ഉയർന്ന ശമ്പളവും മികച്ച കരിയറും തേടി മെട്രോ നഗരങ്ങളിലേക്ക് പോകുന്ന പ്രൊഫഷണലുകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ഒറ്റപ്പെടലിനെയും കുറിച്ചുള്ള ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഈ ലേഖനത്തിൻ്റെ വിഷയം. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ നഷ്ടപ്പെടുത്തി കരിയറിന് വേണ്ടി ജീവിക്കുമ്പോൾ ഉണ്ടാകുന്ന വൈകാരിക ബുദ്ധിമുട്ടുകളും ചർച്ച ചെയ്യുന്നു.
മികച്ച കരിയറും ഉയർന്ന ശമ്പളവും തേടി സ്വന്തം നാടും കുടുംബവും വിട്ട് മെട്രോ നഗരങ്ങളിലേക്ക് ചേക്കേറുന്ന പ്രൊഫഷണലുകളുടെ മാനസിക സംഘർഷങ്ങൾ ചർച്ചയാക്കി സമൂഹ മാധ്യമ കുറിപ്പ്. ഐടി നഗരങ്ങളിലെ സ്വതന്ത്ര ജീവിതം വലിയ അവസരങ്ങൾ നൽകുമെങ്കിലും, പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു കഴിയേണ്ടി വരുന്നത് ജീവിതത്തിൽ സൃഷ്ടിക്കുന്ന നികത്താൻ കഴിയാത്ത ശൂന്യതയെക്കുറിച്ചാണ് 'ഈഷ മൽഹോത്ര' എന്ന യുവതി ലിങ്ക്ഡ്ഇനിൽ (LinkedIn) പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഈ കുറിപ്പ് ഇപ്പോൾ സമൂഹ മധ്യമ ഉപയോക്താക്കൾക്കിടെയിൽ വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്.
നഷ്ടപ്പെടുന്ന നല്ല നിമിഷങ്ങൾ
മെട്രോ നഗരങ്ങളിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കരിയർ കെട്ടിപ്പടുക്കുന്നതിനിടയിൽ ഇത്തരം വൈകാരിക ബുദ്ധിമുട്ടുകൾ നിശബ്ദമായി അനുഭവിക്കുകയാണെന്ന് ഈഷ പറയുന്നു. "പുതിയ നഗരങ്ങളിലെ ജീവിതം വലിയ സ്വാതന്ത്ര്യവും മികച്ച ജീവിത സാഹചര്യങ്ങളും തരുന്നുണ്ടാകാം. എന്നാൽ, സ്വന്തം വീട്ടിലെ സുരക്ഷിതത്വവും സമാധാനവും അവിടെ കിട്ടില്ല. ജോലി കഴിഞ്ഞ് വരുമ്പോൾ അമ്മയുടെ ഒരു കെട്ടിപ്പിടിത്തം, അച്ഛനോട് അന്നത്തെ വിശേഷങ്ങൾ പങ്കുവെക്കൽ, സഹോദരങ്ങളുമൊത്തുള്ള തമാശകൾ എന്നിവയെല്ലാം ദൂരെയാകുന്നതോടെ നഷ്ടപ്പെടുന്നു. പുറമേയുള്ളവർക്ക് നമ്മുടെ സ്വാതന്ത്ര്യവും ലൈഫ് സ്റ്റൈലും മാത്രമാണ് കാണാൻ കഴിയുക. എന്നാൽ, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയാതെ പോകുന്ന ഓരോ നിമിഷവും വലിയൊരു നഷ്ടം തന്നെയാണ്."ഈഷ മൽഹോത്ര പറയുന്നു.
വർക്ക് ലൈഫ് ബാലൻസ്
സ്വന്തം നാടുവിട്ട് മറ്റ് നഗരങ്ങളിലും വിദേശത്തുമായി ജോലി ചെയ്യുന്ന നിരവധി പ്രൊഫഷണലുകളാണ് ഈ കുറിപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കരിയറിലെ ആഗ്രഹങ്ങളും കുടുംബത്തോടുള്ള കടപ്പാടുകളും ഒന്നിച്ച് കൊണ്ട് പോകാൻ പാടുപെടുന്ന പലരും തങ്ങളുടെ അനുഭവങ്ങൾ വാക്കുകളിലൂടെ പങ്കുവെച്ചു. പല പ്രഫഷണലുകൾക്കും വർക്ക് ലൈഫ് ബാലൻസ് നഷ്ടപ്പെട്ടെന്ന് ചിലർ എഴുതിയപ്പോൾ, മറ്റ് ചിലർ പുതിയ തലമുറ അവനവന് വേണ്ടി ജീവിക്കുന്നുവെന്ന വ്യാജേന തങ്ങളുടെ തൊഴിലുടമയ്ക്ക് വേണ്ടി ജീവിതം ഹോമിക്കുകയാണെന്ന് എഴുതി. കരിയർ വളർച്ചയ്ക്ക് വേണ്ടി വ്യക്തിജീവിതത്തിലെ സന്തോഷങ്ങൾ ഒരു പരിധി വരെ മാറ്റിവെക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ നേർച്ചിത്രമാണ് ഈ കുറിപ്പും അതിന് ലഭിക്കുന്ന പ്രതികരണങ്ങളും വ്യക്തമാക്കുന്നത്.


