Asianet News MalayalamAsianet News Malayalam

മുഖംമറച്ച മുസ്ലിം സ്ത്രീയുമായി മുഖാമുഖം മിണ്ടാനാവില്ലേ?

ദൃശ്യതയും നിഖാബും: ഇമ്മാനുവല്‍  ലെവിനാസിനെ വായിക്കുമ്പോള്‍. ഉമ്മുല്‍ ഫായിസ എഴുതുന്നു

Niqab and Visibility  Reading Emmanuel Levinas   by Ummul Fayiza
Author
Thiruvananthapuram, First Published May 8, 2019, 4:04 PM IST

ലെവിനാസിന്റെ  ഭരണകൂടവിരുദ്ധ വായനകള്‍ വ്യാഖ്യാനിക്കുന്നത് പോലെ നിഖാബിട്ട സ്ത്രീകളോട് ഒരു നൈതിക ബന്ധം സ്ഥാപിക്കാന്‍ അവര്‍  നമുക്ക് മുഖം തുറന്നു തരണമെന്നില്ല. പരസ്പരം കാണണമെന്നല്ല മറിച്ച് സ്വാഗതമരുളലാണ് നൈതികതയുടെ അടിസ്ഥാനം എന്നാണ് ലെവിനാസ് പറയുന്നത്. മറ്റുള്ളവരെ സ്വീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുക എന്നുള്ളത് ഏതെങ്കിലും മുന്‍നിശ്ചയങ്ങളില്‍ നിന്ന് തുടങ്ങേണ്ടതല്ല. അത് അപരത്വത്തെ അംഗീകരിക്കുന്ന ഒരു നിലപാടല്ല. കുടിയേറ്റക്കാരെ പുറത്താക്കുന്ന യൂറോപ്യന്‍ സമൂഹത്തോടുള്ള പ്രതികരണമായും യൂറോപ്പിനകത്ത് അവര്‍ തന്നെ സൃഷ്ട്രിച്ച അപരരോടുള്ള ഐക്യദാര്‍ഢ്യമായും ലെവിനാസിന്റെ ഈ സമീപനത്തെ വായിക്കേണ്ടതുണ്ട്.

Niqab and Visibility  Reading Emmanuel Levinas   by Ummul Fayiza
മുഖം അദൃശ്യമാകുന്നുവെന്നതാണ് നിഖാബ് നിരോധനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഈ വീക്ഷണപ്രകാരം ലിബറല്‍ ജനാധിപത്യ ക്രമത്തില്‍ പൗരന്മാര്‍ തമ്മിലുള്ള പരസ്പര വിനിമയം ഇല്ലാതാക്കുന്ന വസ്ത്രമാണ് നിഖാബ്. ഒരാളെ മുഖാമുഖം കാണുന്നതിലൂടെയാണ് പൗരത്വത്തിന്റെയും സക്രിയമായ പൊതുമണ്ഡലത്തിന്റെയും  പ്രധാനപ്പെട്ട ഉപാധികള്‍ പൂര്‍ത്തിയാകുന്നത്. പക്ഷേ ഈ സമീപനം പലരും കരുതുന്ന പോലെ സ്വാഭാവികമല്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊതുബോധത്തിന്റെ ഭാഗമായി തുടരുന്നതിനാല്‍ ഈ സമീപനത്തിന്റെ ചരിത്രം പലര്‍ക്കും അറിയില്ല.

ഇമ്മാനുവല്‍ ലെവിനാസ് എന്ന ഫ്രഞ്ച് തത്വചിന്തകന്റെ പേരിലാണ് ഈ കാഴ്ചപ്പാട് പ്രചരിച്ചിട്ടുള്ളത്. ഫ്രഞ്ച് നിഖാബ് നിരോധന കാലത്താണ് ലെവിനാസിന്റെ പഠനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുഖത്തിന്റെ ദൃശ്യതയുടെയും പൗരന്മാര്‍ തമ്മിലുള്ള ആശയ വിനിമയത്തിന്റെയും അടിസ്ഥാനങ്ങള്‍ വിശദീകരിപ്പെട്ടത്. ലെവിനാസിന്റെ Totality and Infinity: An Essay on Exteriority എന്ന ശ്രദ്ധേയമായ തത്വചിന്താ പഠനത്തിന്റെ സവിശേഷ വായനയിലൂടെയാണ് മുഖത്തിന്റെ ദൃശ്യതയും സാമൂഹിക സ്വത്വവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകള്‍ സംവാദ വിധേയമായത്. യൂറോപ്പില്‍ പൗരത്വം, കുടിയേറ്റം, മത മൂല്യങ്ങള്‍, പൊതുമണ്ഡലം ഇവയുമായി  ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ലെവിനാസ് ധാരാളമായി കടന്നു വന്നിട്ടുണ്ട്.

മറുവായനകള്‍ പറയുന്നത് ഫ്രഞ്ച് ഭരണകൂടം ലെവിനാസിനെ തെറ്റായി വായിക്കുകയാണ് ചെയ്തതെന്നാണ്. സ്വന്തം രാഷ്ട്രീയ ആവശ്യത്തിനായി ലെവിനാസിന്റെ വായനകളുടെ സങ്കീര്‍ണ്ണതകളെ അട്ടിമറിച്ചുവെന്നാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നിഖാബ് നിരോധനത്തെ എതിര്‍ത്തവര്‍ കരുതുന്നത്.

മുഖത്തെയും ദൃശ്യതയെയും ബന്ധിപ്പിക്കുന്ന ഫ്രഞ്ച് ഭരണകൂട വായന ലെവിനാസ് അല്ല എഴുതിയത്.  ലെവിനാസിന്റെ വ്യാഖ്യാതാവായ ജെറാള്‍ഡ് ലീറോയ് ആണ് ഇങ്ങനെയൊരു വ്യാഖ്യാനം ലെവിനാസിനു നല്‍കിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപയോഗിച്ചുകൊണ്ട് ആന്ദ്രെ ജെറിന്‍ എന്ന ഫ്രഞ്ച്  കമ്യൂണിസ്റ്റ് നേതാവ് എഴുതിയ ഒരു റിപ്പോര്‍ട്ടാണ് 2010ല്‍ ഫ്രാന്‍സില്‍ പൊതുസ്ഥലത്ത് മുഖാവരണം നിരോധിച്ചുകൊണ്ടുള്ള ദേശീയ അസംബ്ലി തീരുമാനത്തിന്റെ രേഖയായി കണക്കാക്കപ്പെടുന്നത്.

മുഖവും അഭിമുഖവും
നിഖാബ് നിരോധനം സാമൂഹിക ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തത്വചിന്താപരമായ വികാസത്തിന്റെയും ഭാഗമാണ് എന്ന് പലരും വാദിച്ചു. അതായത് ഒരാളെ കാണുമ്പോള്‍ മുഖമാണല്ലോ ആദ്യം ദൃശ്യമാകുന്നത്. വ്യക്തികള്‍ തമ്മിലുള്ള എല്ലാ പ്രാഥമിക അഭിമുഖീകരണങ്ങളും മുഖത്തിലാണ് തുടങ്ങുന്നത്. കാരണം മുഖാമുഖമുള്ള അഭിമുഖീകരണമാണ് വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനം. ഈ ബന്ധത്തെ നൈതികമായ പരസ്പരബന്ധങ്ങളുടെ തലത്തിലാണ് കാണേണ്ടത്.

എന്നാല്‍ രണ്ടു പേര്‍ തമ്മിലുള്ള അഭിമുഖീകരണത്തിന്റെ പ്രധാന ഉപാധിയല്ല മുഖമെന്നാണ് ലെവിനാസിന്റെ മറുവായനകള്‍ കരുതുന്നത്. മറിച്ച് രണ്ടു വ്യക്തികള്‍ തമ്മിലുള്ള അഭിമുഖീകരണത്തിന്റെ മുന്നേ തന്നെ നിര്‍മ്മിക്കപ്പെടുന്നതാണ് മുഖം. മറ്റുള്ളവരെ ഒരേ സമയം അന്യനും അതേ സമയം പരിചിതനും ആക്കുന്നത് മുഖത്തിന്റെ ഈയൊരു മുന്‍കൂര്‍ അനുഭവമാണ്.

രണ്ടു പേര്‍ കാണുമ്പോള്‍ മുഖാമുഖം നോക്കുക മാത്രമല്ല. അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. മുഖവും സംസാരവും തമ്മിലുള്ള ബന്ധവും ഈയര്‍ത്ഥത്തില്‍ പ്രധാനമാണ്.  ഒരാളുടെ മുഖത്തോടു സംസാരിക്കുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സംസാരം മാത്രമല്ല. അതിലൂടെ അയാളുടെ മുഖത്തെക്കുറിച്ച് നിങ്ങള്‍ക്കുണ്ടാകുന്ന മുന്‍ധാരണകളെ നിങ്ങള്‍ മറികടക്കുന്നു. അപരനെക്കുറിച്ചുള്ള എന്റെ ധാരണകളെ അതിലംഘിക്കുന്ന നിലപാടായി ആ സംഭാഷണം നിലനില്‍ക്കുന്നു.

അതിനാല്‍ത്തന്നെ മുഖം മറക്കുന്ന നിഖാബിട്ട സ്ത്രീ എന്നില്‍ നിന്ന് എന്തോ പിടിച്ചുവെക്കുന്നു എന്ന ധാരണ അപരത്വത്തെ കുറിച്ചുള്ള ലെവിനാസിന്റെ ധാരണ അല്ല. കാരണം  മറ്റുള്ളവര്‍ എന്റെ കണ്ണില്‍ തിളങ്ങേണ്ട ഒരു വസ്തുവല്ല. അവര്‍ സ്വയം നിലനില്‍ക്കേണ്ട മറ്റൊരു ജീവിതമാണ്.

വസ്തുവല്കരണവും  മാനവികതയും
നിഖാബ് എന്ന മുഖാവരണം നിരോധിക്കുന്നതിലൂടെ മുസ്ലിം സ്ത്രീയെ മനുഷ്യത്വത്തിലേക്ക് വിമോചിപ്പിക്കുന്നുവെന്ന് ലെവിനാസിനെ ഉദ്ധരിച്ച് പല  ഭരണകൂടപക്ഷ ചിന്തകരും വാദിക്കുന്നു. മുസ്ലീം സ്ത്രീ മുഖം മറക്കുമ്പോള്‍ അവളെ ഒരു വസ്തുവായി അഭിമുഖീകരിക്കാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിതരാവുന്നു. അതായത് ഒരാളെ വസ്തുവായി കാണാന്‍ പ്രേരിപ്പിക്കുന്ന വസ്ത്രമാണ് നിഖാബ്. മറ്റൊരാളെ വസ്തുവായി കാണാന്‍ പ്രേരിപ്പിക്കുന്ന വസ്ത്രം അത് ധരിക്കുന്ന വ്യക്തിയുടേയും അയാളെ അഭിമുഖീകരിക്കുന്നവരുടേയും മാനവികതയെ ഇല്ലാതാക്കും. അതിനാല്‍ തന്നെ മാനവികതയുടെ താല്പര്യം മുന്‍നിറുത്തി നിഖാബ് അണിഞ്ഞ മുസ്ലിം സ്ത്രീയെ മോചിപ്പിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുന്നു.

ലെവിനാസിനെ ഉപയോഗിച്ചുള്ള ഈ ഭരണകൂട/നിരോധനാനുകൂല  വായന പ്രകാരം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം എന്നുള്ളത് വാക്കിനേക്കാള്‍ ദൃശ്യതയിലൂടെയാണ് നിര്‍ണയിക്കപ്പെടുന്നത്. വാക്കുകളേക്കാള്‍ ദൃശ്യപരമായ ഒരു അഭിമുഖീകരണമാണ് മറ്റുള്ളവരെ  കൂടുതല്‍ നൈതികമാക്കുന്നത്. അതിനാല്‍ തന്നെ മുഖം മറക്കുന്ന സ്ത്രീ സ്വന്തം മുഖം വെളിപ്പെടുത്തണം. കാരണം ദൃശ്യപരമായ പരസ്പരവിനിമയങ്ങള്‍ ലിബറല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.

എന്നാല്‍ മുഖം അത്ര എളുപ്പത്തില്‍ ദൃശ്യപരമായി ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല എന്നാണ് ലെവിനാസിന്റെ തന്നെ മറ്റു വായനകള്‍ പറയുന്നത്. കാരണം മുഖത്തിന്റെ രൂപം എളുപ്പത്തില്‍ പിടികിട്ടുന്ന ഒന്നല്ല. എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നായി മുഖത്തെ കാണുന്നതില്‍ കാര്യവുമില്ല. മുഖം എന്നുള്ളത് ശരിക്ക് കാണാനോ തൊടാനോ കഴിയുന്ന ഒന്നല്ല. മുഖം ഒരു വസ്തുവായി എളുപ്പം മാറുന്ന ഒന്നല്ല. അത് മറച്ചാലും ഇല്ലെങ്കിലും വസ്തുവായി ചുരുങ്ങുന്നില്ല. കാരണം മുഖത്തിന്റെ വസ്തു സ്വഭാവം ലളിതമായ ഒരു കാര്യമല്ല. മുഖത്തിന്റെ വസ്തു സ്വഭാവത്തെ പല രീതിയില്‍ നിര്‍മ്മിക്കാന്‍  സാമൂഹിക സ്വത്വത്തിനു കഴിയുമെന്നാണ് ലെവിനാസ് കരുതുന്നത്. അതുകൊണ്ട് മുഖത്തെ എളുപ്പം മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുമെന്ന ആത്മവിശ്വാസം പ്രശ്‌നകരമാണ്.

ഒരാളുടെ മുഖം നമുക്ക് ഒരു വസ്തു പോലെയാണോ?  തീര്‍ച്ചയായും മുഖത്തിനൊരു ഭൗതിക രൂപമുണ്ട്. എന്നാല്‍ തടസ്സങ്ങളില്ലാതെ മുഖമെന്ന വസ്തുവിനെ ദൃശ്യപരമായി എനിക്ക് കിട്ടണം എന്ന വാശി എത്രത്തോളം മറ്റുള്ളവരെ  ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ്? തടസ്സങ്ങളില്ലാതെ മാത്രമേ മറ്റുള്ളവരുമായി എനിക്ക് നൈതിക ബന്ധം സാധ്യമാകൂ എന്ന വായന പക്ഷേ ലെവിനാസിന്റേതല്ല എന്നാണ് വിമര്‍ശകപക്ഷം.

മുഖവും വസ്ത്രവും വ്യത്യാസവും
ചില കൗതുകകരമായ നിരീക്ഷണങ്ങള്‍ നിഖാബ് നിരോധനത്തിന്റെ ഭാഗമായുണ്ട്:

ഒന്ന്) മുഖം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെയല്ല. പാശ്ചാത്യ നാഗരികത മുഖത്തെ ശരീരത്തിന്റെ ഭാഗമല്ലാതെയാണ് കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ  ശരീരത്തിനു വസ്ത്രം ആവശ്യമുള്ള പോലെ മുഖത്തിനു വസ്ത്രം ആവശ്യമില്ല. തീര്‍ച്ചയായും ഇസ്ലാം അടക്കമുള്ള സാമൂഹിക വീക്ഷണങ്ങള്‍ ഇതിനോട് വിയോജിക്കുന്നുണ്ട്. ശരീരം എങ്ങിനെ മറയ്ക്കണം എന്ന വിഷയത്തിലുള്ള ഒരു മതതാരതമ്യ  സംവാദത്തിന്റെ തലം ഇതിനുണ്ട്.

രണ്ട്) ഗ്രീക്ക് റോമന്‍ നാഗരികതകളുടെ ഭാഗമായ ശില്‍പങ്ങള്‍ പാശ്ചാത്യ നാഗരികതയുടെ ദൃശ്യപരമായ അനുഭവത്തിന്റെ പരിമിതികളും പരിധികളും  നിശ്ചയിക്കുന്നുണ്ട്. ഗ്രീക്ക് /റോമന്‍ ശില്‍പങ്ങള്‍ സ്വന്തം മുഖത്തെയാണ് വ്യക്തിത്വത്തിന്റെ പൂര്‍ണ്ണതയായി കാണുന്നത്. അതിനാല്‍ തന്നെ മുഖത്തിനു പാശ്ചാത്യ നാഗരികതയില്‍ സവിശേഷ പ്രാധാന്യം കൈവരുകയും മുഖത്തിന്റെ ദൃശ്യത പരമപ്രധാനമായ രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്യുന്നു. കുടിയേറ്റ സമൂഹങ്ങളുടെ ഭാഗമായ മുസ്ലിങ്ങള്‍ യുറോപ്പില്‍  എത്തുമ്പോഴാണ് സാംസ്‌കാരികമായ അഭിമുഖീകരണത്തിന്റെ മറ്റൊരു പ്രശ്‌നമായി മുഖാവരണം മാറുന്നത്.

ദൃശ്യം, മുഖം ഇവയെക്കുറിച്ച് മുസ്ലീങ്ങള്‍ ചിന്തിക്കുന്നതിലും പ്രയോഗിക്കുന്നതിലും ധാരാളം വ്യത്യാസങ്ങളുണ്ട്. ഇസ്ലാമിനുള്ളില്‍ തന്നെ നിഖാബിനുള്ള വ്യാവഹാരികമായ സാധുതയാണ് ആ വസ്ത്രത്തെ നിലനിര്‍ത്തുന്നത്. ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ യോജിക്കുന്നുണ്ടോ എന്നത് നിഖാബ് അണിയുന്ന മുസ്ലിം സ്ത്രീയുടെ പ്രശ്‌നമല്ല. എല്ലാ മുസ്ലിങ്ങളും അംഗീകരിക്കുന്നില്ലെങ്കില്‍  പോലും ഇസ്ലാമിക വ്യവഹാരത്തിനകത്ത് നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് കിട്ടുന്ന സാധുതയാണ് അവരെ ആ വസ്ത്രം അണിയാന്‍ പ്രേരിപ്പിക്കുന്നത്.

