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയ ലോകപ്രശസ്ത സാഹിത്യകാരന്‍ ആണെന്നാണ്.  അന്യവല്ക്കരണത്തിന്റെയും അസ്തിത്വവാദത്തിന്റെയും മാറാപ്പുകളുമായി ഭാവുകത്വത്തിനെ തന്നെ ആധുനികത മടുപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു മാച്ചുപിച്ചു സംസ്‌കാരത്തിന്റെ  അടയാളവാക്യങ്ങളുമായി ഗബ്രിയേല്‍  ഗാര്‍സിയ മാര്‍ക്കേസ് എന്ന 'വാക്കിന്റെ ദൈവം' പിറവിയെടുക്കുന്നത്.  

 

 

മാര്‍ക്കേസ് എന്ന രക്ഷാമാര്‍ഗം

 

ഹ്രസ്വവും ലളിതവുമായ വാചകങ്ങളിലൂടെ കാവ്യാത്മകവും ഭ്രമാത്മകവുമായ സങ്കല്‍പ്പലോകം സൃഷ്ടിച്ച ഗാബോയ്ക്ക്, മലയാളിയുടെ ഭാവന സ്വപ്നം കണ്ടിരുന്ന കഥാലോകത്തെ കരുപിടിപ്പിക്കുവാന്‍ സാധിച്ചു. ആ ലോകം അസ്തിത്വദുഃഖം പേറുന്ന രവിയുടെയും, വിപ്ലവകാരിയായ ദാസന്റെയും, കാമുകികാമുകരായ മജീദിന്റെയും സുഹറയുടെയും,  സ്വപ്നലോകത്തിലെ ദേവിയുടെയും ലോകങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. എന്നാല്‍  ആ ലോകത്തിലേക്ക് പറിച്ചു നടപ്പെടാനും, കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്താനും  മലയാളിയായ സഹൃദയനു അയത്‌നലളിതമായി സാധിച്ചു. അതാണ് ഗാബോയെ നമ്മുടെ വീടുകളുടെ അകത്തളങ്ങളിലേക്ക് നാം കൂട്ടി കൊണ്ട് പോയത്. മേമ്പൊടിയായി അദ്ദേഹത്തിന്റെ കമ്മ്യൂണിസവും ലാറ്റിനമേരിക്ക എന്ന മൂന്നാംലോക രാഷ്ട്ര പ്രതിനിധാനവും നമ്മളെ അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന പ്രത്യയങ്ങളായി മാറി.  'മാജിക്കല്‍ റിയലിസം' എന്ന പ്രയോഗം മലയാളി ബുദ്ധിജീവി പരിവട്ടങ്ങളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കാവുന്ന ഒരു ചരക്കായി മാറിയതും മാര്‍ക്കേസിന്റെ കേരളാധിനിവേശത്തിലൂടെയാണ്

'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും', 'കോളറാക്കാലത്തെ പ്രണയവും' ആയിരിക്കാം  മലയാളികള്‍ ഏറ്റവും അധികം വായിച്ചുകാണാനിടയുള്ള മാര്‍ക്കേസിന്റെ കൃതികള്‍.  ഏറെ വര്‍ഷങ്ങള്‍ക്കു  ശേഷം  തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ജന്മഗ്രാമമായ  അരാക്കറ്റാക്ക (Aracataca) സന്ദര്‍ശിക്കുന്ന മാര്‍ക്കേസ്  അവിടവുമായി താദാത്മ്യം  പ്രാപിക്കുന്ന  കാഴ്ച  അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വിശദമാക്കിയിട്ടുണ്ട്.  ഈ ഗ്രാമത്തിനെ അനുസ്മരിച്ചായിരുന്നു മക്കൊണ്ടോ എന്ന സാങ്കല്‍പ്പികഗ്രാമത്തിന്റെ ജനനം. മലയാളിയുടെ വായനയില്‍ അവര്‍ എത്രയോ വട്ടം മക്കൊണ്ടോയില്‍ പോയിരിക്കുന്നു. സ്വന്തം ഗ്രാമമെന്ന പോലെ അവിടത്തെ ഓരോ ഊടുവഴിയും, നിഴലും നിലാവുമെല്ലാം അവന് ചിരപരിചിതമാണ് താനും. സ്വേച്ഛാധിപത്യം അതിന്റെ പരമമായ അര്‍ത്ഥത്തില് ചാട്ടുളി വീശിയിരുന്ന ഒരു രാഷ്ട്രീയ ഭൂമികയില്‍ എഴുത്തിന്റെ പണിപ്പുര വെല്ലുവിളികള്‍ നിറഞ്ഞതാണെന്നിരിക്കെ, പരിചിതമല്ലാത്ത വഴികളിലൂടെ നടന്ന് ഭാവനയുടെ മറ്റൊരു റിപ്പബ്ലിക്ക്   സൃഷ്ടിക്കാനാണ് ഗാബോ ശ്രമിച്ചത്. അസ്വസ്ഥതകളുടെയും വരട്ടു തത്വവാദങ്ങളുടെയും തടവറയില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് രക്ഷപ്പെടാനുള്ള ഒരു തുരുത്തായിരുന്നു മാര്‍കേസിന്റെ രചനകള്‍.

 

 

