Asianet News MalayalamAsianet News Malayalam

'എങ്ങനെ ഇരുന്ന പെങ്കൊച്ചാ ദൈവമേ,  പെറ്റെഴുന്നേറ്റപ്പോള്‍ കണ്ടില്ലേ കോലം!'

പ്രസവശേഷം വണ്ണംകൂടിയവരും അവരെ കളിയാക്കുന്നവരും അറിയാന്‍...എനിക്കും ചിലത് പറയാനുണ്ട്. റായ്പൂര്‍ എയിംസില്‍ നഴ്‌സിംഗ് ട്യൂട്ടറായ ജിസ ഡോണെല്‍ എഴുതുന്നു 

speak up body shaming pf women after delivery
Author
Thiruvananthapuram, First Published Jul 3, 2021, 4:50 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up body shaming pf women after delivery

 

'എങ്ങനെ ഇരുന്ന പെണ്‍കൊച്ചാ ദൈവമേ, ഒന്ന് പെറ്റ് എഴുന്നേറ്റപ്പോള്‍ കണ്ടില്ലേ കോലം! ആ ചെറുക്കന്റെ തള്ള ആണെന്ന് തോന്നുന്നല്ലോ...''

ചിലര്‍ക്കെങ്കിലും  ഈ ഡയലോഗ് സുപരിചിതം ആയിരിക്കും. പ്രസവം കഴിഞ്ഞ് വെച്ച വണ്ണം, ശരീരത്തില്‍ നിന്ന് പെട്ടെന്ന് ഒഴിവാക്കാന്‍ ബാധ ഒഴിപ്പിലിനോ ആഭിചാരക്രിയകള്‍ക്കോ ആവാത്തത് കൊണ്ട് കുറെ നാളത്തേക്ക് ഗര്‍ഭകാലത്ത് വന്ന രൂപമാറ്റം പല പെണ്‍ ശരീരങ്ങളിലും ഉണ്ടാകും. ചാടിയ വയറും, സ്‌ട്രെച്ച് മാര്‍ക്കിന്റെ ചിത്രപ്പണികളും, അവിടെവിടെയായി വണ്ടിയുടെ ടയര്‍ പോലെ പല മടക്കുകളും ശരീരത്തില്‍ അവശേഷിക്കാം. അത്തരം വയറും ടയറും ഒക്കെ ഉള്ള സ്ത്രീകള്‍, യൗവനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോടൊപ്പം പോകുമ്പോള്‍ കേള്‍ക്കാന്‍ സാധ്യതയുള്ളതാണ് മേല്‍പ്പറഞ്ഞ ഡയലോഗ്.

ഇതിനൊക്കെ കാരണങ്ങളും കാരണക്കാരും എന്തൊക്കെ എന്നും ആരൊക്കെ ആണെന്നും ഒന്ന്  നോക്കാം.

'ഉള്ളില്‍ ഒരു കുഞ്ഞുള്ളതല്ലേ, 2 പേര്‍ക്കുള്ളത് കഴിക്കണം' എന്നു നിര്‍ബന്ധിച്ച് നാല് പേര്‍ക്കുള്ള ഭക്ഷണം ഒരു ഗര്‍ഭിണിയെ കൊണ്ടു കഴിപ്പിക്കുന്ന സ്‌നേഹത്തിന്റെ  കൈകള്‍. 'നീ ഇങ്ങനെ തൊലിഞ്ഞു കുത്തി ഇരുന്നാല്‍ കുഞ്ഞിനു വളര്‍ച്ച കുറയും, തൂക്കം വയ്ക്കില്ല കേട്ടോ' എന്ന സാരോപദേശകരുടെ സ്‌നേഹമസൃണമായ ഓര്‍മ്മപ്പെടുത്തലുകള്‍. 'ദേ ഈ പ്രസവം നല്ല ആയാസവും അധ്വാനവും ഉള്ള പണിയാ, നല്ല ആരോഗ്യം ഇല്ലേല്‍ സംഗതി പാളും കേട്ടോ' എന്ന അനുഭവസ്ഥരുടെ താക്കീതുകള്‍. 

ഇതെല്ലാം കേട്ടാണ് ഒരു പാവം ഗര്‍ഭിണി, 'ഞാന്‍ ആയി എന്റെ കുഞ്ഞിനിനി ഒരു ദോഷവും വരരുത്' എന്ന് കരുതി ഇപ്പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും ശിരസ്സാവഹിക്കും. സ്വാഭാവികമായും ഒരു കുഞ്ഞിനു പകരം മൂന്ന് കുഞ്ഞുങ്ങളുടെ വളര്‍ച്ചക്കും പ്രസവത്തിനും വേണ്ട ഭക്ഷണം ആവും ഒമ്പത് മാസം കൊണ്ട് അകത്തെത്തുന്നത്. 

ഇതിനൊപ്പമാണ് ശരീരം അനങ്ങാനേ പാടില്ലാത്ത തീരാവ്യാധി ആയി ഗര്‍ഭകാലത്തെ കാണുന്ന നാട്ടുനടപ്പ്. ഏങ്ങാനും ഒന്ന് കുനിഞ്ഞു നിവര്‍ന്നാല്‍, ഉള്ളിലെ കുഞ്ഞു വാവ  താഴേക്ക് വീണു പോയാലോ എന്നു ഭയന്ന് ഒമ്പത് മാസവും ബെഡില്‍ കിടക്കുന്ന ഗര്‍ഭിണികളും, 'അവളെ കൊണ്ടു ഒന്നും ചെയ്യിക്കണ്ട, വയറ്റില്‍ ഉള്ളതല്ലേ' എന്ന് പറയുന്ന വീട്ടുകാരുടെ അമിതപരിഗണനകളും ഒക്കെ ചേര്‍ന്ന് കാര്യങ്ങള്‍ വീണ്ടും വഷളാക്കുന്നു. 

ഇനി പ്രസവം കഴിഞ്ഞാലോ? 

പിന്നെ പ്രസവരക്ഷയോടു രക്ഷയാണ്.  'ദേ ...പെറ്റെഴുന്നേറ്റു ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകുമ്പോ, മെലിഞ്ഞു ഉണങ്ങി ഇരുന്നാല്‍ വീട്ടുകാര്‍ നോക്കിയില്ലാന്നു കരുതും' എന്ന പറച്ചില്‍. പ്രസവരക്ഷ ചെയ്തത് ശരിയില്ല എന്ന് നാട്ടുകാരെങ്ങാന്‍ കരുതുമോ എന്ന അമിതശ്രദ്ധ, ഒന്നു തടിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍. അങ്ങനെ, നെയ്യില്‍ പുരണ്ട ലേഹ്യങ്ങളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഒക്കെ അടിച്ചു കയറ്റിച്ച് എല്ലാരും കൂടെ ഒന്ന് ഒത്തുപിടിക്കും. 

ഇതിന്റെ എല്ലാം ആകത്തുകയാണ് ആദ്യം പറഞ്ഞ കമന്റിന് കാരണമായേക്കാവുന്ന അമിതവണ്ണവും, വയറും ടയറുമെല്ലാം. 

എന്നാല്‍ ചിലരുടെ ശരീരപ്രകൃതി വ്യത്യസ്തമാകും. എത്ര കഴിച്ചാലും എത്ര പ്രസവിച്ചാലും ഒര മാറ്റവും കാണില്ല. 18, കൂടിയാല്‍ 20 വയസ്സ്. അത്രയേതോന്നൂ. അങ്ങനെയുള്ളവരെ  ഒന്ന് തടിപ്പിക്കാത്തതിന്റെ സര്‍വ്വ ദണ്ണവും കാണും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും. 

ഇനി മൂന്നു കൂട്ടരെ കുറിച്ചു കൂടി പറയാനുണ്ട്. അവര്‍ക്കു വേണ്ടിയല്ല ഇനി പറയാനുള്ള കാര്യങ്ങള്‍. 

അതിലാദ്യത്തെ കൂട്ടരുടെ ദീര്‍ഘനിശ്വാസം ഇങ്ങനെയായിരിക്കും: 

''ഓ..ഇങ്ങനെ ഒക്കെ അങ്ങു പോട്ടെന്നേ, ഒരു പ്രസവമൊക്കെ കഴിഞ്ഞു. ഇനി ഇപ്പോ ഐശ്വര്യ റായിയെ പോലെ ഇരുന്നിട്ട് ലോകസുന്ദരി മത്സരത്തിനൊന്നും പോണില്ലല്ലോ''

രണ്ടാമത്തെ പാര്‍ട്ടി ഇങ്ങനെ കോട്ടുവാ ഇടും: 

'കഷ്ടപ്പെട്ട് വച്ച വണ്ണം ഒക്കെ ഒന്ന് കുറച്ചു വരുമ്പോ, അടുത്ത കുഞ്ഞിനുള്ള സമയം ആവും. പിന്നെ എന്തിനാ ഇങ്ങനെ പാടുപെടുന്നേ....''

