Asianet News MalayalamAsianet News Malayalam

ആറ്റിങ്ങലില്‍ കഥ മാറുമോ?

മണ്ഡലകാലം. നിസാം സെയ്ദ് എഴുതുന്ന മണ്ഡല വിശകലനം.  ആറ്റിങ്ങൽ 

Will tables topple in Attingal this time around..?
Author
Trivandrum, First Published Mar 25, 2019, 3:33 PM IST

ആറ്റിങ്ങലിൽ ഇത്തവണ പോരാട്ടം ഗംഭീരമാവും. ആറ്റിങ്ങൽ നിയോജകമണ്ഡലം രൂപീകൃതമായ 2009 മുതൽ രണ്ടുതവണയും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ സമ്പത്തിനെ, 'രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിവാക്കുന്ന' കീഴ്വഴക്കം ലംഘിച്ച് സിപിഎം  വീണ്ടും രംഗത്തിറക്കിയിരിക്കുകയാണ്. എം പി എന്ന നിലയിലെ പ്രവർത്തനമികവും ഉണ്ടാക്കിയെടുത്തിട്ടുള്ള വ്യാപകമായ ബന്ധങ്ങളുമാണ് സമ്പത്തിനെ   സിപിഎമ്മിന് അനിവാര്യനാക്കുന്നത്. പതിവിനു വിരുദ്ധമായി പ്രബലനായ ഒരു സ്ഥാനാർത്ഥിയെയാണ് സമ്പത്തിനെ നേരിടാൻ കോൺഗ്രസ്സ് കണ്ടെത്തിയിരിക്കുന്നത്.


Will tables topple in Attingal this time around..?


AICC നടത്തിയ സർവേയിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിർത്താൻ പറ്റിയ ഏറ്റവും മികച്ച സ്ഥാനാർഥി എന്ന കണ്ടെത്തലാണ് അടൂർപ്രകാശിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത്. സാമുദായിക പിൻബലവും ശക്തമായ ബന്ധുബലവും, മന്ത്രിയായ കാലഘട്ടത്തിൽ ആറ്റിങ്ങൽ മണ്ഡലത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുമാണ് അടൂർ പ്രകാശിനെ ശക്തനാക്കുന്നത്. 1996  മുതൽ കോന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന അടൂർ പ്രകാശ്, മണ്ഡലപരിചരണത്തിൽ പ്രഗൽഭനാണെന്ന ഖ്യാതി നേടിയിട്ടുണ്ട്.

പൊതുവേ ഇടതുപക്ഷത്തിന് രാഷ്ട്രീയമായ മേൽക്കൈയുള്ള മണ്ഡലമാണ് കോന്നി. അന്നത്തെ സിറ്റിങ്ങ് എംഎൽഎയും ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിനെ നേരിയ വ്യത്യാസത്തിൽ തോൽപ്പിച്ചാണ് അടൂർ പ്രകാശ് തൊണ്ണൂറ്റിയാറിൽ നിയമസഭാംഗമാവുന്നത്. തുടർന്ന് നാല് തെരഞ്ഞെടുപ്പുകളിൽ കടമ്മനിട്ട രാമകൃഷ്ണനടക്കമുള്ളവരെ വൻ മാർജിനിൽ പരാജയപ്പെടുത്തി, ഇരുപത്തിമൂന്നു വർഷക്കാലമായി കോന്നിയുടെ പ്രിയപ്പെട്ടവനായി അടൂർ പ്രകാശ് തുടരുന്നു. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സ്ഥാപിച്ചിട്ടുള്ള വ്യക്തിബന്ധങ്ങളുമാണ് തുടർച്ചയായി പ്രകാശിന് വിജയം സമ്മാനിക്കുന്നത്. അതേ ശൈലി തെരഞ്ഞെടുക്കപ്പെട്ടാൽ ആറ്റിങ്ങലിൽ തുടരും എന്നതാവും പ്രകാശിന്റെ വാഗ്‌ദാനം.