അരിപ്പെട്ടിയിലെ മുട്ടകള്‍

വലിയ ഇടവേളയ്ക്കു ശേഷവും അരാക്കറ്റാക്ക മാറ്റമില്ലാതെയായിരുന്നു മാര്‍ക്കേസിനോട് സംവദിച്ചത്. അരാക്കറ്റക്കയിലേക്കുള്ള യാത്രാമദ്ധ്യേ മക്കൊണ്ടോ പ്ലാന്‍റഷന്‍സ് എന്ന വാഴത്തോട്ടം പണ്ട് കണ്ടത്  ഓര്‍ത്തെടുക്കുകയാണ്  അദ്ദേഹം. ഓര്‍മകളുടെ കുത്തൊഴുക്കില്‍ തന്നെ ഏറെ പരീക്ഷീണിതനാക്കിയ ഈ യാത്രയെ തുടര്‍ന്നായിരുന്നു എഴുത്തുകാരനാവുകയാണ് തന്റെ നിയോഗമെന്ന് മാര്‍ക്കേസ്  തിരിച്ചറിഞ്ഞത്. പാരിസ് റിവ്യുവിന് നല്കിയ ഒരഭിമുഖത്തില്‍, കാഫ്കയുടെ 'മെറ്റമോര്‍ഫസിസ്'   (The Metamorphosis) എന്ന കഥയായിരുന്നു തന്നെ അമ്പരപ്പിച്ചതും അങ്ങനെയും കഥകളെഴുതാമെന്ന് മനസ്സിലാക്കിച്ചതും എന്നു പറയുന്ന മാര്‍ക്കേസ്   ഓര്‍മകളുടെ ആമാടപ്പെട്ടിയില്‍ നിന്നും സാഹിത്യം  ഉണ്ടാക്കുന്ന വിദ്യ അഭ്യസിച്ചത് അമ്മയോടൊത്ത് വീണ്ടും അരാക്കറ്റാക്ക സന്ദര്‍ശിപ്പോഴായിരുന്നിരിക്കും.  ആദ്യനോവലായ 'Leaf Storm'  ആ യാത്രയുടെ ഫലമായിരുന്നു.

കുട്ടിക്കാലം മുഴുവന്‍ മുത്തച്ഛന്റെയും അമ്മുമ്മയുടെയും കൂടെ കഴിഞ്ഞ കൊച്ചു ഗാബോയ്ക്ക് ഒരു വയസ്സായപ്പോഴാണ് കൂട്ടക്കൊലയില്‍ കലാശിച്ച അരാക്കറ്റാക്കയിലെ കുപ്രസിദ്ധമായ 'ബനാന സമരം' നടന്നത്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് പ്ലാന്‍േറഷന്‍സ്   എന്ന കമ്പനി നടത്തിയ, 1928ലെ ഈ ദാരുണസംഭവത്തില്‍ നൂറോളം പേരായിരുന്നു  മരിച്ചത്. ഇങ്ങനെ കലുഷിതമായ സാഹചര്യത്തിലായിരുന്നു ഗാബോയുടെ ബാല്യം. എന്നാലിത് അദ്ദേഹത്തെ രാഷ്ട്രീയമായി കൂടുതല്‍ കരുത്തനാക്കുകയായിരുന്നു. 1899-1902 കാലഘട്ടത്തില്‍ കൊളംബിയയില് നടന്ന ആയിരം ദിവസത്തെ യുദ്ധത്തില്‍ പങ്കെടുത്ത പോരാളിയായിരുന്നു ഗാബോയുടെ മുത്തച്ഛന്‍. കണ്‍സര്‍വറ്റിവ് പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും തമ്മിലുണ്ടായ ഈ ആഭ്യന്തരയുദ്ധത്തില്‍ സജീവമായിരുന്നു  മുത്തച്ഛന്‍. പില്‍ക്കാലത്ത് 'കേണലിന് ആരും എഴുതുന്നില്ല' എന്ന  മാര്‍ക്കേസിന്റെ നോവല്‍ മുത്തച്ഛന്റെ ജീവിതം ആസ്പദമാക്കി എഴുതിയതാണ്.  മുത്തച്ഛന്‍ പറഞ്ഞു കൊടുത്ത യുദ്ധകഥകളും അമ്മുമ്മയുടെ പുരാവൃത്തങ്ങളും പ്രേതകഥകളുമൊക്കെ ആയി നിഗൂഢമായ ഒരന്തരീക്ഷത്തിലായിരുന്നു ഗാബോയുടെ ബാല്യം. അമ്മൂമ്മ  അരിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന മുട്ടകളെ പറ്റി ഗാബോ പറയുമ്പോള്‍ ഇതൊരു കേരളീയഗ്രാമത്തിലെ കഥയല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. കുട്ടിക്കാലത്തെ. ഓര്‍മ്മകളില്‍   നിന്നും ഉടലെടുത്തവയായിരുന്നു അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും. അമ്മൂമ്മ   പറഞ്ഞു കൊടുത്ത യക്ഷികഥകളില്‍ അഭിരമിക്കുകയും, എന്നാല്‍ രാത്രിയാവുമ്പോള്‍  ഭയന്ന് വിറക്കുകയും ചെയ്യുന്ന ഗാബോയുടെ രീതി കൗമാര പ്രായത്തിലും മാറിയിരുന്നില്ല. മാര്‍ക്കേസില്‍  'മാന്ത്രിക യഥാര്‍ത്ഥ്യ'ത്തിന്റെ വിത്തുകള്‍ പാകിയത് ഈ അന്തരീക്ഷമായിരുന്നു എന്ന് പറയുന്നതായിരിയ്ക്കും ശരി.  മിത്തുകളും പുരാണങ്ങളും ചേര്‍ന്ന മായാപ്രപഞ്ചത്തിന്റെ കരുത്തില്‍ വാക്കുകളുടെ വിസ്മയലോകം തീര്‍ക്കുമ്പോള്‍ മാര്‍കേസിന്റെ ഓരോ കഥയും ഭാഷക്കും സംസ്‌കാരത്തിനും അതീതമായി സാര്‍വലൗകികമായി മാറുകയാണുണ്ടായത്.

 

 

