മൂന്ന് വർഷങ്ങൾക്ക് മുൻപ് വരെ ബൾഗേറിയൻ തെരുവുകളിൽ ഒരു വൃദ്ധൻ ജീവിച്ചിരുന്നു. മുടിനീട്ടി വളർത്തി, അവിടവിടെയായി കീറിയ നരച്ച ഒരു കോട്ടു ധരിച്ച ആ യാചകൻ ഒരുപാട് പേർക്ക് കാണപ്പെട്ട ദൈവമായിരുന്നു. പലരും അദ്ദേഹത്തെ 'വിശുദ്ധൻ' എന്നു വിളിച്ചു. ഡോബ്രി ഡോബ്രെവിയെന്ന അദ്ദേഹം തന്റെ ജീവിതകാലത്ത് സമ്പാദിച്ചത് ദയയും ആർദ്രതയും, മനുഷ്യസ്നേഹവുമാണ്. ആളുകൾ അദ്ദേഹത്തെ സന്യാസിയെന്നും, മാലാഖയെന്നും, ദിവ്യനായ ഒരു അപരിചിതനെന്നും, ഒരു ഭിക്ഷക്കാരനെന്നും വിളിച്ചു. എന്നാൽ, യഥാർത്ഥത്തിൽ അദ്ദേഹം ഇതെല്ലാമായിരുന്നു.  

ദിവസവും 20 കിലോമീറ്ററിലധികം നടന്ന് സോഫിയയിലെ അലക്സാണ്ടർ നെവ്സ്‍കിയുടെ കത്തീഡ്രലിന് മുന്നിൽ വന്ന്, അവിടെ ഇരുന്ന് അദ്ദേഹം യാചിക്കുമായിരുന്നു. അങ്ങനെ കിട്ടുന്ന തുക മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിനായി അദ്ദേഹം ചെലവിട്ടു. കൂടാതെ, അനാഥാലയങ്ങൾക്കും പള്ളികൾക്കും ഡോബ്രെവ് സംഭാവന ചെയ്തു. തണുപ്പും മോശം കാലാവസ്ഥയും അദ്ദേഹത്തെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല. വിശപ്പിനെ അദ്ദേഹം ഭയന്നില്ല. തന്നെ പുച്ഛിക്കുന്നവരെ അദ്ദേഹം സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു.

1914 -ൽ ബൾഗേറിയൻ ഗ്രാമമായ Bailovo -യിലാണ് ഡോബ്രെവ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിവാഹം കഴിച്ചു, താമസിയാതെ നാല് മക്കളുണ്ടായി. അതിൽ രണ്ടുപേർ മരിച്ചു. ഒരു ബോംബാക്രമണത്തിൽ അദ്ദേഹത്തിന് കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടു. കാലക്രമേണ അദ്ദേഹം ആത്മീയതയിലേയ്ക്ക് തിരിഞ്ഞു. 2000 -ത്തിന്‍റെ തുടക്കത്തിൽ അദ്ദേഹം തന്റെ മുഴുവൻ സ്വത്തും ഓർത്തഡോക്സ് സഭയ്ക്ക് സംഭാവന ചെയ്‌തു. തുടർന്ന് സെന്‍റ് സിറിൽ, മെത്തോഡിയസ് പള്ളികൾക്കരികിൽ ഒരു ഒറ്റമുറിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.  

എല്ലാ ദിവസവും കാലത്ത് വൃദ്ധൻ കൈകൊണ്ട് തുന്നിയ വസ്ത്രവും ഷൂസും ധരിച്ച് തന്റെ ഗ്രാമത്തിൽ നിന്ന് ഇരുപത് മൈൽ അകലെയുള്ള സോഫിയയിലേക്ക് നടക്കുമായിരുന്നു. ആ നടത്തത്തിന് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ, സംഭാവനകൾ ശേഖരിച്ച്  ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, പ്രായമായപ്പോൾ നടക്കാൻ പ്രയാസമായിത്തുടങ്ങി. അയൽക്കാർ അദ്ദേഹത്തെ വാഹനത്തിൽ കൊണ്ടുപോയി വിടുമായിരുന്നു പിന്നീട്. എന്നിട്ടും, അദ്ദേഹം അത് മുടക്കിയില്ല. എല്ലായ്‌പ്പോഴും അതിലോലമായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ആളുകൾക്ക് ഒരു വിസ്‌മയമായിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ രൂപവും, നിസ്വാർത്ഥവും ആത്മീയത നിറഞ്ഞതുമായ ജീവിതരീതിയും കണ്ട്  ആളുകൾ 'വിശുദ്ധൻ' എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് സംഭാവനയായി 60,000 ഡോളറിൽ കൂടുതൽ ശേഖരിക്കാനും തുടർന്ന് സോഫിയയിലെ കത്തീഡ്രലിന്റെയും, ബെയ്‌ലോവോയിലെ പള്ളിയുടെയും, സോഫിയയ്ക്കടുത്തുള്ള ഒരു മഠത്തിന്റെയും പുനർനിർമ്മാണത്തിന് സംഭാവന നൽകാനും കഴിഞ്ഞു.

ഇത് കൂടാതെ അനേകം അനാഥാലയങ്ങൾക്കും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൽ നിന്ന് കിട്ടുന്ന തുച്ഛമായ പെൻഷൻ തുകകൊണ്ട് അദ്ദേഹം തന്റെ ചെലവുകൾ എല്ലാം നടത്തി. മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിനെ കുറിച്ച് “സൈലന്റ് ഏഞ്ചൽ” എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചിത്രം പുറത്തിറങ്ങിയിരുന്നു. 'നല്ലത്' എന്നാണ് അദ്ദേഹത്തിന്റെ പേരിന്റെ അർത്ഥം. ആ പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. 2018 ഫെബ്രുവരി 13 -ന് Kremikovtsi Monastery -യിൽ വച്ചാണ് അദ്ദേഹം ഭൂമി വിട്ടു പോയത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 103 വയസായിരുന്നു. ഇപ്പോൾ ഡോബ്രെവിന്റെ മൃതദേഹം ബെയ്‌ലോവോയിലെ സെന്റ് സിറിൽ ആൻഡ് മെത്തോഡിയസ് ദേവാലയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. നിശബ്‌ദനായ ആ സന്യാസി അനേകം പേരുടെ ജീവിതത്തിൽ വെളിച്ചമായിത്തീർന്നു. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും സമ്പാദിക്കാതെ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.