ഒരുപക്ഷേ, ദേശാടനപ്പക്ഷികളോളം യാത്ര ചെയ്യുന്നവരായി ചിലപ്പോള്‍ ആരും തന്നെയുണ്ടാകില്ല. കാടും മലയും ദേശങ്ങളും താണ്ടി യാത്ര ചെയ്യാൻ അവയ്ക്ക് ഒരു ജിപിഎസ്സിന്‍റേയും സഹായം വേണ്ട. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് അവ കിലോമീറ്റററുകൾ താണ്ടുന്നത്. അക്കൂട്ടത്തിൽ ഗോഡ്‍വിറ്റ് എന്ന പക്ഷി 11 ദിവസം കൊണ്ട് 12000 -ത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇനി ഏറ്റവും ദൂരം നിർത്താതെ പറന്ന റെക്കോർഡ് അതിന് സ്വന്തമാണ്. സെപ്റ്റംബർ 16 -ന് അമേരിക്കയിലെ തെക്ക്-പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് ആരംഭിച്ച ആ യാത്ര 11 ദിവസത്തിന് ശേഷം ന്യൂസിലന്റിലെ ഓക്ക്‌ലാൻഡിലാണ് അവസാനിച്ചത്.  

ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്ത വാർത്തപ്രകാരം, മണിക്കൂറിൽ ശരാശരി 55 മൈൽ വേഗതയിലാണ് 4BBRW എന്ന് പേരിട്ടിരിക്കുന്ന ഈ ആൺപക്ഷി പറന്നത്.  കഴിഞ്ഞവർഷം അവസാനം ഓക്‌ലൻഡിലെ പെക്കോറോകോ മിറാൻഡ ഷോർബേർഡ് സെന്റർ പിടിച്ച 20 എണ്ണത്തിൽ ഒന്നാണിത്. പിൻഭാഗത്ത് ഘടിപ്പിച്ച ഒരു ചെറിയ സാറ്റലൈറ്റ് ടാഗിന്റെ സഹായത്തോടെയാണ് ഇതിനെ ശാസ്ത്രജ്ഞർ ട്രാക്കു ചെയ്‍തത്.  സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ ഗോഡ്‍വിറ്റ് പക്ഷികൾ അവരുടെ യാത്രയിൽ ഉറങ്ങാറില്ലെന്ന് വിശ്വസിക്കപ്പെടുന്നു. മറിച്ച് അവ എല്ലായ്പ്പോഴും ചിറകടിച്ച് പറന്നുകൊണ്ടിരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, ആൺ ഗോഡ്‍വിറ്റ് പക്ഷിക്ക് അതിന്റെ ആന്തരിക അവയവങ്ങൾ ചുരുക്കാനുള്ള കഴിവുണ്ടെന്നും വിശ്വസിക്കുന്നു. ഇത് ശരീരഭാരം കുറച്ച് കൂടുതൽ വേഗത്തിൽ പറക്കാൻ അവയെ സഹായിക്കുന്നു. അലാസ്കയില്‍ നിന്ന് പറന്ന നാല് ഗോഡ്‍വിറ്റ് പക്ഷികളിൽ ഒന്നായിരുന്നു ഇത്. മൊത്തം പറക്കാൻ എടുത്ത സമയം 224 മണിക്കൂറായിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഒരു ജെറ്റ് യുദ്ധവിമാനത്തിനോട് സാദൃശ്യമുള്ളതാണ് അവയുടെ ഉടൽ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അവയുടെ നീളമുള്ള കൂർത്ത വാലും, നേർത്ത ശരീരവും മികച്ച രീതിയിൽ വളരെനേരം പറക്കാൻ അവയെ സഹായിക്കുന്നുവെന്ന് ഗ്ലോബൽ ഫ്ലൈവേ നെറ്റ്‌വർക്കിലെ ഡോ. ജെസ്സി കോങ്ക്ലിൻ പറയുന്നു. ലോകത്തിന്റെ ഏത് കോണിലാണ് അവയെന്ന് അവയ്ക്ക് വ്യക്തമായി അറിയാമെന്നും ഡോ. ജെസ്സി പറഞ്ഞു. “ഞങ്ങൾക്ക് എങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയില്ല, എങ്കിലും അവയ്ക്ക് ഒരു ഭൂപടത്തിലെന്നപോലെ സ്ഥലങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നത് വാസ്തവമാണ്" അവർ പറഞ്ഞു. മാർച്ചിൽ ഈ പക്ഷികൾ അലാസ്കയിലേക്ക് തിരിച്ച് പറക്കുമെന്ന് കരുതുന്നു. തിരികെയുള്ള യാത്രയിൽ, ഏഷ്യയിലെ മഞ്ഞക്കടലിനു പരിസരത്ത് അവ ഒരു മാസം തങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന് മുൻപ് ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള പറക്കൽ 2007 -ൽ 11,680 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഒരു പെൺകടൽ പക്ഷിയുടേതായിരുന്നു.