 മാജിക്കല്‍ റിയലിസത്തിന്റെ ആദ്യ തുള്ളികള്‍
ഗാബോ ജനിച്ചതിനു ശേഷം സ്വതവേ മിതഭാഷിയായിരുന്ന മുത്തച്ഛന്‍ കേണല്‍ നിക്കോളാസില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. അതിരുകവിഞ്ഞ സ്‌നേഹവാത്സല്യങ്ങളോടെ കുട്ടികളുടെ കൂടെ 'കഴുത' കളിക്കാനുള്ള മാനസികാവസ്ഥ വരെ ഗൗരവക്കാരനായ ആ കേണലില്‍ ഉരുവം കൊണ്ടു. പേരക്കുട്ടികളുടെ കൂട്ടത്തില്‍  കുഞ്ഞുഗാബോയെ അയാള്‍ക്ക്  അത്രമേല്‍ പ്രിയമായിരുന്നു. അവന്റെ ജന്മദിനം ഓരോ മാസവും നടത്താന്‍ അയാള്‍ ഉത്സാഹിച്ചു. വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും സമ്മാനമായി വാങ്ങി കൊടുത്തിരുന്ന അയാള്‍ മറ്റുള്ളവരോടും വീടിനടുത്തുള്ള കവലയിലും മറ്റും വേറെ വിധത്തിലാണ് പെരുമാറിയിരുന്നത്. ഗൗരവപൂര്‍വ്വമായ അത്തരം രാഷ്ട്രീയസംസാരങ്ങള്‍ ഗാബോ സാകൂതം വീക്ഷിച്ചിരുന്നു. മുത്തച്ഛന്റെ വീട്ടില്‍ കുടിവെള്ളം വലിയ ഒരു ഭരണിയിലാണ് ശേഖരിച്ചു വെയ്ക്കാറുള്ളത്. വെള്ളം എടുക്കാനായി കൊച്ചുഗ്‌ളാസുകളും ചെറിയപാത്രങ്ങളും സമീപത്തായി തന്നെ വെച്ചിരുന്നു. ഈ വലിയ മണ്‍ഭരണിയ്ക്കടിയില്‍ നീളം തീരെക്കുറഞ്ഞ മനുഷ്യര്‍ വസിക്കുന്നുണ്ടെന്നു കൊച്ചുഗാബോ വിചാരിച്ചു. അവരെ കണ്ടുപിടിക്കാന്‍ അവന്‍ ആവതും ശ്രമിച്ചു. എന്തിരുന്നാലും വെള്ളത്തിന്റെ 'രുചി' എന്നത് എന്താണെന്ന് മുത്തച്ഛന്റെ വീട്ടില്‍ നിന്നാണ് അവന്‍ മനസിലാക്കിയത്. ഒരുപക്ഷെ വന്യമായ വിശ്വാസങ്ങളും ഭാവനയും അവന്റെ മനസ്സില്‍ മൊട്ടിടാന്‍ തുടങ്ങിയതും അവിടെ നിന്നുതന്നെ ആയിരിക്കണം. പൂപ്പലും ഗന്ധവും ചേര്‍ന്ന മണ്‍പാത്രത്തിലെ സ്വാദുള്ള വെള്ളം അവനിലേക്ക് പകര്‍ന്നത് മാജിക്കല്‍ റിയലിസത്തിന്റെ ആദ്യ തുള്ളികളായിരുന്നു.

 

ഗാബോയുടെ കുഞ്ഞുന്നാളില്‍ ജന്മനാടായ അറാക്കറ്റാക്കയില്‍ വൈദ്യുതി ഇല്ലായിരുന്നു. മെഴുകുതിരിയും മണ്ണെണ്ണവിളക്കും ആയിരുന്നു ആളുകള്‍ ഉപയോഗിച്ചിരുന്നത്. സന്ധ്യ മയങ്ങുമ്പോഴേക്കും ഇരുട്ട് പരക്കുന്ന പ്രദേശത്തു മുനിഞ്ഞുകത്തുന്ന വിളക്കിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. ഭയാത്ഭുതങ്ങള്‍ നിറഞ്ഞ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന സ്വഭാവം  മുതിര്‍ന്നവര്‍ പ്രകടമാക്കിയിരുന്നു. നിരീക്ഷണപാടവവും സൂക്ഷ്മമായ ഓര്മശക്തിയുമാണ് ഗാബോയെ വേറിട്ട് നിര്‍ത്തിയത് എന്നതിന്റെ തെളിവുകള്‍ ബാല്യകാലത്തുതന്നെ അടുപ്പമുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. പിന്നീട്, കൊളംബിയയിലെ സിപ്പാക്വിറയിലുള്ള ദേശീയ അക്കാദമിയില്‍ പഠിക്കുമ്പോഴാണ് സാഹിത്യത്തോടുള്ള മാര്‍ക്കേസിന്റെ അഭിനിവേശം പുറത്തുവന്നത്. കുട്ടിക്കാലത്തെ  സംഭവങ്ങള്‍ പില്‍ക്കാല  എഴുത്തിലും മറ്റും അദ്ദേഹം ഭംഗിയായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. വീട്ടില്‍ നടന്ന ചെറിയ കാര്യങ്ങള്‍ വരെ അദ്ദേഹം മാന്ത്രികമായി അവതരിപ്പിച്ചു. ഒരു ദിവസം വീട്ടിലെ ജോലിക്കാരി, തുണികള്‍ ഉണക്കിയിടാന്‍ വേണ്ടി പുറത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍ അവരെ കാണാതായി. ഗാബോ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവരെ  കാറ്റ് പറത്തിക്കൊണ്ടുപോയി  എന്നാണ്! ഇങ്ങനെയുള്ള കൊച്ചുകൊച്ചു സംഭവങ്ങള്‍ അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ അസ്തിവാരമായി പരിണമിച്ചു. പ്രാഥമികമായും കണ്ട കാഴ്ചകളും അറിഞ്ഞ അനുഭവങ്ങളും 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'ടെ അടിയൊഴുക്കുകളായിട്ടുണ്ട് എന്ന് കരുതുന്നത് ശരിയാണെന്നു തോന്നുന്നു.

1982-ലാണ് മാര്‍കേസിനെ നോബല്‍ സമ്മാനം നല്‍കി ആദരിയ്ക്കുന്നത്. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന നോവലിന്റെ പരിഭാഷയാണ് മലയാളത്തിലെ മാര്‍ക്കേസിന്റെ ആദ്യ സജീവ സാന്നിധ്യം. മലയാളിക്ക് അന്ന് മുതല്‍ മാര്‍ക്കേസ് മലയാളി തന്നെയാണ്. തുടര്‍ന്ന് അദ്ദേഹത്തിന്റെ  മിക്ക കൃതികളും മലയാളി മലയാളത്തില്‍ തന്നെയാണ് വായിച്ചു തീര്‍ത്തത്. മാര്‍ക്കേസിന് നോബല്‍ സമ്മാനം ലഭിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍, നോവലില്‍ പരാമര്‍ശിച്ച നഗരങ്ങളെ കുറിച്ച്  പറയുന്നുണ്ട് . കഥാപാത്രങ്ങളും പരിസരപശ്ചാത്തലങ്ങളും പൂര്‍ണമായും സങ്കല്‍പസൃഷ്ടി അല്ലെന്നായിരുന്നു അച്ഛന്റെ ഭാഷ്യം. അച്ഛനെപ്പോലെ തന്നെ അമ്മയും ഗാബോ പുതുതായി ഒന്നും നോവലിന് വേണ്ടി കണ്ടുപിടിച്ചിട്ടില്ല എന്ന വിശ്വാസക്കാരി ആയിരുന്നു.  ഗാബോയുടെ അനിതരസാധാരണമായ ഭാവനയെ സ്‌കീസോഫ്രേനിയ എന്നടച്ചാക്ഷേപിച്ച പുരോഹിതന്മാര്‍ ഹോമിയോ ചികിത്സയ്ക്ക് അദ്ദേഹത്തെ വിധേയനാക്കി എന്ന് അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ മാജിക്കല്‍ റിയലിസം നിറഞ്ഞ ആഖ്യാനങ്ങള്‍ എഴുതുന്നതിനു മുന്‍പ് തന്നെ മാന്ത്രികത നിറഞ്ഞ ചുറ്റുപാടുകള്‍ ഗാബോയുടെ ജീവിതത്തിലുണ്ടായി. രസതന്ത്രത്തില്‍ അദ്ദേഹത്തിന് നല്ല താല്പര്യമുണ്ടായിരുന്നു എന്ന് സുഹൃത്തായ സാന്റിയാഗോ മ്യൂട്ടിസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആല്‍ക്കെമിയുടെ ഒരു പ്രത്യേകരൂപപ്പെടലാണ് മാജിക്കല്‍ റിയലിസം എന്ന് മ്യൂട്ടിസ്  കരുതുന്നു. കൊളംബിയയില്‍  പൊതുവെ മാന്ത്രികതയും അന്ധവിശ്വാസവും  നിറഞ്ഞ സാഹചര്യമാണ് ഉണ്ടായിരുന്നത്. അത്തരം സംസ്‌കാരമാണ് ഗാബോയെ മാജിക്കല്‍ റിയലിസം എന്ന ശൈലിയിലേക്ക് നയിച്ചത്.

 

 

കാഴ്ചകളെ കഥകളാക്കുന്ന മാജിക്ക്

 

ബൊഗാട്ടോയില്‍  നിയമപഠനത്തിനായി എത്തിച്ചെര്‍ന്ന മാര്‍ക്കേസിന് ' El Universal'  പത്രത്തില്‍ ജോലി കിട്ടി കാര്‍ട്ടാജെനയിലേക്ക് താമസം  മാറ്റി. അവിടെ നിന്നാണ് സാമാന്യം വലിയ പട്ടണമായ ബാരന്‍ക്വിലയില്‍ എത്തുന്നത്. ബാരന്‍ക്വിലയെ മക്കാണ്ടോയായി ഗാബോ ഗണിച്ചിരുന്നുവെന്നു വേണം കരുതാന്‍. അവിടെയുള്ള പുസ്തകശാല (Mundo Bookstore) ഒരു കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസ്ഥലമായിരുന്നു. ഈ പുസ്തകക്കട കാരണം  പല പുസ്തകങ്ങളെ കുറിച്ച് അറിയാനും വായിക്കാനും  ഇടയായി. ഗാബോയുടെ പ്രതിഭയില്‍ ഉറച്ച വിശ്വാസമുണ്ടായ പുസ്തകശാലയുടെ ഉടമസ്ഥന്‍ മിക്ക പുസ്തകങ്ങളും വായിക്കാന്‍ കൊടുക്കുന്നത് പതിവായിരുന്നു. അദ്ദേഹത്തിന് പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ളപ്പോഴാണ് ഇതൊക്കെ നടക്കുന്നത്.  'A Life' എന്ന മാര്‍ക്കേസിന്റെ പ്രശസ്തമായ ജീവചരിത്രം എഴുതിയ ജെറാള്‍ഡ് മാര്‍ട്ടിന്റെ അഭിപ്രായത്തില്‍ മാര്‍ക്കേസിന്റെ  ജീവിതത്തില്‍ ചലനങ്ങള്‍  സൃഷ്ടിച്ച പട്ടണമാണിത്. അവിടത്തെ ജീവിതമായിരുന്നു അദ്ദേഹത്തിന് പഥ്യം. ബാരന്‍ക്വിലയില്‍ ' El Heraldo' യില്‍ ജോലി ചെയ്യുമ്പോള്‍ പത്രത്തിലെ  മിക്ക കോളങ്ങളും പലപ്പോഴും  കൈകാര്യം ചെയ്തിരുന്നത് മാര്‍ക്കേസായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലേഖനങ്ങളിലൂടെയും മറ്റും പേരാര്‍ജിച്ച അദ്ദേഹം ആ 'ആധുനിക' പട്ടണവുമായി ഇഴുകിച്ചേര്‍ന്നു. പത്രമോഫീസിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയില്‍ നിന്ന് നോക്കിയാല്‍ തൊട്ടടുത്തുള്ള വേശ്യാലയം കാണാന്‍ സാധിച്ചിരുന്നു. മാത്രമല്ല, ഇടപാടുകാരുമായി  സംവദിക്കുന്ന  ഒരു  സ്ത്രീയെ എപ്പോഴും ജനലിന്നരികില്‍ കാണാമായിരുന്നു. ചൂടുകാരണം ജനലുകള്‍ തുറന്നിട്ടിരുന്ന ആ വേശ്യാലയത്തിലേക്ക് അനേകം ഒളിക്കണ്ണുകള്‍ കൊതിയോടെ ദൃഷ്ടികളയച്ചിരുന്നു.  കാഴ്ചകളെ 'കഥകളാ'ക്കാന്‍ വെമ്പിയിരുന്ന മാര്‍ക്കേസില്‍ ഈ രംഗങ്ങള്‍ ആവേശമുണര്‍ത്തി. ഇത്തരം യഥാര്‍ത്ഥ രംഗങ്ങള്‍ ഭാവനാലോകം ചമയ്ക്കുന്നതില്‍ കൊഴുപ്പുകൂട്ടുകയാണ് ചെയ്തത്. എഴുത്തില്‍ ഇടയ്ക്ക് പ്രതിസന്ധി ഉരുണ്ടുകൂടുമ്പോള്‍, 'എഴുത്തി'ന്റെ പ്രക്രിയയില്‍ ഒരുപാട് അനുഭവതലങ്ങളുള്ള എഴുത്തുകാരന് മാത്രമേ ' ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' പോലെയുള്ളൊരു മാന്ത്രികാദ്ധ്യായങ്ങളുടെ ആഖ്യായിക  പൂര്‍ത്തിയാക്കാനാവൂ  എന്ന വിശ്വാസം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു.

നോബല്‍ സമ്മാനം ലഭിക്കുന്നതിന് മുമ്പ് ഏതുസദസ്സിലും കയറിച്ചെല്ലുന്ന, തിരക്കുപിടിച്ച ഒരാളായി ഗാബോയെ നോക്കിക്കാണുന്നവരുണ്ട്.; പലരുടെ പ്രശ്‌നങ്ങളിലും  ചോദിക്കാതെ തന്നെ ഇടപെടലുകള്‍ നടത്തുന്ന ഒരാള്‍. ഒരു പത്രപ്രവര്‍ത്തകനായി El Espectador ല്‍ പ്രവര്ത്തിച്ചിരുന്ന ഗാബോയുടെ  പത്രറിപ്പോര്‍ട്ടുകള്‍  ശരാശരി നിലവാരമെ പുലര്‍ത്തിയിരുന്നുള്ളു എന്നായിരുന്നു പത്രാധിപരുടെ  വിലയിരുത്തല്‍. സാഹിത്യമെഴുത്തില്‍ കൃതഹസ്തത പാലിച്ച ഗാബോ സാധാരണ തരത്തിലുള്ള ഫീച്ചറുകളാണ് പത്രത്തിന് വേണ്ടി തയ്യാറാക്കിയത്. എന്നാല്‍ ഒരു സവിശേഷത അദ്ദേഹം കാണിച്ചിരുന്നു. എഴുതുന്ന പതിപ്പില്‍ തെറ്റുണ്ടായാല്‍ എഴുതിയത് മുഴുവന്‍ കീറിക്കളഞ്ഞതിന് ശേഷം  ആദ്യമേ എഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. 'കപ്പല്‍ച്ചേതം വന്ന നാവികന്റെ' കഥയിലേക്ക് മാര്‍ക്കേസിനെ എത്തിച്ചത് പത്രത്തില്‍ നിന്ന് ഏല്‍പ്പിച്ച ഒരു ജോലിയാണ്.  കപ്പല്‍ നശിച്ചെങ്കിലും മറ്റു യാത്രക്കാര്‍ കാണാഞ്ഞ ചിലത് മാര്‍ക്കേസ് കണ്ടെത്തി എന്നതായിരുന്നു ആ കഥ വികസിക്കുവാനുള്ള ഒരു കാരണം. നിരോധനമുള്ള ചരക്കുകള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. കൂടാതെ അതില്‍ നിന്നും ഒരാണ്‍കുട്ടിയെ തള്ളിയിടുകയും ചെയ്തിരുന്നു. പത്രലേഖനങ്ങളില്‍ ഫിക്ഷന്റെ അംശം മാര്‍ക്കേസ് ചെറിയ രീതിയില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹം എഴുതിയ നോണ്‍ ഫിക്ഷനായ ' News of a Kidnapping' -ല്‍ വസ്തുതകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു ; അതും പരിശോധിച്ച് നൂറുശതമാനം കൃത്യത  വരുത്തിയ ഉപരിപ്ലവമല്ലാത്ത വിവരങ്ങള്‍ .

പല കഥകളുടെയും മൂലരൂപത്തില്‍/ പ്രമേയത്തില്‍ നിന്ന് ശില്‍പഘടനയുള്ള കഥയാക്കി മാറ്റാനുള്ള മാര്‍കേസിന്റെ കഴിവിനെ സുഹൃത്തുക്കള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. സുന്ദരനായ ഒരു പുരുഷന്റെ ശവം വെള്ളത്തിലൂടെ ഒഴുകിവരുന്നത് പ്രമേയമാക്കി മാര്‍ക്കേസ് എഴുതിയ കഥയാണ് 'The Handsomest Drowned Man in the World' . ഈ  കഥയുടെ പ്രമേയം അദ്ദേഹത്തിന്   ഒരു സ്‌നേഹിതനാണ് പറഞ്ഞുകൊടുത്തത്. 'The Night of the Curlews' എന്ന കഥയും ഇങ്ങനെ വികസിപ്പിച്ചതാണ് . വേശ്യാലയത്തില്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് കഴിഞ്ഞ രാത്രിയുടെ ഓര്‍മയില്‍ എഴുതിയ കഥയാണിത്. സുഹൃത്തായ അല്‍ഫോന്‍സോയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ആ വേശ്യാഗൃഹത്തില്‍ നീര്‍ക്കോഴികളെ വളര്‍ത്തിയിരുന്നു. സ്ത്രീകള്‍ കിടപ്പറയിലേക്ക് പോകുമ്പോള്‍ മാത്രമാണ് ഈ പക്ഷികളെ പുറത്തേക്ക് കൊണ്ടുവന്നിരുന്നത്. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ നിന്ന് ഈ സ്ത്രീകളെ ഫാക്ടറി ജോലിക്കായി ഒരു പതിവുകാരന്‍ കൊണ്ടുപോയി. എന്നാല്‍ ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ അവരെ  തള്ളിപ്പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാബോ പ്രസ്തുത കഥ വികസിപ്പിച്ചത്  ഇങ്ങനെയുള്ള അനുഭവങ്ങള്‍ പില്‍ക്കാലത്തെ കഥാജീവിതത്തില്‍ അദ്ദേഹത്തെ  സഹായിച്ചിട്ടുണ്ടാവണം.

 

മാര്‍കേസും മെഴ്‌സിഡസും

 

പ്രണയത്തിന്റെ പാടുകള്‍

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എഴുതുന്ന വേളയില്‍ അദ്ദേഹം മറ്റൊരു ജോലിയും ചെയ്തിരുന്നില്ല. ഭ്രാന്തവും തീവ്രവുമായ അനുഷ്ഠാനം പോലെ എഴുത്തിനെ ഉപാസിച്ച നാളുകളായിരുന്നു അത്. പണത്തിനു ഞെരുക്കം അനുഭവപ്പെട്ടെങ്കിലും ഭാര്യയായ മെഴ്‌സിഡസ് അതെല്ലാം വിദഗ്ദമായി തരണം ചെയ്തു. വീട്ടിലെ സ്വീകരണമുറിയില്‍ പ്രത്യേകമായി ഭിത്തിയും മരം കൊണ്ടുണ്ടാക്കിയ വാതിലും മെര്‍സിഡസിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ചിരുന്നു.  പൈന്‍മരം കൊണ്ടുണ്ടാക്കിയ എഴുത്തുമേശയും അവിടെ ഒരുക്കി. അതിനാല്‍ അലോസരങ്ങളില്ലാതെ എഴുതാന്‍ ഗാബോയ്ക്ക് സാധിച്ചു. മെര്‍സിഡസിനെ ഗാബോ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും വളരെ രസകരമായിട്ടാണ്. മെഴ്‌സിഡസിന് പതിനൊന്നു വയസ്സ് പ്രായം ഉള്ളപ്പോഴായിരുന്നു മാര്‍ക്കേസ് ആദ്യമായി പ്രണയാഭ്യര്‍ത്ഥന  നടത്തിയത്. അച്ഛന്റെ ഫാര്‍മസിയില്‍ ഇരുന്ന അവളുടെ അടുത്ത് ചെന്ന്, 'നിനക്കു പ്രായമാകുമ്പോള്‍ നിന്നെ ഞാന്‍ കല്യാണം കഴിക്കും' എന്ന് ഗാബോ ഉച്ചത്തില്‍ വിളിച്ചുചൊല്ലി. സ്പാനിഷ്-ടര്‍ക്കിഷ് സംസ്‌കാരങ്ങളുടെ മിശ്രിതസ്വഭാവം പ്രദര്‍ശിപ്പിച്ച മെഴ്‌സിഡസിന്റെ കുടുംബം ഗാബോയുടേതിനേക്കാളും സമ്പന്നമായിരുന്നു. അതിസുന്ദരിയായ മെഴ്‌സിഡസിനെ സ്വന്തമാക്കാന്‍ തക്കവണ്ണം വലിയ ഒരാളായിത്തീരും  എന്ന വിശ്വാസം ഗാബോയ്ക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.  കുഞ്ഞുന്നാളില്‍ വിവാഹവാഗ്ദാനം നടത്തി പോയ മാര്‍ക്കേസ് പിന്നീട് മെഴ്‌സിഡസിനെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ മുപ്പത്തിമൂന്നാം വയസ്സിലായിരുന്നു. ഇതിനിടയില്‍ അവര്‍ തമ്മില്‍ യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ല. വിവാഹശേഷം മാര്‍കേസിന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനമാണ് മെഴ്‌സിഡസിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകളിലും അത് പ്രതിഫലിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും തീവ്രവും സത്യസന്ധവും അത്ഭുതകരവുമായ വികാരം പ്രണയമാണ്. അതുകൊണ്ട് തന്നെയാകണം  പ്രണയത്തെ ആവിഷ്‌കരിക്കുന്ന കവിതകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും എക്കാലത്തും ഏറെ ജനപ്രീതിയും വായനക്കാരും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഒരു പ്രണയത്തിന്റെ കാവ്യാത്മകവും ഭാവ സാന്ദ്രവുമായ പ്രമേയത്തെയാണ് തന്റെ  മാന്ത്രികമായ ഭാഷയില്‍ മാര്‍കേസ് കോളറകാലത്തെ പ്രണയത്തില്‍ പറയുന്നത്. കോളറകാലത്തെ പ്രണയം മാര്‍കേസിന്റെ  മാതാപിതാക്കളുടെ  ജീവിതം അടിസ്ഥാനപ്പെടുത്തി എഴുതിയത് ആണ്. ഗബ്രിയേല്‍ എലിജിയോ ഗാര്‍സിയയുടെയും ലൂയിസ സാന്റിയാഗ മാര്‍കേസിന്റെയും പതിനൊന്നു മക്കളില്‍ മൂത്ത മകന്‍  ആയി 1927 മാര്‍ച്ച് 6നു ആയിരുന്നു  മാര്‍കേസ് ജനിച്ചത്. പ്രതികൂലമായ പല സാഹചര്യങ്ങളെയും എതിരിട്ടു ശുഭപര്യവസായിയായി മാറിയ തന്റെ മാതാപിതാക്കളുടെ  ജീവചരിത്രം ആയിരുന്നു ഫ്‌ലൊരെന്റിനൊ അരിസയുടെയും ഫെര്‍മിന ഡാസയുടെയും ആഖ്യാനത്തിലൂടെ  കോളറകാലത്തെ പ്രണയത്തില്‍ പറയുന്നത്. സ്ത്രീകള്‍ ധാരാളമുള്ള ഒരു കൂട്ടുകുടുംബത്തിലായിരുന്നു മാര്‍കേസിന്റെ ബാല്യം. സ്ത്രീകളെയും അവരുടെ ജീവിതത്തെയും സ്വപ്നങ്ങളെയും അവസ്ഥകളെയും വ്യക്തമായി മനസിലാക്കാന്‍ ഇത് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന്  മാര്‍ക്കേസ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ തിരിച്ചറിവുകളും   ധാരണകളും ആയിരുന്നു കോളറകാലത്തെ പ്രണയത്തിന് ശക്തി പകര്‍ന്നത്.  കുടുംബബന്ധങ്ങളുടെയും പ്രണയത്തിന്റെയും മനുഷ്യാവസ്ഥകളുടെയും നിരാശയുടെയും കാത്തിരിപ്പിന്റെയും  കൂടിച്ചേരലിന്റെയും കഥ  രോഗാതുരമായ ഒരു കാലഘട്ടത്തിലൂടെ പറഞ്ഞു വെക്കുമ്പോള്‍ ഭാഷയുയുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ലോകം  മുഴുവന്‍ കേവലമല്ലാത്ത വികാരത്തോടും ആനന്ദത്തോടും കൂടി  ഈ നോവല്‍ നെഞ്ചോടടുക്കിപ്പിടിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

സ്പാനിഷ് കോളനി ഭരണത്തില്‍ നിന്നും ലാറ്റിന്‍ അമേരിക്കയെ മോചിപിച്ച സിമോണ്‍ ബൊളിവേറിന്റെ അവസാന നാളുകളുടെ വിവരണമാണ് ഗാബോയുടെ മറ്റൊരു ശ്രദ്ധേയ നോവലായ ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത് (the general in his labyrinth). മാജിക്കല്‍ റിയാലിസത്തെക്കാള്‍ ലാറ്റിന്‍ അമേരിക്കയുടെ ചരിത്രവുമായി അടുത്ത് നില്ക്കുന്ന ഈ നോവല്‍ പ്രാഥമികമായി രാഷ്ട്രീയ പ്രതിസന്ധികളെയാണ് പരാമര്‍ശിക്കുന്നത്.

