കര്‍ണ്ണാടക സംഗീതത്തിലെ സ്ത്രീ വിരുദ്ധ മൂല്യവ്യവസ്ഥക്കെതിരെ ഉയര്‍ന്ന സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഡി. കെ. പട്ടമ്മാളുടെ ജന്മശതാബ്ദിയാണ് ഇന്ന്. പല്ലവി പാടാന്‍ സ്ത്രീക്ക് കഴിവില്ല എന്ന വിശ്വാസം മുതല്‍ സ്ത്രീയാണ് പാടുന്നതെങ്കില്‍ കൂടെ വായിക്കാന്‍ പക്കമേളക്കാര്‍ തയ്യാറാവാത്തത്  വരെയുള്ള നിരവധി ധാരണകളെ ചോദ്യം ചെയ്ത ആ ജീവിതത്തിലൂടെ ഒരു യാത്ര. നദീം നൗഷാദ് എഴുതുന്നു 


കര്‍ണ്ണാടക സംഗീതത്തില്‍ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധ മൂല്യവ്യവസ്ഥക്കെതിരെ സ്ത്രീകള്‍ നടത്തിയ വലിയൊരു വിപ്ലവമുണ്ട്. 1930കള്‍ മുതല്‍ സജീവമായ ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മൂന്ന് പ്രധാനികള്‍ ഡി കെ പട്ടമ്മാള്‍, എം എസ് സുബ്ബലക്ഷ്മി, എം. എല്‍. വസന്തകുമാരി എന്നിവരാണ്. പല്ലവി പാടാന്‍ സ്ത്രീക്ക് കഴിവില്ല എന്ന വിശ്വാസം മുതല്‍ സ്ത്രീയാണ് പാടുന്നതെങ്കില്‍ കൂടെ വായിക്കാന്‍ പക്കമേളക്കാര്‍ തയ്യാറാവാത്തത്  വരെയുള്ള നിരവധി ധാരണകളെ ചോദ്യം ചെയ്തു കൊണ്ടാണ് സ്ത്രീകള്‍ വേദിയില്‍ തങ്ങളുടെ ഇടം ഉറപ്പാക്കിയത്. അതില്‍ ഏറ്റവും പ്രധാനമായിരുന്നു ഡി കെ പട്ടമ്മാള്‍ എന്ന ഗായിക പ്രതിഭയുടെ സംഗീത ഇടപെടലുകള്‍. 

1919 മാര്‍ച്ച് 19ന്  തമിഴ്‌നാടിലെ കാഞ്ചീപുരത്താണ് പട്ടമ്മാളുടെ ജനനം. അച്ഛന്‍ ദമാല്‍ കൃഷ്ണസ്വാമി ദീക്ഷിതര്‍ ഒരു യഥാസ്ഥിതിക ബ്രാഹ്മണനായിരുന്നു. അദ്ദേഹം സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്നു. സംഗീത താല്‍പര്യമുണ്ടായിരുന്നുവെങ്കിലും പട്ടമ്മാളിന്റെ അമ്മ രാജമ്മാള്‍ക്ക് ബന്ധുക്കളുടെ മുമ്പില്‍ പോലും പാടാന്‍ അനുവാദമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു കല്യാണ ചടങ്ങില്‍ രാജമ്മാള്‍ പാടുന്നത് കേട്ട് അവരുടെ ഭര്‍തൃപിതാവ് ദേഷ്യത്തോടെ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ''എന്റെ മരുമളുടെ ശബ്ദമാണോ ഞാന്‍ കേള്‍ക്കുന്നത്? അവളോട് പാട്ട് നിറുത്തി വീടിനകത്തേക്ക് പോവാന്‍ ആരെങ്കിലും പറയോ?'' ഇങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ പട്ടമ്മാള്‍ക്ക് സംഗീത വിദ്യാഭ്യാസം  നിഷേധിക്കപ്പെട്ടത്തില്‍  അത്ഭുതമില്ല. അച്ഛന്‍ കൃഷ്ണസ്വാമി ദീക്ഷിതര്‍ക്ക് മകളുടെ പാടാനുള്ള കഴിവില്‍ അഭിമാനം  ഉണ്ടായിരുന്നെക്കിലും മകള്‍ പൊതുവേദികളില്‍ പാടുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ല.

