ആ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഒരു പാവക്കുട്ടിയുമുണ്ടായിരുന്നു. അതാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് ആ പാവയിലുണ്ടെന്ന് അയാള്‍ വിശ്വസിച്ചു തുടങ്ങി. 

പാവകളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. വാത്സല്യവും സ്നേഹവും സൌഹൃദവുമൊക്കെയാണ് പാവകളുടെ ഭാവം. എന്നാല്‍, അങ്ങനെ അല്ലാത്ത ഒരു രാജ്യമുണ്ട്. പാവകള്‍ക്ക് അവിടെ ഭീകരരൂപമാണ്. മെക്സിക്കോയിലെ ഒരു ദ്വീപിലാണത്. അവിടെ ചെന്നാല്‍ എല്ലായിടത്തും പാവകളെ കാണാം. പക്ഷെ, ആ പാവകളുടെ മുഖത്ത് ഓമനത്തമല്ല. മറിച്ച് പേടിപ്പെടുത്തുന്ന ഒരുതരം ദുരൂഹതയാണ്. മരങ്ങളിലും ചെടികളിലും വീടിന്‍റെ ചുമരുകളിലും തുടങ്ങി എല്ലായിടത്തുമുണ്ടാകും ഇത്തരം പാവകള്‍. 'ചൈനാംപാസ്' എന്നാണ് ഈ പ്രേതപ്പാവകള്‍ നിറഞ്ഞ് ദ്വീപ് അറിയപ്പെടുന്നത്. 

എവിടെയാണ് ഈ പാവദ്വീപ് എന്നല്ലേ? സോഷിമിക്കോ തോടിനരികെയാണ് ഈ ദുരൂഹത നിറഞ്ഞ പാവകളുടെ ദ്വീപ്. മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറിയാണ് സോഷിമിക്കോ. ആകെ ഒരുതരം ഭയാനകത നിറഞ്ഞതാണ് ഇവിടെയുള്ള കാഴ്ചകള്‍. മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ട, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്ന് തൂങ്ങിക്കിടക്കുന്ന പാവകളാണ് എങ്ങും. ചിലത് വലുതാണെങ്കില്‍ ചിലത് ചെറുത്. ചിലത് ചോരനിറത്തിലുള്ളതാണെങ്കില്‍ മറ്റു ചിലത് ചെതുമ്പലു പിടിച്ചതാണ്. ചില പാവകള്‍ മരങ്ങളില്‍ തലമുടിയിഴകളില്‍ തൂങ്ങിക്കിടക്കുകയായിരിക്കും. ചില പാവകളുടെ കണ്ണുകളില്‍ നിന്നും മൂക്കുകളില്‍ നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നുണ്ടാകും. ചിലതിനു കോമ്പല്ലുകളായിരിക്കും. വല്ലാതെ ഭയപ്പെടുത്തുന്നതാണ് ഇവയോരോന്നും. 

ആരാണ് പാവക്കുട്ടികളെ ദ്വീപിലെത്തിച്ചത്?

ഇങ്ങനെ പാവകള്‍ ദ്വീപില്‍ നിറഞ്ഞതിനു പിന്നിലെ കഥ ഇതാണ്: മെക്സിക്കോയില്‍ തന്നെയുള്ള ജൂലിയന്‍ സന്‍റാന ബരാന എന്ന ആര്‍ടിസ്റ്റാണ് ഈ പാവക്കുട്ടികളുടെ ദ്വീപിന്‍റെ ഉടമസ്ഥന്‍. 1970 കളിലാണ് ബരാന ഈ ദ്വീപിലെത്തിച്ചേര്‍ന്നത്. കാമുകിയുമായി പിരിഞ്ഞ ഇയാള്‍ ഒറ്റക്ക് താമസിക്കാനാണ് ഇവിടെയെത്തിയതെന്നാണ് കരുതുന്നത്. ദ്വീപില്‍ പച്ചക്കറികളും പൂക്കളുമൊക്കെ കൃഷി ചെയ്ത് പട്ടണത്തില്‍ കൊണ്ടു പോയി വിറ്റായിരുന്നു ബരാനയുടെ ജീവിതം. ആരോടും മിണ്ടാതെയും സൌഹൃദത്തിലാവാതെയും അയാളവിടെ ഏകാന്തവാസം നയിച്ചു. മരം കൊണ്ടുണ്ടാക്കിയതായിരുന്നു അയാളുടെ വീട്. ഒരു ദിവസം, ബരാന നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ്, വെള്ളത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരവിച്ച മൃതശരീരം കണ്ടു. എവിടെ നിന്നെത്തി എന്നറിയാത്ത, ആരുടേതാണെന്നറിയാത്ത ഒരു മൃതദേഹം. 

ആ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഒരു പാവക്കുട്ടിയുമുണ്ടായിരുന്നു. അതാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് ആ പാവയിലുണ്ടെന്ന് അയാള്‍ വിശ്വസിച്ചു തുടങ്ങി. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്നും. ആ ആത്മാവിനെ സന്തോഷിപ്പിക്കാനാണ് അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ അവിടെയെത്തിച്ചത്. പെണ്‍കുട്ടിയുടെ കഥ അറിഞ്ഞതോടെ അവളുടെ ആത്മാവിനെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്‍കാനും പലരും തയാറായി. അധികം വൈകാതെ തന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ആ ദ്വീപ് നിറഞ്ഞു. പാവകൾ സംസാരിക്കുകയും, രാത്രിയാകുമ്പോള്‍ ചലിക്കുമെന്നും കനാലിലൂടെ സഞ്ചരിക്കുന്നവരെ ദ്വീപിലേക്കു ക്ഷണിക്കുമെന്നുമൊക്കെയായി നൂറു കണക്കിന് കഥകളാണ് ദ്വീപിനെ ചുറ്റിപ്പറ്റി പിന്നെയുണ്ടായത്. 

രാത്രിയായാല്‍ പാവകൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച് അറിയാന്‍ എത്തുന്നവരും വിനോദസഞ്ചാരികളുമെല്ലാം ദ്വീപിലെത്തിത്തുടങ്ങി. കഥകള്‍ കേട്ടെത്തുന്നവര്‍ക്ക് ദ്വീപില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള അനുവാദം ബാരന്‍ നല്‍കിയിരുന്നു. അതോടെയാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയത്. ദ്വീപിനെ കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴതൊരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. ദ്വീപില്‍ വരുന്നവരെല്ലാം ഒരോ പാവകളുമായാണ് എത്തുന്നത്. 'ഏറ്റവും അസ്വസ്ഥതയുളവാക്കുന്ന ദ്വീപ്' എന്നാണ് പലരും ഈ സ്ഥലത്തെ വിളിക്കുന്നത് തന്നെ.

2001ല്‍ ബരാന ഒരു അപകടത്തില്‍ മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബരാന ആ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ട അതേ സ്ഥലത്ത് തന്നെയാണ് ബരാനയുടെ മൃതദേഹവും കിടന്നിരുന്നത്.