 

 

ഓര്‍മ്മയുടെ രാഷ്ട്രീയം, മറവിയുടെയും

'Mamar gallo'  എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം തമാശ നിറഞ്ഞ കുസൃതിക്കാരന്‍ എന്നാണ്. സത്യമാണോ കള്ളമാണോ എന്ന സംശയം ജനിപ്പിക്കുന്ന വിധം തമാശകള്‍ പറയാനുള്ള വിരുത് ഗാബോ പ്രകടമാക്കിയിരുന്നു. കോഴിപ്പോരും മദ്യപാനവും വന്യമായ സൗഹൃദങ്ങളും ഉള്‍പ്പെടുന്ന കൊളംബിയന്‍ സംസ്‌കാരത്തിന്റെ ശീലുകളാവണം മാര്‍ക്കേസിനെ ഭാവനയുടെ ചക്രവര്‍ത്തിയാക്കിയത്. നേരും നുണയും ഇടകലര്‍ത്തി സംസാരിക്കാനുള്ള സിദ്ധിവിശേഷം അദ്ദേഹത്തിന്റെ പ്രത്യേകതയായി ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. കഥകള്‍ പറയാതെ ബാക്കി വെച്ചാണ് മാര്‍ക്കേസ് 2014 ഏപ്രില്‍ 17-ന് മരണമടഞ്ഞത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന മാര്‍ക്കേസ് ചിലിയില്‍ പിനോഷെ അധികാരമേറ്റതില്‍ പ്രതിഷേധിച്ച് കുറച്ചു കാലം എഴുത്ത് തന്നെ നിര്‍ത്തിയിരുന്നു. വെനസ്വേലയിലെ ഇടതുപക്ഷക്കാരെ സഹായിച്ചു എന്ന് പറഞ്ഞ് അദ്ദേഹത്തെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നുവരെ വിലക്കിയിരുന്നു.  മനുഷ്യരാശിയുടെ ആത്യന്തികമായ ഉന്നമനത്തിനാണ് സാഹിത്യത്തിലൂടെ  ശ്രമിക്കേണ്ടത് എന്ന് നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ സൂചിപ്പിച്ച അദ്ദേഹത്തിന്റെ അതിരുകടന്ന ഇടതുപക്ഷ ആഭിമുഖ്യം യോസയെ പോലുള്ളവരെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഈ അഭിപ്രായ വ്യത്യാസം മാര്‍ക്കേസിനെ കാസ്‌ട്രോയുടെ ആസ്ഥാനസാഹിത്യകാരന്‍ എന്ന് വിളിക്കുന്നതില്‍ വരെ യോസയെ എത്തിച്ചു. ഒരു പക്ഷെ,  ഈ ഇടതുപക്ഷ ചിന്തയും, മാര്‍കേസിനെ മലയാളിക്ക് പ്രിയങ്കരനാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടാകണം. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ഒന്നല്ല  മറിച്ച് ഓര്‍ത്തെടുക്കാനുള്ള ഒന്നാണ് എന്ന് വിശ്വസിച്ചിരുന്ന മാര്‍ക്കേസ് അദ്ദേഹത്തിന്റെ  അവസാനനാളുകളില്‍ 'കുലപതിയുടെ ശരത്കാല'ത്തിലെ (The Autumn of the Patriarch) കുലപതിയെ പോലെ മറവിയുടെ ഗുഹയില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. മറവി പടര്‍ന്നു പന്തലിക്കുന്ന മക്കൊണ്ടയുടെ കഥ പറഞ്ഞ കഥാകാരന്‍ അല്‍ഷിമേഴ്‌സ് എന്ന മഹാരോഗം പിടിപെട്ട്  ഒടുവില്‍ മറവിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ഇനിയും ആരെയും വേദനിപ്പിക്കാന്‍ എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞുകൊണ്ട് 'Living to Tell the Tale' എന്ന ആത്മകഥയുടെ തുടര്‍ഭാഗങ്ങള്‍ അദ്ദേഹം  എഴുതുക തന്നെ ഉണ്ടായില്ല. ഒരന്യഭാഷയിലെ എഴുത്തുകാരന്‍ ആണെന്നിരിക്കെത്തന്നെ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍, ജീവിതസമരങ്ങളിലെ പോരാട്ടങ്ങളില്‍, വാക്കുകളിലും വരികളിലും ഒളിപ്പിച്ചിരിക്കുന്ന സൂക്ഷ്മരാഷ്ട്രീയബോധത്തില്‍, ആകസ്മികസംഭവങ്ങളില്‍ പോലും ഉണ്ടായിട്ടുള്ള യുക്തിപൂര്‍വമായ നിരീക്ഷണങ്ങളെല്ലാം മലയാളിയുടെ പൊതുസാമൂഹ്യ മണ്ഡലത്തിലെ അനുഭവങ്ങളുമായി തന്മയീഭാവം ഉള്ളവയായിരുന്നു. മാജിക്കല്‍  റിയലിസം എന്ന ചട്ടക്കൂടിലേക്ക് തന്റെ നോവലുകളെ ഒതുക്കി നിര്‍ത്തുന്നതില്‍ മാര്‍ക്കേസിന്  താല്‍പര്യമുണ്ടായിരുന്നില്ല.  കൊടുങ്കാറ്റു വന്നാല്‍ ഒരു ഗ്രാമം തന്നെ ഇല്ലാതാവുന്ന കൊളംബിയയിലെ ഭ്രമാത്മകമായ അവസ്ഥ വെച്ചു നോക്കുമ്പോള്‍ മുത്തശ്ശിക്കഥകള്‍ പോലെയുള്ള ഭാവനാസൃഷ്ടികളെ വിശ്വസനീയമായി അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മാര്‍ക്കേസ് എഴുതിയതും  പറഞ്ഞതുമായ  വിഷയങ്ങള്‍ പുറംലോകം അത്ഭുതത്തോടെയാണ് വായിക്കുന്നതും കേള്‍ക്കുന്നതും. എന്നാല്‍ കൊളംബിയയിലും ബോഗെട്ടോയിലും  ബാരന്‍ക്വിലയിലും  നടന്ന സംഭവങ്ങളോ പ്രചരിച്ച കഥകളോ ആവാം അവയെല്ലാം. പരിചയമുള്ള പലരെയും അദ്ദേഹം തന്റെ കൃതികളില്‍ കഥാപാത്രങ്ങളാക്കി. രാത്രി മുടി ചീകുന്ന പെണ്‍കുട്ടിയോട്, അങ്ങനെ ചെയ്താല്‍ കപ്പലുകള്‍ക്ക് വഴി  തെറ്റുമെന്നു പറയുന്ന മുത്തശ്ശിമാരെയാണ് അദ്ദേഹം കണ്ടുകൊണ്ടിരുന്നത്. അങ്ങനെ ചുറ്റുപാടുകളിലെ  കഥകള്‍ക്ക് മാന്ത്രികപരിവേഷം നല്‍കി സാര്‍വജനീനമാക്കിയ എഴുത്തുകാരനാണ് അദ്ദേഹം. എഴുത്തുകാര്‍ക്ക്  അദ്ദേഹം നല്‍കിയ നിര്‍വചനം മാര്‍ക്കേസിന്റെ എഴുത്തിനെ പൂര്‍ണമായ രീതിയില്‍ അടയാളപ്പെടുത്തുന്നു. 'ഒരു വരി എഴുതുകയും അടുത്ത വരിയ്ക്കായി വായനക്കാര്‍ക്ക് ആകാംക്ഷ ജനിപ്പിക്കുകയും ചെയ്യുന്ന ഒരാളെയാണ് എഴുത്തുകാരന്‍ എന്ന് വിളിക്കാന്‍ സാധിക്കുന്നത് ' എന്നത് എന്താണ് എഴുത്തുകാരന്‍ എന്നതിന്റെ ഒറ്റവരി ഉത്തരമാണ്.