അതുകൊണ്ടുതന്നെ രവി സിപിഎമ്മിന് അഭിമതനായിരുന്നില്ല

വന്മരങ്ങളെ കടപുഴക്കിയ ചരിത്രമാണ് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴ് ലോകസഭാ മണ്ഡലത്തിനുള്ളത്. 1952 -ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ  മണ്ഡലം അട്ടിമറികളോടുള്ള അതിന്റെ പ്രതിപത്തി വ്യക്തമാക്കി. മുൻ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി കെ നാരായണ പിള്ളയെ പരാജയപ്പെടുത്തി സിപിഐ സ്ഥാനാർത്ഥിയായിരുന്ന വി പരമേശ്വരൻ നായർ വിജയിച്ചു.  ആ പരാജയത്തോടെ പറവൂർ  ടി കെ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി.  അടുത്ത രണ്ടുതെരഞ്ഞെടുപ്പുകളിലും സിപിഐയിലെ എം കെ കുമാരനാണ് വിജയിച്ചത്. അറുപത്തിയേഴിൽ വീണ്ടും ചിറയിൻ കീഴ് വാർത്ത സൃഷ്ടിച്ചു. മുൻ മുഖ്യമന്ത്രിയായ ആർ ശങ്കറിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ ചിറയിൻ കീഴ് ശ്രദ്ധേയമായത്. സിപിഎമ്മിലെ കെ അനിരുദ്ധൻ ( സമ്പത്തിന്റെ അച്ഛൻ) ആണ് 29393 വോട്ടുകൾക്ക് ശങ്കറെ   തോൽപ്പിച്ചത്.  

എഴുപത്തിയൊന്നിൽ ചിറയിൻകീഴ് വാർത്താ പ്രാധാന്യം നേടിയത് വ്യത്യസ്തമായ കാരണങ്ങളാലാണ്. ആർ ശങ്കർ വീണ്ടും ചിറയിൻകീഴിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, ഇതിനോടകം കോൺഗ്രസിനുള്ളിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റം വന്നിരുന്നു. എ കെ ആന്റണിയുടെയും വയലാർ രവിയുടെയും നേതൃത്വത്തിൽ യുവജന-വിദ്യാർത്ഥി സംഘം കേരളത്തിലെ കോൺഗ്രസിനുള്ളിലെ തിരുത്തൽ ശക്തിയെന്ന നിലയിൽ സ്വയം പ്രതിഷ്ഠിച്ചിരുന്നു. ആർ ശങ്കറിനെപ്പോലുള്ളവർ കോൺഗ്രസിനുലെ 'കടൽക്കിഴവന്മാ'രാണെന്നും അവർക്കിനിയും മത്സരിക്കാൻ അവസരം നൽകരുതെന്നും യൂത്ത് കോൺഗ്രസും കെഎസ്‌യുവും വാദിച്ചു. അങ്ങനെ അറുപത്തിരണ്ടുകാരനായ ശങ്കറിന് സീറ്റു നിഷേധിക്കപ്പെട്ടു. പകരം വയലാർ രവി തന്നെ ചിറയിൻകീഴിൽ സ്ഥാനാർത്ഥിയായി. അന്നത്തെ യുവാക്കളുടെ ഇന്നത്തെ പ്രായത്തെക്കുറിച്ചും  അവർ ഇന്നും വഹിക്കുന്ന പദവികളെക്കുറിച്ചും അവരെ ഓർമ്മിപ്പിക്കുന്നത് അർത്ഥ ശൂന്യമാവും.

ആ തെരഞ്ഞെടുപ്പിൽ വർക്കല രാധാകൃഷ്‌ണനെ 49272  വോട്ടിന് തോൽപ്പിച്ച് വയലാർ രവി പാർലമെന്റംഗമായി. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രവി പാർട്ടിയിലെ ശക്തനായി വളർന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന എഴുപത്തിയേഴിലെ  തെരഞ്ഞെടുപ്പിലും കെ അനിരുദ്ധനെ 60925  വോട്ടിന് തോൽപ്പിച്ച് രവി ഡൽഹിയിലേക്ക് വീണ്ടും ടിക്കറ്റെടുത്തു. എൺപതിലെ ചിറയിൻകീഴ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി.

കോൺഗ്രസ്(യു) ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. സിപിഎമ്മുമായി ചേർന്ന് മുന്നണി രൂപീകരിക്കുന്നതിന് വയലാർ രവി എതിരായിരുന്നുവെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രവി സിപിഎമ്മിന് അഭിമതനായിരുന്നില്ല. എ എ റഹീമായിരുന്നു കോൺഗ്രസ് (ഐ)  സ്ഥാനാർഥി. മണ്ഡലത്തിലെ ശക്തമായ മുസ്‌ലിം വോട്ടിനെ ലക്ഷ്യമാക്കി നടത്തിയ കരുണാകരന്റെ കയ്യൊപ്പുള്ള ഭാവനാ പൂർണ്ണമായ നീക്കമായിരുന്നു റഹീമിന്റെ സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ എ എ റഹീം 6063 വോട്ടുകൾക്ക് വയലാർ രവിയെ തോൽപ്പിച്ചു. അധികാരത്തിലേറിയ ഇന്ദിരാഗാന്ധി സർക്കാരിൽ റഹിം സഹമന്ത്രിയായി. 

ഇന്ദിരാ സഹതാപതരംഗത്തിൽ, അഡ്വക്കേറ്റ് ജനറലായിരുന്ന കെ സുധാകരനെ അനായാസം ബഷീർ തോൽപിച്ചു

സിപിഎം തന്റെ കാലുവാരുകയായിരുന്നു എന്ന് രവി വിശ്വസിച്ചു. തുടർന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴു നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ മുന്നണി വിജയിച്ചപ്പോൾ വയലാർ രവിയുടെ വിശ്വാസം ഇരട്ടിച്ചു. ഇടതുപക്ഷ മുന്നണിയിൽ നിന്നും നായനാർ മന്ത്രിസഭയിൽ നിന്നും കോൺഗസ് (യു) വിനെ മാറ്റുകയെന്നത് രവിയുടെ ദൗത്യമായി മാറി. അതിനുള്ള പ്രവർത്തനങ്ങൾ പാർട്ടിയ്ക്കുള്ളിലും പുറത്തും അദ്ദേഹം സജീവമാക്കി. രവിയുടെ ലക്‌ഷ്യം യാഥാർഥ്യമാക്കാൻ വേണ്ട നിർലോഭമായ സഹകരണം മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു.

കോൺഗ്രസ്(യു) വിലെ സിപിഎം വിരുദ്ധ ചേരിയുടെ കേന്ദ്രമായി രവി മാറി. 'കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചിരിക്കുന്നു എന്ന സിപിഎമ്മിനെ ലക്ഷ്യമാക്കിയുള്ള  രവിയുടെ പ്രസംഗം വലിയ വിവാദമായി. അന്ന് ഇടതുപക്ഷ മുന്നണിയുടെ അനൗദ്യോഗിക ജിഹ്വ പോലെ പ്രവർത്തിച്ചിരുന്ന കലാ കൗമുദി, ' പുര നിറഞ്ഞു നിൽക്കുന്ന രവി' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ, 'പണ്ടവും പണവും കൊടുത്ത് രവിയെ ഇന്ദിരാ കോൺഗ്രസിലേക്ക് പറഞ്ഞയക്കണം' എന്നാവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് കലാകൗമുദി മുഖപ്രസംഗം പിൻവലിച്ചു. എന്തായാലും രവിയുടെ ദൗത്യം വിജയം കാണുകതന്നെ ചെയ്തു. അപ്പോഴേക്കും കോൺഗ്രസ് (എസ് ) ആയിക്കഴിഞ്ഞിരുന്ന പാർട്ടി ഇടതുപക്ഷ മുന്നണിയിൽ നിന്നും നായനാർ മന്ത്രിസഭയിൽ നിന്നും പുറത്തുവന്നു. അങ്ങനെ ഒരു മന്ത്രിസഭയുടെ പതനത്തിനും ഒരു മുന്നണിയുടെ തകർച്ചയ്ക്കുമുള്ള അടിസ്ഥാനകരണമായി എൺപതിലെ ചിറയിൻകീഴ് ഫലം. 

