Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരി വിമാനത്താവളം അപ്പോഴേക്കും പുഴയായിത്തീര്‍ന്നിരുന്നു

പകലുറയ്ക്കുന്തോറും മഴയുമുറച്ചു. വെള്ളം കയറ്റം തന്നെ. ഒഴുക്കു കൂടി ദേശീയ പാത അടഞ്ഞു. വെള്ളത്തില്‍ ഒറ്റപ്പെട്ട കൂടുതല്‍ വിളികള്‍ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. എല്ലായിടത്തുനിന്നും നിലവിളികള്‍. 

flood experience anjuraj
Author
Thiruvananthapuram, First Published Sep 3, 2018, 8:37 PM IST

ജീവന്‍ കൈയ്യിലെടുത്ത് ഓടിയെത്തിയവര്‍ക്ക് ആലുവാ യുസി കോളെജിലെ അധ്യാപകരും വിദ്യാര്‍ഥികളും അഭയമൊരുക്കി. ആളെണ്ണം ഏറിക്കൊണ്ടിരുന്നു ക്ലാസ് റൂമുകള്‍ ഒന്നൊന്നായി തുറന്നുകൊടുത്തു കൊണ്ടിരുന്നു.. ആലുവാ യുസി കോളജിലും പരിസരത്തും മാത്രം പതിനായിരത്തിനടുത്താളുകള്‍. കണ്ണില്‍ കണ്ടതെല്ലാം മുക്കി പുഴ പെരുകുകയാണ്.

flood experience anjuraj

വെള്ളം പെരുത്തു കയറിയ ഓഗസ്റ്റ് പതിനഞ്ചിന് ആലുവ വരെ പോയിവരാന്‍ ഇറങ്ങിയതാണ്. രണ്ടാഴ്ചയ്ക്കിടെ പെരിയാറില്‍ മൂന്നു വെള്ളപ്പൊക്കങ്ങള്‍ കണ്ടതിനാല്‍ അതിലേറെ പ്രതീക്ഷിച്ചതുമില്ല. ഷെഫീഖായിരുന്നു ക്യാമറ. ചെങ്ങല്‍ തോട് നിറഞ്ഞ് നെടുമ്പാശ്ശേരിയില്‍ കയറാനിടയുണ്ടെന്ന് അറിഞ്ഞാണ് വിമാനത്താവളത്തിലേക്ക് പോയത്. മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. ചെല്ലുമ്പോള്‍ റണ്‍വേയില്‍ വെള്ളം കയറിത്തുടങ്ങി. ഉച്ച വരെ സര്‍വ്വീസ് സസ്പന്റ് ചെയ്തിരിക്കുന്നു. വിമാനങ്ങള്‍ മിക്കതും വഴി തിരിച്ചു വിട്ടു. നെടുമ്പാശ്ശേരിയിലിറങ്ങേണ്ട ഉറ്റവര്‍ കോയമ്പത്തൂരിലും ചെന്നൈയിലും ബംഗലൂരുവിലും ഇറങ്ങിയതിന്റെ അസൗകര്യം പറയുകയാണ് ബന്ധുക്കള്‍. പലരെയും വിളിച്ചിട്ടു കിട്ടുന്നുമില്ല. സേഫായി ഇറങ്ങുമെന്ന് ആശ്വസിപ്പിച്ച് നില്‍ക്കുമ്പോഴും തുള്ളിമുറിയാതെ പെയ്ത്തു തുടരുകയാണ്.  കാണക്കാണെ മഴ പെരുകുന്നു. 

ചെങ്ങല്‍ തോടിന്റെ തള്ളലില്‍ വിമാനത്താവളത്തിന്റെ മതിലിടിഞ്ഞു. വെള്ളം റണ്‍വേയിലേക്ക് കയറി. പതിയെ കാലടിഭാഗത്തേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം വന്നു. കാലടിയിലെത്തിയപ്പോഴേക്കും പെരിയാറിന്റെ കലി കണ്ടു തുടങ്ങി. കാലടിയിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്തിനെ വിളിച്ചു. തുറവുങ്കരയിലേക്കാണ് കൊണ്ടുപോയത്. വീടുകളുടെ ഒന്നാം നില വെള്ളത്തില്‍ നിലകിട്ടാതെ നില്‍ക്കുന്നു. നാനൂറോളം കുടുംബങ്ങളുണ്ടായിരുന്നു ആ മേഖലയില്‍. കുറെയധികം ആളുകളെ ഒഴിപ്പിച്ചു. മറ്റു ചിലര്‍ റോഡിന്റെ പൊക്കമുള്ള ഭാഗങ്ങളിലുണ്ട്. റോഡിലൊക്കെ വെള്ളം കയറിത്തുടങ്ങി. മുതിര്‍ന്നവരിലൊക്കെ ആശങ്കയുണ്ടെങ്കിലും വെള്ളത്തില്‍ കളിക്കാനാവുന്നതിന്റെ ഉത്സാഹത്തിലായിരുന്നു കുട്ടികള്‍. 

വെള്ളം വിഴുങ്ങുന്ന കര പിന്നിലാക്കി പോകുന്ന വാഹന യാത്രക്കാരിലും ഭയം കണ്ടു

നാലു ദിവസം പുഴ റണ്‍വേയില്‍  ഒഴുകി നടന്നു. പതിയെ പെരുമ്പാവൂരേക്ക് നീങ്ങി. പെരുമ്പാവൂര്‍- ആലുവ റൂട്ടില്‍ പാലത്തിന് മുകളില്‍ ആള്‍ക്കൂട്ടം. താഴ്ന്ന പാടങ്ങളില്‍ കുടുസ്സു മുറികളില്‍ പാര്‍ത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പിണ്ടിച്ചെങ്ങാടത്തിലും ടയര്‍ട്യൂബിലും കര പറ്റുന്നു. തുറന്ന ക്യാമ്പുകളിലേക്ക് പോയതായിരുന്നു പെരുമ്പാവൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ്. ക്യാമ്പ് സന്തോഷിനെ ഏല്‍പ്പിച്ച് കാലടിയിലെത്തി.

മലയാറ്റൂര്‍ - കോടനാട് മേഖലയിലേക്ക് ഒഴുക്കേറിയ മലയാറ്റൂര്‍- കോടനാട് പാലം താല്‍ക്കാലികമായി അടച്ചു. വഴി കയറു കെട്ടിയടച്ച് ഇരുവശത്തും പൊലീസ് കാവല്‍ നില്‍ക്കുന്നു. അത്യാവശ്യക്കാരെ കാല്‍നടയായി കടത്തിവിടുന്നുണ്ട്. പാലത്തിന് നടുവിലേക്ക് ചെന്നപ്പോള്‍ ഇരമ്പിയെത്തുന്ന വെള്ളത്തിന്റെ വേഗം കണ്ടു. കാര്യങ്ങള്‍ പന്തിയല്ലെന്ന് പതിയെ ബോധ്യപ്പെടുന്നു. ലൈവ് നല്‍കി. മടങ്ങുമ്പോഴേക്കും റോഡില്‍ ഒഴുക്കു തുടങ്ങിയിരുന്നു. വെള്ളം വിഴുങ്ങുന്ന കര പിന്നിലാക്കി പോകുന്ന വാഹന യാത്രക്കാരിലും ഭയം കണ്ടു.

കാലടിക്കവല തിരിഞ്ഞപ്പോഴേക്കും റോഡിനു കുറുകെയുള്ള ഒഴുക്ക് ശക്തമായി. നെടുമ്പാശ്ശേരി റോഡിലേക്ക് കയറി അധികമായില്ല, വാഹനങ്ങള്‍ വഴി തിരിച്ചു വിടാന്‍ തുടങ്ങി. കാലത്ത് വന്ന വഴിയെല്ലാം വെള്ളം  നിറഞ്ഞിരുന്നു. ഊടുവഴികളിലൂടെ അത്താണി എത്തുമ്പോഴേക്കും നെടുമ്പാശ്ശേരി വിമാനത്താവളം പുഴയായിത്തീര്‍ന്നിരുന്നു. നാലു ദിവസം പുഴ റണ്‍വേയില്‍  ഒഴുകി നടന്നു.

വെള്ളത്തില്‍ ഒറ്റപ്പെട്ട കൂടുതല്‍ വിളികള്‍ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു.

വെള്ളം ഉടനിറങ്ങുമെന്നായിരുന്നു ഞങ്ങളും കരുതിയത്. രണ്ടാം ദിനം പുലര്‍ച്ചെ ആലുവ തോട്ടക്കാട്ടുകരയെത്തുമ്പോള്‍ ദേശീയപാതയില്‍ വെള്ളത്തിന്റെ ഇരമ്പല്‍ തുടങ്ങിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ പെടുകയാണെന്നാണ് വരുന്ന ഓരോ കോളും പറയുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും ചുരുക്കം ചില നാട്ടുകാരും മാത്രമായിരുന്നു ആലുവയില്‍ രക്ഷാപ്രവര്‍ത്തന രംഗത്തുള്ളത്. കടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡിങ്കി ബോട്ടില്‍ ആരെയൊ രക്ഷിച്ച് വരുന്നുണ്ട്. സോളമന്‍ ക്യാമറയുമായെത്തി. ജനിച്ച് നാലു ദിവസം തികയാത്ത ഇരട്ടക്കുട്ടികളും അമ്മയും. കുഞ്ഞുങ്ങളെ ടര്‍ക്കിത്തുണിയില്‍ പുതപ്പിച്ചിട്ടുണ്ട്. ഈര്‍പ്പം തട്ടി കണ്ണു ചിമ്മുന്നുണ്ട് ഒരു കുഞ്ഞ്. അമ്മ ഈയലു പോലെ വിറയ്ക്കുന്നുണ്ട്. ഒരു രാത്രിയിലെ വെള്ളം ഇരമ്പലിന്റെ ഭയം. ആവഴി വന്ന ഒരു കാറില്‍ അമ്മയേയും മക്കളെയും അടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സ് സംഘം വീണ്ടും രക്ഷാ പ്രവര്‍ത്തനത്തിനായി ഒഴുക്കു വെള്ളത്തിലേക്ക്. പുലര്‍ച്ചെ ക്യാമറയിലേക്ക് വന്നിറങ്ങിയ ആ  അമ്മയും കുഞ്ഞും പിന്നീട് വേദനിപ്പിക്കുന്ന എത്രയോ കാഴ്ചകളുടെ തുടക്കമാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. വെള്ളം ഉടനിറങ്ങുമെന്നായിരുന്നു എല്ലാവരെയും പോലെ ഞങ്ങളും കരുതിയത്.

പകലുറയ്ക്കുന്തോറും മഴയുമുറച്ചു. വെള്ളം കയറ്റം തന്നെ. ഒഴുക്കു കൂടി ദേശീയ പാത അടഞ്ഞു. വെള്ളത്തില്‍ ഒറ്റപ്പെട്ട കൂടുതല്‍ വിളികള്‍ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. എല്ലായിടത്തുനിന്നും നിലവിളികള്‍. വൈകിട്ടായപ്പോഴേക്കും അത് കൂടിക്കൊണ്ടിരുന്നു. വിവരങ്ങള്‍ കുറിച്ചു വച്ച് രക്ഷാ പ്രവര്‍ത്തന ദൗത്യത്തിലുള്ളവര്‍ക്ക് കൈമാറുകയായിരുന്നു പതിവ്. പിന്നീട് ഹെല്‍പ് ഡസ്‌കിലേക്ക് കൈമാറി. രാത്രിയില്‍ മഴ പിടിവിട്ടു.

 
കണ്ണില്‍ കണ്ടതെല്ലാം മുക്കി പുഴ പെരുകുകയാണ്.