മാര്‍ക്കേസിന്റെ  മിക്ക കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരുന്ന ഒരു മാതൃക ഉണ്ടാവും. ബാല്യകാലം  തൊട്ട് കാണുന്ന അനന്യമായ രംഗങ്ങളുടെ ഓര്‍മയാണ് മാര്‍ക്കേസിന്റെ സര്ഗാത്മകതയുടെ  മൂര്‍ച്ച കൂട്ടുന്നത്. ഓര്‍മ്മകള്‍ മാന്ത്രികതയായി പരിണമിക്കുന്ന 'രസ'വിദ്യയുടെ ഫലമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഒരു പക്ഷെ ഓര്‍മ്മകള്‍ വാക്കുകളായി വര്‍ഷിച്ച ആഖ്യാനങ്ങളാണ് അവയെല്ലാം. സൂക്ഷ്മമായ ഓര്‍മ്മകളെപ്പോലും തിരിച്ചു പിടിക്കാനും അവയെ തന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള കഴിവാണ് ഒരാളെ എഴുത്തുകാരനാക്കുന്നത്. ഒപ്പം സര്‍ഗാത്മകതയുടെ അനന്ത സാധ്യതകളും കൂടി ചേരുമ്പോഴാണ് അയാള്‍ ലോകത്തെവിടെയും സ്വീകാര്യനാവുന്നത്. ഈ അത്യപൂര്‍വവും അനുപമവുമായ സര്‍ഗശേഷിയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്ന സ്പാനിഷ് എഴുത്തുകാരനെ ലോകസാഹിത്യകാരന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഒരു പക്ഷേ, ദസ്തയേവ്‌സ്‌കി, ടോള്‍സ്‌റ്റോയി, വിക്ടര്‍ യൂഗോ, സെര്‍വാന്റിസ് തുടങ്ങി മഹത്തായ  ആ നിരയില്‍ പെടുത്താനാവുന്ന  അവസാനത്തെ വിശ്വസാഹിത്യകാരനായിരിക്കും മാര്‍ക്കേസ്.
 
ഓര്‍മകളെക്കൊണ്ട് ഇതിഹാസമെഴുതിയ സാഹിത്യകാരനായിരുന്നു  മാര്‍കേസ്. ഓര്‍മയില്‍ നിന്നും സംഭവങ്ങളെ   അരിച്ചെടുത്ത് നുണകളും സ്വപ്നങ്ങളും ഭാവനയും ചേരുംപടി ചേര്‍ത്ത് വിജയകരമായി  കഥക്കൂട്ട് ഉണ്ടാക്കിയ വാക്കുകളുടെ സ്വര്‍ണപ്പണിക്കാരന്‍. ഊതിക്കാച്ചിയ ഓര്‍മ്മകള്‍ വാക്ക് പൂക്കുന്ന ഇടമാക്കി മാറ്റുന്ന രസതന്ത്രമാണ് മാര്‍കേസിനെ നാല് ദശകത്തിനും മേലെയായി ലോകത്തെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനാക്കുന്നത്.  ഉര്‍സൂലയുടെ അനുഭവങ്ങള്‍ മലയാളി അവന്റെ പരിവട്ടങ്ങളിലെ ഭാവനാലോകം ആക്കുമ്പോള്‍, വയോധികരായ കാമുകികാമുകന്മാര്‍ ഒന്നിക്കുമ്പോള്‍, സൈന്യാധിപന്‍ സങ്കീര്‍ണതകളില്‍ പരവശനാവുമ്പോള്‍, വേശ്യകള്‍ ശോകമൂകരാവുമ്പോള്‍, കഥ പറച്ചിലിന്റെ അനന്തസാധ്യതകളിലൂടെ മലയാളിമനസ്സ് തിരമാലകള്‍ക്ക് ഭേദിക്കനാവാത്ത പായക്കപ്പലുകളില്‍ മാര്‍ക്കേസിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.