Asianet News MalayalamAsianet News Malayalam

ഒരേസമയം നമുക്ക് എത്ര കാര്യങ്ങൾ ചെയ്യാനാവും?

നിങ്ങളുടെ കാഴ്ച എന്നുപറയുന്നത് വാസ്തവത്തിൽ ഒരു താക്കോൽദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു കാര്യത്തിൽ തന്നെ ഏകാഗ്രതയോടെ ആയിരിക്കുമ്പോൾ. അതിന്റെ അർഥം തികച്ചും റിലാക്സ് ആയിരിക്കുമ്പോൾ നിങ്ങൾ എല്ലാം കാണുന്നുവെന്നല്ല.

robin k mathew on Inattentional Blindness
Author
Thiruvananthapuram, First Published Apr 30, 2020, 4:06 PM IST

ഓരോ ദിവസവും 106 വാഹനാപകടങ്ങളിൽ കേരളത്തിന് പന്ത്രണ്ടോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. 2018 -ൽ കേരളത്തിലെ റോഡുകളിൽ 40,260 അപകടങ്ങളിൽ 4,259 മരണങ്ങളും 31,687 ഗുരുതരമായ പരിക്കുകളും 13,456 ലളിതമായ പരിക്കുകളും ഉണ്ടായി. ഈ കൊറോണോ കാലത്ത് ഈ അപകടങ്ങൾ തീർത്തും ഇല്ലന്നായി. പക്ഷേ, നമ്മൾ റോഡിലേയ്ക്ക് ഇറങ്ങിയാൽ തിരിച്ചു വരും എന്നൊരു പ്രതീക്ഷയുമില്ല. കൊവിഡ് എന്നത് കൊറോണോ വൈറസ് ഉണ്ടാക്കുന്നെങ്കിൽ ഈ ദുരന്തം മനുഷ്യൻ വരുത്തി വയ്ക്കുന്നതാണ്.

robin k mathew on Inattentional Blindness

 

ഇപ്പോൾ നമ്മുടെ നാട്ടിൽ ഇറങ്ങുന്ന കാറുകളിൽ ബ്ലൂടൂത്ത് സംവിധാനം ഉണ്ട്.. അതായത് നിങ്ങളുടെ സെൽഫോണിൽ വരുന്ന കോളുകൾ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്ത്, നിങ്ങൾക്ക് സംസാരിക്കാം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള മുഷിപ്പും ഒഴിവാക്കാം പൊലീസ് പിടിക്കുകയുമില്ല.

വാസ്തവത്തിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഹാൻസ് ഫ്രീ മോഡിൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? 

ഉണ്ട് എന്നതാണ് വാസ്തവം.

എനിക്ക്  ഒരേസമയം പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും. ഞാൻ മൾട്ടി ടാസ്ക്ക് ചെയ്യുവാൻ സമർത്ഥൻ ആണ് എന്നും കരുതുന്നവരാണ്  പലരും. പക്ഷേ, സത്യം അങ്ങനെ അല്ല. നമ്മുടെ മസ്തിഷ്ക്കത്തിന് ഒരുസമയം ഒരുകാര്യം മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളൂ.

കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ നമ്മുടെ മസ്തിഷ്കം ബാച്ച് പ്രോസസ്സിംഗ് ആണ് ചെയ്യുന്നത്. അതായത് ഒരേസമയം പല കാര്യങ്ങളും നമുക്ക് ചെയ്യുവാൻ സാധിക്കുമെങ്കിലും, അവിടെ നമ്മുടെ പൂർണമായ ശ്രദ്ധ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഇടവിട്ട് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ബ്രെയിൻ എന്ന മൈക്രോ പ്രോസസ്സറിന് മള്‍ട്ടി ടാസ്കിങ് (ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ്) ഇല്ലേ ഇല്ല.

വണ്ടി ഓടിച്ചു കൊണ്ട് ഫോണിൽ സംസാരിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്ന കാര്യങ്ങൾക്കുള്ള ശ്രദ്ധയും വണ്ടിയോടിക്കാനുള്ള ശ്രദ്ധയും ഒരേസമയം കിട്ടുന്നില്ല എന്നർത്ഥം. ഈ രണ്ടു കാര്യങ്ങൾക്കും വേണ്ട ശ്രദ്ധ നമ്മുടെ മസ്തിഷ്കം മാറിമാറി അലോട്ട്‌ ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങൾ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ സംസാരത്തിലും ഡ്രൈവിങ്ങിലുമായി മാറിമാറി നിൽക്കുകയാണ് ചെയ്യുന്നത്.

പ്രധാനമായ മറ്റൊരു കാര്യം നോക്കാം. നമ്മുടെ കൺമുന്നിൽ ഒരു വസ്തു പതിയുന്നതുകൊണ്ട് മാത്രം നമ്മൾ അത് കാണണം എന്നില്ല. അത് മസ്തിഷ്കം പ്രോസസ് ചെയ്താൽ മാത്രമേ അത് കാഴ്ച എന്ന അനുഭവം ആകൂ. ഒരുപാട് പ്രോസസ്സുകളുടെ ആകെത്തുകയാണ് നമ്മൾ ഒരു വസ്തു കണ്ടു മനസിലാക്കുന്നത്...

നിങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുകയാണ്. നിങ്ങളുടെ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആൾ പറയുന്ന കാര്യങ്ങൾ മനസിലാക്കുവാനും, അത് ആസ്വദിക്കുവാനും അതിന് മറുപടി പറയുവാനും ഒരുപാട് മസ്തിഷ്ക ഊർജ്ജം ആവശ്യമാണ്. ഈ സമയത്ത് നിങ്ങളുടെ വണ്ടിക്ക് കുറുകെ ഒരു ഒരുകുട്ടി വിലങ്ങു ചാടുന്നു. നിർഭാഗ്യവശാൽ ആ മൈക്ക്രോസെക്കന്റിൽ നിങ്ങളുടെ മസ്തിഷ്കം സംസാരത്തിന്റെ ശ്രദ്ധയിലോ, ഫോണിൽ നിന്ന് റോഡിലേയ്ക്ക് ശ്രദ്ധ മാറ്റുന്ന നിമിഷത്തിലോ ആണെങ്കിൽ ആ കുട്ടി നിങ്ങളുടെ കൺമുൻപിൽ പെട്ടാലും  നിങ്ങൾ അത് കാണില്ല.. അപകടം ഉറപ്പുമാണ്. ഇതിനാണ് Inattentional Blindness എന്ന് പറയുന്നത്.

ഒരു ജനക്കൂട്ടത്തിനിടയിൽ ഒരു പ്രത്യേക സംസാരമോ സ്വരമോ നിങ്ങൾ ശ്രദ്ധിക്കുന്നു എന്നിരിക്കട്ടെ. ആ സമയത്ത് മറ്റുള്ള ഭൂരിപക്ഷം കാര്യങ്ങളെയും നിങ്ങൾ ശ്രദ്ധിക്കില്ല. എന്നുമാത്രമല്ല അവ നിങ്ങളുടെ ശ്രദ്ധാപരിസരത്തുകൂടി കയറിയിറങ്ങിപ്പോയാലും, പലപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുകയും ഇല്ല. ശ്രദ്ധയിൽ പെടാത്തതു കൊണ്ടുള്ള അന്ധത (Inattentional blindness) എന്നൊരു പ്രതിഭാസമാണ് ഇത്. നമ്മുടെ കണ്ണിനു മുൻപിലൂടെ പോകുന്ന കാര്യങ്ങളിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ നമ്മൾ കാണുന്നുള്ളൂ.

