ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
അന്നൊക്കെ വീട്ടില്‍ അരിയുടെ ആവശ്യം നല്ലോണമുണ്ട്. ആവശ്യത്തിനുള്ള വിഭവങ്ങളും കുറവാണ്. നാട്ടിലെ സംഘടനകളും മറ്റുള്ള സമ്പന്നരായ ചിലരും റിലീഫ്കിറ്റ് വിതരണം ചെയ്യും. ഞാനും അജുവും അങ്ങനെ കുറേ റിലീഫ് കിറ്റുകള്‍ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

സത്യത്തില്‍ എനിക്കത് തീരെ ഇഷ്ടമല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, എന്റെ ഉമ്മ കൈനീട്ടി ആരില്‍ നിന്നും ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല..
എന്നാല്‍, ആരെങ്കിലും ഞങ്ങളുടെ കയ്യില്‍ തന്ന് അത് വീട്ടില്‍ കൊണ്ടെത്തിക്കുമ്പോള്‍ എനിക്കത് അത്ര സങ്കടമായി തോന്നാറില്ല. പക്ഷെ ആരെങ്കിലും സഹായങ്ങള്‍, റിലീഫ് കിറ്റുകള്‍ ഒക്കെ നേരിട്ട് ഉമ്മാക്ക് കൊടുക്കുമ്പോള്‍ സങ്കടമാണ്.

ജോലിയും വരുമാനവുമില്ലാത്ത കാലമായിട്ടും അങ്ങനെയൊരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു, എല്ലാ കാലത്തും.

പള്ളി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍, നാട്ടിലെ നല്ലൊരു സംഘടന മാന്യമായി റിലീഫ് കിറ്റ് വിതരണം നടത്തി എന്റെ വീട്ടില്‍ നിന്നും വരുന്ന കാഴ്ച ഇന്നും കണ്ണില്‍ തെളിവോടെ നനവോടെ കിടപ്പുണ്ട്. വീട്ടിലെത്തുമ്പോള്‍ ഉമ്മാടെ മുറിയിലെ പഴയൊരു അണ്ടാവുണ്ട് (ഒരു വലിയ പാത്രം) അതില്, കിട്ടിയ അരി സൂക്ഷിച്ചു വെക്കുന്ന തിരക്കിലാകും മൂപ്പത്യേര് മിക്കപ്പോഴും.

'രണ്ടോട്ത്ത്ന്നുംകൂടി കിട്ടിയാല്‍ രണ്ടാഴ്ച്ചത്തേക്കുള്ള അരിണ്ടാവും.. ബാക്കി നോക്കിയാ മതീലോ'-ഉമ്മ സ്വയം പിറുപിറുക്കും.

ഉമ്മാടെ കൈകള്‍ താഴ്ന്ന് നില്‍ക്കുന്ന കാഴ്ച സത്യത്തില്‍ എനിക്ക് സങ്കടമാണ്. ആ നാട്ടില്‍ ഞങ്ങളെക്കാള്‍ ദാരിദ്ര്യവും കഷ്ടപ്പാടും ബുദ്ധിമുട്ടും ഉള്ള കുടുംബങ്ങള്‍ ഉണ്ടായിരുന്നിട്ട് കൂടി, അവരൊക്കെ റിലീഫ് വാങ്ങുന്നത് കാണുമ്പോള്‍ തോന്നാത്ത ഒരു സങ്കടം ഉമ്മാടെ കൈകള്‍ താഴ്ന്ന് നില്‍ക്കുമ്പോള്‍ ചങ്കില്‍ കോറും.

പള്ളികഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോള്‍ ഇടക്ക് കേള്‍ക്കുന്നൊരു വാക്കുണ്ട്-'ഡാ മോനേ, അവിടെ നില്‍ക്ക്...ഇതേയ് ഉമ്മാക്ക് കൊടുക്ക്.. ചൂലിന്റെ കാശാണ്'

അത് വാങ്ങി നടക്കുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ അഭിമാനമായിരുന്നു. എന്റെ ഉമ്മ കഷ്ടപ്പെട്ട് ഓല കീറി ചൂലുണ്ടാക്കി വിറ്റതിന്റെ കൂലിയാണ് ഇതെന്നഅഭിമാനം. റിലീഫ് കിറ്റ് വാങ്ങുമ്പോള്‍ ആ അഭിമാനത്തിന്റെ ചങ്ക് പിടിച്ച് ആരോ പൊക്കുന്നപോലെ ഒരു പിടച്ചിലാണ്.