ആത്മാവിന്റെ കണ്ണാടിയും  അപരരും
നിഖാബ് നിരോധനത്തിനായി ലെവിനാസിനെ വായിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു വീക്ഷണപ്രകാരം, മുഖം ആത്മാവിന്റെയും മനസ്സിന്റെയും കണ്ണാടിയാണ്.  മുഖം മറക്കുന്ന മുസ്ലീം സ്ത്രീ മാനസികവും ആത്മീയവുമായ ആശയവിനിമയത്തിന്റെ ഉപാധികളെയാണ് ഇല്ലാതാക്കുന്നത്. ഒരു പരിധി കടന്നു മുഖം മറക്കുന്ന സ്ത്രീ അപരനുമേല്‍ പ്രതീകാത്മക ഹിംസയാണ് നടപ്പിലാക്കുന്നത്. സമൂഹത്തില്‍ ഹിംസ തടയാന്‍ ഉത്തരവാദപ്പെട്ട ലിബറല്‍ ജനാധിപത്യ ദേശരാഷ്ട്രം അതിനാല്‍ നിഖാബ് നിരോധിക്കാന്‍ തയ്യാറാവുന്നു.

മുഖം ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും കണ്ണാടിയാണെന്നും വ്യക്തിത്വത്തിന്റെ  പൂര്‍ണ്ണതയാണെന്നുമുള്ള സമീപനത്തെ ലെവിനാസ് നിരാകരിക്കുന്നുവെന്നാണ് മറുവാദം. മുഖത്തിന്റെ ഭൗതിക ദൃശ്യരൂപത്തെ അതിന്റെ അര്‍ത്ഥം പലപ്പോഴും മറികടക്കുകയും അതിനിര്‍ണയിക്കുകയും ചെയ്യുന്നുണ്ട്. മുഖത്തിന്റെ അര്‍ത്ഥവും രൂപവും തമ്മില്‍ രേഖീയമോ ദൃഢമോ ആയ ബന്ധമില്ല. ഒരര്‍ത്ഥത്തില്‍ മുഖം മറച്ചതുകൊണ്ടോ തുറന്നിട്ടത് കൊണ്ടോ മുഖത്തിന്റെ അര്‍ത്ഥം പിടികിട്ടണം എന്നില്ല. മുഖം തുറന്നിട്ടാലും അടച്ചിട്ടാലും അര്‍ത്ഥം പിടികിട്ടാന്‍ വളരെ പ്രയാസമാണ്. അതിനാല്‍ തന്നെ ആശയവിനിമയം നടക്കാന്‍ മുഖം തുറന്നിടണം എന്ന വാദം വളരെ ദുര്‍ബലമാണ്.

ദൃശ്യവും അവകാശവും
നിഖാബിന്റെ മറ്റൊരു പ്രധാന പ്രശ്‌നമായി പറയാറുള്ളത് അത് ദൃശ്യപരമായ ഒഴുക്കിനെ തടയുന്നു എന്നതാണ്. രണ്ടു മനുഷ്യര്‍ തമ്മിലെ  മുഖാമുഖ സംഭാഷണത്തിലൂടെ സാധ്യമാകുന്ന ദൃശ്യപരമായ ഒഴുക്കിനെ മുറിച്ചു കളയുന്ന വസ്തുവും തടസ്സവുമാണ് നിഖാബ്. അതിനാല്‍ നിഖാബ് പൊതുഇടത്തില്‍ ഒരു അവകാശലംഘനം കൂടിയാണ് നടത്തുന്നത്. നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല, എന്നാല്‍ എനിക്ക് നിങ്ങളെ കാണാം എന്ന അസമത്വപരമായ ബന്ധമാണ്  നിഖാബ് ധരിക്കുന്ന സ്ത്രീകള്‍ പുലര്‍ത്തുന്നത്. അത് മറ്റുള്ളവരുടെ മേലുള്ള അധികാര പ്രയോഗമാണ്. ആ അര്‍ത്ഥത്തില്‍ ദൃശ്യപരമായ അവകാശത്തെ നിഷേധിക്കുന്ന നിഖാബ് നിരോധിക്കപ്പെടേണ്ടതാണ് എന്നാണ് വാദം.

ആധുനിക ലിബറല്‍ സാമൂഹിക ക്രമത്തില്‍ എല്ലാവരും എല്ലാവരെയും കാണുന്നുണ്ട്. നിരീക്ഷിക്കപ്പെടുന്നു എന്ന ബോധം ആന്തരികവത്കരിച്ച ഓരോരുത്തരുടേയും പെരുമാറ്റം മറ്റുള്ളവരുടെ ദൃശ്യതക്കനുസരിച്ചാവുന്നു. എന്നാല്‍ ആധുനികതയുടെ ദൃശ്യബോധത്തിന്റെ ആധിക്യം കൊണ്ടാണ്  നിഖാബിട്ട സ്ത്രീകളുടെ അദൃശ്യത കൂടുതല്‍ വെളിവാകുന്നത്. ദൃശ്യത ആധുനിക ലോകത്തിന്റെ നിര്‍ണ്ണായകസ്വഭാവമായതിനാലാണ് വസ്ത്രം ഉപയോഗിച്ച് മുഖം മറക്കുന്ന സ്ത്രീകള്‍ പ്രശ്‌നക്കാരാവുന്നത്.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ദൃശ്യതയുടെ അധികാരമാണ് അദൃശ്യതയെ ഒരു പ്രശ്‌നമാക്കി മാറ്റുന്നത്. ആധുനിക ദേശരാഷ്ട്രത്തിന്റെ അധികാരം എല്ലാവരെയും നിരീക്ഷിക്കുന്നു. എന്നാല്‍  എല്ലാവരേയും നിരീക്ഷിക്കാന്‍ കഴിയുന്ന നിഖാബിട്ട സ്ത്രീകള്‍ ആധുനിക ദൃശ്യ അധികാരത്തെയാണ് പ്രതിസന്ധിയിലാക്കുന്നത്.

മുസ്ലിങ്ങള്‍ ലിബറല്‍ ജനാധിപത്യത്തിന്റെ ഇടങ്ങളെ ഉപയോഗിച്ച് സ്വന്തം രാഷ്ട്രീയം ഒളിച്ചുകടത്തുന്നു എന്ന പ്രബലമായ വാദം ഒരു ഇസ്ലാമോഫോബിക് സമീപനമാണ്. സമാനമായ ഭീതിയാണ് നിഖാബിട്ട മുസ്ലീം സ്ത്രീയെക്കുറിച്ചുള്ളത്. ദൃശ്യതയുടെ പരമാധികാരത്തെ ലംഘിക്കുന്ന നിഖാബിട്ട മുസ്ലീം സ്ത്രീ വേറൊരു രാഷ്ട്രീയത്തേയും സാമൂഹിക വീക്ഷണത്തേയും കുറിച്ച് സംസാരിക്കുന്നുവെന്ന ഭീതി ആധുനിക ലിബറല്‍ ദൃശ്യ ലോകത്ത് വ്യാപകമാണ്.

കാഴ്ച്ചയുടെ സമഗ്രാധിപത്യം
കാഴ്ചയുടെ സമഗ്രധിപത്യത്തെ ലെവിനാസിന്റെ ദൃശ്യശാസ്ത്രം നിരാകരിക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, കാഴ്ചക്ക് മറ്റു ഇന്ദ്രിയാനുഭവങ്ങള്‍ക്ക് മേലെ ആധിപത്യം കൊടുക്കുന്നതിനേയും വിമര്‍ശിക്കുന്നു. കാഴ്ചയിലേക്കും ദൃശ്യത്തിലേക്കും സ്വത്വ അപരങ്ങളുടെ ബന്ധത്തെ ചുരുക്കാന്‍ കഴിയില്ലെന്ന് ലെവിനാസ് പറയുന്നു. ഭാഷണത്തിന് ദൃശ്യത്തേക്കാള്‍ സാധ്യതയുണ്ടെന്നും അതൊരാളുടെ വ്യക്തിത്വത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നുവെന്നും ലെവിനാസ് കരുതി.

സ്വന്തം കാഴ്ച്ചയുടെ പരിമിതികളെ മറികടക്കുന്ന രീതിയില്‍ അഥവാ കാഴ്ച്ചയുടെ സമഗ്രാധിപത്യത്തെ മറികടക്കുന്ന രീതിയില്‍ എങ്ങനെയാണ് നാം മറ്റുള്ളവരെ അഭിമുഖീകരിക്കുക? എന്നില്‍ നിന്ന് വ്യത്യസ്തമായ ഒരാളുടെ വ്യത്യാസത്തെ എങ്ങനെയാണ് ഞാന്‍ ഉള്‍ക്കൊള്ളുക? അപരന്റെ അനന്തതയെ ഉള്‍കൊള്ളാന്‍  ദൃശ്യതക്ക് കഴിയില്ലെന്നു ലെവിനാസ് നിരീക്ഷിക്കുന്നു. അപരനോട് നീതി കാണിക്കാന്‍ കഴിയാത്ത ഒന്നാണ് ദൃശ്യതയെന്നു വരുന്നു.

