അര്‍ജന്‍റീന ഫാനായ സുനിത ദാസ്, പോര്‍ച്ചുഗല്‍ ആരാധിക സ്വപ്ന ഷെയ്ക് അങ്ങനെ അങ്ങനെ... സോനാഗച്ചിയിലെ വീഥികളില്‍ ഫുട്ബോള്‍ ചര്‍ച്ചകളും സ്വപ്നങ്ങളും വളര്‍ന്നു തുടങ്ങിയിരിക്കുന്നു. 

ആഗസ്ത് മുതല്‍ സോനാഗച്ചിയിലൊരു ഫുട്ബോള്‍ ടീം ഇറങ്ങും. പെണ്‍പടയുടെ ഫുട്ബോള്‍ ടീം കളത്തിലിറങ്ങാനൊരുങ്ങിക്കഴിഞ്ഞു. മഴയും ചെളിയും വകവയ്ക്കാതെ അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഈ പെണ്‍കുട്ടികള്‍. 

ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അമ്ര പദതിക് (AMRA PATADIK) ആണ് ലൈംഗികതൊഴിലാളികളെയും, അവരുടെ കുട്ടികളെയും സഹായിക്കുന്നതിനായി ഫുട്ബോള്‍ ടീം രൂപീകരിക്കുന്നതിനു പിന്നില്‍. റൊണാള്‍ഡോയും മെസ്സിയുമാണ് പലരുടേയും പ്രിയപ്പെട്ട കളിക്കാര്‍‍. അതുപോലെ ഒരു ഗോളാണ് അവരുടെ സ്വപ്നം. ലോകകപ്പിന്‍റെ ആരവത്തിനൊപ്പം അര്‍ജന്‍റീനയുടെ കൊടി സോനാഗച്ചിയില്‍ പലയിടത്തും പാറിക്കളിച്ചിരുന്നു. കൂടാതെ മറ്റ് ടീമുകളുടെ ആരാധകരുമുണ്ട്. അര്‍ജന്‍റീന ഫാനായ സുനിത ദാസ്, പോര്‍ച്ചുഗല്‍ ആരാധിക സ്വപ്ന ഷെയ്ക് അങ്ങനെ അങ്ങനെ... സോനാഗച്ചിയിലെ വീഥികളില്‍ ഫുട്ബോള്‍ ചര്‍ച്ചകളും സ്വപ്നങ്ങളും വളര്‍ന്നു തുടങ്ങിയിരിക്കുന്നു. 

''പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ടീം രൂപീകരിക്കുന്നത് അവരുടെ ഉന്നമനത്തിനായാണ്. അതില്‍ത്തന്നെ ആണ്‍കുട്ടികളുടെ കൂടെ ഫുട്ബോള്‍ കളിക്കുന്നവരുണ്ട്. അവര്‍ക്കായി ടീമുണ്ടാക്കുന്നത് അവര്‍ക്ക് കുറച്ചുകൂടി കരുത്ത് നല്‍കും.'' ഡി.എം.എസ്.സി ഉപദേഷ്ടാവ് ഭാരതി ഡേ പറയുന്നു. 

പല കാരണങ്ങള്‍ കൊണ്ടും പെണ്‍കുട്ടികളെ ഫുട്ബോള്‍ കളിക്കാന്‍ വിടാന്‍ മടിക്കുന്നവരുണ്ട്. സോനാഗച്ചിയിലെ കുട്ടികളായതുകൊണ്ട് ചുറ്റുമുള്ളവര്‍ എന്തും പറയുമെന്നുള്ള ഭയമുണ്ട്. ചെറിയ ട്രൗസറുകള്‍ ധരിക്കുന്നതുമെല്ലാം മറ്റുള്ളവര്‍ എന്തെങ്കിലും പറയാന്‍ കാരണമാകുമെന്നാണ് ഇവര്‍ ഭയക്കുന്നത്. 

എന്നാല്‍, '' ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഫുട്ബോളില്‍ ചെറിയ വസ്ത്രം ധരിക്കുന്നതിനോ, ജേഴ്സി ധരിക്കുന്നതിനോ തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്. പണക്കാരായ ആളുകളുടെ കുട്ടികളാണ് ധരിക്കുന്നതെങ്കില്‍ ഇത്തരം ആക്ഷേപങ്ങളുണ്ടാകുമോ? ഭയക്കേണ്ടി വരുമോ?'' എന്ന് ഭാരതി ഡേ ചോദിക്കുന്നു. 

കുട്ടികളെല്ലാം ആവേശത്തിലാണ്. ലോകകപ്പ് സമയത്ത് കളി കാണാനും അതിനേ കുറിച്ച് വാതോരാതെ ചര്‍ച്ച ചെയ്യാനും ഈ പെണ്‍പട മുന്നിലുണ്ടായിരുന്നു. 

ആദ്യമാദ്യം പരിശീലനത്തിന് മടിയുണ്ടായിരുന്നുവെങ്കിലും പയ്യെ പയ്യെ അത് ശരിയാകുന്നു. എല്ലാ ദിവസവും പരിശീലനം നേടുന്നതോടെ അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അവരുടെയുള്ളില്‍ ആവേശത്തിന്‍റെയും വാശിയുടെയും കാറ്റടിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇവര്‍ക്കായി സ്പോണ്‍സര്‍മാരെയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, കളിക്കളത്തില്‍ കഴിവ് തെളിയിക്കുന്നതോടെ അങ്ങനെ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.എം.എസ്.സി

ഏതായാലും, അവരുടെ സ്വപ്നങ്ങള്‍ ഗോളടിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. 

(കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്സ്)