Asianet News MalayalamAsianet News Malayalam

കെട്ടുപ്രായം കൂട്ടുന്നതിന് ദണ്ണപ്പെടുന്നവര്‍ ഈ അനുഭവങ്ങള്‍ കേള്‍ക്കണം!

എനിക്കും ചിലത് പറയാനുണ്ട്. വിവാഹപ്രായം: ഈ ജീവിതങ്ങള്‍ കണ്ടുനോക്കൂ! .ജമി ഫിറോസ് എഴുതുന്നു

Speak up jami Firos on age of marriage controversy
Author
Thiruvananthapuram, First Published Dec 20, 2021, 2:55 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up jami Firos on age of marriage controversy

 

വിവാഹ പ്രായം 21 ആക്കുന്നതിനെ എന്തു കൊണ്ട് പിന്തുണക്കുന്നു എന്ന്  പലരും ചോദിച്ചു. 

അതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമേ ഉള്ളില്‍ വന്ന ചിലതുണ്ട്. 

പത്താം ക്ലാസ്സ് തൊട്ട് വരുന്ന കല്യാണ  ആലോചനകള്‍. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ വന്ന കല്യാണ ആലോചന ഒഴിവാക്കാന്‍ കരഞ്ഞും പട്ടിണി കിടന്നും വാശിപിടിച്ച ഞാന്‍. കല്യാണം കഴിഞ്ഞും പഠിക്കാലോ എന്ന ഒഴുക്കന്‍ ന്യായീകരണത്തിന് അപ്പുറം ഒന്നുമാവാതെ പോയ എന്റെ ആ വാശി. 'എന്റെ കല്യാണം ആണ് ടീച്ചറെ, പക്ഷെ എനിക്ക് പഠിക്കണം, ഞാനിനി വീട്ടില്‍പോവൂല്ല' എന്ന് കരഞ്ഞു പറഞ്ഞ  കൂട്ടുകാരി. 

+2 കഴിഞ്ഞ ഉടനെ കല്യാണം കഴിഞ്ഞെങ്കിലും  ആശിച്ചും മോഹിച്ചും ഡിഗ്രി ക്ക്  ചേര്‍ന്ന് ഒരു മാസത്തിനകം പ്രെഗ്‌നന്‍സിയും അതിന്റെ ബുദ്ധിമുട്ടുകളും ആയി പഠനം നിന്ന് പോയ എന്നെ തന്നെ ആണ് ഓര്‍മ്മവരുന്നത്.  പിന്നീട് മോന് രണ്ടു വയസ്സായപ്പോ  അണയാതെ കിടന്ന പഠനം. ജോലി എന്ന ആഗ്രഹം സാധിക്കാന്‍ ഒരുപാട് വാശി പിടിച്ച് രണ്ടാമതും ഡിഗ്രി ക്ക് ചേര്‍ന്ന മൂന്നു വര്‍ഷത്തെ ആ ഗ്യാപ് കാരണം വന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ കഷ്ട്ടപ്പെട്ട എന്നെ.

 

........................................

Read more: 18-ലെ വിവാഹത്തിന്റെ മാഹാത്മ്യം പറഞ്ഞ് ഇങ്ങോട്ടുവന്നാല്‍ ചൂലെടുത്ത് മോന്തക്കടിക്കും
........................................

 

കുഞ്ഞിനെ നോക്കാതെ ഓള് പഠിക്കാന്‍ പോവാന്ന് ഒളിഞ്ഞും തെളിഞ്ഞും കേട്ട ആക്ഷേപങ്ങള്‍. പെണ്ണിനെ പഠിപ്പിച്ചാല്‍ ഓള്‍ക്ക് അഹങ്കാരം കൂടും, പിടിച്ചാ കിട്ടൂല എന്നിങ്ങനെ വന്ന വാണിങ്ങുകള്‍. രണ്ടാമത്തെ ഗര്‍ഭധാരണത്തെ തുടര്‍ന്ന് എഴുതാനാകാതെ പോയ ഡിഗ്രിയുടെ അവസാന സെമസ്റ്റര്‍ എക്‌സാം പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും എഴുതി എടുത്ത എന്റെ കഷ്ടപ്പാടുകള്‍. എല്ലാം കഴിഞ്ഞ് മക്കള്‍ ഒക്കെ വലുതായീന്ന് തോന്നിയപ്പോ പിന്നേം പിജിക്ക് ചേര്‍ന്ന് നാല് വര്‍ഷ ഇടവേള കാരണം ചക്രശ്വാസം വലിക്കുന്ന എന്നെത്തന്നെയാണ് ഇപ്പോഴും ഞാനോര്‍ക്കുന്നത്. 

