ജനപ്രീതി കുറയുമ്പോഴും റിപബ്ലിക്കൻ പാർട്ടിയിൽ തൻ്റെ അധികാരം ഉറപ്പിക്കാന്‍ ഡോണൾഡ് ട്രംപ്. തനിക്കെതിരെ നിന്ന തോമസ് മാസെ അടക്കമുള്ളവരെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ എതിരാളികളെ പിന്തുണച്ച് പരാജയപ്പെടുത്തുന്നതും ഇതിന്‍റെ ഭാഗം.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജനപ്രീതി ഇടിയുകയാണ്. പക്ഷേ, റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപ് പിടിമുറുക്കുകയാണ്. തനിക്കെതിരെ ശബ്ദമുയർത്തിയവരെയെല്ലാം ഒന്നൊന്നായി പുറത്താക്കുകയാണ് പ്രസിഡന്‍റ്. റിപബ്ലിക്കൻ പ്രൈമറികളിൽ അവരുടെ എതിരാളികളെ പിന്തുണച്ച് കൊണ്ടാണ് ഈ നടപടി. നവംബറിലെ തെരഞ്ഞെടുപ്പിൽ ഇതെല്ലാം തിരിച്ചടിക്കുമെന്ന് വിമർശനമുണ്ട്. പക്ഷേ, പ്രസിഡന്‍റിന് അതൊന്നും വിഷയമല്ല. പുറത്താക്കിയവരിൽ പ്രമുഖൻ തോമസ് മാസെയാണ്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്നതിൽ ഒപ്പുശേഖരണം നടത്തിയ റിപബ്ലിക്കൻ അംഗം. അധികം ഉപയോഗിക്കാത്ത ഡിസ്ചാർജ് പെറ്റീഷന് മുൻകൈയെടുത്ത തോമസ് മാസെ പ്രൈമറിയിൽ തോറ്റു.

വിധേയനാകണം
തന്നെ എതിർത്തവരെ മാത്രമല്ല. താനാഗ്രഹിക്കുന്നത്ര വിധേയത്വം പുലർത്താത്തവരെയും പുറത്താക്കുകയാണ് പ്രസിഡന്‍റ്. അതും സംസ്ഥാനങ്ങളിൽ നേരിട്ടെത്തിയാണ് പ്രചാരണം. ഇൻഡ്യാനയിലെ 5 സെനറ്റർമാർ പ്രൈമറിയിൽ തോറ്റു. തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തായി. ജില്ലകളുടെ അതിർത്തികൾ മാറ്റിവരയ്ക്കാനുള്ള ട്രംപിന്‍റെ ശ്രമത്തെ എതിർത്തവരാണ് അഞ്ച് പേരും. പിന്നെ തോറ്റത് സെനറ്റർ ബിൽ കാസിഡി ആണ്. 2021 -ലെ ഇംപീച്ച്മെന്‍റ് വിചാരണയിൽ ട്രംപിനെതിരായി വോട്ട് ചെയ്തിരുന്നു ബിൽ കാസിഡി. ലൂയിസിയാനയിലെ പ്രൈമറിയിൽ കാസിഡി തോറ്റു.
തോമസ് മാസെയുടെ തോൽവി
പക്ഷേ, ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തോമസ് മാസെയുടെ തോൽവിയാണ്. കെന്‍റക്കിയിലെ പ്രൈമറിയിൽ മാസെയുടെ എതിരാളി, ട്രംപിന്‍റെ നോമിനി എഡ് ഗാൽറീൻ ആയിരുന്നു. ഗൽറീന് വേണ്ടി വാദിക്കാൻ ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും കെന്‍റക്കിയിലെത്തി. അസാധാരണ നടപടി. മാസെ റിപബ്ലിക്കനല്ല, ഡെമോക്രാറ്റാണെന്ന് വരെ പറഞ്ഞു പ്രസിഡന്‍റ്. അത്രയും നാൾ മാസെയെ മാത്രം തെരഞ്ഞെടുത്തിരുന്ന പ്രദേശങ്ങൾ പോലും ഇത്തവണ കൈവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൈമറിയായിരുന്നു കെന്‍റക്കിയിലേതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 19 മില്യന്‍റെ പരസ്യം ഗാൽറീന് വേണ്ടി. 14 മില്യൻ മാസെയ്ക്ക് വേണ്ടി. മാസെ ചെയ്ത് തെറ്റ് എപ്സ്റ്റീൻ വിഷയത്തിലെ ഡിസ്ചാർജ് പെറ്റീഷൻ മാത്രമല്ല. ട്രംപിന്‍റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലടക്കം തനിക്ക് വിയോജിപ്പുള്ള എല്ലാം എതിർത്തു. 14 വർഷം മുമ്പ് വിജയിച്ചപ്പോൾ മുതൽ റിപബ്ലിക്കൻ അംഗങ്ങൾ അനുകൂലിച്ച പലതും എതിർത്തിരുന്നു. വിദേശ സഹായമടക്കം. ഇറാൻ യുദ്ധത്തിന്‍റെ ഏറ്റവും വലിയ വിമർശകനുമായി.

