Asianet News MalayalamAsianet News Malayalam

സുപ്രീം കോടതി, കേന്ദ്രസർക്കാരിനൊപ്പം നിന്നുകൊണ്ട് ഭരണഘടനക്കുവേണ്ടി പോരാടുകയാണ്

പക്ഷേ, ഈ വ്യക്തിസ്വാതന്ത്ര്യം പറയുന്ന ആളുകളുടെ സ്വകാര്യതാ സ്വാതന്ത്ര്യമോർത്ത് വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ അതേ കോടതി ഇപ്പുറത്ത് ആധാർ എന്ന കാർഡിന് എതിരായ കേസിലെത്തിയപ്പോൾ തരം മാറി. 

cover story sindhu sooryakumar
Author
Thiruvananthapuram, First Published Oct 2, 2018, 5:46 PM IST

തൽക്കാലം പറയാം, സുപ്രീം കോടതി കേന്ദ്രസർക്കാരിനൊപ്പം നിന്നുകൊണ്ട് ഭരണഘടനക്കുവേണ്ടി പോരാടുകയാണ്. ആധാർ തിരിച്ചറിയൽ രേഖ പോലുമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വിധിന്യായത്തിൽ പറയുന്നുണ്ട്. പാൻ കാർഡിന് ആധാർ വേണം. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണ്ട. നിങ്ങൾ നിക്ഷേപിക്കാൻ ചെന്നാലും വായ്പയെടുക്കാൻ ചെന്നാലും പാൻ കാർഡ് ബാങ്കിന് വേണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ആധാർ വിവരങ്ങൾ ബാങ്കിന് അല്ലാതെതന്നെ കിട്ടിക്കോളും എന്നർത്ഥം. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധ വ്യവസ്ഥയാക്കാൻ നിയമം ഇനിയും കൊണ്ടുവരാവുന്നതേ ഉള്ളൂ.

cover story sindhu sooryakumar

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്ന 497ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ പത്തുകൊല്ലത്തിലേറെയായി കേരളത്തിൽ ഈ നിയമം ചാർജ് ചെയ്യുന്ന ഒരു കേസും ഉണ്ടായിട്ടില്ലെന്ന് വക്കീലൻമാർ പറയുന്നു. അതിനർത്ഥം വിവാഹേതര ബന്ധം കേരളത്തിൽ ഇല്ല എന്നല്ല. ഉപയോഗമില്ലാത്ത, വിവേചനപരമായ ഒരു നിയമം ഇല്ലാതാക്കി. അത് ചെയ്യുമ്പോൾ കോടതി തുല്യതയെപ്പറ്റി സംസാരിച്ചു. അതുപോലെ, ഒരു അപാകത ഇല്ലാതാക്കുകയാണ് ശബരിമല വിധിയിലും കോടതി ചെയ്തത്. ഇനി എല്ലാം വ്യക്തികളുടെ ഇഷ്ടം, സ്വാതന്ത്ര്യം.

പക്ഷേ, ഈ വ്യക്തിസ്വാതന്ത്ര്യം പറയുന്ന ആളുകളുടെ സ്വകാര്യതാ സ്വാതന്ത്ര്യമോർത്ത് വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ അതേ കോടതി ഇപ്പുറത്ത് ആധാർ എന്ന കാർഡിന് എതിരായ കേസിലെത്തിയപ്പോൾ തരം മാറി. പാർലമെന്‍റ് എന്ന് നിയമനിർമ്മാണ സഭയുടെ ഉപരിഘടകമായ രാജ്യസഭയെ നോക്കുകുത്തിയാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ എന്ന അന്നദാതാവിനെ പിണക്കാത്ത, എന്നാൽ സമ്പൂർണ വിധേയത്വം എന്ന് ആളുകൾക്ക് തോന്നിപ്പിക്കാത്ത ഒരുത്തരവ്. അതാണ് ആധാർ ഉത്തരവ്.

പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്രമോദി ആധാറിന്‍റെ ആരാധകനാണ്

ലോകസഭയുടേയും രാജ്യസഭയുടേയും കക്ഷിനില തികച്ചും വ്യത്യസ്തമാണ്. അതിലേക്ക് ആളുകൾ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും. രാജ്യസഭയിൽ തൽക്കാലം എൻഡിഎക്ക് ലോക് സഭയിലേതുപോലെ മൃഗീയ ഭൂരിപക്ഷമില്ല. അതുകൊണ്ടുമാത്രമാണ് ആധാർ പണബിൽ ആയി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പണബിൽ എന്നാൽ ലോക് സഭ മാത്രം പാസാക്കിയാൽ മതി. എന്താണ് പണബിൽ എന്ന് ഭരണഘടന വിശദീകരിക്കുന്നുണ്ട്. അവസാനവാക്ക് ലോകസഭാ സ്പീക്കറുടേതാണെന്ന് ആ ചട്ടം പറയുന്നു. സർക്കാർ നിയോഗിച്ച സ്പീക്കർ സർക്കാരിനെ രക്ഷിക്കുന്നത് സ്വാഭാവികം. അതേ രക്ഷ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയും നൽകി. ആധാർ പണബില്ലായി അവതരിപ്പിച്ച സർക്കാർ നടപടി സുപ്രീം കോടതി അംഗീകരിച്ചതോടെ ജനാധിപത്യവാദികൾ ആലോചിക്കേണ്ടത് രാജ്യസഭ എന്ന സംവിധാനത്തിന്‍റെ പ്രസക്തിയാണ്. ഇനി എന്തിനാണ് ആ സഭ?

സർക്കാരിലേക്ക് പണം വരുന്ന, സർക്കാരിൽ നിന്ന് പണം പോകുന്നതെല്ലാം പണബില്ലുകൾ എന്ന് വ്യാഖ്യാനിച്ചാണ് ലോക് സഭയിൽ ഒരുപാട് ബില്ലുകൾ ചുട്ടെടുത്തത്, ആധാറടക്കം. അതിന് സുപ്രീം കോടതി അംഗീകാരം നൽകിയിരിക്കുന്നു. 2014 ഏപ്രിലിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നരേന്ദ്രമോദി ആധാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതാണ്. പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്രമോദി ആധാറിന്‍റെ ആരാധകനാണ്. സർക്കാരിന്‍റെ അഭിമാനം സുപ്രീം കോടതി സംരക്ഷിച്ചു എന്നുതന്നെ കാണണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് തൊട്ടുമുമ്പ് അത്രയുമായി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങളും അദ്ദേഹം ഭരണഘടനാബഞ്ച് രൂപീകരിക്കുന്ന രീതിയിലുള്ള ആക്ഷേപവുമൊക്കെ ഒന്നു പൊടിതട്ടിയെടുത്ത് ഓർമ്മിച്ചുനോക്കണം. ഇനി ചീഫ് ജസ്റ്റിസ് ആകുന്നത് രഞ്ജൻ ഗൊഗോയ് ആണ്. ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി വാർത്താ സമ്മേളനം നടത്തി പ്രതിഷേധിച്ച ന്യായാധിപരിൽ ഒരാൾ. അയോധ്യയടക്കം കേസുകൾ, ആധാർ ഒരു തുടർ പോരാട്ടമായി വരുന്നു, പുതിയ കേസുകൾ വരാനിരിക്കുന്നു. സുപ്രീം കോടതി തന്നെ ആരോപണങ്ങൾ ധാരാളം കേട്ട കാലമാണിത് എന്ന് മറക്കരുത്.

തുല്യത, ലിംഗനീതി, വ്യക്തിസ്വാതന്ത്യം, സ്വകാര്യത എന്നൊക്കെ അഞ്ചാറ് ഉത്തരവുകൾ വരുമ്പോഴേക്കും ആ കോടതിക്കെതിരേയും മുഖ്യ ന്യായാധിപനെതിരെയും വന്ന അഴിമതി അടക്കമുള്ള ആരോപണങ്ങൾ മാഞ്ഞുപോകാനിടയില്ല, മായ്ച്ചുകളയാനുമാകില്ല. വിരമിച്ച ന്യായാധിപൻമാർ തൊട്ടുപുറകെ സർക്കാർ പദവികൾ നേടുന്നത് നാം കണ്ടതാണ്, ബിജെപി അംഗത്വമെടുത്തതും കണ്ടതാണ്. വിവാദമായ വിധികൾ പറഞ്ഞ് സ്വയം വിരമിക്കുന്നത് കണ്ടതാണ്. ഈയിടെ പുറത്തുവന്ന കോടതി ഉത്തരവുകളിൽ കേന്ദ്രസർക്കാരിന് ഏറ്റവും നിർണ്ണായകം ആധാർ തീരുമാനം ആയിരുന്നു. സ്വവർഗ്ഗാനുരാഗം, വിവാഹേതര ബന്ധം, ശബരിമല സ്ത്രീപ്രവേശനം, ഇതിലൊക്കെ പുരോഗമനാത്മകമായ വിധിപ്രസ്താവം വന്നപ്പോഴുള്ള വികാര വേലിയേറ്റത്തിൽ സുപ്രീം കോടതിക്ക് അഭിവാദ്യം അർപ്പിക്കുന്നവർ ഇതുകൂടി ആലോചിക്കണം. ചീഫ് ജസ്റ്റിസ് ആയിരുന്ന കെജി ബാലകൃഷ്ണൻ വിരമിക്കാറായ സമയത്താണ് ലാലു പ്രസാദിനേയും റാബ്റി ദേവിയേയും സ്വത്തുകേസിൽ കുറ്റവിമുക്തരാക്കിയത്. ആ സമയത്തായിരുന്നു പോളിഗ്രാഫ്, നാർക്കോ, ബ്രയിൻ മാപ്പിംഗ് പരിശോധനകൾ നിയമവിരുദ്ധമാക്കി അഭയ കേസ് താറുമാറാക്കിയത്. റിലയൻസ് അനുകൂല ഗോദാവരി ബേസിൻ ഖനനവിധിയും വന്ന ആ സമയത്തും ഒരു പുരോഗമന വിധിയുണ്ടായിരുന്നു. നടി ഖുശ്ബു വിവാഹ പൂർവ ലൈംഗികതയെപ്പറ്റി നടത്തിയ പരാമർശത്തിന് എതിരായി വന്ന കേസ് ജസ്റ്റിസ് ബാലകൃഷ്ണന്‍റെ ബഞ്ചാണ് തള്ളിയത്. ആ ഒരു പുരോഗമന വിധി കൊണ്ട് നാല് സംശയാസ്പദ വിധികളെ മറികടക്കാൻ അദ്ദേഹത്തിനായില്ല. ഇന്ന് നാലഞ്ച് പുരോഗമന വിധികളിൽ ഒരു നിർണ്ണായക വിധി നാം മറന്നുപോകുന്നു. യഥാർത്ഥ അർത്ഥത്തിൽ അതിനെ മനസിലാക്കാതെ വിടുന്നു.

നിങ്ങൾ നിക്ഷേപിക്കാൻ ചെന്നാലും വായ്പയെടുക്കാൻ ചെന്നാലും പാൻ കാർഡ് ബാങ്കിന് വേണം

തൽക്കാലം പറയാം, സുപ്രീം കോടതി കേന്ദ്രസർക്കാരിനൊപ്പം നിന്നുകൊണ്ട് ഭരണഘടനക്കുവേണ്ടി പോരാടുകയാണ്. ആധാർ തിരിച്ചറിയൽ രേഖ പോലുമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വിധിന്യായത്തിൽ പറയുന്നുണ്ട്. പാൻ കാർഡിന് ആധാർ വേണം. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണ്ട. നിങ്ങൾ നിക്ഷേപിക്കാൻ ചെന്നാലും വായ്പയെടുക്കാൻ ചെന്നാലും പാൻ കാർഡ് ബാങ്കിന് വേണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ആധാർ വിവരങ്ങൾ ബാങ്കിന് അല്ലാതെതന്നെ കിട്ടിക്കോളും എന്നർത്ഥം. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധ വ്യവസ്ഥയാക്കാൻ നിയമം ഇനിയും കൊണ്ടുവരാവുന്നതേ ഉള്ളൂ. ഇതിനൊക്കെയപ്പുറം ഇതിനകം നൽകിക്കഴിഞ്ഞ വിവരങ്ങളുണ്ട്. ബാങ്ക് അക്കൗണ്ടിനായും മൊബൈൽ നമ്പറിനായും പേടിഎം പോലുള്ള ആപ്പുകൾക്കായും ധാരാളം പേർ ഇതിനകം ആധാർ വിവരങ്ങൾ നൽകിക്കഴിഞ്ഞു. ആ വിവരങ്ങൾ ഇനി ഇല്ലാതാക്കുമോ? അത് ഉപയോഗിക്കാനാകില്ല എന്ന് ഈ സ്ഥാപനങ്ങളെ വിലക്കുമോ?

സർക്കാർ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ വേണം. ആധാർ മാത്രമായാൽ നിങ്ങൾക്ക് റേഷൻ കിട്ടില്ല. ആധാറിനൊപ്പം റേഷൻ കാർഡ് പോലെയുള്ള രേഖകൾ മറ്റ് ആനുകൂല്യങ്ങൾ കിട്ടാനും വേണം. പത്തടി ഉയരമുള്ള കെട്ടിടത്തിൽ കനത്ത ബന്തവസിൽ ആധാർ വിവരങ്ങൾ സുരക്ഷിതമാക്കിവച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതിയിൽ പറഞ്ഞ അറ്റോണി ജനറലും പറഞ്ഞതത്രയും വിഴുങ്ങി പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയും ഉള്ളപ്പോൾ സുപ്രീം കോടതി ആധാറിന് ഒപ്പമല്ലാതെ മറ്റെവിടെ നിൽക്കും? ആധാർ ഇല്ലാത്തതുകൊണ്ട് ആനുകൂല്യം നിഷേധിക്കരുത് എന്ന് ഒരുഭാഗത്തും രേഖകളില്ലാത്തവർക്ക് ആധാർ വേണ്ട എന്ന് മറുഭാഗത്തും പറയുമ്പോൾ ആരുടെ താൽപ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്? ശബരിമല സ്ത്രീപ്രവേശനത്തിൽ വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങളാണ് ശരി എന്ന് പറയുന്നവർ പക്ഷേ ആധാർ വിധിയിലെ ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വിയോജിപ്പുകളെ അംഗീകരിക്കില്ല.

നാലുപേർക്ക് യോജിപ്പുള്ള കാര്യം അഞ്ചാമനെ ബോധ്യപ്പെടുത്താനാകാത്ത വിധിയാണ് ആധാറിലും ഉണ്ടായത്. പക്ഷേ, ആ വിധി നൂറ്റിമുപ്പത്തിരണ്ടര കോടി ജനങ്ങളുടെ തലവിധിയായി മാറി. ഇഷ്ടമുള്ളവർക്ക് മാത്രം സ്വീകരിക്കാം ഇഷ്ടമില്ലാത്തവർ സ്വീകരിക്കേണ്ടതില്ല എന്ന ശബരിമലയിലേയും വിവാഹേതര ബന്ധത്തിലേയും നിലപാട് അല്ലെങ്കിൽ സ്വാതന്ത്ര്യം ആധാറിന്‍റെ കാര്യത്തിൽ ഇല്ല എന്നതുകൂടി ഈ വിധിയുടെ പ്രത്യേകതയാണ്. അടുത്തകാലത്ത് സുപ്രീം കോടതിയിൽ നിന്നുവന്നത് നിർണ്ണായക വിധികളാണ്, പക്ഷേ അതൊന്നും നിർബന്ധിത വിധികളല്ല. സ്വവർഗ്ഗാനുരാഗം നിർബന്ധമാക്കിയിട്ടില്ല, അങ്ങനെയുള്ളവർക്ക് അതാകാം. വിവാഹേതര ബന്ധത്തിലേക്ക് എല്ലാവരും പോകണ്ട, പക്ഷേ, അങ്ങനെ പോകുന്നവരെ ക്രിമിനലുകൾ ആയി കണക്കാക്കില്ല. ശബരിമലയിലേക്ക് എല്ലാ സ്ത്രീകളും ഓടിക്കയറണ്ട, പോകണമെന്നുള്ളവർക്ക് അതിന് അവസരമുണ്ട്.

പണബില്ലുകൾ നിരന്തരമായി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം

പക്ഷേ, ആധാർ വിധി അതുപോലെയല്ല, ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ എല്ലാവർക്കും ആധാർ എന്ന കാർഡ് നിർബന്ധമായും എടുക്കേണ്ടിവരും, മറ്റു വഴികളില്ല. മാത്രമല്ല, ഇനി സർക്കാരിന് വേണ്ട ബില്ലുകളെല്ലാം പണബില്ലായി മാറ്റാനും അത് രാജ്യസഭയെ മറികടന്ന് പാസാക്കാനുമുള്ള അവസരം ഈ വിധിയിലുണ്ട്. അതും മാത്രമല്ല, പണബില്ലുകൾ നിരന്തരമായി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പാർലമെന്‍ററി സംവിധാനം കോടതിയിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ എത്രമാത്രം ഗുണകരമാണ് എന്നുകൂടി ആലോചിക്കണം. ഇപ്പോൾ കിട്ടുന്ന ചില ചെറിയ സന്തോഷങ്ങൾ ഒരുപക്ഷേ ഇനി കോടതികളിൽ നിന്ന് കിട്ടിക്കൊള്ളണം എന്ന് നിർബന്ധമില്ല എന്നർത്ഥം. കോടതികളെന്നും ഒരുപോലെ ആയിരിക്കണം എന്നില്ല എന്ന ഉൾക്കാഴ്ച. അതുകൊണ്ട് കോടതിക്ക് കൈയ്യടിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൂടി ഓർമ്മിച്ചുകൊണ്ട് മാത്രമേ കയ്യടിക്കാവൂ. 
 

Follow Us:
Download App:
  • android
  • ios