പട്ടമ്മാളുടെ അധ്യാപിക അമ്മുകുട്ടി അമ്മാള്‍ അവളുടെ കഴിവുകള്‍ ശ്രദ്ധിച്ചിരുന്നു. പട്ടമ്മാള്‍ ഒരു നാടകത്തില്‍ പാടി അഭിനയിച്ചത് ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്തയായപ്പോള്‍ കൊളംബിയ ഗ്രാമഫോണ്‍ കമ്പനി അവളുടെ പാട്ട് റെക്കോര്‍ഡ് ചെയ്യാനുള്ള അനുവാദത്തിനായി കൃഷ്ണസ്വാമി ദീക്ഷിതരെ സമീപിച്ചു. അത് അദ്ദേഹത്തെ ധര്‍മ്മസങ്കടത്തിലാക്കി. ഒരു ബ്രാഹ്മണ പെണ്‍കുട്ടി പൊതുവേദികളില്‍ പാടുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റാത്ത കാലമായിരുന്നു അത്. മകള്‍  പാടുന്നത്  ഇഷ്ടമായിരുന്നെങ്കിലും സാമുഹ്യ വിലക്കുകള്‍ അദ്ദേഹത്തെ ഭയപ്പെടുത്തി. അവസാനം അമ്മുക്കുട്ടി അമ്മാളുടെ  നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം മകളുടെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു..

കാഞ്ചീപുരത്ത് എല്ലാ വര്‍ഷവും നടക്കുന്ന ത്യാഗരാജ സംഗീതോത്സവത്തിന് കൃഷ്ണസ്വാമി ദീക്ഷിതര്‍  മകളെ കൂടെ കൊണ്ട് പോവുക പതിവായിരുന്നു. വലിയ ഗായകരുടെ പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരം  അത് പട്ടമ്മാള്‍ക്ക് നല്‍കി. പരിപാടി സംഘടിപ്പിച്ചിരുന്നത് പ്രശസ്ത ഗായകന്‍ കാഞ്ചീപുരം നൈനപിള്ളയായിരുന്നു. പട്ടമ്മാള്‍ നൈനപിള്ളയുടെ വലിയൊരു ആരാധികയായിരുന്നു. അദേഹത്തില്‍ നിന്ന് സംഗീതം പഠിക്കാന്‍ അവള്‍ മോഹിച്ചിരുന്നു.

ഒരിക്കല്‍ ഒരു കല്യാണ സദസ്സില്‍ പാടാന്‍ അവള്‍ക്ക് അവസരം കിട്ടി. അവിടെ ത്യാഗരാജ സംഗീതോത്സവത്തില്‍ കേട്ട പാട്ടുകാരുടെ ശൈലികള്‍ അവള്‍ അനുകരിച്ചു. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഒരു സംഗീത അധ്യാപകനും ഉണ്ടായിരുന്നു. പട്ടമ്മാള്‍ അദ്ദേഹത്തിന്റെ പേര്‍ ഓര്‍ക്കുന്നില്ല. ആള്‍ക്കാര്‍ അദ്ദേഹത്തെ തെലുങ്ക് വാധ്യാര്‍ എന്ന് വിളിച്ചിരുന്നു. അദ്ദേഹം പട്ടമ്മാളെ ചില കൃതികള്‍ പഠിപ്പിച്ചു.

പട്ടമ്മാളുടെ അധ്യാപിക അമ്മുക്കുട്ടി അമ്മാള്‍ അവളുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. മദ്രാസ് ഗവണ്‍മന്റ് നടത്തുന്ന  സംഗീത മത്സരത്തില്‍ മകളെ പങ്കെടുപ്പിക്കാന്‍   അവര്‍ കൃഷ്ണസ്വാമി ദീക്ഷിതരെ  നിര്‍ബന്ധിച്ചു. ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്ന അംബി ദീക്ഷിതര്‍ക്ക് അവളുടെ പാട്ട് ഇഷ്ടമായി. അദ്ദേഹം അവളെ ദീക്ഷിതര്‍ കൃതികള്‍ പഠിപ്പിക്കാന്‍ തയ്യാറായി. സ്‌കൂളില്‍ നിന്ന് പതിഞ്ചു ദിവസത്തെ അവധി എടുത്ത് കൃഷ്ണസ്വാമി മകളുടെ ഒപ്പം നിന്നു. ആ പഠനം പട്ടമ്മാളുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കുറെയേറെ ദീക്ഷിതര്‍ കൃതികള്‍  അവള്‍ സ്വായത്തമാക്കി. പിന്നീട് ദീക്ഷിതര്‍ കൃതികള്‍ ജനകീയമാക്കാന്‍ ഇത് പട്ടമ്മാളിനെ  പ്രേരിപ്പിച്ചു.

സമകാലികരായ എം. എസ്. സുബലക്ഷ്മി, ടി ബ്രിന്ദ, എം. എല്‍. വസന്തകുമാരി എന്നിവരെ പോലെ പട്ടമ്മാള്‍ക്ക് ഒരു ഗുരുവില്‍ നിന്നും കാര്യമായ അഭ്യസനം കിട്ടിയിരുന്നില്ല. ത്യാഗരാജ സംഗീതോത്സവത്തില്‍ നിന്ന് കേട്ടു പഠിച്ചതല്ലാതെ മറ്റൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ പോലെ സംഗീത പാരമ്പര്യവും ഉണ്ടായിരുന്നില്ല. ഒരു ഗുരുവില്‍ നിന്ന് സംഗീതം പഠിക്കാന്‍ അവര്‍ മോഹിച്ചിരുന്നു. പക്ഷെ അന്നത്തെ സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അത് മറ്റൊരു വിധത്തില്‍ പട്ടമ്മാള്‍ക്ക് അനുഗ്രഹമായി. ആരെയും അനുകരിക്കാതെ സ്വന്തമായി ഒരു ശൈലി  ഉണ്ടാക്കിയെടുക്കാന്‍ അത്‌കൊണ്ട് സാധിച്ചു.

 

 

പൊതുവേദികളില്‍ പാടാന്‍ ബ്രാഹ്മണ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന കാലഘട്ടമായിരുന്നു. അത്‌കൊണ്ട് സ്വന്തം നാടായ കാഞ്ചീപുരം വിട്ട് മദ്രാസിലേക്ക് ചേക്കേറാന്‍  കൃഷ്ണസ്വാമി ദീക്ഷിതര്‍ തീരുമാനിച്ചു. മകളുടെ ഭാവിക്ക് വേണ്ടി അദ്ദേഹം ജോലി ഉപേക്ഷിക്കാന്‍ തയ്യാറായി. മദ്രാസ്സില്‍ അവര്‍ക്ക് ഒരു പാട് അവസരങ്ങള്‍ കിട്ടി. ക്രമേണ സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കുറഞ്ഞു വന്നു. എം. എസ്. സുബ്ബലക്ഷ്മി ഒരു പാട്ടുകാരിയായി അറിയപ്പെട്ട് വരുന്ന സമയം കൂടിയായിരുന്നു അത്. സുബ്ബലക്ഷ്മി ദേവദാസി സമുദായ അംഗമായിരുന്നു. ബ്രാഹ്മണ സമുദായത്തിന് അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു ഗായിക ആവശ്യമായിരുന്നു. അത്‌കൊണ്ട് പട്ടമ്മാളുടെ വരവ് അവര്‍ സ്വാഗതം ചെയ്തു.

സ്ത്രീകള്‍ക്ക് പല്ലവി പാടാന്‍ പാടില്ല എന്നൊരു ധാരണ നിലനിന്ന കാലമായിരുന്നു. പല ഗായികമാരും അത് ശരിയാണെന്ന് വിശ്വസിച്ചിരുന്നു. പട്ടമ്മാള്‍ പല്ലവി പാടാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. ''നിനക്ക് പല്ലവി പാടാന്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ പാടാം. മറ്റുള്ളവര്‍ എന്ത് പറയും എന്ന് ചിന്തിക്കേണ്ട''. ജഗമോഹിനി രാഗത്തിലുള്ള നൈനപിള്ളയുടെ പല്ലവിയാണ് അവര്‍ ആദ്യമായി പാടി റെക്കോര്‍ഡ് ചെയ്തത്. അതിന് ശേഷം അവര്‍ പല്ലവി പട്ടമ്മാള്‍ എന്നറിയപ്പെട്ടു. സംഗീത ഗവേഷകയായ വേദവല്ലി ഒരിക്കല്‍ പറഞ്ഞു. ''പുരുഷന്മാരില്‍  നിന്നും ഗുരുക്കന്‍മാരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും  പട്ടമ്മാളാണ് പല്ലവി പാടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കിയത്''. 

