Asianet News MalayalamAsianet News Malayalam

Age Of Marriage : വിവാഹപ്രായം കൂട്ടിയാല്‍ ആകാശം പൊട്ടിവീഴുമോ?

എനിക്കും ചിലത് പറയാനുണ്ട്. വിവാഹപ്രായം കുറക്കേണ്ടത് ആരുടെ ആവശ്യമാണ്.  ജൗഹറ മുഹമ്മദ് എഴുതുന്നു

Speak up Jouhara Muhammad  on age of marriage controversy
Author
Thiruvananthapuram, First Published Dec 23, 2021, 1:58 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up Jouhara Muhammad  on age of marriage controversy

 

ജനിച്ചതുതന്നെ കല്യാണം കഴിക്കാനാണ് എന്ന ലൈനിലായിരുന്നു ഞങ്ങളുടെയെല്ലാം ജീവിതം. മൂന്ന് പെണ്‍മക്കള്‍ ആയതോണ്ട് കാണുന്നവരുടെയെല്ലാം സഹതാപം, എന്താകും എന്ന ആശങ്ക, അത്ര മൊഞ്ച് ഒന്നും ഇല്ലാത്തോണ്ട് ആരെങ്കിലും ചോദിച്ച് വരാനുള്ള സാധ്യത ഇല്ലായ്മ, അങ്ങനെ പറഞ്ഞ് നോക്കിയാല്‍ നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടാനുള്ള എല്ലാ വകുപ്പും ഉണ്ടായിരുന്നു. 

18 കഴിഞ്ഞും കോളേജില്‍ പോയപ്പോ എന്റെ അടുത്ത ബന്ധു ചോദിച്ചത്, മൂത്തയാളെ നിര്‍ത്തി ഇളയ ആളെ കെട്ടിക്കുമോ എന്നാണ്. പോരാത്തതിന് വയസ്സ് കൂടിയാല്‍ കുറയുന്ന ഗ്ലാമറും എല്ലാവരുടേം പേടിസ്വപ്നം ആയിരുന്നു.

ഇതിനു പുറമെ കാണുമ്പോ കാണുമ്പോ, കല്യാണം ഒന്നും ആയില്ലേ എന്ന് ചോദിച്ചു സൈ്വര്യം  കെടുത്തുന്ന, ഒക്കത്ത് കുഞ്ഞുങ്ങള്‍ ഉള്ള സമപ്രായക്കാര്‍. നാലാം വര്‍ഷം അവസാനം കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിച്ചു, കൂടെ നാട്ടുകാരും. കല്യാണത്തിന്റെ ഹൈപ്പ് എന്തിനാണെന്നു അന്നും ഇന്നും മനസിലായിട്ടില്ല.

നമ്മുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം സ്വയം പര്യാപ്തത ആണെന്നാണ് എന്റെ വിശ്വാസം. സാമ്പത്തിക സ്വാതന്ത്ര്യം കൈ  വരിക്കുക അതിന്റെ  അടിത്തറയാണ്. അത് നേടാതെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവിലേക്ക് പോകുന്നത് അത്ര നല്ലതല്ല, ആണായാലും പെണ്ണായാലും. കാശ് ആര്‍ക്കുണ്ടെങ്കിലും അതൊന്നും നമുക്ക് ഉപകരിക്കില്ല. സ്വന്തമായി സമ്പാദിക്കലും ചിലവാക്കലും അഭിമാനം തന്നെയാണ് 

21 വയസ്സിലെ കല്യാണം എന്ന് പറയുമ്പോ ചുരുങ്ങിയത് ഒരു ഡിഗ്രി എങ്കിലും കയ്യില്‍ ഉണ്ടാവും. ആരൊക്കെയോ പറയുന്ന മുടന്തന്‍ ന്യായങ്ങള്‍ കേട്ടു, വിവാഹപ്രായം കൂട്ടിയാല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റുമെന്നും ലിവിങ് ടുഗെദര്‍ കൂടും എന്നൊക്കെ. ഇപ്പോഴും പതിനാലിലും പതിനഞ്ചിലും പ്രായപൂര്‍ത്തിയാകുന്ന കുട്ടികള്‍ പതിനെട്ട് വരെ എങ്ങനെ ജീവിച്ചിരുന്നുവോ അത് പോലെ തുടര്‍ന്നും ജീവിച്ചോളും. ഈ ഒരു ആശങ്ക ആണ്‍കുട്ടികള്‍ക്കും ബാധകമല്ലേ?

ഭാവിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടി വന്നാലും, വിദ്യാഭ്യാസമുള്ള, സാമ്പത്തിക സ്വാശ്രയത്വം ഉള്ള സ്ത്രീ തനിച്ചാകില്ല. അവള്‍ ചൂഷങ്ങള്‍ക്ക് ഇരയാകില്ല. ആരുടെയെങ്കിലും കാരുണ്യത്തിനോ ഔദാര്യത്തിനോ കാത്തുനില്‍ക്കേണ്ടിയും വരില്ല. 

എന്റെ വീട്ടുജോലികളില്‍ സഹായിക്കാനുണ്ടായിരുന്ന മിടുക്കിയായ കഴിവുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. 16 വയസ്സില്‍ കല്യാണം കഴിഞ്ഞ, രണ്ടു മക്കളായശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഒരു പാവം സ്ത്രീ. അവരെപ്പോളും പറയാറുണ്ടായിരുന്നു, പഠിക്കാന്‍ മിടുക്കിയായ അവരെ പഠിപ്പിച്ചിരുന്നെങ്കില്‍ ഇത് പോലെ ഒരവസ്ഥ വരില്ലായിരുന്നു എന്ന്. സാമ്പത്തിശേഷിയുള്ള ബന്ധുക്കള്‍ പോലും തിരിഞ്ഞനോക്കാറില്ലെന്നും. ആരോഗ്യമുള്ളിടത്തോളം അവര്‍ കഷ്ടപ്പെടുന്നു, പല വീടുകളില്‍ പാര്‍ട്ട് ടൈം ആയി ജോലികള്‍ നോക്കുന്നു. 

ഭാവിയില്‍ നിങ്ങളുടെ പെണ്മക്കള്‍ മറ്റൊരാളെ ആശ്രയിക്കുന്നത് കാണാനായിരിക്കുമോ നിങ്ങള്‍ ആഗ്രഹിക്കുക? അതോ സ്വയം പര്യാപ്തരായി മറ്റുള്ളവരെയും കൂടി സഹായിക്കുന്ന ഒരാളായി കാണാനായിരിക്കുമോ ആഗ്രഹം. ഇതില്‍ ഏതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ കുറിച്ചുള്ള സ്വപ്നം?

മാതാപിതാക്കളാകുക എന്നത് ഉത്തരവാദിത്വം ഉള്ള ഒരു ജോലിയാണ്. വളര്‍ത്താന്‍ ആര്‍ക്കും കഴിയും. നാളെ എങ്ങനെ അതിജീവിക്കും എന്നത് പഠിപ്പിക്കലാണ് യഥാര്‍ഥ പാരന്റിങ്. നാമില്ലാത്ത ഒരു ലോകത്തെ അതിജീവിക്കാനുള്ള ചിറക് കൊടുക്കലാണത്. എന്റെ മാതാപിതാക്കളോട് ഞാന്‍ വളരെയേറെ കടപ്പെട്ടിരിക്കുന്നു . ഒരു ജന്മം മുഴുവനും തീര്‍ത്താലും തീരാത്ത കടപ്പാട്. 
 

Follow Us:
Download App:
  • android
  • ios