അഡോൾഫ് ഹിറ്റ്‌ലറുടെ ക്രൂരഭരണത്തിൻ്റെ ഇരകളായ ആറ് ദശലക്ഷം ജൂതന്മാരിൽ ഒരാളായിരുന്നു ഹന്നയുടെ അമ്മ. അവളുടെ പ്രിയപ്പെട്ട അമ്മ ചയയെ അവളുടെ മുന്നിൽ വച്ചാണ് നാസികൾ ദാരുണമായി കൊന്നുകളഞ്ഞത്. രണ്ടാം ലോക മഹായുദ്ധകാലത്തെ വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ടത് ഹന്നയും അവളുടെ അച്ഛൻ ആദമും മാത്രമായിരുന്നു. അതിനുശേഷം, അവൾ ഇംഗ്ലണ്ടിലെത്തി, അവിടെയാണവര്‍ തുടര്‍ന്നു ജീവിച്ചത്. ഹോളോകാസ്റ്റ് മെമ്മോറിയൽ ദിനത്തിൽ അവർ പോളണ്ടിലേക്ക് മടങ്ങി. ഇപ്പോൾ 82 വയസ്സുള്ള ഹന്ന ലൂയിസ് തൻ്റെ കഥ മെട്രോ.കോ.യുകെ -യുമായി പങ്കിട്ടു. അതില്‍നിന്നും)


ഉക്രെയിനിന്‍റെ അതിർത്തിയിലെ ഒരു ചെറിയ മാർക്കറ്റ് ടൗണായ Włodawa -യിലെ സമ്പന്ന കുടുംബത്തിലാണ് ഹന്ന ജനിച്ചത്. ആദാമിൻ്റെയും ചയയുടെയും ഏകമകളായ അവള്‍ അങ്കിൾ ഷുൽക്ക, ബധിരനും, മൂകനുമായ കസിൻ സ്ലോമോ എന്നിവരടങ്ങുന്ന
കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 1939 -ൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ജർമ്മൻ നാസികൾ പോളണ്ട് പിടിച്ചെടുക്കുകയും ചെയ്യുന്നതുവരെ അവളുടെ ബാല്യകാലം സന്തോഷകരമായിരുന്നു. വ്യാപാരിയായിരുന്ന ഹന്നയുടെ മുത്തച്ഛൻ ജാൻകെൽ രാജ്യത്തെ ക്യാമ്പുകളുടെ വാർത്ത കേട്ട്, ഇവിടെനിന്ന് മാറണമെന്ന് കുടുംബത്തോട് പറഞ്ഞു.എന്നാല്‍, അവര്‍ അവിടെനിന്ന് മാറിയില്ല. അത് ഏറ്റവും മോശപ്പെട്ട തീരുമാനമായിരുന്നുവെന്നും യുദ്ധം തീരുമ്പോഴേക്കും താനും അച്ഛനും മാത്രമാണ് ജീവനോടെ ശേഷിച്ചതെന്നുമാണ് ഹന്ന പറയുന്നത്. 

താമസിയാതെ, പോളിഷ് അതിർത്തികൾ അടച്ചു. വലിയ നഗരങ്ങൾക്ക് പുറത്ത് സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്ന യഹൂദ അഭയാർഥികളാൽ Włodawa നിറയാൻ തുടങ്ങി. ഹന്നയുടെ കുടുംബം യഹൂദ അഭയാർഥികളെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. "അവരാണ് ക്യാമ്പുകൾ പണിയുന്നതിനെക്കുറിച്ചും, ജർമ്മൻകാർ എന്തുചെയ്യുന്നുവെന്നതിനെക്കുറിച്ചുമുള്ള കഥകൾ ഞങ്ങളോട് പറഞ്ഞത്. അത് ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. നിർബന്ധിത ലേബർ ക്യാമ്പുകളെക്കുറിച്ചും, തടങ്കൽപ്പാളയങ്ങളെക്കുറിച്ചും, ഉന്മൂലന ക്യാമ്പുകളെക്കുറിച്ചും ഇതിന് മുൻപ് ആർക്കുമറിയുമായിരുന്നില്ല" ഹന്ന പറഞ്ഞു.

1942 -ൽ ജർമ്മനി Włodawa -യിലെ ജൂതന്മാരെ വളയാൻ തുടങ്ങി. അവരെ അടുത്തുള്ള സോബിബോർ ഉന്മൂലന ക്യാമ്പിലേക്കോ, വിവിധ ലേബർ ക്യാമ്പുകളിലേക്കോ അയക്കാൻ തുടങ്ങി. പിറ്റേവർഷം, ഹന്നയെയും കുടുംബത്തെയും ബലമായി Adampol -ലെ ലേബർ ക്യാമ്പിലേക്ക്  കൊണ്ടുപോയി. "സ്യൂട്ട്‌കേസുകൾ പായ്ക്ക് ചെയ്യാൻ ഞങ്ങൾക്ക് ഒരു മണിക്കൂർ സമയം അനുവദിച്ചു. മുത്തച്ഛൻ ആ യാത്രയെ അതിജീവിക്കില്ലെന്ന് അച്ഛന് ഭയം തോന്നി. അതിനാൽ മുത്തച്ഛനെ ഇരുത്തികൊണ്ട് പോകാൻ അച്ഛൻ ഒരു ഉന്തുവണ്ടി കൊണ്ടുവന്നു. ഞാൻ ഒരുപാട് ദൂരം നടന്നു, ചിലപ്പോൾ അച്ഛൻ എന്നെ എടുത്തു. അവസാനം ഞങ്ങൾ അവിടെയെത്തി. അത് ഒരു ചെറിയ കുഗ്രാമമായിരുന്നു, ചുറ്റും കാടുകളും വയലുകളും മാത്രം. വെള്ളമോ വൈദ്യുതിയോ അവിടെ ഉണ്ടായിരുന്നില്ല. അവിടെ ഒരു ക്യാമ്പ് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ മുള്ളുവേലിയും ഒരു കാവൽ ഗോപുരവും ഞങ്ങൾക്ക് ഉറങ്ങാൻ ഷെഡ്ഡുകളും ഉണ്ടായിരുന്നു. അവിടെ ജീവിതത്തിന് ഒരു വിലയും ഉണ്ടായിരുന്നില്ല. എൻ്റെ അങ്കിൾ ഷുൽക്കയെ ഉടനടി അവർ കൊണ്ടുപോയി. പിന്നീട് ഒരിക്കലും ഞങ്ങൾ അദ്ദേഹത്തെ കണ്ടില്ല. എൻ്റെ മുത്തച്ഛൻ ആദ്യത്തെ ഐൻസാറ്റ്സ്ഗ്രൂപ്പെനിൽ എത്തിപ്പെട്ടു. ഒരു പ്രത്യേക പരിശീലനം ലഭിച്ച സ്ക്വാഡുകളായിരുന്നു അവർ. ഉപയോഗമില്ലാത്ത ആളുകളെ കൊന്നുകളയുന്നവരാണവർ. അവരെ എല്ലാവരും വളരെയധികം ഭയപ്പെട്ടിരുന്നു" എന്നും ഹന്ന പറയുന്നു.

പലപ്പോഴും ജോലികൾക്കായി പുരുഷന്മാരെ വാടകയ്‌ക്കെടുത്തിരുന്നു. അത്തരം ഒരു പ്ലെയ്‌സ്‌മെന്റ് സമയത്ത് ഹന്നയുടെ അച്ഛൻ രക്ഷപ്പെട്ടു. നാസികളെ അട്ടിമറിക്കാനും, ഭരണകൂടത്തിൻ്റെ ആസന്നമായ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും ശ്രമിച്ച ഗറില്ലാ പോരാട്ട ഗ്രൂപ്പായ പാർടിസൻസിൽ അദ്ദേഹം ചേർന്നു. ക്യാമ്പ് ഇരുന്നിരുന്ന ഭൂമിയുടെ ഉടമയുടെ വീട്ടിൽ ഹന്നയക്ക് ഒരു ജോലി ലഭിച്ചു. അവളുടെ അമ്മയും, കസിൻ സ്ലോമയും അവളോടൊപ്പമുണ്ടായിരുന്നു. ആ ഒരു വർഷം അവൾ അവിടെ ജോലി ചെയ്തു. കൊച്ചു പെൺകുട്ടിയായ അവൾ പടികൾ കഴുകുകയും, പച്ചക്കറികൾ പരിപാലിക്കുകയും, കോഴികളെ നോക്കുകയും ചെയ്‍തു.

