Asianet News MalayalamAsianet News Malayalam

ഇതാണ് മെത്രാൻമാരേ നിങ്ങളുടെ തനിനിറം

ഒരു ബലാത്സംഗ പരാതി കിട്ടിയാൽ പൊലീസ് അന്വേഷിക്കണം. വേഗത്തിൽ നടപടിയെടുക്കണം. പരാതിക്കാരി ആരാണ്, ആരോപിതൻ ബിഷപ്പാണോ എന്നുനോക്കിയല്ല നിയമം നടപ്പാക്കേണ്ടത്. നീതി നടപ്പാക്കാനുള്ള നടപടികൾ വൈകിയതാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് സിഎസ്ഐ സഭാ മോഡറേറ്റർ ഫാ.തോമസ് കെ ഉമ്മൻ അടക്കമുള്ള പല വൈദികരും പറയുന്നു.

cover story on bishop case
Author
Thiruvananthapuram, First Published Sep 18, 2018, 5:49 PM IST

അഞ്ച് കന്യാസ്ത്രീകൾ നീതി തേടി റോഡരികത്ത് ഇരിക്കേണ്ടിവന്ന അവസ്ഥയല്ല ഇവരുടെ വിഷമം. ഒരു മെത്രാൻ ബലാത്സംഗക്കേസിലെ പ്രതി ആയതാണ്. ഏതെങ്കിലും ഒരു മെത്രാൻ കൊല നടത്തിയാൽ കൊലപാതകിയാകും, അറസ്റ്റിലാകും. മോഷ്ടിച്ചാൽ കള്ളനാകും, പിടിയിലാകും. ബലാത്സംഗം ചെയ്താൽ പ്രതിയായി അറസ്റ്റിലാകും. ദൈവവിളിയൊക്കെ മറന്ന് മനുഷ്യത്വമില്ലാതെ പ്രവ‍ർത്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.

cover story on bishop case

മുഖ്യമന്ത്രിക്കസേര താൽക്കാലികമായെങ്കിലും മറ്റാരെയെങ്കിലും ഏൽപ്പിക്കാതെ വിദേശത്ത് പോയ പിണറായി വിജയന്‍റെ രീതിയല്ല ബിഷപ് ഫ്രാങ്കോയുടേത്. പൊലീസിന് ചോദ്യം ചെയ്യാൻ നിന്നുകൊടുക്കാനായി കേരളത്തിലേക്ക് വരുന്നതിന് മുമ്പുതന്നെ തന്‍റെ എല്ലാ ചുമതലയും ബിഷപ് ഫ്രാങ്കോ മറ്റൊരാളെ ഏൽപ്പിച്ചുകഴിഞ്ഞു. മധ്യസ്ഥർ മുഖേനെ സർക്കാരിലേയും പൊലീസിലേയും വേണ്ടപ്പെട്ടവരുമായി ചർച്ചകൾ പലതും നടക്കുന്നുണ്ട് എന്ന് വാർ‍ത്തകളുണ്ട്. എല്ലാ വാർത്തകളും സത്യമാകണം എന്നില്ല. പക്ഷെ, ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇതുപോലെയുള്ള മധ്യസ്ഥശ്രമങ്ങൾ ഒരുപാട് ഉണ്ടായതായി നമുക്ക് മനസിലാക്കാം.

കത്തോലിക്കാ സഭയുടെ സമ്പത്തും സ്വാധീനവും അധികാര കേന്ദ്രങ്ങളെ പ്രലോഭിപ്പിക്കുകയാണ്

ബിഷപ് ഫ്രാങ്കോയ്ക്ക് നീതി കിട്ടണം എന്നാണ് കെസിബിസിയുടെ നിലപാട്. എന്നാൽ കന്യാസ്ത്രീക്ക് നീതി കിട്ടാൻ കാര്യമായ പരിഗണനകളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. കന്യാസ്ത്രീകൾ തെരുവിൽ സമരം ചെയ്യാനിറങ്ങുമ്പോൾ അതിരുകൾ ലംഘിക്കരുത് എന്നോർമ്മിപ്പിക്കുന്ന കെസിബിസി എന്തുകൊണ്ടാണ് കന്യാസ്ത്രീക്ക് നീതി കൊടുക്കാൻ ഇതുവരെ ഇടപെടാതിരുന്നത് എന്ന ചോദ്യം ഏറ്റവും പ്രസക്തമാണ്.

കത്തോലിക്കാ സഭയുടെ സമ്പത്തും സ്വാധീനവും അധികാര കേന്ദ്രങ്ങളെ പ്രലോഭിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ കാണുന്ന വസ്തുത. ഫ്രാങ്കോക്കെതിരെ തെളിവുണ്ട് എന്ന് സത്യവാങ്‍മൂലം നൽകിയ പൊലീസ് ഉടനേ ചോദ്യം ചെയ്യുമെന്ന് അറിയിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്ന് തട്ടുകിട്ടാതെ രക്ഷപ്പെട്ടത്. ഇതിനിടെ ഡി.വൈ.എസ്.പി സുഭാഷിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് ഫ്രാങ്കോയെ ഊരിയെടുക്കാൻ സർക്കാർ നീക്കവും നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ സമരവും അതിന് കിട്ടിയ പിന്തുണയും എല്ലാം കൂടി ആയപ്പോഴാണ് ചോദ്യം ചെയ്യുന്ന തീയതി വരെ തീരുമാനിക്കാൻ പൊലീസ് നിർബന്ധിതമായത്. ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന തിരക്കിൽ നിയമവ്യവസ്ഥ പോലും മറന്നുപോയ കന്യാസ്ത്രീ സമൂഹമാണ് സിസ്റ്റർ റജീന മദർ ജനറലായ മിഷനറീസ് ഓഫ് ജീസസ്. പരാതി പൊലീസ് അന്വേഷിക്കട്ടെ, നിരപരാധി ആണെങ്കിൽ ഫ്രാങ്കോയെ വെറുതെ വിടട്ടെ. പക്ഷെ, പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തിയ 'മിഷനറീസ് ഓഫ് ജീസസ്' എന്ന കന്യാസ്ത്രീ കൂട്ടായ്മ എന്ത് ദൈവവിളിയാണ് ഫ്രാങ്കോയ്ക്കുവേണ്ടി നിറവേറ്റിയത്?

