അന്ന് ഭക്ഷണം തന്നത് അഭിമന്യുവിന്‍റെ വീട്ടുകാര്‍ സ്ഥലം കാണിക്കാന്‍ കൂടെവന്നത് അഭിമന്യു എന്നിട്ടും ഞാന്‍ തിരിച്ചറിഞ്ഞില്ല

അഭിമന്യുവിനെ കുറിച്ച് ഓരോരുത്തരായി എഴുതുമ്പോള്‍ അവനെ അതുവരെ അറിയാതിരുന്നവര്‍ പോലും വേദനിക്കുകയാണ്. അടുത്തകാലത്തൊന്നും ഇത്രയധികം വേദനിപ്പിച്ച ഒരു മരണമുണ്ടായിരുന്നിരിക്കില്ല. കൂടെയുണ്ടായിരുന്ന ആരോ പോയ വേദനയാണ് ഓരോരുത്തര്‍ക്കും. അത് തന്നെയാണ് നസ്ലി സുഹൈല്‍ തന്‍റെ ഫേസ്ബുക്കിലും കുറിച്ചിരിക്കുന്നത്. പക്ഷെ, നസ്ലി സുഹൈല്‍, അഭിമന്യുവിനെ കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അഭിമന്യുവിന്‍റെ വട്ടവടയില്‍ വച്ച്. അവന്‍റെ അമ്മ പകര്‍ന്ന ഭക്ഷണം കഴിച്ചാണ് അവര്‍ വിശപ്പുമാറ്റിയത്. 

വട്ടവടയിലേക്ക് നടത്തിയ യാത്രയിലാണ് നസ്ലി സുഹൈലും സുഹൃത്തുക്കളും അഭിമന്യുവിനെയും കുടുംബത്തേയും കാണുന്നത്. ആ യാത്രയില്‍ ഭക്ഷണം നല്‍കിയതും, വട്ടവടയെ പരിചയപ്പെടുത്തിയതുമെല്ലാം അഭിമന്യുവും കുടുംബവുമായിരുന്നു. യാത്രയില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതായപ്പോള്‍, ' അടുത്ത് ഹോട്ടല്‍ വല്ലതുമുണ്ടോ' എന്ന് തിരക്കിയത് അഭിമന്യുവിന്‍റെ അമ്മയോടായിരുന്നു. ഹോട്ടലിലേക്ക് കുറേ ദൂരം പോകേണ്ടിയിരുന്നതിനാല്‍ അഭിമന്യുവിന്‍റെ അമ്മ സ്വന്തം കൃഷിസ്ഥലത്തേക്ക് സുഹൈലിനെയും കൂട്ടുകാരെയും ക്ഷണിച്ചു. 

ഉരുളക്കിഴങ്ങ് വിളവെടുക്കുകയായിരുന്നു അഭിമന്യുവിന്‍റെ കുടുംബം

അവിടെ, അഭിമന്യുവിന്റെ ഏട്ടനും അമ്മയും ഉരുളക്കിഴങ്ങ് വിളവെടുക്കുകയായിരുന്നു. അവരുടെ വിശ്രമ സ്ഥലത്ത്‌ യാത്ര പോയവരുടെ ബാഗുകളും മറ്റും വെക്കാന്‍ സഹായിച്ചത് അന്ന്, കൊച്ചു അഭിമന്യുവായിരുന്നു. കൃഷിക്കാരായ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന അഭിമന്യുവിന്റെ കുടുംബം, അവര്‍ക്കായി പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഒരു പങ്ക് വട്ടവട കാണാനെത്തിയ സുഹൈലിനും ചങ്ങാതിമാര്‍ക്കുമായി പങ്കുവെച്ചു. ആ ഗ്രാമത്തെ കുറിച്ച്, അവിടെയുള്ളവരുടെ ജീവിതത്തെ കുറിച്ച്, ആഗ്രഹങ്ങളെ കുറിച്ചൊക്കെ അവരന്ന് സംസാരിച്ചു. അച്ഛനെ സഹായിക്കാന്‍ വേണ്ടി പഠനം നിര്‍ത്തിയതാണ് അഭിമന്യുവിന്‍റെ ഏട്ടന്‍. എറണാകുളത്തെ സ്കൂളിൽ പഠിക്കുന്ന അഭിമന്യുവിനെ കുറിച്ച് അച്ഛനും അമ്മയും ഏട്ടനുമെല്ലാം അഭിമാനത്തോടെയാണ് സംസാരിച്ചതെന്നും നസ്ലി സുഹൈല്‍ ഓര്‍ക്കുന്നു. അവരുടെ സ്നേഹവും സല്‍ക്കാരവും നന്മയുമെല്ലാം തങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ലെന്നും നസ്ലി സുഹൈല്‍ പറയുന്നു.

