Asianet News MalayalamAsianet News Malayalam

അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!

നിധീഷ് നന്ദനം എഴുതുന്ന ലണ്ടന്‍ യാത്രാനുഭവങ്ങള്‍  ആറാം ഭാഗം
 

London travelogue by Nidheesh Nandanam  part 6
Author
London, First Published Feb 28, 2019, 4:02 PM IST

എല്ലാ വര്‍ഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുല്‍ക്കോര്‍ട്ടിനു തീ പിടിക്കും. ലോക ടെന്നീസിലെ 128 കരുത്തര്‍ ഇവിടെ കളിക്കാനിറങ്ങും. പതിനാലാം നാള്‍, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ 127 കളികള്‍ക്കൊടുവില്‍, ഒരുവന്‍ റാക്കറ്റ് മുകളിലേക്കെറിയും. പുല്‍മൈതാനത്ത് മലര്‍ന്നു കിടക്കും. ഒടുവില്‍ ആ വെള്ളിക്കപ്പില്‍ മുത്തമിടുമ്പോള്‍ തൊണ്ടയിടറും. കണ്ണുകള്‍ നിറഞ്ഞൊഴുകും. വനിതാ വിഭാഗത്തിലും ഇതാവര്‍ത്തിക്കും.. ഒടുവിലൊരുവള്‍ 'വീനസിന്റെ പനീര്‍ത്തളികയില്‍'(Venus rosebowl dish) കടിക്കുമ്പോള്‍ മറ്റെയാള്‍ കണ്ണീര്‍ വാര്‍ക്കുകയാവും.

London travelogue by Nidheesh Nandanam  part 6London travelogue by Nidheesh Nandanam  part 6

പത്രത്താളുകളില്‍ കണ്ട ഒളിമ്പിക് മെഡലണിഞ്ഞ പേസിന്റെ ചിത്രമാണ് ടെന്നിസിനെക്കുറിച്ചുള്ള ആദ്യ ഓര്‍മ.. പിന്നീടിങ്ങോട്ട് പേസ് - ഭൂപതി എന്നത് ഒറ്റപ്പേരാണെന്നു വരെ ധരിച്ചു വച്ചിരുന്നൊരു തേരോട്ടകാലമായിരുന്നു. ആന്ദ്രേ അഗാസിയും പീറ്റ് സാംപ്രസും സ്വര്‍ണതലമുടിയുള്ള സ്‌റ്റെഫി ഗ്രാഫുമെല്ലാം പത്രത്താളുകളില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അവരോടൊക്കെയുള്ള ആരാധനയാവണം ഈ കളിയെ ശ്രദ്ധേയമാക്കിയതും...

കാലം കഴിയും തോറും ടെന്നിസിനെ ചക്രവാളത്തിലെ പഴയ നക്ഷത്രങ്ങള്‍ അസ്തമിക്കുകയും റോജര്‍ ഫെഡറര്‍ എന്ന ഒരൊറ്റ സൂര്യന്‍ പിറവി കൊള്ളുകയും ചെയ്തു. ദാവീദിന് ഗോലിയാത്തെന്ന പോലെ അവിടെയുമുദിച്ചു ഒരെതിരാളി. കാളക്കൂറ്റന്റെ കരുത്തുള്ള റാഫേല്‍ നദാല്‍. പുല്‍ക്കോര്‍ട്ടില്‍ എന്നും ചിരിച്ചത് റോജര്‍ ആയിരുന്നു. ഓരോ തോല്‍വിക്കും കളിമണ്‍ കോര്‍ട്ടില്‍ റാഫ പകരം ചോദിച്ചു.  അങ്ങനെ ഓരോ ഗ്രാന്റ് സ്ലാമും കളിപ്രേമിക്ക് കണക്കു വീട്ടലിന്‍േറതായി. ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും അത് കഴിഞ്ഞു വിംബിള്‍ഡനും യു എസ് ഓപ്പണും. റോജറും എണ്ണത്തില്‍ കുറവെങ്കിലും നാദാലും റെക്കോര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ എഴുതി ചേര്‍ത്തു കൊണ്ടേയിരുന്നു...

ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്. സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്‌ക്കൊരു കൊള്ളിയാന്‍ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി.

London travelogue by Nidheesh Nandanam  part 6

ഇവരോടൊക്കെയുള്ള പെരുത്തിഷ്ടങ്ങളാണ് ഈ കളിയെപ്പറ്റി ഒരു ചുക്കുമറിയില്ലാഞ്ഞിട്ടും ഒരു തവണ പോലും റാക്കറ്റ് കൈകൊണ്ടു തൊട്ടിട്ടില്ലാഞ്ഞിട്ടും വിംബിള്‍ഡനിലേക്കൊരു യാത്ര പോകണമെന്നൊരു ആശ മനസ്സില്‍ വളര്‍ത്തിയത്.വെംബ്ലിയില്‍ നിന്നും നേരത്തെ തിരിച്ചെങ്കിലും ട്രെയിന്‍ ചതിച്ചതിനാല്‍ ഗേറ്റിങ്കല്‍ ചെന്ന് എത്തി നോക്കാനേ ആദ്യ യാത്രയില്‍ സാധിച്ചുള്ളൂ. രണ്ടാമത്തെ തവണ ഫുല്‍ഹാമില്‍ നിന്നും വിംബിള്‍ഡനിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ വാച്ചില്‍ സമയം 3.50. ട്രെയിന്‍ വിംബിള്‍ഡണ്‍ എത്താന്‍ കാത്തു നിന്നില്ല. സൗത്ത് ഫീല്‍ഡില്‍ ഇറങ്ങി ഓരോട്ടമായിരുന്നു. കൃത്യം ഒരു മൈല്‍. വിംബിള്‍ഡനിന്റെ നാലാം ഗേറ്റിലേക്ക് ഓടിച്ചെന്നു കയറുമ്പോള്‍ വാച്ചില്‍ സമയം 4.24. റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ 5 മണി വരെയേ സമയമുള്ളൂ എന്ന മറുപടി. എങ്കിലും ടിക്കറ്റെടുത്തു. മ്യൂസിയത്തില്‍ ട്രോഫികള്‍ കാണാനുള്ള സമയം. പിന്നെ സെന്റര്‍ കോര്‍ട്ടും.

ആദ്യം ലോണ്‍ ടെന്നീസ് ക്ലബ് മ്യുസിയത്തിലേക്ക്. വിംബിള്‍ഡനിന്റെ ചരിത്രമെന്നാല്‍ ലോക ടെന്നിസിനെ ചരിത്രമെന്നു തിരുത്തി വായിക്കാം. അത്രയ്ക്കുണ്ട് വിംബിള്‍ഡന് പറയാനുള്ള കഥകള്‍. ട്രോഫി റൂമിലേക്ക് കയറി.അതാ അവിടിരുന്നു വെട്ടിത്തിളങ്ങുന്നു ഒരു വെള്ളിക്കപ്പും അടുത്തൊരു വെള്ളിത്തളികയും.. 

എല്ലാ വര്‍ഷവും ജൂണിലെ അവസാനത്തെ ആഴ്ച ഇവിടുത്തെ പുല്‍ക്കോര്‍ട്ടിനു തീ പിടിക്കും. ലോക ടെന്നീസിലെ 128 കരുത്തര്‍ ഇവിടെ കളിക്കാനിറങ്ങും. പതിനാലാം നാള്‍, ജൂലൈയിലെ ആദ്യത്തെ ഞായറാഴ്ച്ച  തീപാറിയ 127 കളികള്‍ക്കൊടുവില്‍, ഒരുവന്‍ റാക്കറ്റ് മുകളിലേക്കെറിയും. പുല്‍മൈതാനത്ത് മലര്‍ന്നു കിടക്കും. ഒടുവില്‍ ആ വെള്ളിക്കപ്പില്‍ മുത്തമിടുമ്പോള്‍ തൊണ്ടയിടറും. കണ്ണുകള്‍ നിറഞ്ഞൊഴുകും. വനിതാ വിഭാഗത്തിലും ഇതാവര്‍ത്തിക്കും.. ഒടുവിലൊരുവള്‍ 'വീനസിന്റെ പനീര്‍ത്തളികയില്‍'(Venus rosebowl dish) കടിക്കുമ്പോള്‍ മറ്റെയാള്‍ കണ്ണീര്‍ വാര്‍ക്കുകയാവും.