വിവാഹപ്രായം 21 ആക്കുന്നതിനെ സപ്പോര്‍ട് ചെയ്യാന്‍ എനിക്ക് എന്റെ ജീവിതത്തിനുമപ്പുറം  വേറെ കാരണങ്ങള്‍ ഒന്നും ആവശ്യമില്ല.

നിന്റെ ജീവിതം മാത്രം മതിയോ, അത്തരമൊരു നിലപാട് എടുക്കാന്‍ എന്നാണ് ചോദിക്കുന്നതെങ്കില്‍ അതിനുമുണ്ട് മറുപടി. 

ഞാന്‍ ആദ്യമായി ഒരു സഹപാഠിയുടെ കല്യാണത്തിന് പോവുന്നത് ഒമ്പതാം ക്ലാസിലാണ്, 2007ല്‍. ആ വിവാഹത്തോടെ ആ കൂട്ടുകാരിയുടെ പഠനം അവസാനിച്ചു. അധികം വൈകാതെ അവള്‍ അമ്മയുമായി.  

ഞാന്‍ പഠിച്ചിരുന്നത് ഒരു ഗേള്‍സ് ഒണ്‍ലി സ്‌കൂളിലായിരുന്നു. പത്താം ക്ലാസ്സിലെത്തിയതോടെ എന്റെ ക്ലാസ്സിലും അടുത്ത ക്ലാസ്സുകളിലും ഒക്കെ ആയി നിക്കാഹ് കഴിഞ്ഞ കുട്ടികള്‍ ഉണ്ടായിരുന്നു. അവരില്‍,  വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വരുന്നവരും ഉണ്ടായിരുന്നു.

അവരെല്ലാം പതിനഞ്ചോ പതിനാറോ കൂടിപ്പോയാല്‍ പതിനേഴോ വയസ്സ് മാത്രം പ്രായം ഉള്ളവരായിരുന്നു.  അതില്‍ തന്നെ ഗര്‍ഭധാരണവും അതിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി പഠനം നിര്‍ത്തിയവരും നിരവധി. അതിനെല്ലാമുപരി ഈ അടുത്ത് ഏഴാം ക്ലാസില്‍ കൂടെ പഠിച്ചവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ അന്നത്തെ ഇരുപതു പെണ്‍കുട്ടികളില്‍ 15 പേരും പത്ത്, പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകളില്‍ നിന്ന് വിവാഹം കഴിഞ്ഞവരാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും അന്ന് പഠിക്കാന്‍ കഴിയാതെ പോയതിലുള്ള സങ്കടം മാത്രേ പറയാനൊള്ളൂ. ഇതൊന്നും ഒരു  മുപ്പതോ നാല്‍പതോ കൊല്ലം മുന്‍പ് ഒന്നും സംഭവിച്ചതല്ല. വെറും 10-11 വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ചതാണ്.

അന്നത്തെ വിവാഹ കമ്പോളത്തിന്റെ ഒരു ഏകദേശ സ്ഥിതി കേള്‍ക്കണോ? അന്ന് കേട്ടിരുന്ന ഈ പറച്ചിലുകള്‍ കേള്‍ക്കൂ..

പത്താം ക്ലാസ്സ് ആണെങ്കില്‍, 'പത്തില്‍ ആണോ എന്നാലും കുഴപ്പമില്ല.'

പ്ലസ് വണ്‍ ആണെങ്കില്‍, 'ഏകദേശം റെഡി ആണ്'

പ്ലസ് ടു ആണെങ്കില്‍, കെട്ടിക്കാനും കെട്ടാനും പറ്റിയ കറക്ട്് പ്രായം.'

ഡിഗ്രി തൊട്ട് മേലോട്ട ആണെങ്കില്‍, 'പ്രായം കൂടിവരുന്നു'. 'മൂപ്പ് കൂടികൊണ്ടിരിക്കുന്നു എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം'

ഞങ്ങളുടെ നാടുകളെ സംബന്ധിച്ച് ഈ ഒരു സ്ഥിതിയില്‍ ഹിന്ദു - മുസ്ലിം വേര്‍തിരിവ് ഒന്നും ഇല്ലായിരുന്നു. പക്ഷെ മുസ്ലിങ്ങളില്‍ ഇത് അല്പം കൂടുതലും ആയിരുന്നു.

