Asianet News MalayalamAsianet News Malayalam

ആ കാറില്‍ ഞാന്‍ കയറിയിരുന്നെങ്കില്‍...

നീ എവിടെയാണ്: രേഷ്മ ഗോപി എഴുതുന്നു

Nee Evideyaanu a special series for your missing ones by reshma Gopi
Author
Thiruvananthapuram, First Published Apr 29, 2019, 5:17 PM IST

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

Nee Evideyaanu a special series for your missing ones by reshma Gopi

ചില നേരങ്ങളില്‍ ചില മനുഷ്യര്‍ മാലാഖമാരുടെ രൂപത്തില്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. എന്റെ മുമ്പിലും വന്നു, ഒരുപാട് മാലാഖമാര്‍. പ്രവാസജീവിത കാലഘട്ടത്തില്‍ വന്നു പോയ ഒരു മാലാഖയെ കുറിച്ചാണ് ഈ കുറിപ്പ്. 

ഐ.ടി കമ്പനി ജോലി ഉപേക്ഷിച്ചു ദുബൈയിലേക്ക് വിമാനം കയറുമ്പോള്‍ ജോലിയെ കുറിച്ച് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. റാസ് അല്‍ഖൈമയിലെ കോളജില്‍ അഞ്ച് വര്‍ഷം ജോലി ചെയ്യാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണ്. ദുബൈയില്‍ ആയിരുന്നു താമസം. ദുബായില്‍ നിന്ന് ഷാര്‍ജയും ഉമ്മല്‍ ഖയ്വാനും കടന്നു റാസ് അല്‍ഖൈമ എത്താന്‍ കോളേജ് ബസ് ഉണ്ടായിരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല. അഞ്ച് വര്‍ഷം ഒരേ വഴി, ഒരേ ദൂരം, ഒരേ സമയം.

മാറ്റം സംഭവിച്ചത് അബുദാബി ഗവണ്‍മെന്റ്റിനു കീഴില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ആണ്. അല്‍ ഐനില്‍ ആയിരുന്നു പോസ്റ്റിങ്്. നെറ്റില്‍ പരതി ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു താമസ സ്ഥലം ശരി ആക്കി.

ജോലി സ്ഥലം ഒക്കെ നേരത്തെ പോയി കണ്ടു വച്ചിരുന്നു. രാവിലെ ഏഴു പതിനഞ്ചിനു മുന്‍പ് ജോലിക്കു ഹാജരാകണം. താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തു എത്താന്‍ മുക്കാല്‍ മണിക്കൂര്‍ നടക്കണം. അംഗീകൃത ടാക്‌സി കാള്‍ സെന്റര്‍ വഴി ബുക്ക് ചെയ്യാന്‍ കഴിയും.

ജോലിയിലെ ആദ്യദിവസം ആറര മണിക്ക് തന്നെ ടാക്‌സി ബുക്ക് ചെയ്തു ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി സ്ഥലത്തു എത്തി ചേര്‍ന്നു. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം. അദ്ധ്യയനം തുടങ്ങാന്‍ പതിനഞ്ച് ദിവസം കൂടി ഉണ്ടായിരുന്നു.വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അദ്ധ്യയനം തുടങ്ങും മുമ്പുള്ള ആ പതിനഞ്ച് ദിവസങ്ങള്‍ യാത്രയുടെ ബുദ്ധിമുട്ട് ഒന്നും തരാതെ കടന്നു പോയി.ഫോണ്‍ എടുക്കുന്നു. ബുക്ക് ചെയ്യുന്നു.ടാക്‌സി വരുന്നു. എല്ലാം മംഗളകരം. 

അവസാനം ആ ദിവസം വന്നെത്തി. ക്ലാസുകള്‍ തുടങ്ങുന്ന ദിവസം. കുറച്ചു നേരത്തെ തന്നെ ടാക്‌സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. നമ്പര്‍ തിരക്കിലാണ് എന്ന് അറിയിപ്പ് കിട്ടി. കുറെ നേരം ശ്രമിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. അന്നേ ദിവസം അദ്ധ്യയനം തുടങ്ങുന്നതിനാല്‍ ടാക്‌സിക്ക് ബുദ്ധിമുട്ട് ആകും എന്ന് അയലത്തെ വീട്ടിലെ ചേച്ചി പറഞ്ഞു. ഇന്നലെ വരെ സ്‌കൂളിനും മറ്റും അവധി ആയിരുന്നതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു.അതാണ് ഇന്നലെ വരെ ടാക്‌സിക്ക് ബുദ്ധിമുട്ട് ഉണ്ടാകാഞ്ഞത്. ഇന്നത്തെ ദിവസം യാത്രക്കാര്‍ കൂടുതല്‍ ആണ് എന്നൊക്കെ അറിഞ്ഞപ്പോള്‍ തന്നെ ചെറുതായിട്ട് ടെന്‍ഷന്‍ കയറി തുടങ്ങിയിരുന്നു.
ഇനി എന്താ വഴി? നടക്കുക തന്നെ.പോകും വഴി ടാക്‌സി കിട്ടുമോന്നു നോക്കാം. അര മണിക്കൂറേ ഉള്ളൂ കൈയില്‍. ആദ്യദിവസം തന്നെ ലേറ്റ് ആയാല്‍ എന്തൊക്കെ പുകില്‍ ആണ് ഉണ്ടാവാന്‍ പോവുക എന്നും അറിയില്ലല്ലോ.  

നടക്കുന്ന വഴി ടാക്‌സിക്ക് കൈ കാണിച്ചെങ്കിലും അതില്‍ ഒക്കെ യാത്രക്കാര്‍ ഉണ്ടായിരുന്നു.കുറച്ച് നടന്നപ്പോള്‍ അടുത്ത തടസ്സം മുന്നില്‍ വന്നു നിന്നു.  ഒരു വലിയ റൗണ്ട് എബൗട്ട്. അത് ക്രോസ്സ് ചെയ്താലേ മുന്നോട്ട് പോകാന്‍ കഴിയുള്ളൂ . വാഹനങ്ങള്‍ ചീറി പാഞ്ഞു വരുന്നു. ക്രോസിങ് ബുദ്ധിമുട്ട് ആണെന്ന് മനസിലായത് അപ്പോള്‍ മാത്രം ആയിരുന്നു. ക്രോ്‌സിങ്ങിനു അനുവദിച്ച സ്ഥലം എത്താന്‍ പുറകിലേക്ക് പതിനഞ്ച് മിനുട്ട് നടക്കണം. ക്രോസ് ചെയ്ത് വീണ്ടും ഈ സ്ഥലത്തിനു അടുത്തു എത്താന്‍ ഏകദേശം മുപ്പത് മിനുട്ട് എടുക്കും. സമയം വളരെ കുറവും. വേഗത കുറയും, വണ്ടികള്‍ വരുന്നത് കുറയും എന്നൊക്കെ പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു. 

എന്റെ  നില്‍പ് കണ്ടിട്ട് ചിലര്‍ കാറുകളില്‍ നിന്ന് സഹതാപത്തോടെ നോക്കി, ചിലര്‍ കളിയാക്കി എന്തൊക്കെയോ പറഞ്ഞു, ചിലര്‍ ഹോണ്‍ മുഴക്കി. വേനല്‍ കാലം തുടങ്ങിയിരുന്നു. ചെറിയ ചൂടുള്ള വെയില്‍ ആയിട്ട് കൂടി ഞാന്‍ വിയര്‍ത്തു കുളിച്ചു.സമയം ഓടി പോയ്‌ക്കോണ്ടേയിരുന്നു. ക്ലാസ് തുടങ്ങിയ ഏഴു പതിനഞ്ചിനും ഞാന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ റൗണ്ട് എബൗട്ടിനു അരികില്‍ നില്‍ക്കുക ആയിരുന്നു

അയാള്‍ക്ക് ദൈവദൂതന്റെ മുഖം ആയിരുന്നു.
.
നിസ്സഹായത കണ്ണീര്‍ ആയി പുറത്തു വന്നു തുടങ്ങി. എന്റെ സമീപത്തു റോഡില്‍ നിന്നു മാറി ഒരു കാര്‍  വന്നു നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അതില്‍ നിന്ന് ഒരാള്‍ ഇറങ്ങി എന്റെ അടുത്തേക്ക് വന്നു. കാറില്‍ കയറിയാല്‍ ഞാന്‍ പോകേണ്ടിടത്തു കൊണ്ട് പോയി വിടാം എന്ന് ഹിന്ദിയില്‍ പറഞ്ഞു. അയാള്‍ വന്ന കാറില്‍ ചില്ലില്‍ കട്ടിയുള്ള കറുത്ത കോട്ടിങ് ഉണ്ടായിരുന്നത് കൊണ്ട് അകത്തു ആരൊക്കെ ഉണ്ട് എന്ന് പോലും ദൃശ്യം ആയിരുന്നില്ല. വരുന്നില്ല എന്ന് ഞാന്‍ അയാളെ അറിയിച്ചു. എന്നിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല. വീണ്ടും വീണ്ടും അയാള്‍ എന്നെ കാറിലേക്ക് വിളിച്ചു. അയാളെ പേടിച്ചു ഞാന്‍ തെല്ലു ദൂരം നടക്കാം എന്ന് വിചാരിച്ചു. അയാള്‍ കാറുമായി പിറകെ കൂടി.

ഭയവും ടെന്‍ഷനും നിറഞ്ഞ നിമിഷങ്ങള്‍. പെട്ടെന്ന് തന്നെ വേറെ ഒരു കാര്‍ ഞങ്ങളുടെ അടുത്തായി  പാര്‍ക്ക് ചെയ്തു. അതില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു,  എന്താണ് കാര്യം എന്ന് അന്വേഷിച്ചു. 'എനിക്ക് ടാക്‌സി വേണ്ട ' എന്നു ഞാന്‍ മറുപടി നല്‍കി. അയാള്‍ക്കു കാര്യം മനസ്സിലായി. 'നിങ്ങളോട് അല്ലെ പറഞ്ഞത് ടാക്‌സി വേണ്ട എന്ന്. ഇനിയും നിന്നാല്‍ പോലീസിനെ വിളിക്കും' - എന്ന് അയാള്‍ ഒച്ചയെടുത്തു പറഞ്ഞു. 

അതോടെ മറ്റേയാള്‍ കാര്‍ എടുത്തു പോയി.

'ഇങ്ങനെ ഉള്ള വണ്ടിയില്‍ കയറരുത്. അത് അറബിയുടെ ഡ്രൈവര്‍ ആണ്. അറബിയുടെ അനുവാദം ഇല്ലാതെ നിങ്ങളെ ആ കാറില്‍ കയറ്റാന്‍ ആണ് അവന്‍ ശ്രമിച്ചത്. ആ വണ്ടിയില്‍ കയറിയാല്‍ നിങ്ങള്‍ ചിലപ്പോള്‍ എത്തേണ്ടിടത്തു എത്തപ്പെട്ടില്ല എന്ന് വരാം. വലിയ ഗേറ്റ് ഉള്ള ഏതെങ്കിലും കെട്ടിടത്തില്‍ ആകും യാത്ര അവസാനിക്കുക. ചിലപ്പോള്‍ ഒരിക്കലും പുറത്തു വന്നില്ല എന്നുമിരിക്കും.നിങ്ങള്‍ ആ വണ്ടിയില്‍ കയറിയതിനു യാതൊരു തെളിവും ഇല്ല താനും'- അയാള്‍ എന്നോട് ഉപദേശിച്ചു.

കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകള്‍ കണ്ടിട്ട് അയാള്‍ കാര്യം അന്വേഷിച്ചു. ഒന്നര മണിക്കൂര്‍ ആയി ടാക്‌സി നോക്കി റോഡ് ക്രോസ് ചെയ്യാന്‍ കഴിയാതെ അവിടെ നില്‍ക്കുന്ന കാര്യം ഞാന്‍ അയാളോട് പറഞ്ഞു. 'എന്റെ വണ്ടി നമ്പര്‍ നിങ്ങളുടെ വീട്ടില്‍ അറിയിച്ചിട്ട് വിശ്വാസം ഉണ്ടെങ്കില്‍ എന്റെ വണ്ടിയില്‍ വന്നാല്‍ ഞാന്‍ നിങ്ങളെ ജോലി സ്ഥലത്തു കൊണ്ടു വിടാം'- അയാള്‍ എന്നോട് പറഞ്ഞു. 

അങ്ങനെ ആ ദിവസം അയാളുടെ സഹായത്തോടെ ഏകദേശം ഒരു മണിക്കൂര്‍ വൈകി ഞാന്‍ ജോലിക്ക് കയറി.

അയാള്‍ക്ക് ദൈവദൂതന്റെ മുഖം ആയിരുന്നു. അയാള്‍ക്കും മുഖം തിരിച്ച് കടന്നു പോകാമായിരുന്നു. അത് വഴി കടന്നു പോയ നൂറു കണക്കിന് ആളുകളെ പോലെ.  അയാളുടെ ഒരു വിവരവും എനിക്ക് അറിയില്ല. പക്ഷെ അയാള്‍ കാണിച്ച നന്മയുടെ വെളിച്ചം ഓര്‍മയില്‍ ഉണ്ട്. അയാളുടെ വഴികളില്‍ നൂറു നൂറു മാലാഖമാര്‍ കാവല്‍ നില്‍ക്കട്ടെ എന്നാണെന്റ പ്രാര്‍ത്ഥന. 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം 

Follow Us:
Download App:
  • android
  • ios