ഇല്ലാത്ത വീട്ടിലെ റിലീഫ് കിറ്റ് കാഴ്ചകള്‍ ഏതാണ്ട് ഒരുപോലൊക്കെയാവും.

വിളിച്ചുകൊണ്ടുപോയി വലിയ ഓഡിറ്റോറിയത്തിന്റെ സ്‌റ്റേജില്‍ കയറി കിറ്റ് വാങ്ങി വന്ന ദിവസം ഞാനും ഉമ്മയും ഉഗ്രന്‍ വഴക്ക് നടന്നിട്ടുണ്ട്. അന്ന് ഉമ്മാക്ക് എന്നോട് തോന്നിയത് ദേഷ്യമാണോ സ്നേഹമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്റെ ഉമ്മാനെ സ്‌റ്റേജില്‍ കയറ്റി കൈകള്‍ താഴ്ത്തിച്ച ആ റിലീഫ് കിറ്റുകള്‍ എനിക്കിപ്പോഴും ഇഷ്ടമല്ല.

അതിന്റെ ഓരി തിന്ന് വീര്‍ത്ത പള്ളയാണെങ്കിലും മറ്റുള്ളവര് കാണേ, ഇല്ലാത്തവന്റെ താഴ്ന്ന കൈകള്‍ കാണുമ്പോള്‍ ഇപ്പോഴും അതേ നോവുണ്ട്. അന്നത് ഉമ്മായോട് മാത്രമേ തോന്നിയുള്ളൂ. ഇന്ന് അങ്ങിെനെ താഴുന്ന ഓരോ കൈകളും ഉമ്മയുടെതാണെന്ന് തോന്നിപ്പോകും.

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്. കൊറോണക്കാലമാണ്. ദുരിതത്തിലായ പാവങ്ങളുണ്ട്. പട്ടിണിയിലായ കുടുംബങ്ങളുണ്ട്. സഹായം നല്‍കാന്‍ സന്നദ്ധരായ നല്ല മനുഷ്യരും സംഘടനകളുമുണ്ട്. നന്‍മ നിറഞ്ഞ ആ മനസ്സ് അംഗീകരിച്ചുകൊണ്ടുതന്നെ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. സഹായം കൊടുക്കുമ്പോള്‍ ദയവു ചെയ്ത് നിങ്ങളത് സെല്‍ഫിയാക്കരുത്. മറ്റുള്ളവര്‍ക്ക് പ്രചോദനം എന്ന ന്യായീകരണം വെച്ച്, ആ ഫോട്ടോകള്‍ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും നിറയ്ക്കരുത്.

നിങ്ങടെ മൊബൈല്‍ ഗാലറിയില്‍ ആ മനുഷ്യരുടെ നിസ്സഹായമായ താഴ്ന്ന മുഖങ്ങളും  നിങ്ങളുടെ ഉയര്‍ന്ന മുഖവും കാണുമ്പോള്‍ എന്തുതരം സന്തോഷമാണ് നിങ്ങള്‍ക്ക് തോന്നുക എന്നൊരു ചോദ്യമാണ് അതനുഭവിച്ചവന് ചോദിക്കാനുള്ളത്.

പടച്ചോന്റെ പുസ്തകമുണ്ടല്ലോ, അതിലൊരു പേജുണ്ട്. വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയാതെ സൂക്ഷിച്ചവരുടെ പേരുകളും അവരെക്കുറിച്ചുള്ള പുകഴ്ത്തലുകളും എഴുതിയൊരു പേജ്. അതിലെ സ്നേഹമുള്ള പേരുകളാവുക. അതിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ മത്സരിക്കുക. നിങ്ങള്‍ക്കത് നിങ്ങളറിയാത്ത ഗുണമായി വന്നു  ചേരുകതന്നെ  ചെയ്യും.

വിശപ്പുണ്ടല്ലോ., പട്ടിണിയുണ്ടല്ലോ, അതൊക്കെ മൂന്നും നാലും അഞ്ചും തവണ ഒരാള്‍ക്ക് സഹിക്കാനും ക്ഷമിക്കാനും കഴിയുമായിരിക്കും. പക്ഷെ അഭിമാനമുണ്ടല്ലോ, ആത്മാഭിമാനം. അത് നഷ്ടപ്പെടുന്നത് തൊണ്ടക്കുഴിയില്‍ നിന്ന് ആത്മാവ് കുത്തിവലിച്ചെടുക്കുന്നതിന് സമാനമാണ്.

അന്നനുഭവിച്ച നോവ് ഇനിയെവിടെയും എഴുതില്ല എന്ന് ഉറപ്പിച്ചതാണ്. പക്ഷെ എത്രയൊക്കെ ആരൊക്കെ   പറഞ്ഞിട്ടും റിലീഫ് വിതരണത്തിലെ സെല്‍ഫിക്കും ഫോട്ടോ പോസിനും ഇന്നും അതേ മാര്‍ക്കറ്റ് തന്നെയാണ്. എത്ര റിലീഫ് കിറ്റ് വിതരണ സെല്‍ഫികള്‍ നിങ്ങള്‍ക്ക് കാണിക്കാനാവും, കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേപോലെ ഒരേ സന്തോഷത്തില്‍ ചിരിക്കുന്നത്? ഒരുപോലെ ഫോട്ടോക്ക് പോസ് ചെയ്യുന്ന മുഖങ്ങള്‍ അങ്ങനെ  എത്രയെണ്ണം ഉണ്ടാകും. ഒന്ന് പോലും ഉണ്ടാകില്ല. വാങ്ങുന്നവന്റെ മനസ്സിലെന്തെന്ന്  വാങ്ങിയവരോട് ചോദിക്കൂ. പിന്നീട് എത്ര സമ്പത്ത് ഉണ്ടായി, കൊടുത്ത് തുടങ്ങിയാലും അവരത് സെല്‍ഫികളാക്കില്ല. കാരണം അവര്‍ക്കറിയാം, അന്ന് താഴ്ന്ന കൈകളുടെയൊപ്പം കുനിഞ്ഞ മുഖത്തോടൊപ്പം ആത്മാഭിമാനത്തിനേറ്റ ക്ഷതം.

ചാരിറ്റി അങ്ങനെയാണ് ചെയ്യേണ്ടത്. നാലാളും നാല്‍പ്പതാളും അറിയേണ്ട ആവിശ്യമേയില്ല. അതിന്റെ പ്രതിഫലം നിങ്ങളേത്തേടി വരുന്നത് ആരെയും അറിയിച്ചിട്ടുമാവില്ല.

ചില ചാരിറ്റി പിരിവുകളില്‍ നിങ്ങള് കണ്ടിട്ടുണ്ടായിരിക്കും പേരുവെളിപ്പെടുത്താത്ത ഒരാളുടെ വക പതിനായിരം എന്നൊക്കെ. അതിന്റെ ചേല് മറ്റെന്തിനാണ് ഉള്ളത്?  അവരൊരു അദൃശ്യമായ അടയാളം മാത്രമാണ് വെക്കുന്നത്. അതിന്റെ സന്തോഷം മുഴുവനായും വലിച്ചെടുത്താണ് അവര്‍ മറ്റുള്ളവരെ പിന്നിലാക്കുന്നത്.

മാന്യമായി ചാരിറ്റിയും റിലീഫും നടത്തുന്ന എത്രയോ നല്ല മനുഷ്യരുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നവര്‍. അവരെയൊന്നും നോവായി ഒരു വാക്ക് കൊണ്ടുപോലും ഇതിലൂടെ തൊടുന്നില്ല. ദയാവായ്പുകളും ദാനകര്‍മ്മങ്ങളും ആഘോഷിക്കുന്നവരോട് മാത്രമാണ് ഇതൊക്കെ പറഞ്ഞത്.

ഞങ്ങടെ നാട്ടിലൊരു മുത്തു ഹാജിയുണ്ട്.  എന്റെ ഉമ്മയൊക്കെ പറയാറുണ്ട്, ഒരുപാട് സഹായിച്ചിട്ടുണ്ട് ആ മനുഷ്യനെന്ന്. ചിലരങ്ങനെയാണ്, അവരേ അറിയൂ, അവര് കൊടുക്കുന്നതും പോകുന്നതും. അങ്ങനെയുള്ള കൈകളെ ഞാനീ എഴുത്ത് കൊണ്ട് ചുംബിക്കുകയാണ്.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം