Asianet News MalayalamAsianet News Malayalam

ഉച്ചഭക്ഷണത്തിന് പോലും കാശില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും; ആശുപത്രിയിലെ വേദനകള്‍

പലപ്പോഴും  കാണുന്ന അസ്വസ്ഥരായ (ഞങ്ങളുടെ ഭാഷയിൽ "ചൊറിയുന്ന " ) രോഗീകൂട്ടിരിപ്പുകാരെ പോലെ തന്നെ ആയിരുന്നു അയാളും. എപ്പോഴും പരാതി, പരിഭവം... എങ്കിലും ആ വൃദ്ധ ദമ്പതിമാർ  എനിക്ക് വ്യത്യസ്തരായി മാറിയത് എങ്ങനെ എന്നറിയില്ല. ചിലപ്പോൾ അവർക്കിടയിലുള്ള അപരിമിതമായ സ്നേഹം ആയിരിക്കണം എന്നെ അവരിലേക്ക്‌ ആകർഷിച്ചത്.

hospital days dr mekha mohan
Author
Thiruvananthapuram, First Published Jan 12, 2019, 5:56 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days dr mekha mohan

"എത്ര നേരമായി അവളെ ഇവിടെ ഇങ്ങനെ ഇരുത്തിയിരിക്കുന്നു. സുഖമില്ലാത്ത ആളാണ്. ഇങ്ങനെ അധിക നേരം ഇരിക്കാൻ സാധിക്കില്ല..." സ്ഥിരം കേൾക്കുന്ന പരാതി. അതു കേൾക്കുമ്പോൾ പതിവായി തോന്നുന്ന അമർഷം മറച്ചുപിടിച്ചുകൊണ്ടു പരമാവധി സൗമ്യമായി മറുപടി പറഞ്ഞു. "അച്ഛാ, ചില കാര്യങ്ങൾ റെഡിയാക്കാനുണ്ട്. വല്യ ഓപ്പറേഷനല്ലേ. അതിനു പല പല കാര്യങ്ങളും ശരിയാക്കാനുണ്ട് . മനഃപൂർവം വൈകുന്നതല്ല. പലേ രോഗങ്ങൾ അമ്മയ്ക്കുള്ളതു കൊണ്ട്  കുറെ ഡിപ്പാർട്മെന്റുകളിൽ നിന്നും ഫിറ്റ്നസ് വാങ്ങാനുണ്ട്. അതെല്ലാം എഴുതണം. ടെസ്റ്റുകൾ എഴുതിത്തരാനുണ്ട്. നിങ്ങളുടെ കാര്യത്തിന് വേണ്ടിത്തന്നെയാണ് ഞാനീ ഓടിനടക്കുന്നത്..."

ഹാവൂ! ഇത്രയും പറഞ്ഞപ്പോൾ എന്തോ ഒരാശ്വാസം. പലപ്പോഴും മെഡിക്കൽ കോളേജുകളിലെ രോഗികൾക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ മനസിലാവാറില്ല ഡോക്ടര്‍മാരോ നഴ്സുമാരോ മറ്റു ജീവനക്കാരോ ഒക്കെ അവർക്കു വേണ്ടി ഓടിനടക്കുന്ന കാര്യം. രോഗഭാരത്തിനിടയിൽ വിസ്മരിക്കപ്പെടുന്നതാവാം. എല്ലാവരും അസ്വസ്ഥരാണ്. പരസ്പരം മുറുമുറുത്തും ചീത്ത പറഞ്ഞും സ്വയം ആശ്വാസം കണ്ടെത്തുന്നു. വ്യവസ്ഥിതി ഇതായിപ്പോയി. നാവിൻ തുമ്പത്തു തിരിച്ചുപറയാൻ എന്തോ വന്നെന്നു തോന്നുന്നു ആ മനുഷ്യന്. അയാൾ അത് കുടിച്ചിറക്കി കാണണം. ഒന്നും പറഞ്ഞില്ല.

അങ്ങനെ ഓപ്പറേഷന്‍റെ തലേ ദിവസമായി. ഇൻഷുറൻസ് അവർക്കു ശരിയായിട്ടില്ല

രണ്ടു ദിവസത്തിന് ശേഷമാണ് ആ അമ്മയുടെ ശസ്ത്രക്രിയ. നാവിൽ കാൻസർ ആണ് അവർക്ക്. നാലാം സ്റ്റേജ് ആണ്. കടന്നുപോവേണ്ടത് ഒരു മേജർ ശസ്ത്രക്രിയയും. രോഗത്തിന്‍റെ ഗുരുതരാവസ്ഥയും ഓപ്പറേഷന്‍റെ സങ്കീർണതകളും വിജയസാധ്യതയും ഓപ്പറേഷന് ശേഷമുള്ള തുടര്‍ചികിത്സയെ കുറിച്ചുമെല്ലാം വ്യക്തമായി അവരെ പറഞ്ഞു ബോധ്യപെടുത്തിയിരുന്നു. ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. അച്ഛൻ നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു. (ഞങ്ങൾ മെഡിക്കൽ രംഗത്തുള്ളവർക്കു ആശുപത്രിയിൽ വരുന്ന രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ അച്ഛനും അമ്മയും ഉപ്പയും ഉമ്മയും അപ്പച്ചനും അമ്മച്ചിയുമൊക്കെയാണ്! )