ഒരു ഗായികയാവുക എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പട്ടമ്മാള്‍ക്ക് സാധിച്ചത് അവരുടെ ജീവിതകാലത്ത് ഉണ്ടായ രണ്ടു സുപ്രധാന സംഭവങ്ങളാണ്. ഒന്ന് ഗ്രാമഫോണിന്റെ വരവ്. രണ്ടാമത്തേത് സ്വാതന്ത്ര സമരം. അത് രണ്ടും  സമൂഹം ഏര്‍പ്പെടുത്തിയ വിലക്കുകളെ ലംഘിക്കാന്‍ പട്ടമ്മാള്‍ക്ക് ധൈര്യം നല്‍കി. കര്‍ണാടക സംഗീതത്തില്‍ പാരമ്പര്യ വിശ്വാസങ്ങളെ ലംഘിക്കുക എളുപ്പമായിരുന്നില്ല. പട്ടമ്മാളുടെ സമുദായത്തില്‍ നിന്ന് രുഗ്മിണി ദേവി അരുണ്ടേല്‍ ഒഴിക ആരും മുമ്പ് അതിന് ധൈര്യം കാണിച്ചിട്ടില്ല. രുക്മിണിദേവി  സമുദായ വിലക്കുകള്‍ ലംഘിച്ച് ആദ്യത്തെ ഭരതനാട്യം നര്‍ത്തകിയായി കഴിഞ്ഞിരുന്നു.

ഗ്രാമഫോണിന്റെ ആഗമനത്തോടെ പട്ടമ്മാള്‍ക്ക് കര്‍ണാടക സംഗീതത്തില്‍ ഒരു സുപ്രധാന സ്ഥാനം കിട്ടി. ടി ബ്രിന്ദയും ടി മുക്തയും ഗ്രാമഫോണില്‍ പാടാന്‍ വിസമ്മതിച്ചപ്പോള്‍ പട്ടമ്മാളും സുബലക്ഷമിയും രംഗം കീഴടക്കി. 'എപ്പടി പാടിനാരോ' ആണ് ഇന്നും എല്ലാവരും വീണ്ടും കേള്‍ക്കുന്ന പട്ടമ്മാളുടെ  പാട്ട്. ശുദ്ധാനന്ത ഭാരതി എഴുതി കര്‍ണാടക ദേവഗാന്ധാരിയില്‍ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്. 'യാരോ ഇവര്‍ യാരോ', 'തൂക്കിയ തിരുവടി', 'ശിവകാമ സുന്ദരി' എന്നിവയാണ് അവരുടെ ഏറ്റവും ജനകീയമായ മറ്റ് പാട്ടുകള്‍. സിനിമയിലും ചില പാട്ടുകള്‍ പാടി. ദേശഭക്തി ഗാനങ്ങളോ ഭക്തിഗാനങ്ങളോ മാത്രമാണ് പാടിയിരുന്നത്. റൊമാന്റിക്ക് പാട്ടുകള്‍  പാടാനുള്ള ആവശ്യം നിരാകരിച്ചിരുന്നു.    

സഹോദരന്‍ ഡി കെ ജയരാമന്‍ മരുമകള്‍ ലളിത ശിവകുമാര്‍, സുശീലരാമന്‍, പേരക്കുട്ടി നിത്യശ്രീ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പടെ ഒരുപാട് ശിഷ്യന്മാരുണ്ടായിരുന്നു. പട്ടമ്മാള്‍  വെട്ടിതെളിയിച്ച വഴിയാണ് ഇന്നത്തെ ഗായികമാരുടെ സഞ്ചാരം സുഗമമാക്കിയത്. കര്‍ണ്ണാടക സംഗീത ലോകത്ത് സ്ത്രീശാക്തീകരണം നിശ്ശബ്ദം നടപ്പില്‍ വരുത്തിയ ആ മഹാഗായിക 2009 ജൂലൈ 16 ന് തൊണ്ണൂറാം വയസ്സില്‍  വിടവാങ്ങി.