മനശാസ്തജ്ഞരായ ഡോക്ടർ ഡാനിയൽ സൈമൺ, ഡോ. ക്രിസ്റ്റഫർ ചാബിസ് എന്നിവർ ഇതൊരു പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
അദൃശ്യനായ ഗൊറില്ല വെളുത്ത വസ്ത്രവും, കറുത്ത വസ്ത്രവും ധരിച്ച ഒരുകൂട്ടം വിദ്യാർത്ഥികളോട്  ഒരു ബാസ്ക്കറ്റ് ബോൾ പരസ്പ്പരം കൈമാറിക്കൊണ്ടിരിക്കുവാൻ ആവശ്യപ്പെടുന്നു. കറുത്തവസ്ത്രം ധരിച്ച് ആളുകൾ എത്രതവണ പന്ത് കൈമാറി എന്ന് എണ്ണുവാൻ കാണികളോട് ആവശ്യപ്പെടുന്നു.

ഇതിനിടയിൽ ആൾകുരങ്ങിന്റെ വസ്ത്രം ധരിച്ച ഒരാൾ ഇവരുടെ ഇടയിലൂടെ കടന്നു പോകുന്നു. ഈ വീഡിയോ കാണുന്നവരിൽ എത്രപേർ ആൾക്കുരങ്ങിനെ കണ്ടു എന്ന്  ചോദിക്കുമ്പോൾ 50% ആളുകളും അങ്ങനെയൊരു ആൾക്കുരങ്ങു വന്നു പോയതായി കണ്ടിട്ടില്ല. ഈ വീഡിയോ യുട്യൂബിലുണ്ട് (The Invisible Gorilla).

നിങ്ങളുടെ കാഴ്ച എന്നുപറയുന്നത് വാസ്തവത്തിൽ ഒരു താക്കോൽദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു കാര്യത്തിൽ തന്നെ ഏകാഗ്രതയോടെ ആയിരിക്കുമ്പോൾ. അതിന്റെ അർഥം തികച്ചും റിലാക്സ് ആയിരിക്കുമ്പോൾ നിങ്ങൾ എല്ലാം കാണുന്നുവെന്നല്ല.
പല കാര്യങ്ങളും നമ്മുടെ കാഴ്ചയ്ക്ക് മുൻപിൽ വരികയും നമ്മളുടെ നോട്ടം അതിൽ പതിയുകയും ചെയ്തിട്ടുണ്ടാവും. പക്ഷേ, ഇതിൽതന്നെ പല കാര്യങ്ങളും നമ്മുടെ ഓർമ്മയുടെ തലംവരെ എത്താതെ പോകുന്നു. പക്ഷേ, ഇത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നുമല്ല. മാത്രമല്ല നമ്മൾ കണ്ട പലതും നമ്മൾ കണ്ടില്ല എന്ന് വിശ്വസിക്കുക പ്രയാസവുമാണ്.
  
വാഹനം ഓടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുന്നവർ പലപ്പോഴും ഒരു സഹായമാണ്. അയാളുടെ രണ്ടു കണ്ണുകളുടെകൂടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. പക്ഷേ, പുറകിലുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധ പതറുവാനുള്ള സാധ്യത കൂടുതലാണ്. പാട്ടുകേട്ട് വണ്ടി ഓടിക്കുമ്പോഴും പ്രശ്നമുണ്ട്. വളരെ ത്വരിതഗതിയിലുള്ള സംഗീതം നിങ്ങൾക്ക് അമിതാവേശം തരുകയും, അമിതവേഗം കൈകൊള്ളുവാൻ പ്രേരകമാവുകയും ചെയ്യും.

ഓരോ വ്യക്തിയും കരുതുക ആര് സൂക്ഷിച്ചില്ലെങ്കിലും ഞാൻ സൂക്ഷിക്കും. കൊറോണക്കാലം കഴിയുന്നതോടെ ഇത്തരം കാര്യങ്ങളില്‍ കൂടി നമുക്ക് കരുതലുണ്ടാവട്ടെ. 

(ബിഹേവിയറല്‍ സൈക്കോളജിസ്റ്റാണ് ലേഖകന്‍)
 

Follow Us:
Download App:
  • android
  • ios