ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

ഇത്ര കാലം ജീവിച്ചതിനിടയില്‍ നമ്മളോരോരുത്തരും എത്രയോ തവണ അറിഞ്ഞോ അറിയാതെയോ, മനസ്സിലോ ഉറക്കെയോ ചെയ്തിട്ടുള്ള കാര്യമായിരിക്കണം ബോഡി ഷെയ്മിംങ്, അഥവാ  സൗന്ദര്യമെന്ന് വിഡ്ഢിയായ മനുഷ്യന്‍ കരുതുന്ന വണ്ണം, ഉയരം, നിറം പോലുള്ള ചേരുവകളില്‍ ദൈവം കാര്യമായ കുസൃതി കാണിച്ചവരെ മുഖത്തു നോക്കി കളിയാക്കുക. കേള്‍ക്കുമ്പോള്‍ അങ്ങേയറ്റം നിസ്സാരമായൊരു കാര്യം. എന്നാല്‍ നിരന്തരമായ നോട്ടങ്ങളും കളിയാക്കലുകളും ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. ഒരാളെ ആഴത്തില്‍ തകര്‍ത്തുകളയാന്‍ അതിനാവും. നമുക്ക് തമാശയും ചിരിയുമാവും, പക്ഷേ, ഇരയാവുന്നവര്‍ ഓരോ തവണയും സ്വയംനിന്ദയുടെ കൂടുകളിലേക്ക് അകപ്പെട്ടുപോവും. 

നൂറ് കിലോയില്‍ കൂടുതല്‍ തൂക്കമുണ്ടാവുക എന്നതും കറുത്ത വര്‍ഗക്കാരായ ഒരു ഇന്ത്യക്കാരന്‍ വല്ലാതെ കറുത്തിരിക്കുക എന്നതും ഇരുപത്തഞ്ച് വയസായിട്ടും ഒരാണിന് മീശ മുളച്ചിട്ടില്ല എന്നതുമൊന്നും സ്വാഭാവികമായ ഒന്നല്ല, നമുക്ക്, പ്രത്യേകിച്ചും മലയാള നാട്ടില്‍. 

ആറടിയില്‍ കൂടുതല്‍ ഒരു പെണ്ണ് ഉയര്‍ന്നിരിക്കുക എന്നത് ഈ നാട്ടിലെ മനുഷ്യര്‍ക്ക് തീരെ സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. നോട്ടങ്ങളെ ഭയന്ന് ആളുകളില്‍ നിന്ന് ഓടിയൊളിച്ച കുട്ടിയായിരുന്നു ഞാന്‍. അന്നെനിക്ക് എന്റെ ശരീരത്തെ ഒരു ശാപമായി കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. സ്വന്തമായി ആത്മവിശ്വാസത്തെ നട്ടുനനച്ച് വളര്‍ത്തിയെടുക്കാന്‍ പാകമായിരുന്നില്ല ആ പ്രായം. പലപ്പോഴും കരഞ്ഞു. പിന്നെ കുട്ടിഭാഷയില്‍ എന്തൊക്കെയോ എഴുതാന്‍ തുടങ്ങി. അതെടുത്ത് വായിക്കുന്നവര്‍ക്ക് അതില്‍ ചിരിക്കാനുള്ള എന്തോ ഒന്നല്ലാതെ വരികള്‍ക്കിടയിലെ ചിലത് കാണാന്‍ പറ്റിയില്ല. ഒരു പാട് വേണ്ടപ്പെട്ടവര്‍ ചിലപ്പോള്‍ എന്റെയുള്ളിലെ കരടിനെ എടുത്ത് കളഞ്ഞ് അവിടെയൊരു തമാശയെ പ്രതിഷ്ഠിക്കാന്‍ പെടാപ്പാട് പെട്ടതാകാം. 

പിന്നീടെപ്പൊഴോ മനസില്‍ ആരൊക്കെയോ പാകിയ ആത്മവിശ്വാസത്തിന്റെ ആ വിത്ത് മുളച്ച് പൊന്തിയത് മുതലാണ് എനിക്ക് എന്നിലെ എന്നെ തിരിച്ചുകിട്ടിയത്. സ്വയം കാണാന്‍ കഴിഞ്ഞത്. ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനും കഴിഞ്ഞത്. വൈകി മുളച്ച ആ കുഞ്ഞു ചെടിയെ ഞാന്‍ വളര്‍ത്തി  വലിയ മരമാക്കേണ്ടിയിരിക്കുന്നു. അതിന്, നിര്‍ഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് വീര്‍പ്പുമുട്ടുന്നതിനേക്കാള്‍ സമയം, ഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത്, ദൈവത്തെ നോക്കി ചിരിക്കാന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. സ്വന്തമായി ഉണ്ടാക്കിയെടുത്ത കുറെ ചിന്തകളെയും കൊണ്ട് കേളേജിന്റെ പടി കയറിയ ഞാന്‍ പിന്നീടങ്ങോട്ട് നോട്ടങ്ങളെ ഭയക്കാതെ നേരിടാന്‍ തുടങ്ങി. ശരീരത്തെ നോക്കി മനസിനു ദഹിക്കാത്ത വാക്യങ്ങള്‍ പറയുന്നവരോട്, ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ തിരിച്ചു പറയാന്‍ തുടങ്ങി. അല്ലേലും നമ്മള്‍ ആരെയാണ് ഭയക്കേണ്ടത്? ജനിച്ച് മരിക്കുന്നതിനിടയില്‍ ഇവിടെ ആവശ്യമായതെല്ലാം ദൈവം കൃത്യമായ അളവു പാത്രങ്ങളില്‍ കോരി കൊടുത്ത എത്ര പേരുണ്ടിവിടെ? 

പന്ത്രണ്ട് വര്‍ഷം കൊണ്ട് ഉണ്ടാക്കിയതിനേക്കാള്‍ ആഴമുള്ള ബന്ധങ്ങള്‍ കോളേജിലെ ആ നാല് വര്‍ഷം കൊണ്ടുണ്ടായി എനിക്ക്. ഒന്നോ രണ്ടോ സുഹൃത്തുക്കളില്‍ ഒതുങ്ങിയ ഞാനെങ്ങനെയാണ് ഇത്ര വലിയ ഒരു വലയത്തിനുള്ളില്‍ എത്തിയതെന്ന് അറിയില്ല. അതെന്റെ മാറ്റം ആണ്. ആ മാറ്റം അനുഭവപ്പെടുന്ന ഓരോ നിമിഷവും ഞാനെന്റെ ജീവിതം ആഘോഷിക്കും.

ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനെന്റെ ഭര്‍ത്താവിനെ നോക്കി ചുമ്മാ ചോദിക്കും, 'നിങ്ങളെക്കാള്‍ ഹൈറ്റ് ഉണ്ടോ എനിക്ക്?'  

അപ്പോ 'ഉണ്ടെങ്കില്‍ എന്താ?' എന്ന മറുപടിയില്‍ ഞാനെന്റെ ജീവിതം പിന്നെയും പിന്നെയും ആഘോഷിക്കും. 

ഇത് കേവലം 'ഞാന്‍' എന്നതില്‍ ഒതുങ്ങിയ ഒരു കഥയല്ല. മനുഷ്യരെ ഭയന്ന് ജീവിച്ച, അല്ലെങ്കില്‍ ജീവിക്കുന്ന മനുഷ്യരുടെ തന്നെ കഥ! അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്ത മലയാള സിനിമ 'തമാശ' യെ അനുഭവിച്ചറിയാന്‍ കഴിയും ആ അവസ്ഥകളിലൂടെ കടന്നു പോയവര്‍ക്ക്. ഒരാളെ കളിയാക്കുക എന്നതും അയാള്‍ സങ്കടപ്പെടുകയോ നിസ്സഹായരായി ചിരിക്കുകയോ ചെയ്യുക എന്നതും തികച്ചും സാധാരണമായ കഥയാണെന്നാണ് കളിയാക്കുന്നവരുടെ ചിന്ത. എന്നാല്‍ ഇരയാകുന്നവരുടെ മനസ്സില്‍ അതല്ല. 

ഓരോ പ്രാവശ്യം കളിയാക്കപ്പെടുമ്പോഴും-അതൊരു കുട്ടി ആകട്ടെ, സ്വന്തമായി ചിന്തയും നിലപാടും ഉള്ള ഒരു വ്യക്തി ആകട്ടെ-അവരുടെ മുന്നോട്ടുള്ള വഴികളില്‍ മുള്ളുകള്‍ നിറക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ, സ്വന്തം ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുഴിച്ചു മൂടി, ആത്മവിശ്വാസമായി കൊണ്ടു നടക്കേണ്ട സ്വന്തം ശരീരത്തെ ശാപമായി കണ്ട് കരഞ്ഞ് ജീവിതം തീര്‍ക്കുന്നവര്‍ക്ക് എന്തു പകരം നല്‍ക്കും ഈ 'എല്ലാം തികഞ്ഞവര്‍?'