സ്ലോമോയെ എന്നേക്കുമായി നഷ്ടപ്പെടുന്നു

ഹന്ന പറയുന്നു: ‘'ഞാൻ എൻ്റെ അമ്മയുടെ അടുത്തായിരുന്നതുകൊണ്ട് എനിക്ക് സുഖമായിരുന്നു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ജീവിതം ഒട്ടും നല്ലതായിരുന്നില്ല. പക്ഷേ, കുറേകഴിയുമ്പോൾ നമുക്കതൊരു ശീലമാകും. എൻ്റെ അമ്മയും, സ്ലോമോയും എന്റെകൂടെ ഉണ്ടായിരുന്നു, എനിക്ക് ഒരു സഹോദരനെ പോലെയായിരുന്നു അവൻ. അവനെ ഞാൻ സ്നേഹിച്ചു. എനിക്ക് സ്ലോമോയെ നഷ്ടപ്പെട്ട ദിവസം യുദ്ധം ശരിക്കും എന്താണെന്ന് ഞാൻ മനസ്സിലാക്കി.''

''ഒരു ദിവസം ഞങ്ങൾ കുട്ടികൾ തനിച്ചായിരുന്നു. കൊലപാതക സംഘങ്ങൾ കുതിരപ്പുറത്ത് ഗ്രാമത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. സ്ലോമോ ബധിരനും മൂകനുമായതിനാൽ അവൻ്റെ കൈ ഞാൻ പിടിച്ചിരുന്നു. ഞങ്ങൾ ഒളിക്കാൻ അടുത്തുള്ള ഒരു കളപ്പുരയിലേക്ക് ഓടി. ഞാൻ കളപ്പുരയിലെ വൈക്കോൽ കൂനയിൽ ഒളിച്ചു. പക്ഷേ, അവൻ എൻ്റെ കൂടെ ഒളിച്ചില്ല. പുറത്ത് അവരുടെ (നാസികൾ) ശബ്‌ദം കേൾക്കാമായിരുന്നു. പക്ഷേ, എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. അവന് കേൾക്കാൻ കഴിയാത്തതിനാൽ അവനെ വിളിക്കാനും എനിക്ക് കഴിഞ്ഞില്ല. റൈഫിളിൻ്റെ അറ്റംകൊണ്ട് വാതിലിൽ അവർ ശക്തിയായി ഇടിച്ചു. കളപ്പുരയുടെ വാതിൽ തുറന്നു. വൈക്കോലുകൾക്കിടയിലൂടെ ഞാൻ നോക്കി. സ്ലോമോ വാതിലിനു പുറകിലായിരുന്നു. അവർ അവൻ്റെ കഴുത്തിൽ പിടിച്ച് അവനെ എടുത്തു. ഒച്ചവെക്കാൻ അവന് ശബ്ദമില്ലായിരുന്നു. അവൻ്റെ കാലുകൾ പിടയുന്നത് മാത്രം ഞാന്‍ കണ്ടു. പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടില്ല. എനിക്ക് അവനെ എന്നെന്നേക്കുമായി നഷ്ടമായി. അവനെ രക്ഷപ്പെടുത്താൻ കഴിയാത്തതിൽ എനിക്ക് കുറ്റബോധം തോന്നി. ഞാൻ ഒറ്റയ്ക്കായത് പോലെ എനിക്ക് തോന്നി" കണ്ണീരോടെ ഹന്ന പറയുന്നു.

അമ്മയെ കണ്‍മുന്നിലിട്ട് വെടിവെച്ചുകൊന്നു

ഹന്നയുടെ കുടുംബം അവളെ ഹെനെസ്‍ക എന്നാണ് വിളിച്ചിരുന്നത്. 1944 -ലെ ശൈത്യകാലത്ത് ഹെനെസ്‍ക, ടൈഫസ് പിടിപ്പെട്ട് അവശയായിത്തീർന്നു. ഹന്നയെയും അമ്മ ചയയെയും വീട്ടിൽ ഒരു രാത്രി താമസിക്കാൻ അനുവദിക്കാമെന്ന് ഗ്രാമത്തിലെ മൂപ്പൻ സമ്മതിച്ചു. അവർ അടുപ്പിനരികിലുള്ള പുല്ലിലെ താൽക്കാലിക കട്ടിലിന്മേൽ ചുരുണ്ടുകിടക്കുമ്പോഴാണ്, ജനാലയിൽ ഒരു മുട്ട് കേട്ടത്. ‘ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ, അവിടെ നിലാവിൽ എൻ്റെ അച്ഛൻ നില്ക്കുന്നത് കണ്ടു. വളരെ ഹ്രസ്വമായ ഒരു സംഭാഷണമായിരുന്നു അന്ന് അച്ഛനും അമ്മയും തമ്മില്‍ നടന്നത്. അദ്ദേഹം പറഞ്ഞു: “നാളെ ഒരു പ്രതിഷേധമുണ്ട്. ചയ, നീ അതിന് വരണം.” കഴിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. “എനിക്ക് കഴിയില്ല. ഹനെസ്‌കയ്ക്ക് സുഖമില്ല'' എന്ന് അമ്മ അച്ഛനോട് പറഞ്ഞു. അവളെയും ഒപ്പം കൂട്ടിക്കൊള്ളൂവെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. എന്നാല്‍, 'അവൾക്കതിന് കഴിയില്ല' എന്ന് പറഞ്ഞ് അമ്മ ജനലടച്ചു. അച്ഛൻ അപ്പോള്‍ത്തന്നെ എവിടേക്കോ പോയി എന്നും ഹന്ന ഓര്‍മ്മിക്കുന്നു. പിറ്റേന്ന് രാവിലെ താൻ കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അമ്മ ആ രാത്രി കഴിഞ്ഞത് എന്നെനിക്കറിയില്ല... അന്ന് അമ്മ ചെയ്ത കാര്യങ്ങൾ ഐൻസാറ്റ്സ്ഗ്രൂപ്പെൻ ഹന്നയെ കണ്ടെത്തുന്നതിൽ നിന്നും, കൊല്ലപ്പെടുന്നതിൽ നിന്നും, രക്ഷിച്ചുവെന്ന് അവള്‍ വിശ്വസിക്കുന്നു. ആ ദിവസത്തെ കുറിച്ച് ഹന്ന ഓര്‍ക്കുന്നത് ഇങ്ങനെയാണ്:

‘രാവിലെതന്നെ, ഒരു ഐൻസാറ്റ്സ്ഗ്രൂപ്പെൻ്റെ പതിവ് ശബ്ദങ്ങൾ ഞങ്ങള്‍ കേട്ടുതുടങ്ങി. ജീപ്പുകൾ, ഉറക്കെയുള്ള ഉത്തരവുകൾ, നായ്ക്കളുടെ കുര. അതിന് ഒരു സ്ഥിരശൈലി ഉണ്ടായിരുന്നു. പെട്ടെന്ന് വാതിലിൽ ഒരു തട്ട് കേട്ടു. അമ്മ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. മുട്ടുകുത്തിയിരുന്ന് അമ്മ എൻ്റെ കൈകളിൽ പിടിച്ചു. എന്നെ കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തന്നു. എന്നിട്ട് വളരെ ശാന്തമായി വാതില്‍ക്കലേക്ക് നടന്നു. വാതിൽ തുറന്ന് അമ്മ ഇറങ്ങി. പുറകിൽ വാതിലടക്കപ്പെട്ടു.  ഞാൻ ആകെ വിഷമിച്ചു. അമ്മ എനിക്കായി തിരിച്ചുവരുമെന്നുതന്നെ ഞാൻ കരുതി. പക്ഷേ, അമ്മ തിരിച്ചു വന്നില്ല. വാതിലിനപ്പുറം അലറിവിളികൾ കേൾക്കാൻ തുടങ്ങി. അതുകേട്ട ഞാൻ അമ്മയെ പരതാനിറങ്ങി. വാതിൽ തുറന്നിറങ്ങിയ ഞാൻ കോൺക്രീറ്റ് പടികളിൽ നിന്നു. തണുപ്പായതിനാൽ അവിടം ഐസ്കൊണ്ട് നിറഞ്ഞിരുന്നു. ഒടുവിൽ, ഞാൻ എൻ്റെ  അമ്മയെ കണ്ടു. അമ്മ ഒരു കൂട്ടം ആളുകൾക്കൊപ്പമായിരുന്നു. എല്ലായ്‌പ്പോഴും വെള്ളം എടുത്തിരുന്ന കിണറ്റിൻകരയിലേക്ക് അമ്മ നടന്നു നീങ്ങുകയായിരുന്നു. ഞങ്ങൾ പരസ്പരം കാണുന്നുണ്ടായിരുന്നു. അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അമ്മ എന്നെ നോക്കിയില്ല. ഞാൻ മുമ്പ് നിരവധി തവണ ചെയ്യാറുള്ളത് പോലെ ഓടിപ്പോയി അമ്മയുടെ കൈ പിടിക്കണോ എന്ന് വിചാരിച്ച് അവിടെത്തന്നെ നിന്നു. പെട്ടെന്ന് ആരോ നിർദ്ദേശം കൊടുത്തു. അവർ തുരുതുരാ വെടിവയ്ക്കാൻ തുടങ്ങി. അമ്മ വെടിയേറ്റ് വീഴുന്നത് ഞാൻ കണ്ടു. അമ്മയുടെ  രക്തം തറയിൽ പടർന്നു. ആ നിമിഷത്തിൽ ഞാന്‍ കുട്ടിയല്ലാതായി. രക്തം കട്ടപിടിപ്പിക്കുന്ന ആ ഒറ്റക്കാഴ്ചയില്‍ ഞാനൊരു മുതിര്‍ന്ന സ്ത്രീയായി. എനിക്ക് അമ്മയില്ലാതായി. എനിക്ക് ശബ്ദമുണ്ടാക്കാൻ കഴിയില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു. എന്തുകൊണ്ടാണ് അമ്മ എന്നെ നോക്കാത്തതെന്നതിന്‍റെ കാരണവും ഇപ്പോഴെനിക്കറിയാം. ഞാൻ എത്രനേരം അവിടെ നിന്നെന്ന് എനിക്കറിയില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ, ഞാൻ തിരിച്ചുനടന്നു" ഹന്ന ഓർത്തു.

