Asianet News MalayalamAsianet News Malayalam

ബഹിരാകാശത്ത് കറങ്ങിനടക്കുന്ന മാലിന്യം അടിച്ചുവാരാന്‍ ഇതാ ഒരു ചൂല്‍!

അറുപതിലധികം വര്‍ഷങ്ങളായി നാം ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക്  കൃത്രിമ ഉപഗ്രഹങ്ങളെ അയയ്ക്കുന്നുണ്ട്. ഇവയില്‍ പലതുമിന്ന് കാലാവധി കഴിഞ്ഞു പ്രവര്‍ത്തനരഹിതമാണ്.

science Anu B Karigannur on laser broom
Author
Thiruvananthapuram, First Published May 15, 2020, 12:36 PM IST

പലതരത്തിലുള്ള മാലിന്യങ്ങള്‍ ബഹിരാകാശത്തില്‍ കറങ്ങി നടക്കുകയാണ്. മണിക്കൂറില്‍ മുപ്പതിനായിരത്തിനടുത്ത് കിലോമീറ്ററാണ് ഇവയുടെ വേഗത! ചെറിയ നട്ടും ബോള്‍ട്ടും മുതല്‍ വലിയ വാഹനങ്ങളുടെ വലിപ്പമുള്ള  അവശിഷ്ടങ്ങള്‍ വരെ ഇവയിലുണ്ട്. ഏകദേശം 30 ലക്ഷം കോടി ടണ്‍  ഭാരമുള്ള വസ്തുക്കള്‍ ഇങ്ങനെ ബഹിരാകാശത്ത് ചുമ്മാ കറങ്ങുന്നുണ്ട്.

 

science Anu B Karigannur on laser broom



എല്ലാ മനുഷ്യനെയും കൊതിപ്പിക്കുന്ന കാഴ്ചയാണ് ആകാശം.

അറുപതിലധികം വര്‍ഷങ്ങളായി നാം ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക്  കൃത്രിമ ഉപഗ്രഹങ്ങളെ അയയ്ക്കുന്നുണ്ട്. ഇവയില്‍ പലതുമിന്ന് കാലാവധി കഴിഞ്ഞു പ്രവര്‍ത്തനരഹിതമാണ്. മറ്റ് ചിലതിന്റെ പല ഭാഗങ്ങളും അടര്‍ന്നുപോയിരിക്കുന്നു. അങ്ങനെ പലതരത്തിലുള്ള മാലിന്യങ്ങള്‍ ബഹിരാകാശത്തില്‍ കറങ്ങി നടക്കുകയാണ്. മണിക്കൂറില്‍ മുപ്പതിനായിരത്തിനടുത്ത് കിലോമീറ്ററാണ് ഇവയുടെ വേഗത! ചെറിയ നട്ടും ബോള്‍ട്ടും മുതല്‍ വലിയ വാഹനങ്ങളുടെ വലിപ്പമുള്ള  അവശിഷ്ടങ്ങള്‍ വരെ ഇവയിലുണ്ട്. ഏകദേശം 30 ലക്ഷം കോടി ടണ്‍  ഭാരമുള്ള വസ്തുക്കള്‍ ഇങ്ങനെ ബഹിരാകാശത്ത് ചുമ്മാ കറങ്ങുന്നുണ്ട്.

ചുരുങ്ങിയ കാലയളവില്‍ തന്നെ ഏകദേശം ഏഴായിരത്തോളം കൃത്രിമോപഗ്രഹങ്ങളെ  നാം ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. 2009 -ല്‍ നാസ നടത്തിയ ബഹിരാകാശ സെന്‍സസില്‍ 10 സെന്റീമീറ്ററിന് മുകളില്‍ വലിപ്പമുള്ള 19000 ഖരമാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍, ബഹിരാകാശ യാത്രികര്‍ ഉപേക്ഷിച്ച് വസ്തുക്കള്‍, അണു വികിരണങ്ങള്‍ ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍, ഇന്ധനത്തിന്റെ ഭാഗങ്ങള്‍, ശീതയുദ്ധകാലത്തെ ആന്റി സാറ്റലൈറ്റ് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ തുടങ്ങി അനേകം പദാര്‍ത്ഥങ്ങള്‍ ഇവയിലുണ്ട്. ഇവ പലതരത്തില്‍ നമുക്ക് ദോഷകരമാണ്. മാലിന്യവുമായി കൂട്ടിയിടിച്ച് പല ബഹിരാകാശ ദൗത്യങ്ങളും തകരാറിലായിട്ടുണ്ട്. അമേരിക്കയുടെ ഇറിഡിയം 33 എന്ന ഉപഗ്രഹം റഷ്യ ഉപേക്ഷിച്ച ഒരു ഉപഗ്രഹവുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു.

ബഹിരാകാശപേടകങ്ങളെയും ഉപഗ്രഹങ്ങളെയും കൂട്ടിയിടിയിലൂടെ തകര്‍ക്കാനും ഇവയ്ക്ക് കഴിയും. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങളും പേടകങ്ങളും ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തി ഘര്‍ഷണം മൂലം തീപിടിച്ചു, കത്തി തീരാത്ത അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീഴാനും സാധ്യതയുണ്ട്.

ഇന്നത്തെ നമ്മുടെ ജീവിതം ഉപഗ്രഹങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുകയാണ് . ഇന്റര്‍നെറ്റ് ഉപയോഗം, കാലാവസ്ഥാപ്രവചനം, വഴികാട്ടാനുള്ള ജിപിഎസ് ഉപകരണങ്ങള്‍ അങ്ങനെ പലതരത്തില്‍. ബഹിരാകാശത്ത് പാറിനടക്കുന്ന മാലിന്യങ്ങള്‍ ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ചാല്‍ നമ്മുടെ നിത്യജീവിതത്തെ തന്നെ തടസ്സപ്പെടുത്തിക്കളയും! വാര്‍ത്താ വിനിമയ ഉപാധികളും തടസ്സപ്പെടും. അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിന്റെ ജനാലയുടെ ചില്ല് ഇത്തരത്തിലുള്ള മാലിന്യം ഇടിച്ച് തകര്‍ന്നിരുന്നു.

ബഹിരാകാശ മാലിന്യങ്ങള്‍ പരസ്പരം തുടര്‍ച്ചയായി കൂട്ടിയിടിക്കാനും അത്തരത്തില്‍ ബഹിരാകാശം നമുക്ക് അന്യമാകാനുമുള്ള സാധ്യതയുണ്ടെന്നാണ് 1978 -ല്‍ നാസയിലെ ശാസ്ത്രജ്ഞനായ കെസ്ലേര്‍ മുന്നോട്ട് വച്ച കെസ്ലേര്‍ പ്രഭാവം (Kessler effect ) സിദ്ധാന്തം വിശദീകരിക്കുന്നത്. ഇത് കണക്കിലെടുത്ത് ലോകരാജ്യങ്ങള്‍ ബഹിരാകാശ മാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്.

ബഹിരാകാശ ഗവേഷണ രംഗത്തെ വലിയ വെല്ലുവിളിയായ ബഹിരാകാശ മാലിന്യങ്ങളെ ഭൂമിയില്‍ നിന്നു കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്ന ഒരു പുതിയ കണ്ടെത്തലാണ് ലേസര്‍ ചൂലുകള്‍ (laser broom).

ബഹിരാകാശത്തെ കൂട്ടിയിടി ഭൂമിയില്‍ നിന്നും ലൈറ്റ് അടിച്ചു കൊണ്ട് ഒഴിവാക്കാന്‍ സാധിച്ചാല്‍ നല്ലതല്ലേ?  ഒപ്പം മാലിന്യങ്ങളെ നീക്കം ചെയ്യാനും ഈ ലേസര്‍ പ്രകാശത്തിനു സാധിച്ചാലോ?

ശക്തിയേറിയ ലേസര്‍ ഉപയോഗിച്ച് മാലിന്യത്തിന്റെ ഒരു ഭാഗം ചൂടാക്കി അതിന്റെ സഞ്ചാര പഥം മാറ്റുന്നു. ഭൂമിയെ ചുറ്റുന്ന ഓര്‍ബിറ്റ് ചെറുതാക്കി അന്തരീക്ഷത്തില്‍ എത്തിച്ചു കരിച്ചു കളയും. 1-10 സെന്റിമീറ്റര്‍ വലിപ്പമുള്ള മാലിന്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഉപയോഗിക്കുന്നതാവട്ടെ
പവര്‍ കൂടിയ പള്‍സ്ഡ് ലേസര്‍ (Pulsed Laser - തുടര്‍ച്ചയായ പ്രകാശമല്ല, വളരെ ചെറിയ ഇടവേളകളില്‍ പള്‍സുകളായി വരുന്ന പ്രകാശം).

ലേസര്‍ ഉപയോഗിച്ച് ബഹിരാകാശ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നത് ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള ലേസര്‍ യുദ്ധത്തിലേക്ക് നയിക്കും എന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക. ശത്രു രാജ്യങ്ങളുടെ ഉപഗ്രഹത്തെ തകര്‍ക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുമോ എന്നതാണ് പ്രശ്‌നം.

എന്തായാലും അമേരിക്കയും ചൈനയും ലേസര്‍ ബ്രൂം പദ്ധതികളും ഗവേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്.

Follow Us:
Download App:
  • android
  • ios