ബോഡിഷെയിമിംഗിനോട് 'പോയി പണിനോക്ക്' എന്നു പറയുന്ന ബോള്‍ഡ് ആയ സ്ത്രീകളാണ് മൂന്നാമത്തെ വിഭാഗം. അബഹുമാനത്തോടെ കാണുന്ന ഈ വിഭാഗത്തിന്റെ സംസാരം ഇങ്ങനെയാവും: 

''എന്റെ വണ്ണം, എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം. നിങ്ങള്‍ക്ക് അതില്‍ വോയിസ് ഇല്ല''

ആദ്യമേ പറയട്ടെ, ഈ മൂന്ന് കൂട്ടരും ഇനി ഞാാന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ക്ക് പുറത്താണ്. അവര്‍ ഇതുക്കും മേലെയാണ് എന്ന് മറ്റൊരു ഭാഷയില്‍ പറയാം. അമിത വണ്ണത്തില്‍  സ്വയം അപകര്‍ഷത തോന്നിയോ, ആരോഗ്യത്തിനായി വണ്ണം കുറയ്ക്കണം എന്ന് സ്വയംബോധ്യത്തില്‍ നിന്നോ ഏതെങ്കിലും ബാഹ്യ ശക്തികളുടെ സ്വാധീനംകൊണ്ടോ (ഭര്‍ത്താവ്,
സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍) സ്വയം ന്യായീകരിച്ചു മടുത്തിട്ടോ, പ്രസവ ശേഷം ഭാരം കുറയ്ക്കണം എന്ന ലക്ഷ്യത്തിനായി ശ്രമിച്ചു നോക്കിയിട്ടുള്ള, ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഇനി ശ്രമിക്കാനിരിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടി മാത്രമാണ് ഇനി പറയുന്ന കാര്യങ്ങള്‍. 

 

speak up body shaming pf women after delivery

 

കുഞ്ഞിന് ഏതാണ്ട് 1-2 വയസ്സ് ആകുന്നത് വരെ, സ്വന്തം ശാരീരിക മാറ്റങ്ങളെ  കുറിച്ച് ഒരു പരിധിവരെ ആരുമങ്ങനെ ആകുലപ്പെടാറില്ല. കാരണം നിലത്തൊന്നു നില്‍ക്കാന്‍ സമയം കിട്ടിയിട്ട് വേണ്ടേ, കണ്ണാടിയില്‍ ശരിക്കൊന്ന് കാണാന്‍. സമാധാനം ആയൊന്ന് കുളിക്കാനോ, വാഷ്റൂമില്‍ പോകാനോ പോലും നേരം തികയാത്ത ശിശുപരിപാലന കര്‍മ്മ പരിപാടിയ്ക്ക് ഇടയ്ക്ക് ഇതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? പാലൂട്ടലും, കൊച്ചിനെ നോട്ടവും പിറകെയുള്ള ഓട്ടവും ഒക്കെ കൊണ്ട് പലരുടേയും വണ്ണം ഈ ഒരു കാലയളവില്‍ പൂര്‍വസ്ഥിതിയില്‍ ആയേക്കാം. അടിഞ്ഞ കൊഴുപ്പൊക്കെ കത്തി പോയേക്കാം. എന്നാല്‍ എത്ര ഓടിയാലും കാര്യമായി ഒരു ചുക്കും ശരീരത്തിന് സംഭവിക്കാത്ത സ്ത്രീകളുമുണ്ട്. അവര്‍ക്കൊക്കെ എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്നു നോക്കാം.'

 

1. പ്രസശേഷം വന്ന ശാരീരിക മാറ്റങ്ങളെ അംഗീകരിക്കുക.
 
ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിച്ചതിന്റെ അവശേഷിപ്പായി നിങ്ങളുടെ ശരീരത്തില്‍ വന്ന ആ മാറ്റങ്ങളെ പോസിറ്റീവ് ആയി  ഉള്‍ക്കൊള്ളുക. 

2. സ്വയം പരിഹാസം ആവശ്യമില്ല

ആരോഗ്യകാരണങ്ങള്‍ മുന്‍നിറുത്തിയും, സ്വന്തം ആത്മവിശ്വാസം നിലനിര്‍ത്താനും അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ പരിഹസിക്കേണ്ട ഒന്നും ഇല്ല എന്നു സ്വയം മനസ്സിലാക്കുക.

3. ഗര്‍ഭകാലത്തേ ശ്രദ്ധിക്കുക

വാരിവലിച്ചു കഴിക്കാതെ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷകസമൃദ്ധമായ ഡയറ്റ് ഫോളോ ചെയ്യുക. ആവശ്യത്തിന് മാത്രം തൂക്കം കൂട്ടുക. മുലയൂട്ടുന്ന സമയത്ത് ആവശ്യമായ എക്‌സ്ട്രാ കലോറീസിന് വേണ്ട ഭക്ഷണം മാത്രം കഴിക്കുക. ഇതിനു ഗൈനെക്കോളജിസ്റ്റിന്റെയും ന്യൂട്രിഷന്റെയും ഒക്കെ ഉപദേശനിര്‍ദേശം തേടാം. 

4. ദൈനംദിന ജോലികള്‍ മുടക്കാതിരിക്കുക

സാധാരണ ഗര്‍ഭാവസ്ഥയില്‍ ദൈനംദിന ജോലികള്‍ ചെയ്യാവുന്നതാണ്. ഒപ്പം, ഓണ്‍ലൈന്‍ ആയി അറ്റന്‍ഡ് ചെയ്യാവുന്ന
പ്രീനേറ്റല്‍ യോഗ, സുമ്പ ക്ലാസ് ഒക്കെ കണ്ടെത്താനും ചെയ്യാനും ശ്രമിക്കുക. ആക്റ്റീവ് ആയ ശരീരത്തില്‍ സുഖപ്രസവത്തിനു സാധ്യത കൂടുതല്‍ ആണ് .

5. 'പ്രസവരക്ഷ' 'പ്രസവശിക്ഷ' ആവാതെ നോക്കുക

പ്രസവരക്ഷക്ക് എന്ന പേരില്‍ പ്രസവശേഷം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഭക്ഷണസാധനങ്ങളെ ജാഗ്രതയോടെ കാണുക. ശരീരത്തിന് ആവശ്യം ഉള്ളവ മാത്രം സപ്ലിമെന്റ് ചെയ്യുക. നെയ്യ് ചേര്‍ക്കാത്ത ലേഹ്യങ്ങള്‍, പ്രസവ രക്ഷ മരുന്നുകള്‍  ഒക്കെ വാങ്ങാന്‍ കിട്ടും. അവ കണ്ടെത്തി തെരഞ്ഞെടുക്കുക. ഒരു സ്വിച്ച് ഇട്ടാല്‍ ദഹിപ്പിക്കാനാവില്ല  കലോറിയെ എന്നു മറക്കാതെ ഇരിക്കുക.

6. ഫിസിക്കല്‍ ആക്ടിവിറ്റി പ്ലാന്‍ ചെയ്യുക.

പ്രസവാനന്തരം ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോവുമ്പോള്‍ വിസിറ്റിനു പോകുമ്പോള്‍ ഫിസിക്കല്‍ ആക്ടിവിറ്റിയുടെ കാര്യം ചോദിച്ചു മനസ്സിലാക്കുക. നടക്കുക, സ്റ്റെപ് കയറി ഇറങ്ങുക എന്നിവയൊക്കെ മനസ്സുണ്ടെങ്കില്‍ ചെയ്യാവുന്നതേ ഉള്ളു. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞവര്‍ക്ക് ചില വ്യായാമങ്ങള്‍ ഒരു സമയപരിധി കഴിഞ്ഞേ ചെയ്യാന്‍ സാധിക്കു. ബ്രസാവാനന്തരം വണ്ണം കുറയ്ക്കാനുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് സുലഭമാണ്. നിങ്ങളുടെ സമയത്തിനും ,കുഞ്ഞിന്റെ
സൗകര്യത്തിനും വീട്ടിലെ സാഹചര്യത്തിനും ചേര്‍ന്നു പോകുന്ന കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക.

7. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മനസ്സില്‍ കാണുക

ഞാന്‍ ഇപ്പോ മലമറിക്കും എന്ന് കരുതാതെ, ജീവിതാവസാനം വരെ കൊണ്ടു പോകാവുന്ന ഭക്ഷണ മാറ്റങ്ങളും, ജീവിതരീതി വ്യതിയാനങ്ങളും വ്യായാമങ്ങളും ശീലിക്കുക. അപ്രാപ്യമായ ലക്ഷ്യങ്ങള്‍ മനസ്സില്‍കണ്ട് നിരാശരാകാതെ പ്രായോഗികമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ചിട്ടയോടുള്ള നിത്യേനെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ലക്ഷ്യം കാണാന്‍ മാസങ്ങളോ വര്‍ഷങ്ങളോ ഒക്കെ എടുത്തേക്കാം.

8. പോസിറ്റീവായിരിക്കുക

ഇതിനൊക്കെ ഇടയില്‍, ആകെ വീര്‍ത്തല്ലോ, ചീര്‍ത്തല്ലോ, പൊട്ടാറായല്ലോ എന്നൊക്കെ ഉള്ള കമന്റുമായി വന്നാല്‍ 'പോയി  പണി നോക്കു മനുഷ്യരെ' എന്ന് മനസ്സില്‍ അങ്ങ് പറഞ്ഞേക്കുക. വിട്ടു കൊടുക്കാതെ ശ്രമങ്ങള്‍ തുടരുക. മനസ്സിലുള്ള ലക്ഷ്യത്തില്‍ നിങ്ങള്‍ എത്തി ചേരുമെന്ന് ഉറപ്പിക്കുക.

Follow Us:
Download App:
  • android
  • ios