എൺപത്തിനാലിലെ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയായിരുന്ന എ എ റഹിമിന് കൂടുതൽ സുരക്ഷിതമായ ഒരു മണ്ഡലത്തിലേക്ക് മാറണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ശ്രമം മൂലം അദ്ദേഹത്തിന് സിറ്റിംഗ് സീറ്റു പോലും നഷ്ടപ്പെട്ടു. പകരം സ്ഥാനാർത്ഥിയായി വന്നത് തലേക്കുന്നിൽ ബഷീറാണ്. കോൺഗ്രസിലെ വിദ്യാർത്ഥി യുവജന മുന്നേറ്റത്തിൽ തിരുവനതപുരം ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മുഖമായിരുന്നു ബഷീർ. പുനഃസംഘടിപ്പിക്കപ്പെട്ട കേരള സർവകലാശാല  യൂണിയന്റെ ആദ്യത്തെ ചെയർമാൻ. ചിറയിൻകീഴുകാരുടെ എക്കാലത്തെയും വലിയ വികാരമായ പ്രേംനസീറിന്റെ സഹോദരീഭർത്താവ്. 1977-ൽ കഴക്കൂട്ടത്ത് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, മുഖ്യമന്ത്രിയായ എ കെ ആന്റണിയ്ക്കുവേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പിന്നീട് രാജ്യസഭാംഗമായി. ആ തെരഞ്ഞെടുപ്പിൽ, ഇന്ദിരാ സഹതാപതരംഗത്തിൽ, അഡ്വക്കേറ്റ് ജനറലായിരുന്ന കെ സുധാകരനെ അനായാസം ബഷീർ തോൽപിച്ചു.  

അടുത്ത തവണ, എൺപത്തിയൊൻപതിൽ, പക്ഷേ  പോരാട്ടം കടുത്തു. സുശീലാ ഗോപാലനായിരുന്നു സിപിഎം സ്ഥാനാർഥി. ശക്തമായ പോരാട്ടത്തിൽ 5130  വോട്ടുകൾക്ക് ബഷീർ സുശീലാ ഗോപാലനെ തോൽപ്പിച്ചു. പക്ഷേ, തൊണ്ണൂറ്റിയൊൻപതിൽ സുശീലാ ഗോപാലൻ പകരം വീട്ടി. തലേക്കുന്നിൽ ബഷീറിനെ 1106  വോട്ടുകൾക്ക് തോൽപ്പിച്ച് പാർലമെന്റംഗമായി. 

മുഖ്യമന്ത്രിയായ ഇ കെ നായനാർ സമ്പത്തിനെ പരസ്യമായി അപമാനിച്ചതും വാർത്തയായി

തൊണ്ണൂറ്റിയാറിലെ തെരഞ്ഞെടുപ്പിൽ സുശീലാ ഗോപാലൻ മത്സരം നിയമസഭയിലേക്ക് മാറ്റി. പകരം സിപിഎം സ്ഥാനാർത്ഥിയായി വന്നത് എ സമ്പത്താണ്. അനിരുദ്ധന്റെ മകനായതുകൊണ്ട് നേതാവായ ആളല്ല സമ്പത്ത്. തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐയുടെ വളർച്ചയിൽ സമ്പത്ത് വലിയ പങ്കുവഹിച്ചു. പക്ഷേ, അർഹമായ പല പദവികളും, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനമടക്കം സമ്പത്തിനു നിഷേധിക്കപ്പെട്ടു. അന്നത്തെ എസ്എഫ്ഐയിലെയും ഡിവൈഎഫ്ഐയിലെയും ചില ശക്തർ സമ്പത്തിനെതിരായതായിരുന്നു കാരണം. അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് സിഐടിയു ഗ്രൂപ്പിന്റെ പിന്തുണയോടെ സമ്പത്ത് ലോക്സഭാ സ്ഥാനാർത്ഥിയായി. വൻ ഭൂരിപക്ഷത്തിന് - 48083  വോട്ടിന് - തലേക്കുന്നിൽ ബഷീറിനെ തോൽപ്പിച്ച് സമ്പത്ത് പാർലമെന്റംഗമായി. 

അടുത്ത തെരഞ്ഞെടുപ്പ്  തൊണ്ണൂറ്റിയെട്ടിൽ എത്തുമ്പോഴേക്കും സിപിഎമ്മിലെ ശാക്തികബന്ധങ്ങളിൽ വലിയ വ്യത്യാസമുണ്ടായിക്കഴിഞ്ഞിരുന്നു. പാലക്കാട് സമ്മേളനത്തോടെ സിഐടിയു ഗ്രൂപ്പ് പൂർണ്ണമായും വെട്ടിനിരത്തപ്പെട്ടിരുന്നു. സമ്പത്തിന്റെ പഴയ ശത്രുക്കൾ അച്യുതാനന്ദൻ ഗ്രൂപ്പിലെ പ്രമുഖരെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പാർട്ടിയെ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിലെത്തി. മുഖ്യമന്ത്രിയായ ഇ കെ നായനാർ സമ്പത്തിനെ പരസ്യമായി അപമാനിച്ചതും വാർത്തയായി. 

എന്തായാലും കേവലം രണ്ടുവർഷക്കാലം മാത്രം സ്ഥാനം വഹിച്ച ശേഷം അടുത്ത തെരഞ്ഞെടുപ്പിൽ സമ്പത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. പകരം സ്ഥാനാർത്ഥിയായി വന്നത്, 'പ്രായാധിക്യം' മൂലം തൊണ്ണൂറ്റിയാറിൽ വർക്കലയിൽ സീറ്റു നിഷേധിക്കപ്പെട്ട വർക്കല രാധാകൃഷ്ണനായിരുന്നു. ആദ്യത്തെ തവണ എം എം ഹസനെയും പിന്നീട് രണ്ടു തവണ എം ഐ ഷാനവാസിനെയും തോൽപ്പിച്ച് വർക്കല തുടർച്ചയായി മൂന്നു തവണ ലോക്സഭയിലെത്തി. 

കോൺഗ്രസ്സ് അതിന്റെ ആവനാഴിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധം പുറത്തെടുത്തിരിക്കുന്നു

മണ്ഡല പുനർനിർണയത്തിനു ശേഷം രണ്ടായിരത്തി ഒൻപതിൽ ചിറയിൻ കീഴ് ആറ്റിങ്ങലായി മാറുമ്പോഴേക്കും സിപിഎമ്മിനുള്ളിലെ ശാക്തിക ബന്ധങ്ങളിൽ വീണ്ടും മാറ്റം വന്നിരുന്നു. അച്യുതാനന്ദൻഗ്രൂപ്പ് അപ്രസക്തമായി. ആ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ നേതാക്കൾ ഔദ്യോഗിക ഗ്രൂപ്പിലേക്ക് കളം മാറിയിരുന്നെങ്കിലും അവർക്ക് നിഗ്രഹാനുഗ്രഹ ശക്‌തികൾ കൈമോശം വന്നിരുന്നു. അങ്ങനെ സമ്പത്ത് വീണ്ടും സ്ഥാനാർത്ഥിയായി. ഒരു വട്ടം കൂടി മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന വർക്കല എല്ലാവരെയും കണ്ടു പരിഭവം പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി താരതമ്യേന ദുർബലനായിരുന്നു. ആലപ്പുഴയിൽ നിന്നെത്തിയ പ്രൊഫ. ജി ബാലചന്ദ്രൻ. ഐക്യജനാധിപത്യ മുന്നണി വലിയ വിജയം നേടിയ ആ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ എ സമ്പത്ത് വിജയിച്ചു. അടുത്ത തവണയും ബിന്ദു കൃഷ്ണയെ വൻഭൂരിപക്ഷത്തിൽ സമ്പത്ത് പരാജയപ്പെടുത്തി. 

ഇത്തവണ പക്ഷേ, സമ്പത്ത് കടുത്ത മത്സരമാണ് നേരിടുന്നത്. കോൺഗ്രസ്സ് അതിന്റെ ആവനാഴിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധം പുറത്തെടുത്തിരിക്കുന്നു. വന്മരങ്ങളെ കടപുഴക്കിയ പാരമ്പര്യമുള്ള മണ്ണിൽ ഇത്തവണ ഊഴം ആരുടേതാവുമെന്നത്  പ്രവചനാതീതമാകുന്നു. 

 

Follow Us:
Download App:
  • android
  • ios