മുഖത്തിനു ദൃശ്യപരമായ മാനം മാത്രമല്ല ദൃശ്യപരമല്ലാത്ത മാനവും ഉണ്ടെന്ന് ലെവിനാസ് കരുതുന്നു. മുഖത്തിനെ ദൃശ്യപരതയിലേക്ക് ചുരുക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ  മുഖം ദൃശ്യത മാത്രമല്ല. അദൃശ്യതയേയും സ്വീകരിക്കേണ്ടതുണ്ട്.

സ്വന്തം മുഖം മറച്ചു വെക്കുന്ന നിഖാബിട്ട ഒരു മുസ്ലീം സ്ത്രീ ദൃശ്യതക്കും അദൃശ്യതക്കും അപ്പുറമുള്ള തത്വചിന്താപരവും രാഷ്ട്രീയപരവുമായ മാനത്തെ ഉള്‍ക്കൊള്ളുന്നു. ദൃശ്യതയ്ക്ക് പ്രാധാന്യമുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്ന നിഖാബിട്ട മുസ്ലീം സ്ത്രീ സ്വത്വരൂപീകരണത്തിനു ദൃശ്യപരമായ മാനം മാത്രം നല്‍കുന്ന പുറം നോട്ടക്കാരാല്‍ നിരന്തരം വേട്ടയടപ്പെടുന്നുണ്ട്. കാരണം ആ നോട്ടക്കാര്‍ തേടുന്നത് അപരനില്‍ തന്റെ തന്നെ പ്രതിരൂപമാണ്.  തന്റെ ദൃശ്യതയുടെ പൂര്‍ണ്ണതയാണ് അപരന്റെ അദൃശ്യതയില്‍ അവര്‍ തേടുന്നത്. ഇത് കിട്ടാതെ ആകുമ്പോള്‍ അവരുടെ സ്വത്വത്തിന്റെ പൂര്‍ണ്ണത അസാധ്യമാകുന്നു. അതിനാലാണ് നിഖാബിട്ട സ്ത്രീകളെ കാണുന്ന പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും അവരെ കുറിച്ച് വംശീയവും സാമൂഹികവും വ്യക്തിപരവുമായ എല്ലാ മുന്‍വിധികളും പിന്തുടരുന്നതും.

മാത്രമല്ല, നിഖാബ് നിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് നിരോധിച്ചത് കരുത്തരായ പുരുഷന്മാരുടെ സമഗ്രാധിപത്യ നോട്ടമായിരുന്നു എന്ന് കാണാം. അവരുടെ അധികാര നോട്ടത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതിലൂടെ അവര്‍ തങ്ങളെ പറ്റി നിര്‍മ്മിച്ച അധികാര ഭാവനകളെക്കൂടിയാണ് നിഖാബിട്ട സ്ത്രീകള്‍ ഉലച്ചിരുന്നത്. ആണ്‍ബാഹുല്യമുള്ള ഫ്രഞ്ച് പാര്‍ലമെന്റും അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശ സേനയും നടത്തിയ നിഖാബ് നിരോധനം ഇതാണ് നമ്മോടു പറയുന്നത്.

പരസ്പര വിനിമയത്തിന്റെ മേഖലയില്‍ കൊളോണിയല്‍ വെളുത്ത പുരുഷന്മാരും കോളനിവത്കൃത സമൂഹങ്ങളിലെ മുസ്ലീം സ്ത്രീകളും തമ്മിലെ ബന്ധത്തെ കുറിച്ച്  എഴുതുമ്പോള്‍ പരസ്പര വിനിമയത്തിന്റെ നിരാകരണത്തെ ഒരു രാഷ്ട്രീയ പ്രസ്താവനയായി വായിക്കണമെന്ന് ഫ്രാന്‍സ് ഫനോന്‍ പറയുന്നുണ്ട്. എന്നെ കാണുന്ന, എന്നാല്‍ എനിക്ക് കാണാന്‍ കഴിയാത്ത നിഖാബിട്ട മുസ്ലീം സ്ത്രീ വെളുത്ത ഫ്രഞ്ച് അധിനിവേശകന്  എപ്പോഴും തലവേദനയായിരുന്നു. ഫനോന്‍ പറയുന്നു: 'അവള്‍ പരസ്പര വിനിമയത്തെ നിരാകരിച്ചു. അവള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. അവള്‍ ഒന്നും തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. അവള്‍ ഒന്നും സമര്‍പ്പിക്കാന്‍ തയ്യാറായില്ല'- സ്വത്വത്തിന്റെ സാമ്രാജ്യത്വപരമായ സമഗ്രാധിപത്യ  നോട്ടത്തെ നിഖാബ് അണിഞ്ഞ സ്ത്രീകള്‍ നിരാകരിച്ചുവെന്നാണ് ഫനോന്‍ കരുതിയത്.

ദൃശ്യതയല്ല സ്വാഗതമാണ് പ്രധാനം
ലെവിനാസിന്റെ  ഭരണകൂടവിരുദ്ധ വായനകള്‍ വ്യാഖ്യാനിക്കുന്നത് പോലെ നിഖാബിട്ട സ്ത്രീകളോട് ഒരു നൈതിക ബന്ധം സ്ഥാപിക്കാന്‍ അവര്‍  നമുക്ക് മുഖം തുറന്നു തരണമെന്നില്ല. പരസ്പരം കാണണമെന്നല്ല മറിച്ച് സ്വാഗതമരുളലാണ് നൈതികതയുടെ അടിസ്ഥാനം എന്നാണ് ലെവിനാസ് പറയുന്നത്. മറ്റുള്ളവരെ സ്വീകരിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുക എന്നുള്ളത് ഏതെങ്കിലും മുന്‍നിശ്ചയങ്ങളില്‍ നിന്ന് തുടങ്ങേണ്ടതല്ല. അത് അപരത്വത്തെ അംഗീകരിക്കുന്ന ഒരു നിലപാടല്ല. കുടിയേറ്റക്കാരെ പുറത്താക്കുന്ന യൂറോപ്യന്‍ സമൂഹത്തോടുള്ള പ്രതികരണമായും യൂറോപ്പിനകത്ത് അവര്‍ തന്നെ സൃഷ്ട്രിച്ച അപരരോടുള്ള ഐക്യദാര്‍ഢ്യമായും ലെവിനാസിന്റെ ഈ സമീപനത്തെ വായിക്കേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, മുഖത്തിന്റെ വിവിധ സാധ്യതകളെ  ഒരു ഭാഷയായി സ്വീകരിക്കാന്‍ നാം തയ്യാറാകണം. വ്യത്യാസമാണ് ഭാഷയ്ക്ക് വേറൊരു മുഖം നല്‍കുന്നത്. മറ്റുള്ളവരുടെ ഭാഷ നമുക്ക് പൂര്‍ണ്ണമായും വഴങ്ങുമെന്ന് കരുതേണ്ടതില്ല.  നമ്മോടു പറയപ്പെട്ട വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലാകുമെന്ന് കരുതേണ്ടതില്ല. അപരനും ഭാഷയും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകള്‍ നമുക്ക് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ല. അതിനു അപരനെ കാണണമെന്ന നിര്‍ബന്ധത്തിലുപരി, അപരന് നമ്മെ തന്നെ നല്‍കുന്ന ഒരു നീക്കത്തിലൂടെ മാത്രമേ അപരന്റെ ഭാഷയോട് നമുക്ക് നൈതികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനാകൂ. ഒരു മുഖം മൂടിയ സ്ത്രീയെ കാണണമെന്ന വാശിയേക്കാള്‍, അവളുടെ വ്യത്യസ്തതയെ മനസ്സിലാക്കാനുള്ള സന്നദ്ധതയും സ്വാഗതമരുളലുമാണ് വേണ്ടത്. അത്തരമൊരു സമീപനം നിരോധനത്തേക്കാള്‍ സംവാദത്തിനും അന്വേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ്.

അവലംബം:

Chloe Patton. 2014. 'Defacing Levinas: Vision, Veiling and the Ethics of Republican Citizenship in France.' Social Identities, 20: 2-3, Pp.186-198.

Emmanuel Leന്തvinas.1969. Totality and Infinity: An Essay on Exteriority. Pittsburgh, Pennsylvania: Duquense University Press.

Frantz Fanon. 2008. Black Skin, White Masks. London: Pluto Press.

Judith Butler. 2010. Frames of War: When is Life Grievable? London: Verso.

ഇസ്ലാമിക സ്ത്രീ വേഷം: വിമോചന, അടിച്ചമര്‍ത്തല്‍ വാദങ്ങളുടെ പ്രതിസന്ധി

Follow Us:
Download App:
  • android
  • ios