Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലെ അവളുടെ നിറതമാശകള്‍ ആരാണ് അടച്ചുവെച്ചത്?

മനസ്സുകളുടെ ലോക്ക്ഡൗണ്‍: അതിജീവനം ഏതുവിധം. റാബിയ നഫീസ റിഖാബ് എഴുതുന്നു

stress depression and mental health during covid times by rabiya
Author
Thiruvananthapuram, First Published Jun 3, 2021, 4:57 PM IST

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മനുഷ്യ വ്യക്തിത്വത്തിന്റെ പൂര്‍ണതക്ക് ശരീരം, ഹൃദയം, മനസ്, ആത്മാവ് എന്നീ നാല് തലങ്ങളിലുമുള്ള സന്തുലനവും, പരിപോഷണവും ഒപ്പം പരസ്പര സഹകരണവും ആവശ്യഘടകമാണ്. ഇതിനൊക്കെ തടസമുണ്ടായേക്കാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികളെയോ മുതിര്‍ന്നവരെയോ ദുര്‍ബലമായ സാമൂഹ്യ, സാമ്പത്തിക, മാനസിക അവസ്ഥകളിലുള്ളവരെയും ഒരു പോലെ ബാധിച്ചേക്കാം.

 

stress depression and mental health during covid times by rabiya

 

ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലൊന്നില്‍, തിരക്കുപിടിച്ച ഗവേഷണത്തിലായിരുന്നു അവള്‍. ഫീല്‍ഡ് വര്‍ക്കും ലാബും ഹോസ്റ്റല്‍ മുറിയുമായി കെട്ടുപിണഞ്ഞുകിടന്ന 'റിയല്‍' ജീവിതം. എന്നാല്‍,വെര്‍ച്വല്‍ ലോകത്ത് അവള്‍ മറ്റൊരാളായിരുന്നു. വായിച്ചാലാരും ചിരിച്ചുപോകുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍. നര്‍മ്മവും പരിഹാസവും നിശിതമായ രാഷ്ട്രീയ ബോധവുമുള്ള ആ എഴുത്തുകള്‍ക്ക് അതിനാല്‍, തന്നെ വായനക്കാര്‍ ഏെറയായിരുന്നു.  മിക്കവാറും ദിവസങ്ങളില്‍ കാണാം, ലോകത്തെ ചിരിയോടെ കാണുന്ന അവളുടെ കുറിപ്പുകള്‍. 

കൊവിഡ് സംഭ്രാന്തിക്കു പിന്നാലെ, കഴിഞ്ഞ വര്‍ഷം ആദ്യമായി ഇന്ത്യ ദര്‍ശിച്ച ലോക്ക്ഡൗണ്‍ സമയത്താണ് അത് സംഭവിച്ചത്. ഫേസ്ബുക്കില്‍ അവളെ കാണാതായി. അടച്ചിട്ട വീടുകളിലിരുന്ന് മറ്റെല്ലാവരും ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തുകയും തമാശകള്‍ വിതറുകയും ചെയ്ത സമയത്തൊന്നും അക്ഷരങ്ങളായോ ചിത്രങ്ങളായോ അവള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടില്ല.  ഏതാണ്ട് അഞ്ചെട്ടു മാസങ്ങള്‍ക്കു ശേഷമാണ് പിന്നെ അവളെ ഒരിക്കല്‍ ഫേസ്ബുക്കില്‍ കണ്ടത്.  അന്നവളിട്ട പോസ്റ്റ് ആവട്ടെ, പതിവിന്‍പടി തമാശയായിരുന്നില്ല, ലോക്ക്ഡൗണ്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ളതായിരുന്നു. 

''ഇതെവിടെയായിരുന്നു ഇത്രകാലവും'' എന്ന് സുഹൃത്തുക്കളെല്ലാം ആ പോസ്റ്റിനു താഴെ കമന്റിട്ടു. ആര്‍ക്കും മറുപടി പറയാതെ സ്‌മൈലി കൊണ്ട്  അവള്‍ പിടിച്ചുനിന്നു. 

മെസഞ്ചറില്‍ പോയി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോഴാണ് ആ കഥ അറിഞ്ഞത്. 