എന്റെ വിവാഹ സമയത്തും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 തന്നെ ആയിരുന്നു. പക്ഷെ നിയമം ഒട്ടും കര്‍ശനം അല്ലായിരുന്നു. അതുകൊണ്ട് തന്നെ പതിനാറില്‍ വിവാഹം ഉറപ്പിച്ചു. പതിനേഴില്‍ കെട്ടും കഴിഞ്ഞു. രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞാണ് ശൈശവ വിവാഹ നിരോധന നിയമം ഇന്ന് കാണുന്ന നിലയില്‍ എങ്കിലും കര്‍ശനമായത്. 

എന്നിട്ടും എന്റെ കുടുംബത്തിലെ പെണ്‍കുട്ടികളൊന്നും പ്ലസ് ടുവിന് അപ്പുറം കടന്നിട്ടില്ല. പഠിക്കാന്‍ മോശമായ ഒരൊറ്റ ആള് പോലും അതില്‍ ഇല്ലായിരുന്നു.  പ്ലസ് ടുവിന്  85-90 ശതമാനത്തിനും മുകളില്‍ മാര്‍ക്കും ഫുള്‍ A+ ഉം ഒക്കെ വാങ്ങി വിജയിച്ചവരായിരുന്നു എല്ലാവരും.

നിയമം കര്‍ശനമായതില്‍ പിന്നെ പതിനാറിലും പതിനേഴിലും കെട്ടിക്കാന്‍ ധൃതിപിടിച്ചിരുന്നവര്‍ പതിനെട്ടിലേക്ക് മാറ്റിപ്പിടിച്ചു. അതു കൊണ്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കാം എന്ന സ്ഥിതി വന്നു.

പതിനേട്ടാവുന്നതിനും മാസങ്ങള്‍ക്കു മുന്നേ കല്ല്യാണ ആലോചനകള്‍ തകൃതി ആയിരിക്കും. പതിനെട്ടാവുന്നതിന്റെ പിറ്റേ ദിവസം കല്ല്യാണം. പെണ്ണിന് പതിനെട്ടായിട്ടില്ല, അതോണ്ട് രണ്ടു മാസം കൂടി കഴിഞ്ഞേ കല്യാണം ഉള്ളൂ എന്ന വിശേഷം പറച്ചിലുകള്‍ എത്രതവണ കേട്ടിട്ടുണ്ട്. പതിനെട്ടിന് മുമ്പേ ആരും അറിയാതെ നിക്കാഹ് നടത്തുന്ന വിരുതന്മാരും വേറെ.

വിവാഹപ്രായം 21 ആകും എന്ന പ്രഖ്യാപനം വന്ന സമയത്ത് നാട്ടില്‍ നടന്ന കല്യാണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. നിയമം വന്ന് പിന്നെ 21 ആവാന്‍ കാത്തിരിക്കാന്‍ വയ്യാത്ത, രണ്ടോ മൂന്നോ കൊല്ലം കൂടി സ്വന്തം മകളെ സ്വന്തം വീട്ടില്‍ പോറ്റാന്‍ പറ്റാത്ത രക്ഷിതാക്കള്‍. 

ഒരു പെണ്‍കുട്ടി മാനസികമായും ശരീരികമായും വിദ്യാഭ്യാസം കൊണ്ടും  പക്വത എത്തുന്ന പ്രായത്തില്‍ ഒക്കെ മതി കല്യാണം. എപ്പോള്‍ വിവാഹം കഴിക്കണമെന്നതില്‍ ഒരു പ്രായപൂര്‍ത്തിയായ  പെണ്‍കുട്ടിയുടെ തീരുമാനത്തിലെ കൈകടത്തല്‍ എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ പുരുഷന്റെ പ്രായം 21 ആക്കിയപ്പോള്‍ അവന്റെ തീരുമാനവും അവകാശവും ഒക്കെ ഏത് മാളത്തില്‍ ആയിരുന്നു ആവോ!

Follow Us:
Download App:
  • android
  • ios