പിറ്റേന്ന് രാവിലെ പുറപ്പെടുമ്പോള്‍ സുഗമമായി ആലുവയിലെത്താമെന്നായിരുന്നു പ്രതീക്ഷ. കമ്പനിപ്പടിയ്ക്ക് മുന്നെ റോഡ് മൂടി വെള്ളം. ഒഴുക്കുറയ്ക്കുന്നുമുണ്ട്. വെള്ളം നീന്തി മറു കര പിടിച്ചപ്പോള്‍ മത്സ്യത്തൊഴിലാളി വള്ളങ്ങളും സേനാ ബോട്ടുകളും കൂടുതല്‍ എത്തിത്തുടങ്ങി. പലയിടത്തും രക്ഷാ പ്രവര്‍ത്തകര്‍ക്ക് കടക്കാന്‍ പറ്റാതെ വെള്ളം പെരുകിയിരുന്നു. കരയ്‌ക്കെത്തിച്ചവരെ മാറ്റുന്നതിന് റോഡ് നിറയെ ആംബുലന്‍സുകള്‍. ദുരിതാശ്വാസത്തിന് മെട്രോ സര്‍വ്വീസ് തുടങ്ങിയതോടെ കൂടുതല്‍ ചെറുപ്പക്കാര്‍ തോട്ടക്കാട്ടുകരയിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. കിട്ടിയ വള്ളങ്ങളിലും ടോറസുകളിലും അകത്തേക്ക് പോയിത്തുടങ്ങി. പലയിടത്തും ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയെ വെള്ളം മുക്കിത്തുടങ്ങി.

ജീവന്‍ കൈയ്യിലെടുത്ത് ഓടിയെത്തിയവര്‍ക്ക് ആലുവാ യുസി കോളെജിലെ അധ്യാപകരും വിദ്യാര്‍ഥികളും അഭയമൊരുക്കി. ആളെണ്ണം ഏറിക്കൊണ്ടിരുന്നു ക്ലാസ് റൂമുകള്‍ ഒന്നൊന്നായി തുറന്നുകൊടുത്തു കൊണ്ടിരുന്നു.. ആലുവാ യുസി കോളജിലും പരിസരത്തും മാത്രം പതിനായിരത്തിനടുത്താളുകള്‍. കണ്ണില്‍ കണ്ടതെല്ലാം മുക്കി പുഴ പെരുകുകയാണ്.

ഓഫീസിലേക്കുള്ള മടക്കത്തില്‍ കമ്പനിപ്പടിയിലെ വെള്ളപ്പാച്ചില്‍ കാറു പെട്ടു. ഒരു കൂട്ടം ചെറുപ്പക്കാര്‍ മറുകരയില്‍ നിന്നു ഓടിയെത്തിയാണ് വെള്ളത്തില്‍ നിന്നു വലിച്ചെടുത്തത്. രാത്രിയോടെ സ്ഥിതി കൂടുതല്‍ വഷളായി. കൂടുതല്‍ നിലവിളികള്‍. രാത്രി ലൈവ് തുടരാന്‍ തീരുമാനം. ഞങ്ങളെല്ലാവരുടെയും ഫോണുകളിലേക്ക് വന്ന വിളികള്‍, പ്രളയ വിവരങ്ങള്‍, സഹായ അഭ്യര്‍ഥനകള്‍, രക്ഷാ പ്രവര്‍ത്തന നടപടികളെല്ലാമായി പുലര്‍ച്ചെ അഞ്ചു മണിവരെ. പകല്‍ വീണ്ടും പതിവുപോലെ പ്രളയക്കാഴ്ചകള്‍. മഴ ചെറുതായി താണ പകലില്‍ കൂടുതല്‍ പേര്‍ പുറത്തേക്ക്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആളുകള്‍ക്കെത്താനുമാവുന്നു. വരുന്നവരെല്ലാം പറയുന്നത് മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകളെക്കുറിച്ച്. അയല്‍ പക്കത്ത് കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച്. രക്ഷാ ദൗത്യ സംഘങ്ങള്‍ കരയിലേക്ക് കൂടുതല്‍ പേരുമായി വന്നുകൊണ്ടേയിരുന്നു.


നിങ്ങടെ പുഴയൊണ്ടല്ലോ നിങ്ങളെപ്പോലെയാ
മഴ തോര്‍ത്തിയ രാത്രി മെട്രോയിലായിരുന്നു ഓഫീസിലേക്ക് മടങ്ങിയത്. മെട്രോ സ്റ്റേഷനില്‍ നിസ്സാഹയരായ മനുഷ്യര്‍ അട്ടിയിട്ട് കിടക്കുന്നുണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനുമില്ലാതെ വെറും നിസ്സഹായര്‍. ഈര്‍പ്പം മാറാത്ത ഉടുതുണി മാത്രം കൈയ്യിലുണ്ടായിരുന്നവര്‍. നിര്‍വികാരമായി പരസ്പരം നോക്കി. പതിയെയായിരുന്നു മെട്രോ പോയ്‌ക്കൊണ്ടിരുന്നത്. ക്ഷീണം കൊണ്ട് കമ്പികളില്‍ ചാരി ഇരുന്നു. തൊട്ടടുത്ത് ഇരുന്ന മുഹമ്മദ് രക്ഷാ പ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളിയാണ്. അമ്പതിനുമേല്‍ പ്രായം വരും.

'വീട്ടിലിന്ന് തിരിച്ചെത്തണം സാറെ. ഇല്ലെങ്കില്‍ വീട്ടുകാരു പേടിക്കും.  ഫോണൊന്നുമെടുത്തിട്ടില്ല.  അല്ലേലെന്തിനാ ഫോണ്‍. രാവിലെ ബോട്ടിക്കേറി അകത്തോട്ടു പോവല്ലേ. എല്ലാടത്തും ആളുകള്‍. പൊക്കത്തില്‍ നിക്കുന്നവര്‍ വെള്ളത്തിന്, ബ്രഡ്ഡിന് കൈനീട്ടും. കരയ്ക്കു കൊണ്ടാക്കാം എന്നു പറഞ്ഞിട്ടും ചിലര്‍ സമ്മതിച്ചില്ല. ഭക്ഷണം മതിയെന്നു പറയും. ഞങ്ങക്കു വച്ചത് എടുത്തു കൊടുത്തു. ഞങ്ങക്ക് അങ്ങനെ ഒന്നും കൈയ്യിലു വച്ചോണ്ടിരിക്കാന്‍ പറ്റത്തില്ലല്ലോ....അഞ്ഞൂറോ ആയിരമോ കടലിപ്പോയി കിട്ടുന്ന ദിവസം ഓരോരോ ആവശ്യത്തിനായി അതങ്ങു പോകും'-മുഹമ്മദ് പറഞ്ഞു. 

എന്നാലും ജീവനല്ലേ, നീന്തിയിറങ്ങി വലിച്ചു കൊണ്ടുവരും. ഇറങ്ങുമ്പോ ചിലപ്പോള്‍ കുഴിയിലാരിക്കും. ചിലപ്പോ കിണറ്റിലും

'ഞങ്ങളെപ്പോലെയാ സാറേ ഞങ്ങടെ  കടലും. രണ്ടു മുഖമേയുള്ളൂ. വേലിയേറ്റത്തിന് കയറും ഇറക്കത്തിന് ഇറങ്ങും. നിങ്ങടെ പുഴയൊണ്ടല്ലോ നിങ്ങളെപ്പോലെയാ. നിന്നിടത്ത് നിന്നിടത്ത് ചുഴിയാ. സൂക്ഷിച്ചില്ലേല്‍ താഴ്ത്തിക്കൊണ്ടു പോകും'-അയാളുടെ വാക്കുകള്‍

'ബോട്ടും കൊണ്ടു പോകുമ്പോ മതിലാ സാറേ എല്ലായിടത്തും. ചിലത് അതില്‍ തട്ടി നില്‍ക്കും. എന്നാലും ജീവനല്ലേ, നീന്തിയിറങ്ങി വലിച്ചു കൊണ്ടുവരും. ഇറങ്ങുമ്പോ ചിലപ്പോള്‍ കുഴിയിലാരിക്കും. ചിലപ്പോ കിണറ്റിലും. അയല്‍പക്കക്കാര്‍ക്ക് പോലും അറിയത്തില്ല, അടുത്ത വീട്ടിലെ കുന്നും കുഴിയും'-ഒരുമണിക്കൂറും മുഹമ്മദ് പറഞ്ഞു കൊണ്ടിരുന്നു. 

നാളെ രാവിലെ അഞ്ചുമണിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു പുറപ്പെട്ട് മുഹമ്മദും സംഘവും ആറരയോടെ പണി തുടങ്ങും. ഒരുപാടു പേര്‍ ആ കൈ പിടിച്ച് പുറത്തെത്തിയിട്ടുണ്ട്.

  
വെള്ളം ഇറങ്ങിയതോടെ ആളുകള്‍ അവരവരാവാന്‍ തുടങ്ങിയിരിക്കുന്നു. 
പത്തൊമ്പതായപ്പോഴേക്കും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ കരയ്‌ക്കെത്തിക്കാന്‍ പോയതിനെക്കുറിച്ച് അവിടെക്കണ്ട വിപിന്‍ പറഞ്ഞത് ഇങ്ങനെയാണ്: 

വീടിന് ചുറ്റും ഒഴുകിപ്പരന്നുപോവുകയാണ് പുഴ. രണ്ടാം നിലയിലേക്ക് കയറിയിട്ടില്ല. അയല്‍ വാസികളാണ് രണ്ടാം നിലയില്‍ ആളുണ്ടെന്ന് പറഞ്ഞത്. തുഴഞ്ഞു ചെല്ലുമ്പോള്‍ ഗേറ്റ് അടച്ചിരിക്കുന്നു. വള്ളം മതിലില്‍ കുത്തി നിര്‍ത്തി സാഹസപ്പെട്ടു ഗേറ്റ് തുറന്ന് തുഴഞ്ഞ് മുറ്റത്തെത്തി. വിളിച്ചു. ബാല്‍ക്കണിയിലെത്തി അമ്മ. ഭക്ഷണം ഉണ്ടെങ്കില്‍ തന്നാല്‍ മതി, ഞങ്ങളെങ്ങോട്ടുമില്ല. പിന്നെയും പറഞ്ഞു നോക്കി. രക്ഷയില്ല. വള്ളം തിരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ രണ്ടാം നിലയില്‍ നിന്നും ഉറക്കെ സംസാരം: 'ആ ഗേറ്റൂടൊന്ന് അടച്ചേക്കണേ..'

ഗേറ്റ് അടച്ച് പുറത്തേക്ക് തുഴഞ്ഞ് മറ്റുള്ളവരുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക്. വെള്ളം ഇരമ്പിക്കയറിയ ആ രാത്രി വിപിനെത്തേടി അതേ വീട്ടില്‍ നിന്നും വിളിയെത്തി. രക്ഷിക്കണേ എന്ന നിലവിളി. വെട്ടം വീഴും വരെ പിടിച്ചു നില്‍ക്കാന്‍ പറയുകയല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു വിപിന്. 

രണ്ടു മൂന്നു വീടുകളില്‍ കയറി അടുത്ത സ്ഥലത്തേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു ചേട്ടന്‍ വട്ടം നില്‍ക്കുന്നു.

വെള്ളം വാര്‍ന്നിറങ്ങിയ പറവൂരില്‍ ആളുകള്‍ വീടുകളിലേക്ക് എത്തിത്തുടങ്ങി. ഏറ്റ മുറിവുകള്‍ കഴുകിയുണക്കിത്തുടങ്ങുന്നതേയുള്ളൂ.. ഒരു പ്രദേശത്തിന്റെയാകെ ദുരിതമെടുക്കാനാണ് യാത്ര. എല്ലാവരും തുല്യ ദു:ഖിതര്‍. എല്ലാം നഷ്ടപ്പെട്ടവര്‍. രണ്ടു മൂന്നു വീടുകളില്‍ കയറി അടുത്ത സ്ഥലത്തേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു ചേട്ടന്‍ വട്ടം നില്‍ക്കുന്നു. തനിക്കുണ്ടായ നഷ്ടം പ്രത്യേകം പകര്‍ത്തിയിട്ടു പോയാല്‍ മതിയെന്ന കട്ടായം. വെള്ളം ഇറങ്ങിയതോടെ ആളുകള്‍ അവനവനാവാന്‍ തുടങ്ങിയിരിക്കുന്നു. 


'ഞാനൊന്നും ഇവര്‍ക്കുള്ള വെള്ളം മോഷ്ടിക്കത്തില്ല ചേട്ടാ'
ദുരിതാശ്വാസക്യാമ്പിന്റെ എട്ടാം ദിവസമാണ് പറവൂരിലെത്തുന്നത്. 21 കുടുംബങ്ങളാണുള്ളത്. ചിലരെല്ലാം വീട്ടിലേക്ക് മടങ്ങുന്നു. കിണറും ജലസ്രോതസ്സുകളും മലിനമായതിനാല്‍ ക്യാമ്പുകളില്‍ എത്തിക്കുന്ന വെള്ളമാണ് മിക്കവരും കുടിക്കാന്‍ വീട്ടിലേക്കെടുക്കുക. ഉദ്യോഗസ്ഥരില്‍ ചിലര്‍ വെള്ളം കടത്തുന്നെന്ന് ആളുകള്‍ അടക്കം പറയുന്നുമുണ്ട്. വീട്ടിലേക്ക് മടങ്ങിയ ഒരു കുടുംബം രണ്ട് കേസ് വെള്ളം എടുത്തത് ഉദ്യോഗസ്ഥര്‍ തടഞ്ഞത് തര്‍ക്കമായി. പ്രശ്‌നം തീര്‍ന്നെങ്കിലും ഇരു കൂട്ടരും തങ്ങളുടെ വാദം പറയുന്നുണ്ട്. യാത്ര പറയാന്‍ നേരം ഉദ്യോഗസ്ഥരിലൊരാള്‍ അടുത്തെത്തി. എന്തോ പറയാനുണ്ടെന്ന് കാണുമ്പോഴറിയാം.

ഈ ആളുകള്‍ക്കെല്ലാം ഭക്ഷണപ്പൊതി കൊണ്ടു പോയി കൊടുത്തിരുന്നത് ഞാനാ. എന്റെ വീട്ടുകാരുടെ കാര്യം മറന്നു പോയി

'കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെയാ ചേട്ടാ. വാടാനപ്പള്ളിയിലാ വീട്. സ്വന്തമല്ല. വാടകയ്ക്കാ. ഇന്നലെ വൈകിട്ട് ഭാര്യ വിളിച്ചിരുന്നു. ചോറു വയ്ക്കാന്‍ ഒരു മണി അരിയില്ല. ഈ ആളുകള്‍ക്കെല്ലാം ഭക്ഷണപ്പൊതി കൊണ്ടു പോയി കൊടുത്തിരുന്നത് ഞാനാ. എന്റെ വീട്ടുകാരുടെ കാര്യം മറന്നു പോയി. രാത്രി വൈകി കട തപ്പിപ്പിടിച്ചു തുറന്നപ്പോള്‍ രണ്ടു കിലോയാ കിട്ടിയത്. അതു കൊണ്ടുപോയി ഭാര്യയ്ക്ക് കൊടുത്തു. ക്യാംപില്‍ ആരോ തന്ന പൊടിഞ്ഞ നൂഡില്‍സ് കൈയ്യിലുണ്ടായിരുന്നു അതാ കാലത്ത് എന്റെ പിള്ളാര്‍ക്ക് തിന്നാന്‍ കൊടുത്തേ... ഞാനൊന്നും ഇവര്‍ക്കുള്ള വെള്ളം മോഷ്ടിക്കത്തില്ല ചേട്ടാ'-പറഞ്ഞു മുഴുപ്പിക്കാതെ പൊട്ടിക്കരയാന്‍ തുടങ്ങി ആ ഉദ്യോഗസ്ഥന്‍. 

ചേര്‍ത്തു പിടിച്ചു നില്‍ക്കുകയല്ലാതെ എന്താണ് ചെയ്യുക. ഇവരെല്ലാമാണ് ഈ പ്രളയ കാലത്തെ പൂരിപ്പിച്ചത്.

(അഞ്ജുരാജ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്)
 

Follow Us:
Download App:
  • android
  • ios