ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ഏകദേശം 300 രൂപ വിലമതിക്കുന്ന ചീസും സോസേജുകളും മോഷ്ടിച്ചതിന്റെ പേരിലാണ് റോമൻ ഓസ്ട്രിയാക്കോവ് എന്നൊരാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തത്. എന്നാൽ, ഇറ്റലിയിലെ കോടതി പുതിയൊരു വിധി കൊണ്ടുവന്നിരിക്കുകയാണ്. വിശപ്പുകൊണ്ട് മോഷ്ടിച്ചാൽ അത് കുറ്റമല്ലെന്നാണ് കോടതി പറയുന്നത്. അങ്ങനെ ഈ വിധിയോടെ ജഡ്ജിമാർ ഓസ്ട്രിയോക്കോവിന്റെ കേസ് തന്നെ റദ്ദാക്കി. ഉക്രേനിയൻകാരനായ ഓസ്ട്രിയാക്കോവ് ജീവൻ നിലനിർത്താനാണ് ഭക്ഷണം മോഷ്ടിച്ചതെന്ന് കോടതി കണ്ടെത്തി. അതിനാൽ ഇത് കുറ്റകരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭവനരഹിതനായ ഓസ്ട്രിയാക്കോവ് ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് കഷണം ചീസും ഒരു പാക്കറ്റ് സോസേജുകളും ആരും കാണാതെ പോക്കറ്റിൽ ഇട്ടു, എന്നിട്ട് ബ്രെഡ്സ്റ്റിക്കുകൾക്ക് മാത്രം പണം നൽകുകയായിരുന്നു. ഇത് കണ്ട കടയിലുണ്ടായ മറ്റൊരാൾ സെക്യൂരിറ്റിയെ വിവരം അറിയിച്ചു. 2015 -ൽ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഓസ്ട്രിയാക്കോവിന് ആറുമാസം തടവും 100 ഡോളർ പിഴയും വിധിച്ചു. എന്നാൽ, മോഷണശ്രമത്തിന്  ശിക്ഷ വെട്ടിക്കുറയ്ക്കണമെന്നു ആവശ്യപ്പെട്ട് അദ്ദേഹം ഈ കോടതിയിൽ അപ്പീൽ നൽകി. 

ഏതായാലും ജീവൻ നിലനിർത്താനായി ഭക്ഷണം മോഷ്ടിച്ചതിനെ മോഷണമായി കണക്കാക്കാനാവില്ലെന്ന് ഒടുവിൽ ഇപ്പോൾ‌ വിധി വന്നു. ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം, അതിജീവനത്തിനുള്ള അവകാശം സ്വത്തവകാശത്തേക്കാൾ നിലനിൽക്കുന്ന ഒന്നാണ് എന്നാണ് ലാ സ്റ്റാമ്പ പത്രത്തിൽ എഴുതിയത്. ഇറ്റലിയിൽ എല്ലാ ദിവസവും 615 പേർ ദരിദ്രരുടെ നിരയിലേക്ക് പിന്തള്ളപ്പെടുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. 

"ഈ ചരിത്രപരമായ വിധി ശരിയും പ്രസക്തവുമാണ്. നൂറ്റാണ്ടുകളായി പാശ്ചാത്യ ലോകത്ത് പകർന്നു നൽകിയ ഒരു ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇത് - അതിനെ മാനവികത എന്ന് വിളിക്കുന്നു" എന്നാണ് ഇതിനെ കുറിച്ച് ഇറ്റാലിയോഗ്ലോബേൽ.ഇറ്റ് പറയുന്നത്.  

കൊവിഡ് കാലത്ത് പ്രസക്തം

ക്വാറന്റൈൻ നടപടികൾ മൂലം കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ ഇറ്റലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിന്റെ മറുവശത്ത് നിരവധി ആളുകൾക്കാണ് വരുമാനമോ ഭക്ഷണമോ ഇതിന്റെ പേരിൽ നഷ്ടമായിട്ടുള്ളത്. പലരുടെയും സാഹചര്യം നിരാശാജനകമാണ്. പലപ്പോഴും തെരുവുകളിൽ ഭക്ഷണത്തിനായി കൈനീട്ടുന്നവർക്ക് ആഹാരം നൽകാൻ പല സംഘടനകളും, ആളുകളും മുന്നോട്ടുവരുമായിരുന്നു. ഇന്നിപ്പോൾ പക്ഷേ ഒരുനേരത്തെ ആഹാരം പോലും സ്വപ്നമായി മാറുകയാണ് തെരുവിൽ കഴിയുന്ന പലർക്കും. പത്തൊൻപതാം നൂറ്റാണ്ടിലെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാഴ്ചകകളുടെ പുനരാവർത്തനമാണോ ഇതെന്ന് നമുക്ക് സംശയം തോന്നാം. 

ഇറ്റലിയിൽ ഇപ്പോൾ നൂറുപേരിൽ പതിനാറ് പേർക്ക് ദൈനംദിന ഭക്ഷണം കിട്ടാത്ത സാഹചര്യമാണുള്ളത്. ആ സാഹചര്യത്തിൽ ഒരുപക്ഷേ ഓസ്ട്രിയാക്കോവിന്റെ കാര്യത്തിൽ പുറപ്പെടുവിച്ച വിധി ശ്രദ്ധേയമായേക്കാം. മോഷ്ടിക്കുന്നത് എല്ലായ്പ്പോഴും ഒരു തെറ്റല്ല, അത് എന്തിനാണ് മോഷ്ടിക്കപ്പെട്ടത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ വിശന്നു വലഞ്ഞ ഒരുവൻ ഒരു കഷ്ണം അപ്പം മോഷ്ടിച്ചാൽ അവനെ വെറുതെ വിടണമെന്ന കോടതി വിധി മനുഷ്യത്വത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.