കറാച്ചിയിൽ ആളുടെ വീടിനു മുന്നിൽ ഞാൻ വന്നു നിൽക്കുമ്പോൾ ആൾ എന്നെ അവിടെ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല എന്നെനിക്കു ഉറപ്പുണ്ടായിരുന്നു
ലോകം ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന അനേകമനേകം സംഭവങ്ങള്‍ ദിവസവുമുണ്ടാകുന്നു. കൊല്ലും കൊലയും പീഡനവും. അപ്പോഴും മനുഷ്യരെ നിലനിര്‍ത്തുന്നത് സ്നേഹവും ലോകത്തിലുള്ള പ്രതീക്ഷയുമാണ്. അത്തരമൊരു സൌഹൃദത്തിന്‍റെ കഥയാണ് എല്‍ദോ മമ്മലശ്ശേരി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിദേശത്ത് ജോലിക്കായി ചെന്നപ്പോള്‍ പരിചയപ്പെട്ട കറാച്ചി സ്വദേശി അംജദുമായുള്ള സൌഹൃദത്തിന്‍റെ നനവുള്ള കഥ. മനുഷ്യരില്‍ കുത്തിവച്ചിരിക്കുന്ന തെറ്റിദ്ധാരണകളുമായി ആണ് എല്‍ദോ, അംജദിനെയും നോക്കുന്നത്. പക്ഷെ, എല്‍ദോ കണ്ടതില്‍ ഏറ്റവും സ്നേഹമുള്ള ഒരാളായി, ഏറ്റവും പ്രിയപ്പെട്ടൊരാളായി അംജദ് മാറി.
ഒരുപാട് വായിക്കുന്ന , സംസാരിക്കുന്ന അംജദുമായി വളരെ പതുകെയാണ് എല്‍ദോ അടുത്തത്. ഭക്ഷണം കഴിക്കാൻ എന്നും എല്‍ദോയെക്കൂടി വിളിക്കും , വേണ്ടാ എന്നു പറഞ്ഞാൽ സമ്മതിക്കില്ല . ഒരിക്കൽ പറഞ്ഞു, 'എൽദോ ഞാൻ തനിയെ ഒന്നും കഴിക്കാറില്ല. തന്നെ കഴിക്കുന്നവൻ വിഷമാണ് കഴിക്കുന്നത്'. ആരെങ്കിലുമായി ഒരുമിച്ചേ കഴിക്കൂ. ഒരിച്ചിരി പോലും കളയാനും സമ്മതിക്കില്ല, ബാക്കി വന്നാൽ പൂച്ചക്കോ ,ഉറുമ്പുകൾക്കോ , കിളികൾക്കോ കൊടുക്കാൻ പറയുന്ന ഒരാൾ .. Never eat alone, എന്നും പറഞ്ഞ ഒരാൾ ' എല്‍ദോ അംജദിനെ കുറിച്ച് പറയുന്നു.
'2013 ൽ ബിസിനസ്സ് നഷ്ടമായി തിരിച്ചു ദുബായ് പോകുമ്പോൾ , ഞാൻ ചോദിച്ചു അംജദ് സാർ എന്തിനാണ് ദോഹയിൽ വന്നതു? , കുറേ ക്യാഷ് പൊയി , നഷ്ടം മാത്രമല്ലേ ഇതു കൊണ്ടു ഉണ്ടായതു എന്ന് ചോദിച്ചപ്പോള്‍ അന്നെന്നെ ചേർത്ത് പിടിച്ചു പറഞ്ഞത് No Eldho I came for you എന്നാണെ'ന്നും എല്‍ദോ പറയുന്നുണ്ട്. അംജദിനെ കാണാന്‍ കറാച്ചിയില്‍ പോയ കഥയാണ് എല്‍ദോ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
2011 ൽ അത്രയും വിരസമായ എന്റെ ഒരു പകലിലേക്ക് ഈ മനുഷ്യൻ കടന്നു വരുന്നതു ഒരു ഹായ് പറഞ്ഞു കൈ നീട്ടികൊണ്ടാണ് , കൈ തന്നു എന്റെ മുതലാളിയുടെ കൂടെ അകത്തേക്ക് പോയി. മുതലാളിയുടെ പാർട്ണർ ആണെന്നും പാക്കിസ്ഥാനിൽ നിന്നാണെന്നും കേട്ടപ്പോൾ , സ്വഭാവികമായും അന്നു തോന്നിയ വികാരം ശത്രു എന്നു തന്നെ ആണ്. മിണ്ടാതെ ഒഴിവാക്കുന്നതു പതിവായി. എന്റെ അടുത്ത റൂം പുള്ളിയുടെ ഓഫീസ് ആയി തയ്യാറാക്കി, എന്തു ഹെൽപ്പും ചെയ്ത് കൊടുക്കണം എന്ന് മുതലാളിയുടെ ഓർഡറും .
പതിയെ പതിയെ ഞങ്ങൾ കൂട്ടായി, ഒരുപാട് വായിക്കുന്ന, സംസാരിക്കുന്ന ഒരാൾ (ദോഹയിലേക്ക് വന്ന സാധനങ്ങളിൽ ഒരു കണ്ടെയിനർ പകുതിയും പുസ്തകം ആയിരുന്നു ). ഭക്ഷണം കഴിക്കാൻ എന്നും എന്നെ വിളിക്കും , വേണ്ടാ എന്നു പറഞ്ഞാൽ സമ്മതിക്കില്ല . ഒരിക്കൽ പറഞ്ഞു എൽദോ ഞാൻ തനിയെ ഒന്നും കഴിക്കാറില്ല .. തന്നെ കഴിക്കുന്നവൻ വിഷമാണ് കഴിക്കുന്നതു എന്നാണ് ആൾ പറയാറ് . ആരെങ്കിലും ആയി ഒരുമിച്ചേ കഴിക്കു, ഒരിച്ചിരി പോലും കളയാൻ സമ്മതിക്കില്ല, ബാക്കി വന്നാൽ പൂച്ചക്കോ ,ഉറുമ്പുകൾക്കോ , കിളികൾക്കോ കൊടുക്കാൻ പറയുന്ന ഒരാൾ . Never eat alone, എന്നും എന്നും പറഞ്ഞ ഒരാൾ.
ഇത്ര സ്നേഹിച്ച , സ്വാധീനിച്ച ഒരാൾ ജീവിതത്തിൽ കുറവാണ്. മക്കൾ ഇല്ലാ എന്നു ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ഞാൻ അതൊന്നും ചോദിക്കാനും പോയിട്ടില്ല. എന്നെ അതാക്കി തന്നെ ആണ് സ്നേഹിച്ചതും ഞാനതു അറിഞ്ഞിട്ടുണ്ട്.
2013 ൽ ബിസിനസ്സ് നഷ്ടമായി തിരിച്ചു ദുബായ് പോകുമ്പോൾ , ഞാൻ ചോദിച്ചു, ' അംജദ് സാർ എന്തിനാണ് ദോഹയിൽ വന്നത്? , കുറേ ക്യാഷ് പൊയി , നഷ്ടം മാത്രമല്ലേ ഇതു കൊണ്ടു ഉണ്ടായത്' എന്ന് ? അന്നെന്നെ ചേർത്ത് പിടിച്ച് പറഞ്ഞു, ' No Eldho I came for you...'
പിന്നെ ഒരിക്കൽ ദുബായ് യിൽ വെച്ച് കണ്ടു , മിടുക്കൻ ആയിരുന്നു. അപ്പോൾ വന്നു കെട്ടിപിടിച്ചു കുറേ സംസാരിച്ചു പിരിഞ്ഞു. പിന്നെ ഇടയ്ക്കു മിണ്ടും , മെസ്സേജ് അയക്കും അങ്ങനെ അങ്ങനെ കുറേ നാൾ. ഒരിടയ്ക്ക് ആളെ കാണാതെ ആയി. വിളിച്ചിട്ടും കിട്ടുന്നുമില്ല. ഒരു ഡേ മെസ്സേജ് വന്നു, എൽദോ ബ്രെയിൻ ട്ട്യൂമർ ആണ് ട്രീറ്റ്മെൻറ്റിൽ പാക്കിസ്ഥാനിൽ ആണ് പ്രാർത്ഥിക്കണം എന്നൊക്കെ പറഞ്ഞു. വിളിച്ചു സംസാരിച്ചു. ഓക്കേ ആകും ഞാൻ എന്നിട്ടു നിന്നെ ദോഹയിൽ കാണാൻ വരുമെന്നും ഉറപ്പു തന്നു.
ഷീജ വന്നപ്പോൾ, അന്നമ്മ വന്നപ്പോ ആദ്യം വിളിച്ചതും സംസാരിച്ചതും ആളോടാണ്.
ഇന്നു കറാച്ചിയിൽ ആളുടെ വീടിനു മുന്നിൽ ഞാൻ വന്നു നിൽക്കുമ്പോൾ ആൾ എന്നെ അവിടെ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല എന്നെനിക്കു ഉറപ്പുണ്ടായിരുന്നു. എന്നെ കണ്ട് ആ കണ്ണിലെ തിളക്കം ഞാൻ കണ്ടു , ഇന്നലെ വീണു ചതഞ്ഞ ആ കവിളിൽ ഒരുമ്മ കൊടുത്തു കെട്ടിപിടിച്ചു ഞാൻ പറഞ്ഞു.
I came here for u .....
നോക്കൂ, ജീവിതം അടിപൊളിയാണ്.
'കണ്ടപ്പോ കുറേ സംസാരിച്ചു. കടുപ്പത്തില്‍ ചായയിട്ടു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, തന്‍റെ കൂടെ മാളില്‍ വന്നു. ഭാര്യ ഷീജയ്ക്കും മകള്‍ അന്നമ്മയ്ക്കും ഡ്രസ് എടുത്തു തന്നു. അവരുടെ അടുത്തെത്തിയാല്‍ അത് ധരിച്ച് ഫോട്ടോയെടുത്ത് അയക്കണമെന്നും പറഞ്ഞിട്ടുണ്ട്...' എല്‍ദോ പറഞ്ഞു.