മാസെയെപ്പോലെ മറ്റാരും ട്രംപിനെ ഇത്രയും ദേഷ്യം പിടിപ്പിച്ചിട്ടില്ല എന്നാണ് വൈറ്റ് ഹൗസിലെ ഉപദേഷ്ടാക്കളുടെ തന്നെ അഭിപ്രായം. ഒക്ടോബറിലാണ് ട്രംപ് എഡ് ഗൽറീനോട് മാസെയുടെ എതിർസ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടത്. മുൻ സൈനികനാണ് ഗൽറീൻ. ട്രംപിന്‍റെ ആരാധകനും. മാസെയോട് താൽപര്യമുള്ള വോട്ടർമാരുടെ പ്രശ്നം മാസെയുടെ വോട്ടിംഗ് ശൈലിയാണ്. പ്രത്യേകിച്ച് ട്രംപിനോട് താൽപര്യമുള്ള വോട്ടർമാർക്ക്. അതുകൊണ്ട് അവസാനഘട്ടത്തിൽ ഫലം എതിരാകുമെന്ന് സംശയമുണ്ടായിരുന്നു. കെന്‍റക്കിയിലെ ജനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാസെക്ക് ഒടുവിൽ തോൽവിയാണ് സമ്മാനമായി കിട്ടിയത്. ട്രംപിന്‍റെ സ്വാധീനം വ്യക്തമാകുന്ന തോൽവി. റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ മാസെയുടെ തോൽവി നിരാശക്ക് കാരണമായി എന്നാണ് റിപ്പോർട്ടുകൾ. ഡമോക്രാറ്റുകൾക്കും നിരാശയായി.
സെനറ്റുകളിലേക്ക് ഇഷ്ടക്കാർ മാത്രം
സെനറ്റർ മിച്ച് മക്കോണലിനെയും മറ്റൊരു തരത്തിൽ പ്രസിഡന്‍റ് തോൽപ്പിച്ചു. മക്കോണൽ വിരമിക്കുന്ന സ്ഥാനത്തേക്ക് മക്കോണലിന്‍റെ ശിഷ്യനായ മുൻ അറ്റോർണി ജനറൽ ഡാനിയൽ കാമറോൺ മത്സരിച്ചിരുന്നു. പക്ഷേ, ട്രംപ് പിന്തുണച്ചത് ആൻഡി ബാറിനെ. ബാർ, കാമറോണിനെ തോൽപ്പിച്ചു. മക്കോണൽ 2020 -ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന തന്‍റെ വാദങ്ങളെ പിന്തുണയ്ക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. പക്ഷേ, ജോർജിയയിൽ ട്രംപിന്‍റെ ഗവർണർ സ്ഥാനാർത്ഥി ബർട്ട് ജോൺസ് രണ്ടാമത്തെ ഘട്ടത്തിൽ മത്സരിക്കേണ്ടിവരും റിക് ജാൻസൺ ആണ് എതിരാളി. ഇനിയും ബാക്കിയുണ്ട് ഒരുപാട് പ്രൈമറികൾ. ട്രംപ് അനുകൂലികളും അല്ലാത്തവരും കളരിയിലുണ്ട്. കണ്ടറിയാനിരിക്കുന്നതേയുള്ളു എല്ലാം.
