Asianet News MalayalamAsianet News Malayalam

ചോരുന്ന കൂര, പീഡനങ്ങള്‍, ഗദ്ദാമ ജീവിതം, ഒരു പ്രവാസി വനിതയുടെ പൊള്ളുന്ന ജീവിതം!

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up touching story of a pravasi Keralite woman
Author
First Published Sep 28, 2022, 5:48 PM IST

നാടും വീടും വിട്ട് മറുനാട്ടില്‍ ജീവിതം തുന്നിപ്പിടിപ്പിക്കാന്‍ കഷ്ടപ്പെടുന്ന അനേകം മലയാളി സ്ത്രീകള്‍ ഗള്‍ഫ് നാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്നുണ്ട്.  എന്നാല്‍ ഇവരില്‍ വളരെ ചുരുക്കം പേരുടെ അനുഭവങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പ്രവാസികളുടെ അനുഭവങ്ങള്‍ എന്ന നിലയില്‍ മലയാളത്തില്‍ കാണാറുള്ള രചനകളളില്‍ ഭൂരിഭാഗവും പുരുഷന്‍മാരുടെ അനുഭവ ലോകങ്ങളാണ്. സ്ത്രീകള്‍ എന്ന നിലയില്‍ പ്രവാസി വനിതകള്‍ അനുഭവിക്കുന്ന അനുഭവമണ്ഡലങ്ങള്‍ പലപ്പോഴും നമ്മുടെ വായനാലോകത്തിന് പുറത്താണ്. അതിനര്‍ത്ഥം, നമ്മുടെ സ്ത്രീകള്‍ക്ക് അനുഭവങ്ങള്‍ ഇല്ലെന്നല്ല, അവരത് പ്രകാശിപ്പിക്കാറില്ല എന്നു മാത്രമാണ്. അങ്ങനെയൊരു കുറിപ്പാണ് ഇനി. പതിറ്റാണ്ടുകളായി മറുനാട്ടില്‍ തനിച്ചു ജോലി ചെയ്യുകയും ഉറ്റവരെ ജീവിപ്പിക്കാനുള്ള പെടാപ്പാടിനിടയില്‍ സ്വയം ജീവിക്കാന്‍ മറന്നുപോവുകയും ചെയ്ത ഒരുവളുടെ അനുഭവം. ടിന ആന്റണി എഴുതുന്നു.  

 

speak up touching story of a pravasi Keralite woman
 

ഞാന്‍ ടിന. പ്രവാസിയായി ജീവിതം തള്ളി നീക്കുന്ന ഒരു വീട്ടമ്മ.ജീവിതം എന്ന മൂന്നക്ഷരം കൂട്ടി യോജിപ്പിക്കാന്‍ ചോര നീരാക്കിയ ഒരു പാവം പെണ്‍കുട്ടിയുടെ പരിണാമം. 

മൊബൈലില്‍ തെളിഞ്ഞു നില്‍ക്കുന്ന പച്ച ലൈറ്റ് കണ്ട് 'ആഹാ ഇവള്‍ ഈ കൊച്ചുവെളുപ്പാന്‍ കാലത്തും മൂന്നു നാല് മണിവരെ ഓണ്‍ലൈനില്‍ ഉണ്ടല്ലോടാ... ആര്‍ക്കറിയാം എന്താ പരിപാടി എന്ന്?'-എന്നിങ്ങനെ നിരവധി ചോദ്യശരങ്ങള്‍ പല തവണ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഒരുമിച്ചു ഒരു റൂമില്‍ കിടന്നുറങ്ങുന്ന മമ്മിപോലും പലപ്പോഴും ചോദ്യകര്‍ത്താവായിട്ടുണ്ട്. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്ത് കാര്യം!

ഉറക്കം വരാത്ത രാത്രിയുടെ യാമങ്ങളില്‍ ചിന്തകളുടെ ഭാരവും പേറി കുത്തിയിരിക്കുമ്പോള്‍ നമ്മുടേത് എന്ന് തോന്നുന്നവര്‍ക്കുപോലും നമ്മള്‍ കണ്ണിലെ ഒരു കരടായി മാറും. ഉള്ളിലുള്ള വിങ്ങലുകളും മനസ്സിന്റെ തേങ്ങലുകളും രാത്രിയുടെ യാമങ്ങളില്‍ എത്രയോ തവണ നിശബ്ദതയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. നിറകണ്ണുകളോടെ മാത്രമാണ് രാത്രിയെ പ്രണയിക്കുന്നത്. ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകളും, മെസഞ്ചറില്‍ വരുന്ന മെസേജുകളും നോക്കി മണിക്കൂറുകള്‍ തള്ളി നീക്കാറുണ്ട്. കുറ്റപ്പെടുത്തലുകളുടെയും ചോദ്യങ്ങളുടെയും കൂമ്പാരം എറിയ പല സാഹചര്യത്തിലും മെസഞ്ചര്‍ ഒക്കെ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. 

ഉറക്കം കണ്‍പോളകളെ തഴുകുന്ന നിമിഷം വരെ ചിലപ്പോഴൊക്കെ ജനലില്‍ കൂടി ആകാശത്തു മിന്നിമറയുന്ന നക്ഷത്രങ്ങളെ നോക്കിനില്‍ക്കാറുണ്ട്. നിരത്തില്‍ കൂടി ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി നില്‍ക്കാറുണ്ട്. വിങ്ങലുകള്‍ പലപ്പോഴും തേങ്ങലായി മാറുമ്പോള്‍ സ്വയം ശപിക്കാറുണ്ട്!

പ്രവാസത്തിന്റെ അടുക്കള

ഞാന്‍ പ്രവാസജീവിതം ആരംഭിച്ചത് രണ്ടായിരത്തിനാലില്‍ ആണ്. അന്നൊന്നും സോഷ്യല്‍ മീഡിയ ഇത്രത്തോളം വളര്‍ച്ച പ്രാപിച്ചിരുന്നില്ല എന്നാണെന്റെ ഓർമ്മ.ഇപ്പോഴെനിക്ക് 40 വയസ്സായി,ഒരു പെൺകുട്ടിയുടെ അമ്മയുമാണ് എറിയ കാലവും ഇവിടെയായിരുന്നു.

പറഞ്ഞല്ലോ, പ്രവാസമാണന്റെ ലോകം. നാട്ടില്‍ ഉള്ളവരെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നവര്‍ പ്രവാസികള്‍ ആണല്ലോ. പ്രവാസികള്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ എത്രയോ കഠിനമാണ്. എത്രയോ വ്യക്തികള്‍ ഇവിടെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. മറ്റുള്ളവര്‍ നമ്മളെ വിലയിരുത്തുന്നത് കാണുമ്പോള്‍ ഓര്‍ക്കും, എന്തുകൊണ്ട് അവര്‍ നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെ മനസ്സിലാക്കുന്നില്ല എന്ന്. നിങ്ങള്‍ വിധിയെഴുതുന്ന പ്രവാസജന്‍മങ്ങള്‍, അവര്‍ അനുഭവിക്കുന്ന മാനസിക വെല്ലുവിളികളാല്‍ ഒരു പക്ഷെ ഉരുകി ഉരുകി ജീവിതം തള്ളി നീക്കുന്നവര്‍ ആയിരിക്കാം! ചിലപ്പോള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ചെയ്യുന്നുണ്ടാകാം, ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നുണ്ടാവാം. അതിനൊക്കെ നല്ല കമന്റുകള്‍ ഇടുന്നവരുണ്ട്. അതുപോലെ മോശം കമന്റുകളിടുന്നവരും. 

വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു വീട്ടുജോലിക്കാരിയുടെ വിസയില്‍ ആണ് ഞാനാദ്യം ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഒന്നിനെക്കുറിച്ചും വേണ്ടത്ര അറിവ് ഉണ്ടായിരുന്നുമില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ അവസ്ഥകള്‍ ആണല്ലോ നമ്മളെ ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സാഹചര്യങ്ങളും, അവസ്ഥകളും ആണല്ലോ നമ്മെ തിരിച്ചറിവിന്റെ ലോകത്തേയ്ക്ക് എത്തിക്കുന്നത്.

ആ തിരിച്ചറിവുകള്‍ ആണ് എന്നെയും ജീവിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം. അങ്ങനെ ഞാനും വ്യത്യസ്ത അവസ്ഥകളില്‍കൂടി ജീവിതം എന്ന മൂന്നക്ഷരം കൂട്ടിമുട്ടിക്കുവാന്‍ വളരെ പ്രയാസപ്പെട്ടു.

'എന്തിനാണ് നിനക്ക് മൊബൈല്‍?

കുഞ്ഞിന് ഒരു കവര്‍ പാല്‍ വാങ്ങിക്കൊടുക്കാന്‍പോലും നിവൃത്തിയില്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്റെ ജീവിതത്തില്‍. ഒരു പാക്കറ്റ് പാല്‍ മൂന്നു ദിവസം വെള്ളം ചേര്‍ത്ത് എന്റെ കുഞ്ഞിന് കൊടുത്തിട്ടുണ്ട്. മറ്റുള്ള കുട്ടികള്‍ക്ക് ലക്റ്റോജനും മറ്റും കൊടുക്കുമ്പോള്‍ ഹൃദയം നുറുങ്ങിയിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികള്‍ കഴിക്കുന്ന ആഹാരം കാണുമ്പോള്‍, അവിടത്തെ കുട്ടികള്‍ക്ക് ഞാന്‍ അത് വാരിക്കൊടുക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്. 500 രൂപ ഒറ്റമുറി വാടകവീടിനു കൊടുക്കണം. ദേഹോപദ്രവം എല്‍പ്പിക്കാനും, കടബാധ്യത വരുത്താനും, സമൂഹത്തില്‍ അധിക്ഷേപിക്കാനും മാത്രമായിരുന്നു ജീവിതപങ്കാളി ശ്രദ്ധിച്ചിരുന്നത്. അന്നത്തെ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അന്നൊക്കെ ഒരു മൊബൈല്‍ ഫോണ്‍ എന്നത് ഒരിക്കലും സഫലമാവാത്ത സ്വപ്‌നമായിരുന്നു. മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിശയത്തോടെ നോക്കിനില്‍ക്കാറുമുണ്ടായിരുന്നു. പണ്ടൊരിക്കല്‍ ഒരു റിലയന്‍സ് ഫോണ്‍ കിട്ടിയത് ഓര്‍ക്കുന്നു. സാധാരണ മട്ടിലുള്ള ചെറിയ ഒരു ഫോണായിരുന്നു. അത് കൈയില്‍ കിട്ടിയപ്പോള്‍ ഉണ്ടായ ഒരു സന്തോഷം ഇന്നും മറന്നിട്ടില്ല. എന്നാല്‍ മണിക്കൂറുകള്‍ തികയുന്നതിനു മുന്‍പ് എന്റെ സന്തോഷം കെട്ടടങ്ങി. 

'എന്തിനാണ് നിനക്ക് മൊബൈല്‍? അത് ഭര്‍ത്താവാണ് ഉപയോഗിക്കേണ്ടത്.'-അസഭ്യവര്‍ഷത്തിന്റെയും ദേഹോപദ്രവത്തിന്റെയും മുന്നില്‍ എന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും കെട്ടടങ്ങി.


കരിങ്കല്ലും, കട്ടയും, മണ്ണും ചുമന്ന് ഞാന്‍ ഉണ്ടാക്കിയ ഒറ്റമുറി കൂര

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍ ചോര്‍ന്നൊലിക്കുന്ന കൂരയുടെ കീഴില്‍ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ ഞാന്‍ തള്ളിനീക്കി. കരിങ്കല്ലും കട്ടയും ചുമന്ന് കെട്ടിയെടുത്ത കൂരയില്‍ കരിയും പുകയും ഏറ്റിട്ടുപോലും അഭിമാനം പണയപ്പെടുത്തി ജീവിക്കാന്‍ മനസ്സനുവദിച്ചിരുന്നില്ല. സഹായിക്കാന്‍ നിരവധി പേരുണ്ടെങ്കിലും അവരില്‍ ചിലരുടേത് കൊതിയോടെ നോക്കുന്ന കഴുകന്‍ കണ്ണുകള്‍ ആയിരുന്നു. 

അന്നൊക്കെ, അധ്വാനിച്ച് എന്ത് ജോലിയും ചെയ്തു ജീവിക്കാനുള്ള ആര്‍ജവം ഉണ്ടങ്കില്‍ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ പറ്റും എന്ന ദൃഢനിശ്ചയം ആണ് എന്നെ ജീവിതത്തില്‍ പിടിച്ച് നിര്‍ത്തിയത്. അന്ന് സ്വന്തമായി കരിങ്കല്ലും, കട്ടയും, മണ്ണും ചുമന്ന് ഞാന്‍ ഉണ്ടാക്കിയ ആ ഒറ്റമുറി കൂര ഒരു ചരിത്രസ്മാരകം പോലെ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ഏറെ അതിശയകരം. കാറ്റും മഴയും നിറഞ്ഞാടിയ നിമിഷങ്ങളില്‍ വാതിലും ജനല്‍പാളികളും ഇല്ലാത്ത ആ വീട്ടില്‍ കുടയും ചൂടി കിടന്ന് ഞാനും കുഞ്ഞും നേരം വെളുപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. 

കുഞ്ഞിന് ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടിയ കാലം, ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കാന്‍ പോലും നിവൃത്തിയില്ല. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, എന്താ നിങ്ങള്‍ അനാഥ ആണോ, നിങ്ങള്‍ക്ക് ആരും ഇല്ലേ എന്നൊക്കെ. ഉണ്ടായിരുന്നു, സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ചവര്‍! അവര്‍ക്ക് ഞാന്‍ 'കുറച്ചില്‍' ആയിരുന്നു. നാണക്കേട് ആയിരുന്നു. സഹായിക്കാന്‍ അല്ല 'അവള്‍ അനുഭവിക്കട്ടെ' എന്നതായിരുന്നു അവരുടെ മനസ്ഥിതി. 

അന്നും ഞാന്‍ ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ചിരുന്നു, ആര്‍ക്കും ഇങ്ങനെ ഒരവസ്ഥ ജീവിതത്തില്‍ ഉണ്ടാകരുതേ എന്ന്! എങ്ങനെയെങ്കിലും ഒരു ജോലി ലഭിച്ചിരുന്നുവെങ്കില്‍ എന്നും.

ഒരു ചെറിയ വീട് വയ്ക്കണം. കുഞ്ഞിനെ നന്നായി വളര്‍ത്തണം. തള്ളിക്കളയുന്നവരുടെ മുന്നില്‍ നിവര്‍ന്നു നില്‍ക്കണം. എന്റെ ചിന്തകളും ആഗ്രഹങ്ങളും അങ്ങനെയായിരുന്നു. 'ഏത് ജീവിത സാഹചര്യത്തിലും, സത്യത്തെ മുറുകെപ്പിടിച്ചും, വിശ്വാസവഞ്ചന കാണിക്കാതെയും അധ്വാനിക്കാന്‍ മനസ്സുവച്ചുകൊണ്ട് അധ്വാനിച്ചു ജീവിക്കണം, വഷളത്തരം കാണിക്കാതെയും,ശരീരം വിറ്റു ജീവിക്കുന്നവരെയും പോലെ ആകരുത്' എന്ന എന്റെപിതാവിന്റെ ഉപദേശവും അദ്ദേഹം നല്‍കിയ പ്രചോദനവും ആണ് ഇന്നും എന്നെ ജീവിപ്പിക്കുന്നത്. 

വീട്ടുവേലക്കാരിയുടെ ജീവിതം

വളരെ അവിചാരിതമായാണ് ഗള്‍ഫില്‍ ഒരു വീട്ടു ജോലിക്ക് അവസരം കിട്ടിയത്. മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ വല്യമ്മയുടെ കൈയില്‍ എല്‍പ്പിച്ച്, വിതുമ്പുന്ന ആധരങ്ങളോടെ, നിറവാര്‍ന്ന കണ്ണുകളോടെ, നെഞ്ചുപിടയുന്ന വേദനയോടെയാണ് ഞാന്‍ വിമാനം കയറിയത്. അവിടെയും കാത്തിരുന്നത് പ്രതികൂലങ്ങളുടെ കനല്‍ക്കാറ്റ് മാത്രം. പരിചയം ഇല്ലാത്ത ഭാഷ, സംസ്‌കാരം, ജീവിതരീതികള്‍- പഠിച്ചെടുക്കാന്‍ ഒത്തിരി ബുദ്ധിമുട്ടി. ക്ലീനിങ്, വാഷിംഗ്, ഇസ്തിരി ഇടല്‍, കുക്കിംഗ്, കുട്ടികളെ നോക്കല്‍. ഓടി നടന്നു ജോലി എടുക്കണം.ജീവിതത്തെ നേരിടണം, സമൂഹത്തില്‍ മാന്യമായി ജീവിക്കണം എന്നുള്ള നിശ്ചയ ദാര്‍ഢ്യമായിരുന്നു അന്നു കൂട്ട്. 

എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ അവരോടു സംസാരിച്ചു. അതും അറബി വീട് എന്നോര്‍ക്കണം. 

അങ്ങനെ ഞാന്‍ അവിടെ ജോലി ചെയ്തു. അറിയാവുന്ന രീതിയില്‍, പിന്നെ ചില പാചകപുസ്തകങ്ങളും വായിച്ചു ആഹാരം ഉണ്ടാക്കി കൊടുത്തു. ദോഷം പറയരുതല്ലോ കുറ്റം പറയാന്‍ ഇടയാക്കിയില്ല. അങ്ങനെയിരിക്കെ ഒരുദിവസം എന്റെ സാലറി ലഭിച്ചു! 

400 റിയാല്‍! എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ചെറുപ്രായത്തില്‍ വീട്ടുജോലി ചെയ്യുന്നു എന്ന കുറ്റബോധം എന്നെ തളര്‍ത്തിയില്ല. ജോലിയുടെ കഷ്ടപ്പാട് എന്നെ വേദനിപ്പിച്ചില്ല. എന്റെ കുഞ്ഞിന് നല്ല ആഹാരം, കേറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു ചെറിയ വീട്,കുഞ്ഞിന് നല്ല വിദ്യാഭ്യാസം-ഇതൊക്കെയായിരുന്നു എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്.

എന്തായാലും സാലറി കിട്ടിയല്ലോ, ഒരു മൊബൈല്‍ വാങ്ങണം, എന്റെ കുഞ്ഞിനെ വിളിച്ചു സംസാരിക്കണം, ബാക്കി തുക കുഞ്ഞിന്റെ ചിലവുകള്‍ക്ക് അയച്ചുകൊടുക്കണം. ഒരുമിച്ച് അത്രയും തുക മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.

എന്തായാലും ഞാന്‍ ഒരു ഫോണ്‍ വാങ്ങി. ആദ്യമായി നാട്ടിലേയ്ക്ക് വിളിച്ചു. കുഞ്ഞിനോട് സംസാരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷത്തോടെ ഭര്‍ത്താവിനെ വിളിച്ചു. എന്റെ സ്വരം കേട്ടതും തന്റെ ആവശ്യങ്ങളുടെ െകട്ടഴിക്കാന്‍ തുടങ്ങി. ദാരിദ്രത്തിന്റെ കണക്കുകൾ പറയാന്‍ തുടങ്ങി. എന്റെ കഷ്ടപ്പാടുകള്‍, വേദനകള്‍, ഞാനെങ്ങനെ ജീവിക്കുന്നു എന്ന കാര്യങ്ങള്‍...ഇതൊന്നും അറിയേണ്ട ആവശ്യമേ ഇല്ലായിരുന്നു. 

ആ വീട്ടില്‍ മൂന്ന് കുട്ടികളെ നോക്കണം. ഉറക്കം ഇല്ല. പകല്‍ മറ്റുപണികള്‍. ശാരീരിക അസ്വസ്ഥതകള്‍ എന്നെ അലട്ടിയപ്പോഴും, സാരമില്ല, അല്പം കഷ്ടപ്പാട് അനുഭവിച്ചാലും ഒരു ചെറിയ ജോലി എങ്കിലും കിട്ടിയല്ലോ എന്നതായിരുന്നു എന്റെ ചിന്ത. ചെറിയ ഒരു മൊബൈലില്‍ തുടങ്ങിയ ഞാന്‍ നാല്‍പതാം വയസ്സില്‍ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. പരിഭവങ്ങളും പരാതികളും ഇല്ലാത്ത ജൈത്രയാത്ര. 

സ്റ്റാറ്റസിന് ചേരാത്തവള്‍

ആ വീട്ടില്‍നിന്നിറങ്ങിയ ശേഷം ഞാന്‍ വീണ്ടും വേറെ ജോലിക്കായി ഒട്ടേറെ അലഞ്ഞു. താമസിക്കാന്‍ ഒരിടം ലഭിച്ചു എന്നതാണ് എനിക്കു ആശ്വാസം ആയത്. ഞാന്‍ ജോലിക്ക് വേണ്ടി കയറിയിറങ്ങാത്ത സ്ഥാപനങ്ങള്‍ ഇല്ല. കാണാത്ത വ്യക്തികള്‍ ഇല്ല. എന്റെ കര്‍മ്മത്തില്‍ ഉള്ള സത്യങ്ങളുടെ മൂല്യവും ദൈവത്തിലുള്ള എന്റെ വിശ്വാസവും ആയിരുന്നു എന്നെ കൈ പിടിച്ചു നിര്‍ത്തിയത്. 

വര്‍ഷം കുറേയായി. എന്റെ മകള്‍ ഇന്ന് വിദേശത്തെ അവളുടെ സ്വപ്‌നലോകത്തേക്ക് ചേക്കേറി. ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. പണ്ട് മകള്‍ അംഗനവാടിയില്‍ പോകുന്ന കാലം. അവൾക്കു കഴിക്കാൻ ഉപ്പുമാവ് കൊടുക്കുമ്പോൾ അവൾ ടീച്ചറോടു പറയും, 'എന്റെ അമ്മയ്ക്ക് കഴിക്കാന്‍ ഒന്നുമില്ല, അതുകൊണ്ടു ഞാന്‍ വീട്ടില്‍ പോയി കഴിച്ചുകൊള്ളാം..'-അതുകേള്‍ക്കുമ്പോള്‍ കുറച്ചുകൂടി ഉപ്പുമാവ് ടീച്ചര്‍ പാത്രത്തില്‍ നിറച്ചുതരും. അതായിരുന്നു അല്‍പം എങ്കിലും സന്തോഷത്തോടെ കഴിച്ചിരുന്ന ആഹാരം. പക്ഷെ ഇന്ന് അവള്‍ വളർന്നു വലുതായി . സ്വന്തം ജീവിതമായി. സ്വന്തം ലോകമായി. ഇന്ന് അവള്‍ക്കു ജോലിയുണ്ട്. പണം ഉണ്ട്. ഞാനോ...? ചെറുപ്രായത്തില്‍ വീട്ടുവേല ചെയ്തു, ശരീരം മറന്നു, കുടുംബജീവിതം മറന്നു, ആര്‍ക്കു വേണ്ടി ജീവിച്ചോ അവര്‍ക്ക് അന്യയായി. ആരുടെയും സ്റ്റാറ്റസിനു ചേരാത്ത ഒരാളായി മാറി. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയാലും ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടിട്ടില്ല. ഞാന്‍ തോറ്റിട്ടില്ല. ആത്മഹത്യ ചെ യ്യില്ല. ആരെല്ലാം ഒറ്റപ്പെടുത്തിയാലും ചവിട്ടി താഴ്ത്തിയാലും ഞാന്‍ തോല്‍ക്കില്ല. എനിക്ക് ചുറ്റും എന്നെപ്പോലുള്ള കുറേ മനുഷ്യരുണ്ട്. ഇതുപോലെ മറ്റുള്ളവര്‍ക്കായി ജീവിച്ച് സ്വന്തം ജീവിതം മറന്നവര്‍. അവസാനം, ആര്‍ക്കും വേണ്ടാതായവര്‍. ആ നിലയ്ക്ക് ഏറ്റവും സന്തോഷവതിയായ ഒരുവളാണ് ഞാന്‍. 

തകര്‍ച്ചയുടെ പടവുകള്‍ ഒരുപാട് കയറിയിറങ്ങിയ ഒരാളാണ് ഞാന്‍. ആത്മഹത്യ ശ്രമം നടത്തിയ വ്യക്തിയാണ്. എനിക്കിന്ന് നല്ല ഉറപ്പുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഒറ്റപ്പെടുത്തലുകളുടെ മുന്നില്‍ തോറ്റോടാതെ മുന്നിലുള്ള വിജയം നമ്മള്‍ എത്തിപ്പിടിക്കണം. നമ്മുടെ യാത്ര നന്മയിലേക്കുള്ളതായിരിക്കണം.ആ യാത്രയില്‍ പരിഹാസം ഉണ്ടാകും, ഒറ്റപ്പെടുത്തലുകള്‍ ഉണ്ടാകും, മോശപ്പെട്ട വാക്കുകള്‍ ഉണ്ടാകും, വേദനകള്‍ ഉണ്ടാകും. പക്ഷേ, നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.അതെ പ്രവാസജീവിതം അതിജീവനത്തിന്റെ പാതകൂടിയാണ്....

Follow Us:
Download App:
  • android
  • ios