പലപ്പോഴും  കാണുന്ന അസ്വസ്ഥരായ (ഞങ്ങളുടെ ഭാഷയിൽ "ചൊറിയുന്ന " ) രോഗീകൂട്ടിരിപ്പുകാരെ പോലെ തന്നെ ആയിരുന്നു അയാളും. എപ്പോഴും പരാതി, പരിഭവം... എങ്കിലും ആ വൃദ്ധ ദമ്പതിമാർ  എനിക്ക് വ്യത്യസ്തരായി മാറിയത് എങ്ങനെ എന്നറിയില്ല. ചിലപ്പോൾ അവർക്കിടയിലുള്ള അപരിമിതമായ സ്നേഹം ആയിരിക്കണം എന്നെ അവരിലേക്ക്‌ ആകർഷിച്ചത്.

അങ്ങനെ ഓപ്പറേഷന്‍റെ തലേ ദിവസമായി. ഇൻഷുറൻസ് അവർക്കു ശരിയായിട്ടില്ല. "ഇതെല്ലം വാങ്ങണം അച്ഛാ" ഒരു നീണ്ട ലിസ്റ്റ് ഞാനാ മനുഷ്യന് കൈമാറി. "ഇനിയും സാധനങ്ങൾ വാങ്ങാനുണ്ടോ?" അദ്ദേഹത്തിന്റെ മുഖം ചുളിഞ്ഞു. "സ്വരുക്കൂട്ടിവെച്ച  മൂവായിരം രൂപയും, പിന്നെ മക്കൾ എല്ലാരും കൂടി തന്ന ഒരു അയ്യായിരം രൂപയും. ഇത്രയൊക്കെ എന്‍റെ കയ്യിലൊള്ളു. അതും ഇപ്പോ തീർന്നു. രാവിലെ  മുതൽ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അതിനുപോലും കയ്യിൽ കാശില്ല."  അമർഷത്തോടെ ആണ് പറഞ്ഞത്. പിന്നെ ആത്മഗതം പോലെ അയാൾ തുടർന്നു, "എന്നാലും വേണ്ടീല. എവിടന്നേലും ഞാൻ കാശ് ഒപ്പിക്കും. ഈ ഓപ്പറേഷൻ നടക്കണം. അസുഖം മാറും. എനിക്കുറപ്പാ. അല്ലെങ്കിൽ..." വാക്കുകൾ മുറിഞ്ഞു. അദ്ദേഹത്തിന്‍റെ കണ്ണ് നിറയുന്നപോലെ തോന്നി.

നിസ്സഹായയായി ഞാൻ നിന്നു പോയി. പതിയെ  മുറിക്ക്   ഉള്ളിൽ  കയറി പേഴ്സ് തുറന്നു നോക്കി. 300 രൂപാ ഉണ്ട്. ഉച്ചഭക്ഷണത്തിനു വേറെ കാശില്ല. സാരമില്ല. ആരോടെങ്കിലും ചോദിക്കാം. അദ്ദേഹത്തെ മുറിക്കുള്ളിലേക്ക് വിളിച്ചു. 300 രൂപ നീട്ടി. "ഇതാ ഇത് വെച്ചോളൂ... ഇപ്പോ ഇത്രേ ഒള്ളു തരാൻ...". "വേണ്ട മോളെ"  ആദ്യമായി ആ അച്ഛൻ എന്നെ മോളെ എന്ന് വിളിക്കുകയാണ്. സന്തോഷം തോന്നി. ഇത്രയെങ്കിലും ചെയ്യാനായല്ലോ. "എടുത്തോളൂ... ഒന്നുമാവില്ല എന്നറിയാം. ഭക്ഷണം കഴിക്കാനായിട്ടു തരുന്നതാ." അയാൾ അത് വാങ്ങി. അദ്ദേഹത്തിന്‍റെ നിസ്സഹായാവസ്ഥ അഭിമാനബോധത്തെ വിഴുങ്ങിയതാവണം.

അവർ ആശുപത്രി വിടുമ്പോൾ എനിക്ക് കാണാൻ പറ്റിയില്ല

അങ്ങനെ ഓപ്പറേഷൻ ദിവസം എത്തി. ഞാനും മനസ്സിൽ പ്രാർത്ഥിച്ചു. ദൈവമേ! ആ അച്ഛനും അമ്മയ്ക്കും നല്ലതു വരുത്തണമേ... നീണ്ട ഓപ്പറേഷനും അതിനു ശേഷം  തുടർച്ചയായി ഉണ്ടായ സങ്കീർണതകളും എല്ലാം ആ അമ്മ അതിജീവിച്ചു. ആ ഓരോ  കടുത്ത ദിവസങ്ങളിലും ഞാനും ഉള്ളു കൊണ്ട് പ്രാർത്ഥിച്ചു. എല്ലാം ശുഭമാവാൻ. എല്ലാ ഘട്ടങ്ങളിലും വേണ്ട പരിചരണങ്ങൾ അവർക്കു നൽകി. ഒരു മകളോട് എന്നപോലെ അവരെന്നോട് ഇടപഴകി.  
"മോളുടെ കല്യാണം കഴിഞ്ഞതാണോ? താലി ഇപ്പോളാ കണ്ടേ" സുഖപ്പെട്ടു വരുന്ന ദിവസങ്ങളിൽ ആ അമ്മ വ്യക്തതയില്ലാത്ത  ശബ്ദത്തിൽ ചോദിച്ചു. 
"അതെ"
"ആള് ഡോക്ടറാണോ "
"അതെ "
"മോളെപോലെ തന്നെ ഒരു കൊച്ചു ഡോക്ടറാണോ?" എന്തോ ഓർത്തപോലെ ആ അമ്മ ചിരിച്ചു. ഞാനും പുഞ്ചിരിച്ചു. അവരുടെ ചെറുപ്പകാലമാണോ അവർ  ഓർത്തത്... 

ഡിസ്ചാർജായി പോകുന്ന ദിവസം ഞാൻ ലീവിൽ ആയിരുന്നു. അവർ ആശുപത്രി വിടുമ്പോൾ എനിക്ക് കാണാൻ പറ്റിയില്ല. എന്നെ അവർ അന്വേഷിച്ചു എന്നറിഞ്ഞു. അങ്ങനെ എത്രയെത്ര രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിടുന്നു. പിന്നീടും പലപ്പോഴായി ആ അമ്മയെയും അച്ഛനെയും ഞാൻ കണ്ടു. അവർ സുഖമായിരിക്കുന്നതു കണ്ടു സന്തോഷിച്ചു. എന്നെ കാണുമ്പോൾ അവരുടെ കണ്ണുകളിൽ തുളുമ്പിയ സ്നേഹം എനിക്ക് ആത്മനിർവൃതി തന്നു. എങ്കിലും കുറച്ചു നാളുകൾക്കു ശേഷം ഞാൻ അവരെ മറന്നു.  മറവി മനുഷ്യസഹജമാണല്ലോ.

ഏതാനും മാസങ്ങൾക്കു ശേഷം അവിചാരിതമായി ഓ.പി യിൽ വച്ച് വീണ്ടും ഞാൻ ആ അമ്മയെ കണ്ടു. വെറുതെ വന്നതാണോ എന്ന് ചോദിച്ചപ്പോൾ അവർ നാവു നീട്ടി കാണിക്കാൻ ശ്രമിച്ചു. നാവിൽ വീണ്ടും ഒരു വളർച്ച. മനസൊന്നു നടുങ്ങി. ചിലപ്പോൾ അങ്ങനെയാണ്. ജീവിതം നമ്മെ നോക്കി കൊഞ്ഞനം കുത്തിക്കാണിക്കും. വിധി എന്നൊക്കെ നാം അതിനെ വിളിക്കും. എന്നാലും ഇത് വേണ്ടായിരുന്നു. ബയോപ്സി  എടുക്കാനായി അവർ പോയി.

അവർ സുഖമായി എവിടെയെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം

രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛൻ റിസൾട്ടുമായി വന്നു. ഭയപെട്ടപോലെ തന്നെ വളർച്ച കാൻസറാണ്. പാലിയേറ്റീവ് ചികിത്സയ്ക്കായി അവരെ റഫർ ചെയ്തു. തിരിച്ചു പോകുന്ന വഴി അവർ എന്നെ കണ്ടു. മനസ്സിലൊളിപ്പിച്ച ദുഃഖം മുഖത്തു വരാതെ നോക്കാൻ ആ അച്ഛൻ പരമാവധി ശ്രമിക്കുന്ന പോലെ തോന്നി. വിശേഷങ്ങൾ ചോദിച്ചു. മനസിലൊരു നിർവികാരത. ചോദ്യങ്ങൾക്കു ഞാൻ മറുപടികൾ നൽകി. 'വീണ്ടും കാണാം' എന്ന് പറഞ്ഞു അവർ പോകുന്നത് ഞാൻ നോക്കി നിന്നു.

പിന്നീട്, ആ അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടില്ല. അവർ സുഖമായി എവിടെയെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവരുടെ സ്നേഹം അവരെ സംരക്ഷിക്കട്ടെ. അല്ലെങ്കിലും കാലവും സാഹചര്യങ്ങളും മനുഷ്യമനസ്സിന് മറക്കാനും സഹിക്കുവാനുമുള്ള ശക്തി നൽകുമെന്നല്ലേ.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios