Asianet News MalayalamAsianet News Malayalam

നമ്മുടെ വികസന പദ്ധതികള്‍ക്ക് ആദിവാസികളെ മനസ്സിലാവാത്തത് എന്തു കൊണ്ടാണ്?

എനിക്കും ചിലത് പറയാനുണ്ട്: ആദിവാസികളും വികസനവും.  എം.വി ശരത്ത് എഴുതുന്നു 

Speak up a special space for quick response by MV Sarath
Author
Thiruvananthapuram, First Published May 18, 2019, 6:35 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up a special space for quick response by MV Sarath
 

കേരളത്തിന്റെ വികസന മാതൃക ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ചത് പ്രവാസവരുമാനത്തിലും ഗുണനിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സൂചികകളിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലൂടെയുമാണ്. കേരള സംസ്ഥാനം രൂപീകൃതമായി 62 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ദേശീയതലത്തില്‍ മാനവവികസനസൂചിക പട്ടികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. പക്ഷെ, ഗുണനിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ വികസന അനുഭവങ്ങള്‍ ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്നില്ല എന്നത് വസ്തുതാപരമായ കാര്യങ്ങളായി ചൂണ്ടിക്കാണിക്കാം. 

ഇന്നും ഈ സമൂഹത്തെ വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റന്നു. ഈ സാഹചര്യത്തിലാണ് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കമ്പോളാധിഷ്ഠിത വികസനകാഴ്ച്ചപ്പാടുള്ള സമൂഹത്തില്‍ ആദിവാസി-ഗോത്രജനത എങ്ങനെ ജീവിക്കുമെന്ന പ്രസക്തമായ ചോദ്യം ഉയരുന്നു വരുന്നത്. 

ആദിവാസി-ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 2007 സെപ്തംബര്‍ 7-ാം തീയ്യതി ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് ജനവിഭാഗങ്ങള്‍ക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും തദ്ദേശീയ ജനതയ്ക്കുമുണ്ടെന്നും അവ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നുമായിരുന്നു  പ്രഖ്യാപനം.

ആദിവാസി-ഗോത്രജനത അവലംബിക്കുന്ന ജീവിതരീതി പരിസ്ഥിതിവ്യവസ്ഥയിലധിഷ്ഠിതമാണ്. ഭൂമിയും വനവുമാണ് അവരുടെ അതിജീവനത്തിനാധാരം.  ലോകത്ത് ആഫ്രിക്കന്‍ വനമേഖലയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്നത് ഇന്ത്യയിലാണ്. 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 102 ദശലക്ഷമാണ് ജനസംഖ്യ. 700 ഓളം ഗോത്രവര്‍ഗ്ഗങ്ങള്‍.  ഈ ജനവിഭാഗങ്ങള്‍ക്ക് ഉപജീവനനമാര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്ന പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു പകരം, വ്യവസായങ്ങള്‍ക്കും മറ്റും വനഭൂമി തീറെഴുതുന്നതിലൂടെ ഭരണകൂടം അവരുടെ ജീവനോപാധികളുടെ അടിസ്ഥാനമാര്‍ഗ്ഗങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.

മുതലാളിത്ത സമൂഹത്തിനുവേണ്ടി ഭൂമിയും വനവും ചൂഷണത്തിനു വിധേയമാക്കുമ്പോള്‍ വനനശീകരണം, ഖനനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി നേരിടുകയും, പരിസ്ഥിതികേന്ദ്രീകൃത വികസനത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ 75% ആദിവാസികള്‍ക്കും സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയില്‍ ആദിവാസി-ഗോത്രജനവിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഉണ്ടെങ്കിലും ഇവ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണ പരാജയമാണ്. കേരളത്തില്‍ ആദിവാസി-ഗോത്രവിഭാഗങ്ങള്‍ വയനാട്, ഇടുക്കി, പാലക്കാട് എന്നീ മൂന്ന് ജില്ലകളിലാണ് കൂടുതലായി അധിവസിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍ വനമേഖലകളിലും ചെറിയതോതില്‍ ആദിവാസി-ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്നു. 

ചരിത്രപരമായി കേരളത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു. എന്നാല്‍ വിവിധ വികസന പദ്ധതികളും  മാറിമാറിവരുന്ന  ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളും ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനമെന്ന ഉദ്ദേശ്യലക്ഷ്യത്തെ ഇല്ലാതാക്കുകയാണ്. ഇതുമൂലം വികസന പിന്നോക്കാവസ്ഥയാണ് ആദിവാസിമേഖലകളില്‍. വര്‍ദ്ധിച്ചു വരുന്ന ദാരിദ്ര്യം, പൊതുസമൂഹത്തില്‍ നിന്നുള്ള അവഗണനയും അധിക്ഷേപങ്ങളും, ലിംഗഭേദ പക്ഷപാതം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്തുള്ള കുറഞ്ഞ പങ്കാളിത്തം, വലിയതോതിലുള്ള ചൂഷണം, ആദിവാസികളെ മുന്‍നിര്‍ത്തിയുള്ള ഉദ്യോഗസ്ഥ-ഭരണകൂട അഴിമതി തുടങ്ങിയവയിലൂടെ ആദിവാസി-ഗോത്രവിഭാഗങ്ങള്‍ ലഭിക്കേണ്ട മൂലധനവും ആനുകൂല്യങ്ങളും നഷ്ടമാകുന്നു. അതുപോലെ കുറഞ്ഞ സാക്ഷരതാ നിരക്ക്, ഉയര്‍ന്ന ശിശുമരണ നിരക്ക്, മോശപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സൂചികകള്‍, പാരമ്പര്യ അറിവുകളുടെ കുറവ്, സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണം, പൊതുസേവനങ്ങളുടെ അഭാവം, അമിതമായി വികസനപദ്ധതികളെ ആശ്രയിക്കല്‍ തുടങ്ങിയവയിലൂടെ ആദിവാസി-ഗോത്രജനത മുഖ്യധാരാവികസന വെളിച്ചത്തില്‍ നിന്നും മാറിപ്പോകുന്നു. 

ഇന്ത്യന്‍ ഭരണഘടന ആദിവാസി ജനവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക വ്യവസ്ഥകള്‍ നല്‍കുന്നുവെങ്കിലും ഭരണകൂടങ്ങള്‍ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ക്ഷേമത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നില്ല. ആദിവാസി ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ വിവിധ ക്ഷേമപദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ക്ഷേമപദ്ധതികള്‍കൊണ്ടുമാത്രം ആദിവാസി-ഗോത്രജനതയുടെ ഉന്നമനം സാധ്യമകുകയില്ല. ആദിവാസി-ഗോത്രജനത തനത് സംസ്‌ക്കാരവും പാരമ്പര്യവും അവലംബിച്ച് ജീവിക്കുന്നവരാണ്. ആദിവാസികളുടെ ഭാഷ, സംസ്‌കാരം, പാരമ്പര്യവൈദ്യം, കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിവുകള്‍, തുടങ്ങിയവ സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി പകരുകയും, ആദിവാസി ജനതയെ മറ്റുസമൂഹങ്ങളില്‍നിന്നും വേര്‍തിരിച്ചുനിര്‍ത്തുന്ന ഗോത്രഭാഷകള്‍ അന്യംനിന്നുപോകാതെ സംരക്ഷിക്കേണ്ടതുമാണ്. 

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി ഗോത്രസംസ്‌കാരം ഉള്‍ക്കൊണ്ട് പ്രത്യേകം ആചാര-അനുഷ്ഠാനങ്ങളോടെ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ പൂര്‍ണമായ അറിവോടെയും സമ്മതത്തോടും കൂടിമാത്രമേ ഈ വിഭാഗങ്ങള്‍ക്കിടയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവൂ. ദേശത്തിന്റെയും, ഭൂമിയുടെയും പൂര്‍ണ അവകാശവും നിയന്ത്രണവും അവര്‍ക്ക് നല്‍കുകയും, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ഈ വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാണ്. ഗോത്രസംസ്‌ക്കാരം സംരക്ഷിക്കാന്‍ തീരുമാനമെടുക്കാനുള്ള എല്ലാ അവകാശങ്ങളും ആദിവാസി സമൂഹത്തിന് നല്‍കണം. ആദിവാസി ജനതയുടെ സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനുവേണ്ടി അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം, ശുചീകരണസംവിധാനം, സാമൂഹിക സുരക്ഷിതത്വം എന്നിവയിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios