Asianet News MalayalamAsianet News Malayalam

നമ്മുടെ ബി എഡ് കോളജുകള്‍ക്ക്  എന്നാണ് നേരം വെളുക്കുക?

എനിക്കും ചിലത് പറയാനുണ്ട്.രസ്‌ന എം. പി എഴുതുന്നു എഴുതുന്നു
 

 


 

speak up outdated syllabus and course structure of teacher education by rasna mp
Author
Thiruvananthapuram, First Published Sep 13, 2021, 6:21 PM IST
  • Facebook
  • Twitter
  • Whatsapp

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up outdated syllabus and course structure of teacher education by rasna mp
 

ഇത് ചില ആശങ്കകളാണ്. ഭാവി അധ്യാപകരെ വാര്‍ത്തെടുക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ബി എഡ്  (Bachelor of education) കോഴ്സിനെക്കുറിച്ചുള്ള ചില ആശങ്കകള്‍. ഈ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ഒരു അധ്യാപക വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ രണ്ടു വര്‍ഷക്കാലത്തെ പഠന കാലയളവില്‍ കണ്ടും കേട്ടും മനസിലാക്കിയ വ്യക്തിപരമായ ചില കാഴ്ചപ്പാടുകള്‍ ആണ് ഇത്.

ഇന്ന് നമ്മുടെ പൊതു വിദ്യാലയങ്ങള്‍ എല്ലാംഹൈ ടെക് നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു .പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന പ്രഖ്യാപനങ്ങളും നടന്നു കഴിഞ്ഞു. എന്നാല്‍ ഇത്തരം പൊതുവിദ്യാലയങ്ങളില്‍ അധ്യാപകരാവേണ്ടവര്‍ക്ക് അധ്യാപക പരിശീലനം നല്‍കുന്ന കോളേജുകളെല്ലാം ഇത്തരം നിലവാരം ഉള്ളവയാണോ?

അല്ല എന്ന് നിസ്സംശയം പറയാനാവും.

സ്വന്തമായൊരു പ്രൊജക്റ്റര്‍ സംവിധാനമോ വിദ്യാര്‍ഥികള്‍ക്കുപയോഗപ്പെടുത്താവുന്ന കമ്പ്യൂട്ടര്‍ ലാബുകളോ ഇല്ലാത്ത പല ബി എഡ് കോളേജുകളും ഇന്ന് കേരളത്തിലുണ്ട്. പ്രത്യേകിച്ചും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകള്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ 74 ബി എഡ് കോളേജുകള്‍ ആണുള്ളത്. അതില്‍ രണ്ട് ഗവ. കോളേജുകളും, രണ്ട് എയ്ഡഡ് കോളേജുകളും, ലക്ഷദ്വീപിലുള്ള ഒരു ബി എഡ് കോളേജും, 11യൂണിവേഴ്‌സിറ്റി സെന്ററുകളും ഉള്‍പ്പെടുന്നു. ബാക്കിയെല്ലാം സ്വാശ്രയ കോളേജുകള്‍ ആണ്. എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ ഉള്ളതിനാല്‍ ഇത്തരം കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ താരതമ്യേനെ ഭേദമാണ്. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇല്ലാത്ത, യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന യൂണിവേഴ്‌സിറ്റി സെന്ററുകളുടെ സ്ഥിതി തീര്‍ത്തും ദയനീയമാണ്. 

മിക്ക യൂണിവേഴ്‌സിറ്റി സെന്ററുകളിലും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല എന്നതാണ് വാസ്തവം. ചുവപ്പ് നാടയില്‍ കുടുങ്ങി എന്നെങ്കിലും വന്നെത്തുന്ന തുച്ഛമായ ഫണ്ടുകള്‍ മാത്രമാണ് ഇത്തരം സെന്ററുകളുടെ മൂലധനം. അതു കൊണ്ടു തന്നെ ഈ മെല്ലപ്പോക്കിനെയെല്ലാം അതിജീവിക്കുകയേ നിവൃത്തിയുള്ളൂ. ഇങ്ങനെ നേടിയെടുക്കുന്ന കമ്പ്യൂട്ടര്‍, പ്രൊജക്റ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും കേടു സംഭവിച്ചാല്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു യൂണിവേഴ്‌സിറ്റിയുടെ കനിവ് തേടി വീണ്ടുമെത്രയോ നാളുകള്‍ കാത്തിരിക്കുക തന്നെ ശരണം. അക്കാലയളവില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാതിരിക്കുക മാത്രമേ തരമുള്ളൂ.  യൂണിവേഴ്‌സിറ്റി നിര്‍ദേശിക്കുന്ന ഭീമമായ തുക ഫീസ് നല്‍കിയാണ് ഓരോ വിദ്യാര്‍ത്ഥിയും ഇത്തരം യൂണിവേഴ്‌സിറ്റി സെന്ററുകളില്‍ പഠിക്കുന്നത് എന്ന് കൂടി നാം ഓര്‍ക്കേണ്ടതാണ്. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചുരുക്കം ചില കോളേജുകളില്‍ മാത്രമല്ലേയുള്ളു എന്ന് പറഞ്ഞു കൈകഴുകാം എന്നാണെങ്കില്‍ ഇനി നമുക്ക് ബി എഡിന്റെ കരിക്കുലത്തിലേക്കു വരാം.

ക്ലാസ് മുറികളില്‍ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഇത്രയധികം ഉപയോഗിച്ചു തുടങ്ങിയിട്ടും നമ്മുടെ അധ്യാപക പരിശീലനത്തിന്റെ കരിക്കുലം ഇപ്പോഴും എത്രയോ വര്‍ഷങ്ങള്‍ പുറകില്‍ തന്നെയാണ്. ഓരോ വര്‍ഷവും ബി എഡ് കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. സ്വന്തമായി ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ നിര്‍മിക്കാന്‍ പോലും ഭൂരിഭാഗം വരുന്ന അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇനി അറിയാമെങ്കില്‍ തന്നെ അതൊരിക്കലും ബി എഡ് പഠനകാലയളവില്‍ സായത്തമാക്കിയതാവാന്‍ വഴിയില്ല. കാരണം ബി എഡ് കരിക്കുലത്തില്‍ ഇപ്പോഴും പ്രാധാന്യം വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ചാര്‍ട്ടെഴുത്തിനും സ്റ്റില്‍ മോഡല്‍ വര്‍ക്കിങ്ങ് മോഡല്‍ നിര്‍മാണത്തിനുമെല്ലാമാണ്. 

ഇന്ന് പവര്‍ പോയിന്റ് പ്രസന്റേഷന്‍ന്റെ സഹായത്തോടെ പ്രൊജക്ടര്‍ ഉപയോഗപ്പെടുത്തിയാണ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഓരോ കോണ്‍സെപ്റ്റുകളും മനസിലാക്കികൊടുക്കുന്നത്. അത്തരം ഹൈ ടെക് ക്ലാസ് മുറികളിലേക്കാണ് സ്റ്റില്‍ മോഡലും വര്‍ക്കിംഗ് മോഡലും ചാര്‍ട്ട് പേപ്പറുകളുമെല്ലാമായി ഓരോ അധ്യാപക വിദ്യാര്‍ത്ഥിയും കടന്നു ചെല്ലേണ്ടത്. കാര്യക്ഷമമായി കുട്ടികളിലേക്ക് ആശയങ്ങള്‍ എത്തിച്ചു നല്‍കാനായി ത്രീഡീ ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ ഉള്‍പ്പെടെ ലഭ്യമായ ഈ ആധുനിക കാലഘട്ടത്തില്‍ എന്തിനാണ് ചാര്‍ട്ടെഴുത്തുകള്‍ക്കും, മോഡലുകള്‍ക്കും പ്രാധാന്യം നല്‍കുന്നത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ല. 

അതും ഒന്നോ രണ്ടോ മോഡലുകളും ചാര്‍ട്ടുകളും ഒന്നും പോരാ. കമ്മീഷനുമായി ബന്ധപ്പെട്ട് ഓരോന്നും പത്തോ പതിനഞ്ചോ എണ്ണം ഉണ്ടാക്കണം. കൊച്ചു കുട്ടികള്‍ക്ക് പോലും ടെക്‌നോളജിയില്‍ അപാര പണ്ഡിത്യമുള്ള ഇക്കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിപ്പിക്കുക എന്നതില്‍ പരം മറ്റെന്തു ഉദേശമാണ് ഇത്തരം പ്രഹസനങ്ങള്‍ക്ക് ഉള്ളത്? അധ്യാപക പഠനം പൂര്‍ത്തീകരിച്ച എത്ര പേര്‍ ചാക്ക് കണക്കിന് മോഡലുകളും ചാര്‍ട്ടുകളും കൊണ്ട് ക്ലാസ്സ് മുറിയിലേക്ക് പോവും? കമ്മിഷന്‍ കഴിയുന്നതോടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഈ നിര്‍മിതികളെല്ലാം വെറും വേസ്റ്റ് മാത്രമായി അവശേഷിക്കും..
സൈക്കോളജിയും, ഫിലോസഫിയും, അസ്സസ്‌മെന്റും എല്ലാം പഠിക്കുന്നുണ്ടെങ്കിലും വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍ പോലും പഠന വിഷയമായി ഇല്ല.

മാത്രമല്ല ICT യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കുറച്ച് മാത്രമേ പ്രാധാന്യം നല്‍കുന്നുമുള്ളൂ. ICT യുമായി ബന്ധപ്പെട്ട ഒരു വര്‍ക്ക്‌ഷോപ്പ് സിലബസില്‍ ഉണ്ടെങ്കിലും പല കോളേജുകളിലും ഇത് വെറുമൊരു ചടങ്ങെന്ന വ്യാജേന മാത്രമാണ് നടത്താറുള്ളത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ വരുന്നു. ചാര്‍ട്ടുകളും മോഡലുകളും നിര്‍മ്മിക്കാന്‍ കാണിക്കുന്ന കണിശത ഇത്തരത്തിലുള്ള  പ്രവര്‍ത്തങ്ങളില്‍ കാണിക്കാറേ ഇല്ല. 

ബി എഡ് കാലയളവില്‍ ഓരോ സെമസ്റ്ററിലും ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.. എന്നാല്‍ എഴുതിത്തീര്‍ക്കേണ്ട പല പ്രവര്‍ത്തനങ്ങളും തീര്‍ത്തും അപ്രസക്തമായവ ആണ് എന്ന് പറയാതെ വയ്യ. ആക്ടിവിറ്റികളുടെ എണ്ണം ഓരോ കോളജിനും അനുസരിച്ച മാറ്റം കാണും. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി കോളേജ് അടഞ്ഞു കിടന്നിട്ടും പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ ഒരു കുറവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വരുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ കടുത്ത മാനസിക സംഘര്‍ഷമായിരുന്നു ഓരോ വിദ്യാര്‍ത്ഥിയും അന്ന് നേരിടേണ്ടി വന്നത്.

പഠനപ്രവര്‍ത്തങ്ങളുടെ ആധിക്യത്തോടൊപ്പം അച്ചടക്കത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലുമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൂടിയാവുമ്പോള്‍ അധ്യാപനം ഇഷ്ടമുള്ള ഒരാള്‍ക്ക് പോലും ഈ അധ്യാപക പരിശീലനകാലഘട്ടം വെറുത്തു പോകുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇന്നും മിക്ക കോളേജുകളിലും സാരി നിര്‍ബന്ധമാണ്. സാരിയുടുത്താല്‍ മാത്രമേ അധ്യാപനം പൂര്‍ണ്ണമാവൂ എന്ന മിഥ്യാധാരണയില്‍ നിന്നും എന്നാണ് നമ്മുടെ ബി എഡ് കോളേജുകള്‍ കര കയറുക? 

എന്തു തന്നെയായാലും ഭാവി അധ്യാപകരെ വാര്‍ത്തെടുക്കുന്ന ഈ കോഴ്‌സ് അടിയന്തിരമായി പൊളിച്ചെഴുതിയില്ലെങ്കില്‍, നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു ദുരന്തത്തിന് കാരണമാവും അത്. 

Follow Us:
Download App:
  • android
  • ios