ഭക്ഷണം പങ്കുവെച്ചപ്പോള്‍

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നസ്ലി സുഹൈല്‍ അഭിമന്യുവിനെ കാണുന്നത്. കഴിഞ്ഞ മാസം പതിനേഴിനായിരുന്നു അത്. അന്ന് മൂന്നു മിനിറ്റ് നേരം മാത്രമാണ് അവര്‍ തമ്മില്‍ സംസാരിച്ചത്! പക്ഷെ, അവര്‍ പരസ്പരം തിരിച്ചറിഞ്ഞില്ല. അന്ന് ജീവിതത്തിൽ ആദ്യമായി മഹാരാജാസ് ക്യാമ്പസില്‍, പിതൃസഹോദരനൊപ്പം പോയതായിരുന്നു നസ്ലി സുഹൈല്‍. നിലത്ത് ഉണങ്ങാൻ ഇട്ടിരുന്ന ചുവരെഴുത്തുകള്‍ക്ക് മുകളിലൂടെ അശ്രദ്ധമായി വാഹനം കയറ്റി ഇറക്കിയതിനെ ഒരു വിദ്യാര്‍ഥി വന്ന് ചോദ്യം ചെയ്തു. അതില്‍, ഒരു നല്ല നേതാവിന്റെ ഗാംഭീര്യം, ഒരു പ്രവര്‍ത്തകന്റെ രോഷം ഒക്കെയാണ് ഉണ്ടായിരുന്നത്. അവനില്‍ കണ്ടത് ഒരു അക്രമ രാഷ്ട്രീയക്കാരനെ ആയിരുന്നില്ല. മറിച്ച്, തെറ്റ് ചോദ്യം ചെയ്യാനും അത് അംഗീകരിച്ചതോടെ ക്ഷമിക്കാനും പഠിച്ച ഒരു നല്ല വിദ്യാർത്ഥി നേതാവിനെ ആയിരുന്നു. പക്ഷെ, എന്നിട്ടും നസ്ലി സുഹൈല്‍ അവനെ തിരിച്ചറിഞ്ഞില്ല. പിന്നീട് ഈ മുഖം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത ആയപ്പോഴും തിരിച്ചറിഞ്ഞില്ല. 

 പക്ഷെ, ഇപ്പോള്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞപ്പോള്‍, യാദൃശ്ചികമെന്നല്ലാതെ എന്ത് പറയാനാണ് എന്ന് നസ്ലി സുഹൈല്‍ സുഹറാബി റസാഖ് നിസ്സഹായപ്പെടുന്നു. നിന്റെ സ്വപ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞപ്പോള്‍, നിന്നെ കുറിച്ച് നിന്റെ അധ്യാപകരുടെയും സഹപാഠികളുടെയും വാക്കുകളില്‍ നിന്ന് കേള്‍ക്കുമ്പോള്‍, നിന്റെ നഷ്ടം, കുടുംബത്തിന്റെ പ്രതീക്ഷ മാത്രമായിരുന്നില്ല ഈ രാജ്യത്തിന്റെ തന്നെ നഷ്ടമാണെന്ന് പറയാന്‍ സാധിക്കുമെന്ന് പറഞ്ഞ് നസ്ലി സുഹൈല്‍ സുഹറാബി റസാഖ് പോസ്റ്റ് അവസാനിപ്പിക്കുന്നു. 

എത്രയോ കാലം മുമ്പ് തന്നെ അഭിമന്യു സ്നേഹിക്കാനും, പങ്കുവയ്ക്കാനും, സൌഹൃദത്തിലാവാനും പഠിച്ചിരുന്നു. അവനെയെങ്ങനെയാണ് കൊന്നുകളയാന്‍ തോന്നിയതെന്ന് നൊമ്പരപ്പെടാതെ അവനെ കുറിച്ചുള്ള ഒന്നും വായിക്കാന്‍ കഴിയാതെയാകുന്നു. നസ്ലിയുടെ പോസ്റ്റും. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: നസ്ലി സുഹൈലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്