ലോക്ക്ഡൗണ്‍ ആയതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടി. ലാബ് അടച്ചു. പൂര്‍ണ്ണസമയം വീട്ടിലായി. ഏറെക്കാലം കിട്ടിയ അവധി പോലെ ആദ്യമത് ആസ്വദിച്ചെങ്കിലും പതിയെപ്പതിയെ അതവളെ ബാധിച്ചു. അകാരണമായ വിഷാദം വന്നുമൂടി. ആരോടും മിണ്ടാതായി. ഉറക്കം കുറഞ്ഞു. ഭക്ഷണം വേണ്ടതായി. സുഹൃത്തായ സൈക്യാട്രിസ്റ്റിനെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ നീണ്ട കൗണ്‍സലിംഗ് സെഷനുകള്‍ ആരംഭിച്ചു. മരുന്നുകള്‍ ആരംഭിച്ചു. 

അപ്പോഴേക്കും ജീവിതമാകെ മാറിപ്പോയിരുന്നു. ഇപ്പോഴും പഴയ അവസ്ഥയിലേക്ക് അവള്‍ തിരിച്ചുവന്നിട്ടില്ല. കൊവിഡ് ആധികളും ഗവേഷണ സമ്മര്‍ദ്ദങ്ങളും ഒക്കെച്ചേര്‍ന്ന് അവളുടെ തമാശകളെയെല്ലാം അടച്ചിട്ടിരിക്കുന്നു. 

അടഞ്ഞുപോയ ജീവിതങ്ങള്‍

ഇത് അവളുടെ മാത്രം കഥയല്ല. ലോകത്തെയാകെ അടിമുടി മാറ്റിയ കൊവിഡ് രോഗം, മനുഷ്യരുടെ മാനസികാവസ്ഥകളെ കൂടിയാണ് മാറ്റിയത്. ജനിതകമായി മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അവസ്ഥ കൂടുതല്‍ മോശമായി. നിലവില്‍ അതിനെ അതിജീവിച്ചവര്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലായി. വ്യക്തിജീവിതത്തെ വരിഞ്ഞുമുറുക്കുന്ന കൊവിഡിനോടുള്ള പോരാട്ടങ്ങള്‍ പലയെരും മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിയിട്ടു.   

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മനുഷ്യ വ്യക്തിത്വത്തിന്റെ പൂര്‍ണതക്ക് ശരീരം, ഹൃദയം, മനസ്, ആത്മാവ് എന്നീ നാല് തലങ്ങളിലുമുള്ള സന്തുലനവും, പരിപോഷണവും ഒപ്പം പരസ്പര സഹകരണവും ആവശ്യഘടകമാണ്. ഇതിനൊക്കെ തടസമുണ്ടായേക്കാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികളെയോ മുതിര്‍ന്നവരെയോ ദുര്‍ബലമായ സാമൂഹ്യ, സാമ്പത്തിക, മാനസിക അവസ്ഥകളിലുള്ളവരെയും ഒരു പോലെ ബാധിച്ചേക്കാം.

പഴയതുപോലെയല്ല. ആശുപത്രികളില്‍ പോലും പോകാന്‍ ഭയമാണ് ഇന്ന് പലര്‍ക്കും. രോഗം ഏതുവഴിക്കാണ് വരികയെന്ന ആധി. ആശുപത്രികളില്‍ ആളൊഴിയുന്നതും ഓണ്‍ലൈന്‍ ചികില്‍സകള്‍ വ്യാപകമാവുന്നതുമെല്ലാം നമ്മള്‍ കണ്ടുവരുന്നതാണ്. പുതിയ മാറ്റങ്ങളുമായി എളുപ്പം ചേര്‍ന്നുപോകാനാവാത്ത മുതിര്‍ന്നവരും മറ്റും ഇതിനേറെ വില കൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. 

കോവിഡ് കാലത്ത് ജനിതകമായി രോഗമുള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാനും അല്ലാത്തവരില്‍ - അമിതമായ ഉത്കണ്ഠ
ഭയം/ഭീതി, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, വിരക്തി, ക്ഷീണം തുടങ്ങി മാനസിക പ്രശ്‌നങ്ങളും ഉണ്ടായേക്കാം. അതുപോലെ രോഗ ഭീതിയുടെ പത്തിരട്ടി പ്രശ്‌നങ്ങളാണ് തൊഴില്‍/സാമ്പത്തിക മേഖലകളില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായത്. മദ്ധ്യ വയസ്‌കരിലും പ്രായമായവരിലും എല്ലാത്തിനോടുമുള്ള താല്പര്യക്കുറവ്, വിരക്തി, മടി, ക്ഷീണം എന്നിവ കാര്യമായി കാണപ്പെടുന്നു. 

കൊവിഡ് രോഗവ്യാപനം വിതച്ച ജീവിതാവസ്ഥകളിലെ മാറ്റം കാര്യമായി ബാധിച്ചത് സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവരിലാണ്. അതിനു സവിശേഷമായ സാമൂഹ്യമാനങ്ങളുമുണ്ട്. 

അടുക്കളകളില്‍ തളയ്ക്കപ്പെട്ടവര്‍

വീട്ടിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും കൂടുതല്‍ ബാധിക്കുന്നത്് സ്ത്രീകളെയാണ്. ഒരു റിഫ്രഷ്‌മെന്റും അവര്‍ക്ക് ലഭിക്കാതിരിക്കുന്നു. വര്‍ക്ക് ഫ്രം ഹോമും, ഗൃഹ ഭരണവും, മുഴുവന്‍ സമയ രക്ഷകര്‍ത്തൃത്വവും അവരുടെ ജീവിതം ദുസ്സഹമാക്കുന്നു.ഇതിന്റെ സംഘര്‍ഷമത്രയും സ്ത്രീകള്‍ ഒറ്റക്ക് അനുഭവിക്കേണ്ടി വരുന്നു.  ഇത് സമ്മര്‍ദ്ദത്തിന് (stress)കാരണമാകുന്നു.

ലോക്ക്ഡൗണ്‍ പോലുള്ള സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ കൂടുതലായി വീട്ടിലടയുമ്പോള്‍ സ്ത്രീകളുടെ ജോലി ഭാരം ഇരട്ടിയാണ്. ഇനി കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മാനസികമോ  ശാരീരികമോ ആയ ബുദ്ധിമുട്ടുകളുണ്ടായാൽ അതും  സ്ത്രീകൾക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കുന്നു. അതോടൊപ്പമാണ്, ഗാര്‍ഹിക പീഡന സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ കൂടുതലായി അതിനിരയാവേണ്ടി വന്ന സാഹചര്യങ്ങള്‍. 

കടുത്ത സാമ്പത്തിക പ്രതിസന്ധി മരണത്തെ മാത്രം ഓര്‍മിപ്പിക്കുന്നു എന്നൊരു വീട്ടമ്മ പറഞ്ഞതോര്‍ക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ സ്ത്രീകളെ അത്ര കണ്ട് ബാധിക്കുന്നുണ്ട്. ദിവസ ജോലിക്കാരോ/ഒറ്റ രക്ഷകര്‍ത്താവോ (single parent) ഒക്കെ ആണെങ്കില്‍ പ്രത്യേകിച്ചും.

എങ്കിലും, മനസ്സ് അടഞ്ഞുപോവാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തന്നെ നടത്തേണ്ടതുണ്ട്. സ്വയം പരിപാലനത്തിന് (self care) സ്ത്രീകള്‍ സമയം ( me time ) കണ്ടെത്തണം. വീട്ടിലെ ജോലി എല്ലാവരും ഷെയര്‍ ചെയ്യുന്ന ഒരവസ്ഥ ഉണ്ടായേ പറ്റൂ. കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന തരത്തില്‍ ഉത്തരവാദിത്തങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭാഗിക്കുന്നതും ഗുണകരമാണ്. ശരിയായ സമയ ക്രമീകരണം (time management & sheduling ) ആണ് മറ്റൊരു പ്രതിവിധി. സ്ട്രെസ് കുറക്കാന്‍ ബ്രീതിങ് എക്‌സര്‍സൈസ്/പ്രാര്‍ത്ഥ/യോഗ എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്താം.

പുറത്തിറങ്ങാത്ത കുട്ടികള്‍

മൂന്ന് വയസു മുതല്‍ ശരിയായ സാമൂഹിക വളര്‍ച്ചക്ക് വീട് മാത്രം കുട്ടിക്ക് മതിയാവില്ല. എന്നാല്‍, കൊവിഡ് വ്യാപനത്തോടെ അത്തരം ഒരു സാഹചര്യത്തിലാണ് നമ്മുടെ കുട്ടികള്‍ കഴിയുന്നത്. പുറംലോകവുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെടുകയും വീടകങ്ങളില്‍ മാത്രമായി ഒതുങ്ങുകയുമാണ് കുട്ടികള്‍. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ ഇത് കൂടുതല്‍ ബാധിക്കും. അവരുടെ സാമൂഹിക- ഭാഷാ വികസനത്തിലും പ്രശ്‌നങ്ങളുണ്ടായേക്കാം.  

മൂന്ന് മുതല്‍ ആറു വയസു വരെയുള്ള കുട്ടികളെ ശരീര ചാലക/വൈജ്ഞാനിക വികസനത്തിന് (cognitive development ) വേണ്ട പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കണം. കളി മുറ്റങ്ങളൊരുക്കിയും കഥകള്‍ വായിച്ചും അവരുടെ കഴിവുകള്‍ (skills) സമാന്തരമായി  വികസിപ്പിച്ചെടുക്കാന്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ബോധപൂര്‍വ്വ ശ്രമങ്ങള്‍ അനിവാര്യമാണ്. 

7 വയസു മുതലുള്ള കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസ അടിത്തറ ഉണ്ടാക്കിയെടുക്കുന്നതിനും ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഓണ്‍ലൈന്‍ ക്ലാസും ഫസ്റ്റ് ബെല്ലും സോഷ്യല്‍ മീഡിയ ഉപയോഗവും ഒക്കെയായി പല വഴിക്ക് കിടക്കുന്ന അവസ്ഥ മാറി ശരിയായ/ചിട്ടയായ ദിനചര്യയിലേക്ക് അവരെ കൊണ്ട് വരണം. സ്‌ക്രീന്‍ ഉപയോഗം കുറക്കുകയും ചെയ്യണം.  കുട്ടികള്‍ക്ക് ശരിയായ ഉറക്കവും വിശ്രമവും ഉറപ്പ് വരുത്തണം. മാനസിക ഉല്ലാസത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യണം. 

കുഞ്ഞനുജന്‍മാരെയും അനുജത്തിമാരെയും മടിയില്‍ വെച്ചൊക്കെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന വിദ്യാര്‍ത്ഥികളുണ്ട്. ചെറിയ കുട്ടികളെ പൂര്‍ണമായും മുതിര്‍ന്ന കുട്ടികള്‍ നോക്കേണ്ടി വരുമ്പോള്‍ അവരുടെ വളര്‍ച്ചാ വികാസങ്ങളെ അതു ബാധിച്ചേക്കാം. ആവശ്യത്തിലധികം ഉത്തരവാദിത്തങ്ങള്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മുരടിപ്പിന് കാരണമാവുകയും ചെയ്യും.  

കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട സഹായങ്ങളും ഗൈഡന്‍സും സ്‌കൂള്‍-അംഗന്‍വാടി കൗണ്‍സലര്‍മാരുടെ ഭാഗത്തു നിന്ന് ഉറപ്പ് വരുത്തണം. അത്തരം ഇടപെടലുകള്‍ കൃത്യമായ ഇടവേളകളില്‍ ഉണ്ടായതു കൊണ്ടാണ് ഒന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടായ മാനസിക പ്രശ്‌നങ്ങളില്‍ ഒരു പരിധി വരെ നമ്മള്‍ പിടിച്ചു നിന്നത് എന്ന് പറയാം.

പത്തില്‍ ആറോ എഴോ കുട്ടികളും സൈബര്‍ അദ്ധ്യയനത്തില്‍ താല്പര്യമില്ലാത്തവരും, ഒന്നോ/രണ്ടോ പേരെങ്കിലും അതിനു പോലും സൗകര്യമില്ലാത്തവരുമാണ്. എന്നിട്ടും പഠന ആവശ്യങ്ങള്‍ക്കല്ലാതെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് കുട്ടികള്‍ക്കിടയില്‍ പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്. ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ പ്രത്യാഘാതങ്ങള്‍ക്ക് പുറമെ സൈബര്‍ കുരുക്കുകളും അവരെ കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുത്. 

ജീവിത സായാഹ്‌നത്തില്‍

പ്രശ്‌നമനുഭവിക്കുന്ന മറ്റൊരു വിഭാഗം (weaker section) പ്രായമുള്ളവരാണ്.  പുറത്തിറങ്ങിയാല്‍ രോഗം വരുമെന്ന ഭീഷണിയുടെ മുനമ്പിലാണ് അവര്‍. രോഗവ്യാപന സാദ്ധ്യതയും മരണസാദ്ധ്യതയും കൂടുതാണെന്ന ബോധം അവരില്‍ വലിയ മാനസിക സംഘര്‍ഷങ്ങളാണ് സൃഷ്ടിക്കുന്നത്. പരിചയക്കാരുടെയും സമപ്രായക്കാരുടെയുമൊക്കെ മരണവാര്‍ത്തകളും അവരുടെ ആധികളും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. 

സ്വാഭാവികമായും മറ്റുള്ളവര്‍ക്കുള്ളതിലും ഏറെയായിരിക്കും പ്രായം ചെന്നവര്‍ക്കു മുകളിലുള്ള സമ്മര്‍ദ്ദങ്ങള്‍. ഉറ്റവരും പരിചയക്കാരുമെല്ലാം, അവരെ 'എളുപ്പം മരിക്കാന്‍ സാധ്യതയുള്ളവരായി' പരിഗണിക്കും. നിരന്തരം അതുകേട്ടുകേട്ട്, ഏതുനിമിഷവും മരണത്തിലേക്കു വഴുതിവീഴുന്നവരായി സ്വയം കരുതുന്ന അവസ്ഥ അവര്‍ക്കുണ്ടാവും. പ്രായാധിക്യം സൃഷ്ടിക്കുന്ന മറ്റുപ്രശ്നങ്ങള്‍ക്കു പുറമേയായിരിക്കും കൊവിഡ് 19 പുതുതായി സൃഷ്ടിച്ച ഈ പ്രശ്നം അവരെ തേടിയെത്തുക. 

ഒന്നോ രണ്ടോ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ മുതല്‍ കിടപ്പിലായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അസുഖത്തിന്റെ ഭീതി /ഒറ്റപ്പെടല്‍ /അരക്ഷിതത്വം ഒക്കെ തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കാവുന്നതാണ്. മാനസികമായി ഒരു തയാറെടുപ്പിനോ മറ്റൊ ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ചെറുതോ/വലുതോ ആയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്, ആത്മീയ കാര്യങ്ങള്‍ പരിപോഷിപ്പിക്കുന്നത് ഒക്കെ പ്രായമായവരില്‍ പ്രയോജനം ചെയ്യും.

മരണങ്ങളില്‍ ആടിയുലയുന്നവര്‍

അപ്രതീക്ഷിത മരണങ്ങളോ/ഭൗതിക നഷ്ടങ്ങളോ മൂലമുണ്ടാകുന്ന കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവർ എക്കാലത്തുമുണ്ട്. എന്നാല്‍, കൊവിഡിന്റെ കാലം ആ അവസ്ഥയുടെ അതിതീവ്രമുഖം നമുക്ക് കാണിച്ചുതരുന്നു. ആദ്യ ഘട്ടത്തില്‍ കൊവിഡ് മരണനിരക്ക് കുറവായിരുന്നുവെങ്കില്‍, രണ്ടാം ഘട്ടത്തില്‍ അതു വളരെ കൂടുതലാണ്. പ്രായമുള്ളവരും ചെറുപ്പക്കാരുമെല്ലാം അതിനിരയാവുന്നത് വാര്‍ത്തകളില്‍ നമുക്ക് കാണാം. കൊവിഡ് പൂര്‍വ്വ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മരണനിരക്കും കൂടിവരികയാണ്. 

സ്വാഭാവികമായും ഈ മരണങ്ങള്‍ മൂലം  ഉറ്റവര്‍ക്കുണ്ടാവുന്ന ആഘാതങ്ങള്‍ ചെറുതായിരിക്കില്ല. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കുറച്ചുകാലം കൂടി ബാക്കിയുണ്ടാവുമെന്ന് കരുതിയ മാതാപിതാക്കളുടെ പൊടുന്നനെയുള്ള വിയോഗങ്ങള്‍ കുടുംബാന്തരീക്ഷങ്ങളെ ആകെ മാറ്റിമറിക്കും.  സങ്കടങ്ങള്‍ മാറ്റാനോ വിലപിക്കാനോ സാധാരണ മട്ടിലുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താനോ പോലും കഴിയാത്ത സാഹചര്യം പ്രശ്‌നങ്ങളെ വീണ്ടും വഷളാക്കും. ഇങ്ങനെയുള്ളവര്‍ക്ക് തുടക്കത്തില്‍ തന്നെ ശരിയായ രീതിയില്‍ ചികില്‍സ നല്‍കണം. വലിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ അത് അത്യാവശ്യമാണ്. 

വാര്‍ത്തകളും വ്യാജവാര്‍ത്തകളും 

സങ്കല്‍പ്പാതീതമായ കാലത്തിലൂടെയാണ് ലോകം ഇന്നു കടന്നുപോവുന്നത്. ഒരു സയന്‍സ് ഫിക്ഷനിലെന്നോണം, ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്നു.  വാക്‌സിനേഷനടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുമ്പോഴും പുതിയ വൈറസ് വേരിയന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഒപ്പം, ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളും ആവശ്യത്തിനില്ലാത്ത സാഹചര്യമൊക്കെ ഉണ്ടാക്കുന്ന ഭയാശങ്കകള്‍ ചെറുതല്ല. ഇതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളും സര്‍ക്കാര്‍ പുറത്തിറക്കുന്ന വിവരങ്ങളുമെല്ലാം, മനസ്സിനെ പിടിച്ചുകുലുക്കുന്നവയാണ്. 

ഇപ്പറഞ്ഞത് ശരിയായ വാര്‍ത്തകളുടെ കാര്യമാണ്. എന്നാല്‍, അതുമാത്രമല്ല, കടിച്ചാല്‍ പൊട്ടാത്ത കള്ളങ്ങളുമായി വ്യാജവാര്‍ത്തകള്‍ കൂടി നമ്മളിലേക്ക് വരുന്നുണ്ട്. ജനിതകമായി മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ പോലും മാനസിക സംഘര്‍ഷത്തിലാക്കിയേക്കാവുന്ന തരത്തില്‍ തെറ്റായതോ ഭീതിപ്പെടുത്തുന്നതോ ആയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗമാണ് പടരുന്നത്.  ഇതുണ്ടാക്കുന്ന ഭീതി വൈറസിനേക്കാള്‍ അപകടകാരിയാണ്. അതിനാല്‍, ഇത്തരം വ്യാജവാര്‍ത്തകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാവണം. 

ഇളവെയിലില്‍ നില്‍ക്കാം

ഇതിനൊപ്പം പറേയണ്ട മറ്റൊരു കാര്യം, വിറ്റാമിന്‍ ഡി (vitamin D) യുടെ അപര്യാപ്തതയാണ്. നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് (metabolism) വിറ്റാമിന്‍ ഡി അവശ്യ ഘടകമാണ്. ഇതിന്റെ കുറവ്  കണ രോഗം, എല്ലിന്റെ/പല്ലിന്റെ ബലക്കുറവ്, വിഷാദം, നെഗറ്റീവ് ചിന്തകള്‍, ക്ഷീണം തുടങ്ങി ശാരീരികമായും മാനസികമായും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

രാവിലെ 10 മണിക്ക് മുന്‍പും വൈകിട്ട് 5 മണിക്ക് ശേഷവുമുള്ള ഇളം വെയില്‍ ദിവസവും 10-15 മിനിറ്റ്  കൊള്ളുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പരിഹരിക്കാവുന്നതാണ്.

പരിഹാര മാര്‍ഗങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഏതു തരം മാനസിക പ്രശ്‌നങ്ങള്‍ക്കും അടിയന്തിരമായിചപരിഹാരം കാണേണ്ടതുണ്ട്. മാനസികാരോഗ്യവിദഗ്ധരുടെ സഹായം വേണ്ട വിഷയങ്ങളില്‍ അത് തേടുകതന്നെ വേണം. ആശുപത്രികളില്‍ പോവാനാവാത്ത സാഹചര്യമുണ്ടെങ്കിലും, ടെലി മെഡിസിന്‍ സംവിധാനമോ, ഓണ്‍ലൈന്‍ ചികില്‍സാ സംവിധാനമോ ഇതിനായി ഉപയോഗിക്കാനാവും. കൃത്യമായ സമയത്ത് കൃത്യമായ ചികില്‍സ കിട്ടുക എന്നതും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുക എന്നതും പ്രധാനമാണ്. 

ഇതോടൊപ്പം, ജീവിത ക്രമത്തില്‍ ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തുന്നതും ഏറെ സഹായകരമാവും. ദിനചര്യകളില്‍ ഹാപ്പിനെസ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരിക, വ്യായാമം, യോഗ, പ്രാര്‍ത്ഥന എന്നിവയെ ജീവിതത്തിന്റെ ഭാഗമാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരു  പരിധി വരെ ഈയവസ്ഥകളെ നമുക്ക് മറി  കടക്കാനാവും. 

Follow Us:
Download App:
  • android
  • ios