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ശരിയായില്ലെന്ന് കെസിബിസി എന്താണ് പറയാത്തത്

ഒരു ബലാത്സംഗ പരാതി കിട്ടിയാൽ പൊലീസ് അന്വേഷിക്കണം. വേഗത്തിൽ നടപടിയെടുക്കണം. പരാതിക്കാരി ആരാണ്, ആരോപിതൻ ബിഷപ്പാണോ എന്നുനോക്കിയല്ല നിയമം നടപ്പാക്കേണ്ടത്. നീതി നടപ്പാക്കാനുള്ള നടപടികൾ വൈകിയതാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് സിഎസ്ഐ സഭാ മോഡറേറ്റർ ഫാ.തോമസ് കെ ഉമ്മൻ അടക്കമുള്ള പല വൈദികരും പറയുന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ചില നിലപാടുകൾ എടുക്കാമായിരുന്നു, ഇത്രയും നീണ്ടത് എന്തിനാണ് എന്ന് അദ്ദേഹം ചോദിക്കുന്നു. തിരുവസ്ത്രമിട്ട കന്യാസ്ത്രീകൾ മഠം വിട്ടിറങ്ങി റോഡരികിൽ സത്യഗ്രഹം ഇരിക്കുമ്പോഴും ബിഷപ്പിന്‍റെ സൽപ്പേരും സഭയുടെ ഔന്നത്യവും പറയുന്ന കെസിബിസി എന്ന മെത്രാൻ സമിതിയൊക്കെ എത്ര പരിഹാസ്യമായ സംവിധാനമാണ്?

കന്യാസ്ത്രീ ബലാത്സംഗ പരാതി നൽകിയിട്ട് നാളിത്രയായിട്ടും മിണ്ടാത്ത മെത്രാൻ സമിതി പ്രതിഷേധം രൂക്ഷമാകുന്നത് കണ്ടപ്പോൾ കന്യാസ്ത്രീകളെ അതിരുകൾ ഓർമ്മിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു! കേരളത്തിനകത്തുള്ള മെത്രാൻമാർ കന്യാസ്ത്രീക്ക് നീതി കിട്ടാൻ ഇതുവരെ ചെറുവിരലനക്കിയോ? സ്വവർഗ സ്നേഹികൾക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ ചാടി പ്രതികരിച്ച ക്ലിമ്മീസ് പിതാവുപോലും ഒരക്ഷരം മിണ്ടിയിട്ടില്ല. ആദ്യ പരാതി സ്വീകരിച്ച കർദ്ദിനാൾ ആലഞ്ചേരി മാത്രമാണ് എന്തെങ്കിലും പറയേണ്ടിവന്നത്. സഭയെ അപമാനിക്കുന്നുവെന്ന് പരാതി പറയുന്ന ഈ മെത്രാൻമാർ കന്യാസ്ത്രീയുടെ പരാതി പരിഹരിക്കാനും അവർക്ക് നീതി ലഭ്യമാക്കാനും എന്തേ ഒന്നും ചെയ്യാതിരുന്നത്?

അഞ്ച് കന്യാസ്ത്രീകൾ നീതി തേടി റോഡരികത്ത് ഇരിക്കേണ്ടിവന്ന അവസ്ഥയല്ല ഇവരുടെ വിഷമം. ഒരു മെത്രാൻ ബലാത്സംഗക്കേസിലെ പ്രതി ആയതാണ്. ഏതെങ്കിലും ഒരു മെത്രാൻ കൊല നടത്തിയാൽ കൊലപാതകിയാകും, അറസ്റ്റിലാകും. മോഷ്ടിച്ചാൽ കള്ളനാകും, പിടിയിലാകും. ബലാത്സംഗം ചെയ്താൽ പ്രതിയായി അറസ്റ്റിലാകും. ദൈവവിളിയൊക്കെ മറന്ന് മനുഷ്യത്വമില്ലാതെ പ്രവ‍ർത്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. അപ്പോൾ വെറുതേ അതെല്ലാം ‘സഭക്കെതിരേ... സഭക്കെതിരേ....’ എന്നുപറഞ്ഞ് മെത്രാൻമാർ സ്വയം വില കളയരുത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ശരിയായില്ലെന്ന് കെസിബിസി എന്താണ് പറയാത്തത്? പറ്റില്ലല്ലേ? ഇതാണ് മെത്രാൻമാരേ നിങ്ങളുടെ തനിനിറം. ഓരോരുത്തരുടേയും തനിനിറം ഓരോ തരത്തിൽ പുറത്തുവരുന്നുണ്ട് എന്നതാണ് ഏക ആശ്വാസം.

Follow Us:
Download App:
  • android
  • ios