ഫാം ഹൗസിലെ പുല്ലിൽ കിടന്ന് ഹന്ന ഉറങ്ങി. ഗ്രാമത്തിലെ മൂപ്പൻ്റെ മരുമകളാണ് അവളെ ഉണര്‍ത്തിയത്. ടൈഫസിൽ നിന്ന് സുഖം പ്രാപിച്ചപ്പോൾ അവൾ വീണ്ടും പ്രധാന ക്യാമ്പിലേക്ക് മടങ്ങിപ്പോയി. കുറച്ച് മാസങ്ങൾ അവള്‍ അവിടെ ചെലവഴിച്ചു. 1945 -ൽ ജർമ്മനിക്കാർ അവിടെനിന്ന് പലായനം ചെയ്തു. രക്ഷപ്പെട്ടവരും ദുഃഖിതരുമായ ആളുകൾ പതുക്കെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി.

ആരാണ് രക്ഷപ്പെട്ടതെന്നും, അവരൊക്കെ എവിടെയാണെന്നും വാർത്തകൾ ലഭിക്കാൻ തുടങ്ങി. ''ആളുകൾ ബന്ധുക്കളെ തിരയാൻ തുടങ്ങിയപ്പോഴും, എന്നെ തിരഞ്ഞ് ആരും വന്നില്ല. എന്നാൽ, ഒരു ദിവസം, എൻ്റെ അച്ഛൻ എന്നെത്തേടി വന്നു. മെലിഞ്ഞ, ശോഷിച്ച എൻ്റെ അച്ഛൻ... അച്ഛൻ എന്നെ കാണാൻ ദിവസങ്ങളോളം നടന്നിരിക്കണം. എന്നെ കണ്ടയുടൻ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. എന്നെ വാരിയെടുത്തു, ചിരിച്ചു, കരഞ്ഞു. എനിക്ക് അത്ഭുതം തോന്നി. ഞങ്ങൾ വീണ്ടും നമ്മുടെ നാട്ടിലേക്ക് തിരികെയുള്ള നടത്തം ആരംഭിച്ചു. പക്ഷേ, ഒരിക്കലും ഇനി തങ്ങള്‍ക്കൊപ്പം അമ്മയുണ്ടാകില്ലെന്ന തിരിച്ചറിവ് അവളെ വീണ്ടും തകര്‍ത്തു...'' 

‘'ആ സമയങ്ങളിൽ, എൻ്റെ അമ്മ മരിച്ചിരിക്കില്ലെന്ന് ഞാൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ, അമ്മയ്ക്ക് പരിക്കേറ്റതാകാം, അല്ലെങ്കിൽ അച്ഛൻ അമ്മയെ കൊണ്ടുപോയിരിക്കാം എന്നൊക്കെ ഞാൻ സങ്കല്‍പ്പിച്ചു. ആ പ്രതീക്ഷ എന്നെ മുന്നോട്ട് നയിച്ചു. ഞാൻ തിരിഞ്ഞ് അച്ഛനോട് ചോദിച്ചു, 'എവിടെയാണ് മമ്മ?' അപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഹെനസ്‌ക, മമ്മ തിരിച്ചു വരില്ലെന്നു നിനക്കറിയില്ലേ? മമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് നീയും കണ്ടതല്ലേ?' ഒരുപക്ഷേ അച്ഛനും അത് കണ്ടിരിക്കണം. മണിക്കൂറുകളോളം ഞാൻ ഒരു വാക്കുപോലും പറഞ്ഞില്ല. ഞങ്ങളുടെ കുടുംബത്തിൻ്റെ ബധിരയും മൂകയുമായിത്തീരുന്ന ശാപം എന്നെയും ബാധിച്ചുവെന്നുപോലും അച്ഛൻ ഒരു നിമിഷം കരുതി" എന്നും ഹന്ന പറഞ്ഞു.യഹൂദ അഭയാർഥികൾ നിറഞ്ഞ അവരുടെ വീട്ടിലേക്ക് ഹന്നയും, അച്ഛനും മടങ്ങി. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവളുടെ അച്ഛൻ പൂന്തോട്ടത്തിൽ കുഴിച്ചിട്ട ചില സാധനങ്ങൾ അവർ കുഴിച്ചെടുത്തു. ജീവിതം വീണ്ടും ഒന്നേന്ന് ആരംഭിക്കാൻ ലോഡ്സ് നഗരത്തിലേക്ക് അവർ പോയി. "യുകെയിൽ നിന്നുള്ള ബന്ധുക്കൾ ഒടുവിൽ അച്ഛനെ കണ്ടെത്തിയത് തൻ്റെ അമ്മയുടെ അനുഗ്രഹമാണ് എന്ന് ഞാൻ വിചാരിക്കുന്നു" ഹന്ന പറഞ്ഞു. പതിനൊന്നാം വയസ്സിൽ, വടക്കൻ ലണ്ടനിലെ തൻ്റെ അമ്മായി ആനിയുടെയും, അങ്കിൾ സാമിൻ്റെയും ഒപ്പം താമസിക്കാൻ ഹന്ന പോയി. അവിടെ ഭാഷയോ, ആളുകളെയോ അവർക്ക് അറിയില്ലായിരുന്നു. ഹന്നയ്ക്ക് വല്ലാത്ത നിരാശ തോന്നി. യുദ്ധത്തിൻ്റെ വൈകാരികവും ശാരീരികവുമായ മുറിവുകൾ അപ്പോഴും അനുഭവിക്കുന്ന ഹന്നയുടെ പിതാവ് തൻ്റെ ജീവിതകാലം മുഴുവൻ ഇസ്രായേലിനും ജർമ്മനിക്കും ഇടയിൽ ചിലവഴിച്ചു.

1961 മുതൽ ഹന്ന സ്‍കൂളില്‍ പോകാൻ തുടങ്ങി. പതിയെ ഇംഗ്ലീഷ് ഭാഷ അവർ വശത്താക്കി. സന്തോഷത്തോടെ വിവാഹിതയായി. തനിക്ക് നാല് മക്കളും എട്ട് പേരക്കുട്ടികളുമുണ്ടെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടയിൽ തൻ്റെ ആ പഴയകാല അനുഭവങ്ങളെക്കുറിച്ച് മാത്രമാണ് താൻ സംസാരിച്ചതെന്നും ഹന്ന പറഞ്ഞു. അവൾ കൂട്ടിച്ചേർത്തു: ‘എനിക്ക് ഇപ്പോഴും നല്ല ഓർമ്മകളും, ചീത്ത ഓർമ്മകളുമുണ്ട്. എന്നാൽ അവ എൻ്റേതാണ്, ഞാൻ അവയെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല, ആരും എന്നോട് ചോദിച്ചിട്ടുമില്ല. ഞാൻ ഒരിക്കലും എൻ്റെ കുട്ടികളിലേക്ക് ആ ഓർമ്മകൾ പകരാൻ ശ്രമിച്ചിട്ടില്ല. കാരണം അവരുടെ ജീവിതത്തിൽ അതിൻ്റെ നിഴൽ വീഴരുത് എന്നെനിക്ക് നിർബന്ധമായിരുന്നു.'

ഹോളോകോസ്റ്റ് എജ്യുക്കേഷണൽ ട്രസ്റ്റിനൊപ്പം സ്കൂളുകളിലും സർവകലാശാലകളിലും നടത്തിയ പ്രവർത്തനത്തിന് 2018 -ൽ ഹന്നയ്ക്ക് ഒരു എം‌ബി‌ഇ ബഹുമതി ലഭിയ്ക്കുകയുണ്ടായി. യൂറോപ്പിലെ ജൂതജനതയെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്‌ലറുടെ പദ്ധതി 'മനുഷ്യനോടുള്ള മനുഷ്യത്വരഹിതമായ ഒരു അക്രമമാണ്' എന്ന് അവർ പറഞ്ഞു.  

അമ്മ മരിച്ച് എഴുപത്തിയാറ് വർഷത്തിന് ശേഷവും തനിക്ക് അയാളോട് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ലായെന്ന ഹന്ന പറഞ്ഞു. അവർ കൂട്ടിച്ചേർത്തു: ‘അവർ കൊലപ്പെടുത്തിയ ആളുകകൾക്ക് വേണ്ടി ഞാൻ സംസാരിക്കുന്നില്ല. എനിക്ക് പക്ഷേ ക്ഷമിക്കാനാകില്ല, എൻ്റെ  ജീവിതം തന്നെയാണ് അതിന് കാരണം. ഞങ്ങളെ എന്തിനാണിങ്ങനെ കൊല്ലാന്‍ തെരഞ്ഞെടുത്തതെന്ന് എനിക്ക് ഇന്നും മനസിലാകുന്നില്ലെന്നും ഹന്ന പറയുന്നു. ഒപ്പമവര്‍ ഒന്നുകൂടി പറയുന്നുണ്ട്. വംശഹത്യ ഇന്നും അവസാനിച്ചിട്ടില്ലായെന്ന്. അതിനെതിരെ നാമെല്ലാം ഒന്നിച്ചുനില്‍ക്കണമെന്ന് ‘'വംശഹത്യ ഭയാനകമാണ്, അത് ഇപ്പോഴും നടക്കുന്ന ഒന്നാണ്" എന്നാണവര്‍ പറയുന്നത്.  

ഹന്ന താന്‍ ജനിച്ച രാജ്യത്തേക്ക് മടങ്ങിയെത്തുന്നത് ഇത് മൂന്നാമത്തെ തവണയാണ്. അവർ വീണ്ടും Adampol- ലേക്ക് മടങ്ങി. നാസിയുടെ ഡെത്ത് സ്ക്വാഡുകൾ അമ്മയെയും മറ്റ് എണ്ണമറ്റവരെയും വെടിവച്ചുകൊന്ന കിണറിനു മുകളിലുള്ള കോൺക്രീറ്റ് പടികളിൽ അവർ നിന്നു. ഈ യാത്ര തന്‍റെ ഓർമ്മകളെ ഉണർത്തുന്നു എന്ന് ഹന്ന പറഞ്ഞു. ‘പോളണ്ട് എനിക്ക് ഒന്നുമല്ല. എനിക്ക് മികച്ച ജീവിതം നൽകിയ സ്ഥലം ഇംഗ്ലണ്ടാണ്. ഞാൻ ചടങ്ങിനായി പോളണ്ടിലേക്ക് മടങ്ങിയതാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊരു വല്ലാത്ത സമയമായിരുന്നു, ഞാൻ അതിനെ അതിജീവിച്ചതിൽ എനിക്ക് ചാരിതാർഥ്യമുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.