ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

ഞാൻ ഒരു നഴ്സാണ്, സൗദി അറേബ്യയിലെ മക്കയിൽ ഏഴ്‌ വർഷമായി ജോലി ചെയ്യുന്നു. ഹജ്ജു സമയം, മക്കയിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഹജ്ജിനുണ്ടാകുന്ന തിരക്ക്‌ കാരണം പതിനഞ്ച്‌ അല്ലെങ്കിൽ പതിനെട്ട്‌ ദിവസം ലീവില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്‌.

2015, ആ ഹജ്ജ്‌ വർഷം ഞങ്ങൾക്ക്‌ അത്യാവശ്യം നല്ല തിരക്കുള്ള സമയം ആയിരുന്നു. കാരണം ഹറം പള്ളിയിൽ ക്രെയിൻ വീണ് നൂറുകണക്കിനു ആളുകൾ മരണപ്പെടുകയും നാന്നൂറിൽ അധികം ആളുകൾക്ക്‌ അപകടം സംഭവിക്കുകയും ചെയ്തത്‌ ആ സമയത്തായിരുന്നു... അതിന്റെ നടുക്കം മാറുന്നതിനു മുന്നെ ഹോസ്പിറ്റലിൽ ഹജ്ജ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഞങ്ങളെ തേടിയെത്തിയത്‌ മറ്റൊരു അപകട വാർത്തയായിരുന്നു. ഹജ്ജിന്റെ ഭാഗമായി 'മിന'യിൽ കല്ലെറിയുന്ന ആയിരക്കണക്കിനു ഹാജിമാർക്ക് തിക്കിലും തിരക്കിലും പെട്ട്‌ അപകടം സംഭവിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത!

ഉമ്മയോട്‌ അഡ്രസ്സ്‌ ചോദിച്ചപ്പോൾ ഉമ്മാക്ക്‌ ഒന്നും പറയാൻ പറ്റുന്നില്ല

ഹോസ്പിറ്റലിലും പുറത്തും മുഴുവൻ തിരക്ക്‌, ആംബുലൻസുകൾ ചീറിപ്പായുന്നു, ഹെലികോപ്റ്ററുകൾ തലങ്ങും വിലങ്ങും പറക്കുന്നു, ഹോസ്പിറ്റൽ മുഴുവൻ പരിക്കേറ്റവരെക്കൊണ്ട്‌ നിറഞ്ഞു. മിക്കവരും പ്രായമുള്ളവരാണ്. എല്ലാവരും നന്നെ അവശരാണ്. ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നുള്ളവരും അതിലുണ്ട്‌. ഉറ്റവരെയും ഉടയവരെയും കാണാതെ, ഒന്നും ഉരിയാടാനാകാതെ, ആ അപകടത്തിന്റെ ഞെട്ടലിൽ ആണ് എല്ലാവരും!

രണ്ട്‌ മൂന്ന് ദിവസമെടുത്തു ആ അപകടത്തിന്റെ ഞെട്ടലും തിരക്കും മാറാൻ! ഹാജിമാർ ഡിസ്ചാർജ്ജ്‌ ആയി അവരവരുടെ താമസസ്ഥലത്തേക്ക്‌ പോയിത്തുടങ്ങി. ഞങ്ങളും റിലാക്സ്‌ ആയിത്തുടങ്ങി. അന്ന് ഒരു ഉച്ച സമയം, ഭക്ഷണത്തിന്റെ ആലസ്യത്തിൽ വാർഡിൽ വെറുതെയിരിക്കുമ്പോഴാണ് പരിചയമുള്ള രണ്ട്‌ മൂന്ന് മലയാളികൾ അവിടെ എത്തിയത്‌. ഞാൻ എഴുന്നേറ്റ്‌ അവരോട്‌ സംസാരിച്ചു. അപ്പോഴാണ് ഞാൻ അറിയുന്നത്‌ ഞങ്ങളുടെ വാർഡിൽ ഒരു മലയാളി ഹജ്ജുമ്മ ഉണ്ടെന്നും, അവരുടെ അവസ്ഥ തിരക്കി വന്നവരാണു ഇവരെന്നും!

ഞങ്ങൾ ആ ഉമ്മയുടെ റൂമിൽ പോയി ഉമ്മയെ കണ്ടു. പ്രായം ഏകദേശം 60-70 ഉണ്ടാകും. മുഖത്ത്‌ നല്ല ക്ഷീണം ഉണ്ട്‌. മൂക്കിൽ കൂടെ ഓക്സിജൻ കൊടുക്കുന്ന റ്റ്യൂബ്‌ ഉമ്മയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. പാവം! സംസാരിക്കുന്നതൊന്നും കാര്യായിട്ട്‌ മനസിലാകുന്നില്ല. കാണാൻ വന്നവർ തിരിച്ചു പോയി. വാർഡിലെ സഹപ്രവർത്തകരോട്‌ അന്വേഷിച്ചപ്പോഴാണ് 'മിന'യിലെ അപകടത്തിൽ കൊണ്ട്‌ വന്നതാണെന്നും, രണ്ട്‌ മൂന്ന് ദിവസമായി ആരും കാണാൻ വന്നിട്ടില്ലെന്നും അറിഞ്ഞത്‌! ഹോസ്പിറ്റലിലെ ഫയലിൽ ഡീറ്റെയിൽസ്‌ നോക്കിയപ്പോൾ ആകെ കിട്ടിയത്‌ ഇന്ത്യൻ ഗവൺമന്റ്‌ എല്ലാ ഹാജിമാർക്കും കൊടുക്കുന്ന കവർ നമ്പർ മാത്രമായിരുന്നു. ഉമ്മയോട്‌ അഡ്രസ്സ്‌ ചോദിച്ചപ്പോൾ ഉമ്മാക്ക്‌ ഒന്നും പറയാൻ പറ്റുന്നില്ല. എനിക്ക് ആകെ വിഷമമായി.

ഫയലിൽ നിന്ന് കിട്ടിയ കവർ നമ്പർ വെച്ച്‌ ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്തു. ദൈവത്തിനു സ്തുതി. ആ ഉമ്മയുടെ എല്ലാ വിവരങ്ങളും അതിലുണ്ടായിരുന്നു. കൂടെ സൗദിയിലെ മൊബൈൽ നമ്പറുമുണ്ടായിരുന്നു. ഞാൻ വേഗം ആ നമ്പറിൽ വിളിച്ചു. കിട്ടുന്നില്ല. ഒരുപാട്‌ പ്രാവശ്യം ട്രൈ ചെയ്തു. പക്ഷെ കിട്ടുന്നില്ല. വീണ്ടും ഗൂഗിളിൽ സെർച്ച്‌ ചെയ്തപ്പോൾ കേരളത്തിലെ ഫോൺ നമ്പർ കിട്ടി. ആ നമ്പറിൽ ഞാൻ വിളിച്ചു. അങ്ങെ തലക്കൽ ഒരു സ്ത്രീ ശബ്ദം. ഞാൻ മക്കയിലെ ഹോസ്പിറ്റലിൽ നിന്നുമാണു വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ പൊട്ടിക്കരയാൻ തുടങ്ങി. ഉമ്മ ഞങ്ങളുടെ ഹോസ്പിറ്റലിൽ ഉണ്ടെന്നും യാതൊരു അപകടവും ഉമ്മാക്ക്‌ സംഭവിച്ചിട്ടില്ലെന്നും ആ സ്ത്രീയെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ കുറെയേറെ കഷ്ടപ്പെട്ടു. അതൊന്നും അവിടെ കേൾക്കുന്നില്ല. കരയുന്നവരുടെ എണ്ണം കൂടി വന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ വേറൊരു സ്ത്രീ എന്നോട്‌ സംസാരിച്ചു. കണ്ണീരോടെ അവർ പറഞ്ഞു, അവരുടെ ഉമ്മയെപ്പറ്റി വിവരമെന്തെങ്കിലും അറിഞ്ഞിട്ട് മൂന്ന് ദിവസമായെന്നും കൂടെ പോയ മകൻ ഉമ്മയെ അന്വേഷിച്ച്‌ നടക്കുകയാണെന്നും ,ഉമ്മാക്ക്‌ എന്തോ അപകടം സംഭവിച്ചെന്നും മറ്റും.

എന്റെ ഫോൺ വിളി മൂന്ന് ദിവസത്തെ ഒരു കുടുംബത്തിന്റെ മുഴുവൻ സങ്കടത്തിന് എന്തു മാത്രം ആശ്വാസമാണു നൽകിയതെന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക്‌ മനസ്സിലായി. എന്റെയും കണ്ണു നിറഞ്ഞു. എന്റെ മൊബൈൽ നമ്പർ അവർക്ക്‌ കൊടുത്തു. അഞ്ച്‌ മിനിട്ട്‌ കഴിഞ്ഞപ്പോൾ ആ ഉമ്മയുടെ മകന്റെ ഫോൺ വന്നു. മൂന്ന് ദിവസമായി ഉമ്മയെ കാണാതെ, എന്തു പറ്റി എന്നറിയാതെ ആ പാവം മക്കയിലെ എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ച്‌ നടക്കുകയായിരുന്നു. എന്നെ വിളിച്ച്‌ അയാൾ പൊട്ടിക്കരഞ്ഞു. ഞാനെന്റെ ഹോസ്പിറ്റലിലെ അഡ്രസ്സ്‌ കൊടുത്തു.

രണ്ട്‌ മൂന്ന് ദിവസം കൊണ്ട്‌ ആ ഉമ്മ സുഖം പ്രാപിച്ചു

വൈകുന്നേരമായപ്പോൾ ആ മകനും രണ്ട്‌ ബന്ധുക്കളും ഉമ്മയെ കാണാനെത്തി. മകനെ കണ്ട ഉമ്മ പൊട്ടിക്കരഞ്ഞു. മകനെ കെട്ടിപ്പിടിച്ചു, മകനു സ്വന്തം ഉമ്മയെ തിരിച്ചു കിട്ടി, അവനും കരഞ്ഞു. ഇതിനെല്ലാം സാക്ഷിയായ എന്റെയും കണ്ണിൽ നിന്നും വെള്ളം വന്നു. ഞാൻ അവർ കാണാതെ എന്റെ കണ്ണീർ തുടച്ചു. ഉമ്മയും മകനും എന്തൊക്കെയോ സംസാരിച്ചു. അപ്പോഴും രണ്ട്‌ പേരും കരയുന്നുണ്ടായിരുന്നു. വിസിറ്റിംഗ്‌ സമയം കഴിയാറയപ്പോൾ മകനും കൂടെ വന്നവരും റൂമിനു പുറത്തിറങ്ങി, പൊട്ടിക്കരഞ്ഞു എന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. 'ഇതെന്റെ കടമയല്ലേ' എന്നു പറഞ്ഞു ഞാൻ പുഞ്ചിരിച്ചു.

രണ്ട്‌ മൂന്ന് ദിവസം കൊണ്ട്‌ ആ ഉമ്മ സുഖം പ്രാപിച്ചു. ആ ദിവസങ്ങളിലെല്ലാം നാട്ടിൽ നിന്നും മറ്റും ആ ഉമ്മയുടെ വിവരങ്ങൾ ആരാഞ്ഞ്‌ ഒരുപാട്‌ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എല്ലാവരും എന്നോട്‌ അളവറ്റ നന്ദി അറിയിച്ചു. ഡിസ്ചാർജ്ജ്‌ ആകുന്ന ദിവസം സൗദിയിലുള്ള മറ്റൊരു മകനും ഹോസ്പിറ്റലിലെത്തി ഉമ്മയെ കൂട്ടിക്കൊണ്ട്‌ പോയി. കേരളത്തിൽ എനിക്ക്‌ യാതൊരു പരിചയവുമില്ലാത്ത നാട്ടിലെ ആ കുടുംബം ഇപ്പോഴും എന്നെ വിളിക്കുകയും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്‌. ഇത് എന്‍റെ ജോലിയിലൂടെ കിട്ടിയ സ്നേഹമാണ്.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം