Asianet News MalayalamAsianet News Malayalam

ബീവറേജസ് ഷോപ്പിലെ ജീവിതം!

ബീവറേജസ് ഷോപ്പിലെ ജീവനക്കാരുടെ ജീവിതം. അധ്യാപകനും എഴുത്തുകാരനുമായ വി.കെ ജോബിഷ് എഴുതുന്നു.

VK Jobish   kerala beverages shop employees life
Author
Thiruvananthapuram, First Published May 1, 2019, 7:27 PM IST

രാവിലെ പത്ത് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് ബീവറേജസിലെ തൊഴിൽസമയം.കണക്കുകളെല്ലാം ഒത്തു കഴിയുമ്പോൾ ഇടയ്ക്ക് 10 ഉം കഴിയും! കൂടാതെ ഞായറും ശനിയുമൊക്കെ വർക്കിംഗ് ഡേയാണ്. ലീവില്ല.ആഴ്ചയിൽ ഒരു ലീവുള്ളത് തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലെടുക്കണം. ഒരു ലീവുണ്ടെങ്കിലും ഒരുപകാരവുമില്ലെന്ന്! 

VK Jobish   kerala beverages shop employees life

ബീവറേജസാണ്.മദ്യക്കുപ്പി എടുത്തു കൊടുക്കുകയാണ്.അധ്യാപകനാകുന്നതിനു മുൻപ് എന്റെ ഒരു തൊഴിലിടം ബീവറേജസായിരുന്നു.കോഴിക്കോട് നഗരത്തിൽ പാവമണിഷോപ്പിൽ ഒന്നരക്കൊല്ലക്കാലത്തെ കുപ്പികൾക്കിടയിലെ ആ ജീവിതം ശരിക്കുപറഞ്ഞാൽ എന്റെ 'ആടുജീവിത'മായിരുന്നു.  എഴുതാത്ത നോവലിലെ മറ്റൊരു നജീബായിരുന്നു അപ്പോൾ ഞാൻ. മരുഭൂമിക്കു പകരം ചുറ്റിലും മദ്യക്കുപ്പികളായിരുന്നു എന്നുമാത്രം. ദിവസവും കേൾക്കുന്ന വാക്കുകളധികവും മദ്യവുമായി ബന്ധപ്പെട്ടതുതന്നെ. അതെ.....വാക്കുകളും കൂടിയാണല്ലോ മനുഷ്യൻ.!

മേലുദ്യോഗസ്ഥന് സർക്കാരിന്റെ നിയമങ്ങളോടും നിബന്ധനകളോടും ഭയങ്കര ആത്മാർത്ഥതയുള്ളതുകൊണ്ടുതന്നെ എനിക്കയാൾ ആടുജീവിതത്തിലെ അർബാബാ യിരുന്നു. അയാളുമായി ഒഴിവുസമയത്തിന് ഞാൻ എപ്പോഴും കലഹിച്ചുകൊണ്ടേയിരുന്നു. കാരണം രാവിലെ പത്ത് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് ബീവറേജസിലെ തൊഴിൽസമയം.കണക്കുകളെല്ലാം ഒത്തു കഴിയുമ്പോൾ ഇടയ്ക്ക് 10 ഉം കഴിയും! കൂടാതെ ഞായറും ശനിയുമൊക്കെ വർക്കിംഗ് ഡേയാണ്. ലീവില്ല.ആഴ്ചയിൽ ഒരു ലീവുള്ളത് തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലെടുക്കണം. ഒരു ലീവുണ്ടെങ്കിലും ഒരുപകാരവുമില്ലെന്ന്.! 

പുറത്തൊരാൾ അനുഭവിക്കുന്ന സാമൂഹിക ജീവിതം മുഴുവനായും ഒറ്റയടിക്ക് റദ്ദായിപ്പോകുമെന്ന്. ചുരുക്കത്തിൽ ഉള്ളിലാഗ്രഹിച്ച കലയും സാഹിത്യവും യാത്രയും രാഷ്ട്രീയവുമുൾപ്പെട്ട മുഴുവൻ അനുഭൂതികളും മറ്റൊരു കുപ്പിയിലടക്കപ്പെടും.!

VK Jobish   kerala beverages shop employees life

ശരിക്കും മനുഷ്യരനുഭവിക്കുന്ന സ്വാതന്ത്ര്യം എന്തെന്ന് ആദ്യമായി മനസിലായതപ്പോഴാണ്. ബീവറേജസിനകത്തെ സമയവും നിയമവും സമ്മതിക്കാത്തതുകൊണ്ട് പുറത്തെ ഇഷ്ടങ്ങളിലേക്കൊന്നും അന്ന് പടരാൻ കഴിഞ്ഞിരുന്നില്ല. മദ്യം വാങ്ങാൻ വരുന്ന ഒരാൾക്കും അകത്തെ ആ മനുഷ്യനെ ഒരിക്കലും മനസിലായുമില്ല. അതേ സമയം അകത്തെ മനുഷ്യൻ പുറത്തു ക്യൂ നിൽക്കുന്ന മറ്റൊരു മനുഷ്യന്റെ സ്വപ്നവുമായിരുന്നു.!

ദിവസങ്ങൾ കഴിഞ്ഞുപോകെ എനിക്ക് മെല്ലെ മെല്ലെ പേടിയായിത്തുടങ്ങി. ജീവിതം മുഴുവൻ നഗരത്തിലെ ആ നാലു ചുവരുകൾക്കകത്ത് മദ്യക്കുപ്പികൾക്കിടയിൽ എരിഞ്ഞുതീരുമെന്നു കരുതിയ നിമിഷങ്ങളായി പിന്നീടുള്ളതെല്ലാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇഷ്ടത്തോടുകൂടി ജോലി ചെയ്യുന്ന എത്രയോപേർ എനിക്കൊപ്പമുണ്ടായിരുന്നു.അവരുടെ ആഹ്ലാദങ്ങളിൽ ദു:ഖങ്ങളെല്ലാമൊളിപ്പിച്ച് എപ്പോഴും ഞാനും അലിഞ്ഞു ചേർന്നിരുന്നു. അപ്പോഴും പുറം ലോകത്തെ വിനോദത്തെക്കുറിച്ചും വിശ്രമവേളകളെക്കുറിച്ചുമൊക്കെയുള്ള എന്റെ ആശങ്ക അവരിൽ ചിലർക്ക് കൗതുകംമാത്രമായി.

ആ ദിവസങ്ങളിലെ മനുഷ്യരുടെ സന്തോഷമുണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്ത അറിയാത്ത എത്രയോ ജീവിതങ്ങളിലേക്ക് കയറിപ്പോയ മദ്യക്കുപ്പികൾ എന്റെ കൈകളിലൂടെ കൈമാറിപ്പോയവയായിരുന്നു. അതിനിടയിലെ ഇടവേളകളിൽ മൂലയ്ക്കൊരിടത്തിരുന്നുള്ള പുസ്തകവായനയായിരുന്നു അന്നത്തെ ഏക ആശ്വാസം.

ഇന്നിപ്പോഴിത് ഓർക്കാൻ കാരണം ഈ മെയ്ദിനമാണ്. തൊഴിൽ സമയത്തെക്കുറിച്ചുള്ള പുതിയ ബോധ്യവും നിയമവുമാണ് ഈ ദിനത്തിന്റെ ഓർമ്മകളിലൊന്ന്. ഒരു ദിവസത്തിന്റെ ഇരുപത്തിനാല് മണിക്കൂറിൽ എട്ടുമണിക്കൂറാണ് ഒരു തൊഴിലാളി തന്റെ തൊഴിലിടത്തിൽ മാറ്റി വെക്കേണ്ടത്. എട്ടുമണിക്കൂർ തൊഴിൽ,എട്ടു മണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്നതാകണ്ടേ ഒരു തൊഴിലാളിയുടെ ജീവിതം.എട്ട് മണിക്കൂർ സമയം അംഗീകരിച്ചതിനെത്തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കണം എന്ന ആശയം ആദ്യം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി ലോകത്ത് മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. 1907 ൽ അയ്യങ്കാളിയും കൂട്ടരും ഇവിടെ സമരം നടത്തിയതും തൊഴിൽ സമയം ക്രമീകരിക്കാനും കൂടിയായിരുന്നു.

എന്നാൽ 2019ലെ ഈ വൈകുന്നേരത്തെ മെയ്ദിനാഘോഷത്തിലും എല്ലാത്തരത്തിലുമുള്ള സാമൂഹ്യ ജീവിതവുമുപേക്ഷിച്ച് രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് മണിവരെ എല്ലാ ദിവസവും തൊഴിൽ ചെയ്യുന്നവരുടെ ജീവിതത്തോട് ആ എട്ടുമണിക്കൂറിന്റെ ഓർമ്മകൾ ആരെങ്കിലും പങ്കുവെക്കുന്നുണ്ടാകുമോ.അധിക സമയത്തിന് നൽകുന്ന അധികകൂലി അവരുടെ വലിയൊരു ജീവിതമില്ലാതാക്കുന്നതിനെക്കുറിച്ച് ആരാണവരെ ബോധ്യപ്പെടുത്തുക.?

Follow Us:
Download App:
  • android
  • ios