London travelogue by Nidheesh Nandanam  part 6

ഈ കഥ ആദ്യമദ്ധ്യാന്തം ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 141 വര്‍ഷമാകുന്നു. എത്രയെത്ര വാഴ്ചകള്‍. വീഴ്ചകള്‍. മറ്റു ഡബിള്‍സ് ഗ്രാന്റ് സ്ലാമുകളില്‍ വിജയികള്‍ക്ക് ഒരു ട്രോഫി കിട്ടുമ്പോള്‍ ഇവിടെ രണ്ട് പേര്‍ക്കും കിട്ടും ഓരോ 'സില്‍വര്‍ ചലഞ്ച് കപ്പ്'. വനിതകളിലെ ഡബിള്‍സ് വിജയികള്‍ക്ക് കിട്ടുക കെന്റിലെ പ്രഭ്വിയുടെ (The Duchess of kent) പേരിലുള്ള ട്രോഫിയാണ്. മിക്‌സഡ് ഡബിള്‍സ് ചാംപ്യനുള്ള സില്‍വര്‍ ചലഞ്ച് കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടിയ പുരുഷ താരം ലിയാണ്ടര്‍ പേസ് ആണ്.   മൂന്ന് ദശാബ്ദങ്ങളില്‍ വിംബിള്‍ഡണ്‍ ട്രോഫിയില്‍ മുത്തമിട്ട ഒരേയൊരാളും പേസ് തന്നെ.   ഓരോ കിരീടങ്ങളും എത്രയെത്ര ഇതിഹാസങ്ങളുടെ വിരല്‍ പാടുകള്‍ പതിഞ്ഞിരുന്നു... ഇവയൊക്കെയും അടുത്ത് കാണുകയെന്നാല്‍, ഒന്ന് തൊട്ടു നോക്കുകയെന്നാല്‍ മഹാ പുണ്യം തന്നെ...

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഓരോ ദശകത്തിലും ടെന്നീസിന് വന്ന മാറ്റങ്ങളറിയാന്‍ ഇതുവഴിയൊന്നു നടന്നു നോക്കിയാല്‍ മതി.  പന്തിലും റാക്കറ്റിലും പാന്റ്‌സിലും ഷോര്‍ട്‌സിലും സ്‌കര്‍ട്‌സിലും ഷൂവിലും എന്ന് വേണ്ട എന്തെല്ലാം മാറ്റങ്ങള്‍. എല്ലാം ഒന്നൊഴിയാതെ അടയാളപ്പെടുത്തി വച്ചിരിക്കുന്നു. ഇനിയും കാണാന്‍ ഒരുപാടുണ്ട്. റാക്കറ്റിന്റെയും പന്തിന്റെയും രൂപ പരിണാമങ്ങള്‍.ബോറിസ് ബെക്കറും ബോണ്‍ ബോര്‍ഗും വില്യം റെന്‍ഷോയും മുതല്‍ പീറ്റ് സാംപ്രസ്സും  റോജര്‍ ഫെഡററും റാഫേല്‍ നാദാലും വരെയുള്ളവരുടെ വീരഗാഥകള്‍. പക്ഷെ സമയമില്ല. സെന്റര്‍ കോര്‍ട്ടിലേക്ക് പോകാനുള്ള സമയമടുത്തിരിക്കുന്നു.  പുറത്തേക്കുള്ള ചുവരില്‍ പീറ്റ് സാംപ്രെസിന്റെ വരികള്‍... 'ലോകത്തിലെ ഏറ്റവും വലിയ വിജയം കണക്കെ അവരാഹ്ലാദിക്കും... കാരണം അതിതാണ്'.

ഇനി സെന്റര്‍ കോര്‍ട്ടിലേക്ക്. കളിക്കാര്‍ക്കുള്ള പ്രധാന വഴിയില്‍ ഗൊരാന്‍ ഇവനിസെവിച്ചിന്റെ വാക്കുകള്‍.. 'ഇനിയൊരു മത്സരം ജയിച്ചില്ലെങ്കിലും എനിക്ക് നിരാശയില്ല... ഞാനിനി എന്ത് ചെയ്താലും, എവിടേക്ക് പോയാലും ഒരായുഷ്‌കാലമത്രയും ഞാനൊരു വിംബിള്‍ഡണ്‍ ചാംപ്യനായിരിക്കും'.

വിംബിള്‍ഡണ്‍ ചരിത്രത്തില്‍ സീഡ് ചെയ്യപ്പെടാത്ത ഒരേയൊരു ചാമ്പ്യന്‍ ആണ് ഗൊരാന്‍. 2001 ല്‍ ഗൊരാന്‍ കിരീടം നേടുമ്പോള്‍ അദ്ദേഹത്തിന്റെ റാങ്കിങ് 125.. ആദ്യ 104 റാങ്കുകാര്‍ നേരിട്ട് യോഗ്യത നേടുന്ന വിംബിളിഡനില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായെത്തി കിരീടവുമായി മടങ്ങിയൊരാള്‍. ലോക ഒന്നാം നമ്പറിലെത്തിയ മൂന്നു പേരെ (കാര്‍ലോസ് മോയ, ആന്റി റോഡിക്, മരത് സാഫിന്‍) അട്ടിമറിച്ച ആ ടൂര്‍ണമെന്റിന് ശേഷം പതിനാറാം റാങ്കിലെത്തിയ ഗൊരാന്‍ ഒറ്റയടിക്ക് കുതിച്ചത് 109 സ്ഥാനങ്ങള്‍...

സെന്റര്‍ കോര്‍ട് ഒരത്ഭുതം ആണ്. വെറും രണ്ടാഴ്ചയ്ക്ക് വേണ്ടി, ഏറിയാല്‍ 10 മത്സരങ്ങള്‍ക്ക് വേണ്ടി വര്‍ഷം മുഴുവന്‍ പരിപാലിക്കപ്പെടുന്ന സ്ഥലം. നൂറു ശതമാനം യഥാര്‍ത്ഥ പുല്‍കോര്‍ട്ട്. ഇന്ന് ഗ്രാന്റ് സ്ലാം ഫൈനല്‍ നടക്കുന്ന ഒരേയൊരു പുല്‍ മൈതാനം.

London travelogue by Nidheesh Nandanam  part 6

ഇരുവശത്തും റോളക്‌സ് സ്‌കോര്‍ബോര്‍ഡുകള്‍. ഒന്നില്‍ നൊവാന്‍ ദ്യോക്കോവിച്ചിനും കെവിന്‍ ആന്‍ഡേഴ്‌സണും കീഴെ 6-2, 6-2, 7-6 എന്ന സ്‌കോര്‍ ലൈന്‍. മറുവശത്ത് 6-3, 6-3 എന്ന സ്‌കോറിന് സെറീന വില്യംസ് എന്ന ഇതിഹാസതാരത്തെ ആഞ്ജലിക് കെര്‍ബര്‍ എന്ന ജര്‍മന്‍കാരി മുട്ടുകുത്തിച്ച കഥ. ജൂണില്‍ അടുത്ത വിംബിള്‍ഡണ്‍ വരേയ്ക്കും ഇതിവിടെ കാണും. പിന്നെയിതും ചരിത്ര താളുകളിലേക്ക് പകര്‍ത്തിയെഴുത്തപ്പെടും. പിന്നെ ഇവിടെ മൂളിപ്പറക്കുന്ന ഓരോ എയ്സിലും വന്നു വീഴുന്ന ഓരോ സ്മാഷിലും പോയിന്റുകള്‍ മാറിമാറിതെളിയും.

പതിനയ്യായിരം സീറ്റുകളുള്ള സെന്റര്‍ കോര്‍ട്ടിലെ തെക്കുഭാഗത്താണ് റോയല്‍ ബോക്‌സ്.. രാജകുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ഇരുന്നു മത്സരങ്ങള്‍ വീക്ഷിക്കുന്നയിടം.

2009ല്‍ ആണ് സെന്റര്‍ കോര്‍ട്ടിനു മേല്‍ക്കൂര പണിതത്.  10 മിനിറ്റില്‍ തുറക്കാനും 10 മിനിറ്റില്‍ അടയ്ക്കാനും കഴിയും വിധം ഇത് ക്രമീകരിച്ചിരിക്കുന്നു. അതിനാല്‍ മഴയുള്ള ദിനങ്ങളിലും വിംബിള്‍ഡണ്‍ മസരങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ സാധിക്കുന്നു. വിസ്മയക്കണ്ണുകളോടെ കണ്ടും ഫോട്ടോ എടുത്തും നടക്കുമ്പോഴേക്കും വാച്ചില്‍ സമയം അഞ്ച് ആയി. 

പടിഞ്ഞാറ് സൂര്യന്‍ അസ്തമിച്ചു തുടങ്ങി. ശൈത്യകാലത്ത് ചൂടുപകരാന്‍ ഇട്ട ലൈറ്റുകളുടെ വെളിച്ചത്തില്‍ പച്ചപ്പുല്ലിന്റെ ഇളം നാമ്പുകള്‍ വെട്ടിത്തിളങ്ങി. ഗൈഡ് പുറത്തിറങ്ങാന്‍ തിരക്കുകൂട്ടി. കണ്ടുമറിഞ്ഞും തീര്‍ന്നിട്ടുണ്ടായിരുന്നില്ല ഒന്നും. ബാക്കി 17 കോര്‍ട്ടുകളും ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ല. ക്ലബ് സ്റ്റോര്‍ അടച്ചിരുന്നു.

വെറും കൈയോടെയെങ്കിലും മനസ്സ് നിറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴും ഗൊരാന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട മനസ്സ് പറഞ്ഞു: 'ഇനി വേറെന്തു കണ്ടില്ലെങ്കിലും എനിക്ക് നിരാശയില്ല... കാരണം ഇത് വിംബിള്‍ഡണ്‍ ആണ്!'

ലണ്ടന്‍ വാക്ക്: യാത്രാനുഭവങ്ങള്‍ മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios