Asianet News MalayalamAsianet News Malayalam

മരണത്തെക്കുറിച്ച് എങ്ങനെ കുഞ്ഞുങ്ങളോട് പറയാം?

നമ്മുടെ കുഞ്ഞിന്റെ വലിപ്പത്തിലേക്കു ചുരുങ്ങിക്കൊണ്ട് അവരിരിക്കുന്ന വൈകാരിക സാഹചര്യത്തിലൂടെ ഒന്ന് നടന്നു നോക്കണം ആദ്യം. അവര്‍ക്കെന്താണ് അനുഭവപ്പെടുന്നത് എന്നത് തിരിച്ചറിഞ്ഞാല്‍ മാത്രമേ അവരോടു വേണ്ടുംവിധം സംസാരിക്കാനാവൂ. 

how to say about death to kids
Author
Thiruvananthapuram, First Published Dec 15, 2018, 3:45 PM IST

ഹഫിംഗ്ടണ്‍ പോസ്റ്റില്‍ കരോലിന്‍ ബൊലോന എഴുതിയ കുറിപ്പ്.
സ്വതന്ത്ര വിവര്‍ത്തനം : ബാബു രാമചന്ദ്രന്‍ 

മരണം നമ്മുടെ ജീവിതത്തിന്റ ഭാഗമാണ്.  നമുക്കാര്‍ക്കും അതേപ്പറ്റി ഓര്‍ക്കാന്‍ കൂടി വയ്യെങ്കിലും.  

മരണത്തെപ്പോലെ  സങ്കീർണ്ണമായ ഒന്നുതന്നെയാണ്  മരിച്ചവരെക്കുറിച്ചോര്‍ത്തുള്ള സങ്കടവും. നമ്മുടെ കുഞ്ഞിന് പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരണത്തിനു കീഴടങ്ങുമ്പോഴാണ് നമ്മള്‍ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചേരുന്നത്. മരണം എന്ന ലളിതമല്ലാത്തൊരു സങ്കല്‍പ്പത്തെ എങ്ങനെ നമ്മുടെ കുഞ്ഞിന് പരിചയപ്പെടുത്തും..? നമ്മള്‍ തന്നെ സങ്കടത്തിന്റെ പെരുമഴയില്‍ കുതിര്‍ന്നു നില്‍ക്കുമ്പോള്‍ എങ്ങനെ നമ്മുടെ കുഞ്ഞിന്റെ സങ്കടം തീര്‍ക്കും..? 

മതങ്ങള്‍ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതങ്ങളെക്കുറിച്ചുമൊക്കെ പലവിധത്തിലാവും നമ്മെ പഠിപ്പിച്ചിട്ടിട്ടുള്ളതെങ്കിലും, ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളെ ഈ നിര്‍ഭാഗ്യകരമായ അവസ്ഥയെക്കുറിച്ച് അവർക്കു മനസ്സിലാവുന്ന രീതിയിൽ  പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. 

ആത്മാര്‍ത്ഥത, കൃത്യത 

മരണത്തെക്കുറിച്ചുള്ള വസ്തുതകള്‍ കുഞ്ഞുങ്ങളെ അറിയിക്കുക. 'അമ്മൂമ്മ ഉറങ്ങുകയാണ് മോനെ..' എന്നൊക്കെയുള്ള കാല്‍പനികമായ വളച്ചുകെട്ടലുകള്‍ കൊണ്ട് അവരെ കുഴക്കരുത്.  നല്ലൊരു നേരം നോക്കി അവരെ മരണത്തെക്കുറിച്ചുതന്നെ പറഞ്ഞു മനസിലാക്കുക. യാഥാർത്ഥ്യത്തിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കുക. മരണമെന്ന കറുത്തസത്യത്തില്‍ നിന്നും അവരെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്, (അവരെ ഒരര്‍ത്ഥത്തില്‍ സംരക്ഷിക്കാന്‍ നോക്കുന്നത്), പക്ഷേ അവര്‍ക്ക് ദോഷമായേ വരികയുള്ളൂ.. 

അവരെന്നും അവരുടെ അച്ഛനെ മേഘങ്ങളില്‍ തിരഞ്ഞു നടന്നെന്നുവരാം

കുഞ്ഞുങ്ങളുടെ ചിന്തകള്‍ എപ്പോഴും പ്രത്യക്ഷമായ രീതിയിലായിരിക്കും. അമൂര്‍ത്തമായ ചിന്തിക്കാന്‍ അവര്‍ക്കറിയില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ വളച്ചുകെട്ടി അവരോടു പറയുന്ന 'കാല്‍പനിക'മായ വാക്കുകള്‍ അവരെ കൂടുതല്‍ കുഴക്കുകയേയുള്ളൂ.. ഈര്‍ഷ്യയുണ്ടാക്കുകയേയുള്ളൂ അതവരില്‍. ' മോന്റെ അച്ഛന്‍ അതാ അങ്ങ് മേഘങ്ങളില്‍ ഉണ്ട്.. ' എന്നോ അല്ലെങ്കില്‍ 'മോളുടെ അച്ഛന്‍ ഉറങ്ങുകയാണ്.. ' എന്നോ  പറയുമ്പോള്‍ മരണത്തിന്റെ ശാശ്വതസ്വഭാവം അവര്‍ തിരിച്ചറിഞ്ഞെന്നുവരില്ല. അവരെന്നും അവരുടെ അച്ഛനെ മേഘങ്ങളില്‍ തിരഞ്ഞു നടന്നെന്നുവരാം, അച്ഛന്‍ ഉണരാന്‍ വേണ്ടി അനിശ്ചിതമായി അവര്‍ കാത്തിരിക്കാം.. 

'മരണം', 'മരിച്ചുപോയി','മരിച്ചുകൊണ്ടിരിക്കുകയാണ്'... ഇതൊക്കെ വളരെ പരുപരുക്കന്‍ വാക്കുകളാണ്. ശരിതന്നെ. കൗണ്‍സിലര്‍ ആയ വില്‍ബോണ്‍ പറയുന്നത് മരണത്തിന്റെ 'നിത്യത' കുഞ്ഞുങ്ങളിലേക്കെത്തിക്കാന്‍ 'കൃത്യമായ ഭാഷ' അത്യാവശ്യം തന്നെയാണ്. 

ചോദ്യങ്ങള്‍ ചോദിക്കുക, ഉത്തരങ്ങള്‍ പറയുക.. 

അച്ഛനമ്മമാര്‍ അവരുടെ മക്കളോട് മരണത്തെക്കുറിച്ചു നടത്തുന്ന സംഭാഷണം, ആ കുഞ്ഞിന്റെ ആരാണ് മരിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. അത് അവരുടെ പ്രായത്തെയും മാനസിക വികാസത്തെയും ആശ്രയിച്ചിരിക്കും. എങ്കിലും പൊതുവെ 'അവരോട് കൊച്ചുകൊച്ചു ചോദ്യങ്ങള്‍ ചോദിക്കുക.. അവര്‍ക്കുണ്ടാകാവുന്ന സംശയങ്ങള്‍ക്ക് ഉത്തരം പറഞ്ഞു പോവുക' എന്ന രീതിയാവും ഉത്തമം. അങ്ങനെ ചോദ്യോത്തരങ്ങളിലൂടെ ആ മരണത്തിന്റെ, അവരുടെ പ്രായത്തിനനുസരിച്ചുള്ള വിശദവിവരങ്ങള്‍ അവര്‍ക്കു നല്‍കണം. 

വ്യക്തമായ കൗണ്‍സിലിംഗ് നല്‍കിയില്ലെങ്കില്‍ അത് അവരുടെ മനസ്സില്‍ ഒരു മുറിവായി വളരാനുള്ള സാധ്യതയുണ്ട്

'ചില കേസുകളില്‍ കുഞ്ഞുങ്ങള്‍ മരണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ക്ക് സാക്ഷികളാവും. ഉദാഹരണത്തിന് അവര്‍ അപകടസ്ഥലത്തുണ്ടായിരുന്നിരിക്കും അല്ലെങ്കില്‍ അപകടം പറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നിരിക്കും, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരിക്കും. അല്ലെങ്കില്‍ രോഗിയെ കാണാന്‍ അവര്‍ ആശുപത്രിയില്‍ വന്ന സമയമായിരിക്കും മരണം  നടന്നിരിക്കുക. ആ കേസുകളിലൊക്കെ, അവര്‍ കണ്ട കാര്യം എന്തെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കൃത്യമായ സഹായം നല്‍കേണ്ടതുണ്ട്. വ്യക്തമായ കൗണ്‍സിലിംഗ് ഇക്കാര്യത്തില്‍ നല്‍കിയില്ലെങ്കില്‍ അത് അവരുടെ മനസ്സില്‍ ഒരു മുറിവായി വളരാനുള്ള സാധ്യതയുണ്ട്' -കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയിലെ ചൈല്‍ഡ് ട്രോമാ റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ചന്ദ്രാ ഘോഷ് ഈപ്പന്‍ പറഞ്ഞു. 

നമ്മുടെ കുഞ്ഞിന്റെ വലിപ്പത്തിലേക്കു ചുരുങ്ങിക്കൊണ്ട് അവരിരിക്കുന്ന വൈകാരിക സാഹചര്യത്തിലൂടെ ഒന്ന് നടന്നു നോക്കണം ആദ്യം. അവര്‍ക്കെന്താണ് അനുഭവപ്പെടുന്നത് എന്നത് തിരിച്ചറിഞ്ഞാല്‍ അവരോടു വേണ്ടുംവിധം സംസാരിക്കാനാവൂ. ദേഹമാസകലം പ്രോബുകളും ട്യൂബുകളുമിട്ട് നമ്മുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും കിടക്കുന്നതും ഡോക്ടര്‍മാരും നഴ്സുമാരും പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി രോഗിയെ രക്ഷിക്കാനുള്ള പ്രൊസീജിയറുകള്‍ ചെയ്യുന്നതുമെല്ലാം ചിലപ്പോള്‍ ആ മുറിയ്ക്കുള്ളില്‍ അവിചാരിതമായി പെട്ടുപോവുന്ന കുരുന്നിന് വളരെ ഭീതിദമായ അനുഭവപ്പെടാം. 'അവരുമായി ആ സംഭവം ചര്‍ച്ചചെയ്യാനുള്ള ഒരു സ്പേസ് ഉണ്ടാക്കണം. ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ പ്രിയപ്പെട്ടവരെ ഉപദ്രവിക്കുകയല്ല, രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തത് എന്നുള്ള യാഥാര്‍ഥ്യം നമ്മള്‍ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ' അവര്‍  പറഞ്ഞു. 

തുടര്‍ച്ചയുള്ള ഒരു സംഭാഷണമാണത്. നമ്മള്‍ വിചാരിക്കുന്നതിലും അധികം  വിവേകമുള്ളവരായിരിക്കും നമ്മുടെ കുഞ്ഞുങ്ങള്‍. മരണത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങള്‍ക്ക് ചിലപ്പോള്‍ അവര്‍ വളരെ ലളിതമായ വിശദീകരണങ്ങള്‍ നമുക്ക് തിരിച്ചു തന്നെന്നിരിക്കും. ചിലപ്പോള്‍ അവര്‍ അതേപ്പറ്റി തിരിച്ചും മറിച്ചുമെല്ലാം ചോദിച്ചെന്നിരിക്കും. അത് നമ്മളെ മരണത്തിന്റെ ട്രോമയിലൂടെ വീണ്ടും വീണ്ടും കൊണ്ടുപോയെന്നിരിക്കും ക്ഷമ നഷ്ടപ്പെടാതെ നമ്മുടെ കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കണം. അവര്‍ക്ക് നമ്മള്‍ പറയുന്നത് മനസ്സിലാവാഞ്ഞിട്ടല്ല. വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുക എന്നത്, കാര്യങ്ങള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള അവരുടെ ഒരു രീതിയാണ്. 

അവരുടെ വികാരങ്ങള്‍ സങ്കീര്‍ണ്ണമാണ്


സങ്കടം വളരെ കുഴപ്പം പിടിച്ചൊരു വികാരമാണ്.. അത് നമ്മുടെ മനസ്സില്‍ പലപല ചിന്തകളും കൊണ്ടുവരും.  നമ്മളില്‍, വികാരത്തള്ളിച്ചയുണ്ടാക്കും നമ്മുടെ പെരുമാറ്റത്തെ വരെ അത് ബാധിക്കും. മരണവിവരം അറിഞ്ഞ ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദേഷ്യം വരാം. അവര്‍ കരഞ്ഞെന്നിരിക്കും, അവര്‍ക്ക് ഒന്നും മനസ്സിലായില്ലെന്നുവരാം. ചിലപ്പോള്‍ മരണത്തിന് അവര്‍ അവനവനെ കുറ്റപ്പെടുത്തിയെന്നിരിക്കാം. ഇതിനൊക്കെ ഒപ്പം നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില സ്വഭാവവ്യതിയാനങ്ങളും വരാനുളള സാധ്യതയുണ്ട്. ഉദാ: ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും  പാറ്റേണുകളില്‍ ഉള്ള  വ്യത്യാസം അല്ലെങ്കില്‍ സ്‌കൂളിലെ പെര്‍ഫോര്‍മന്‍സ് ലെവലില്‍ ഉള്ള മാറ്റങ്ങള്‍. ചിലപ്പോള്‍ കുഞ്ഞ് വളരെപ്പെട്ടെന്നു തന്നെ സങ്കടമെല്ലാം മാറി ചാടിക്കളിച്ചു നടന്നെന്നു വരാം.  ഇതിന് സങ്കടമെന്നൊന്നില്ലേ എന്ന് വേവലാതിപ്പെടേണ്ട. കാരണം, കുഞ്ഞുങ്ങളുടെ സങ്കടകാലത്തിന്റെ 'ദൈര്‍ഘ്യം' താരതമ്യേന വളരെ കുറവാണ്.

പിടിച്ചുലയ്ക്കുന്ന ഒരു നഷ്ടം കുഞ്ഞിന് സംഭവിക്കുമ്പോള്‍ ആദ്യം കുറെ നേരം കരഞ്ഞുകൊണ്ടിരുന്നിട്ട് ചിലപ്പോള്‍ കൂട്ടുകാരെ കാണുമ്പോള്‍ അവര്‍ക്കൊപ്പം തൊടിയില്‍ ഓടിക്കളിച്ചെന്നിരിക്കാം.. പൊട്ടിച്ചിരിച്ചെന്നിരിക്കാം. അത്ഭുതപ്പെടേണ്ട, കുഞ്ഞുങ്ങളങ്ങനാണ്.  നമ്മള്‍ മുതിര്‍ന്നവര്‍ ഒരു മൂലയ്ക്കിരുന്ന് സങ്കടത്തെ ഉള്ളിലേക്ക് ഏറ്റുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ ഓടിപ്പാഞ്ഞുനടന്ന് അതിനെ കുടഞ്ഞെറിയാനാണ് ശ്രമിക്കുക. 'അവര്‍ സങ്കടത്തിലേക്ക് വന്നും പോയും ഇരിക്കും. കാണുമ്പോള്‍ ഇതുവല്ലതും അവരെ ബാധിച്ചിട്ടുണ്ടോ എന്നുപോലും നമുക്ക് തോന്നും. തിരിച്ചറിയുക. അവരെ ബാധിച്ചിട്ടുണ്ട്.. പക്ഷേ, അവര്‍ അങ്ങനെയാണ് '-ചന്ദ്ര ഈപ്പന്‍ പറഞ്ഞു. 

ക്ഷമ വേണം

സങ്കടം ഒരു നീണ്ട പ്രക്രിയയാണ്. അതുകൊണ്ടുതന്നെ നമ്മള്‍ രക്ഷിതാക്കള്‍ അതിന്റെ കാര്യത്തില്‍ ധൃതിപ്പെടരുത്.. എപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ സങ്കടം തീരും എന്ന് അക്ഷമരായി നോക്കിക്കൊണ്ടിരുന്നാല്‍ നമുക്ക് കൂടുതല്‍ ഫ്രസ്ട്രേഷന്‍ വരികയേയുള്ളൂ.. 'സങ്കടം നമുക്ക് വളഞ്ഞുചുറ്റി കടന്നു പോവാനൊക്കുന്ന ഒരു പ്രക്രിയയല്ല. അതിനുള്ളിലൂടെ തന്നെ നമ്മള്‍ കടന്നുപോവണം. അതുകൊണ്ടു തന്നെ അതിന്റെ വേഗത്തോട് നമ്മള്‍ പൊരുത്തപ്പെട്ടേ മതിയാവൂ.. ഒരു കുഞ്ഞിന് അതിന്റെ നോര്‍മലായ മാനസികാവസ്ഥയിലേക്കെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം.. ക്ഷമ കാട്ടുക..'-ചന്ദ്ര ഈപ്പന്‍ പറഞ്ഞു. 

നമ്മളെ ആശ്രയിക്കാന്‍ ഏതുനേരവും അവര്‍ക്കു പറ്റണം

മരണത്തോടനുബന്ധിച്ച് അവരുടെ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍. ഉദാ: സ്‌കൂള്‍ മാറ്റം, സൗഹൃദങ്ങളില്‍ ഉണ്ടാവുന്ന മാറ്റം, ജീവിച്ചിരുന്ന നഗരങ്ങള്‍ മാറുന്നത്. അതിലൊക്കെ അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് നമ്മള്‍ കൊടുക്കണം. ക്ഷമയോടെ അവരെ പരിചരിക്കണം. 

'വീട് സങ്കടം വരുമ്പോള്‍ അവര്‍ക്ക് ചെന്നുകേറാവുന്ന ഒരിടമാണെന്നു അവര്‍ക്ക് തോന്നണം. നമ്മളെ ആശ്രയിക്കാന്‍ ഏതുനേരവും അവര്‍ക്കു പറ്റണം. പ്രായത്തിനു ചേരുന്ന എന്തെങ്കിലുമൊക്കെ ആക്ടിവിറ്റികളില്‍ മുഴുകി സമയം തള്ളിനീക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം'- ചന്ദ്ര ഈപ്പന്‍ പറയുന്നു. 

മാനസികമായ ഒരു അത്താണി നമ്മളില്‍ അവര്‍ കണ്ടെത്തുമ്പോള്‍ അവര്‍ തിരിച്ചുവരവിന്റെ പാതയിലേക്ക് താനേ.വന്നുകൊള്ളും.

ചടങ്ങുകളെ ആശ്രയിക്കാം

നമ്മളെ വിട്ടുപോയവര്‍ ഓര്‍ക്കാനും അവരെ ആദരിക്കാനുമുള്ള ചടങ്ങുകള്‍ മറ്റൊരുപാധിയാണ്. നമ്മെ വിട്ടുപോയ വ്യക്തി ഇന്ന് നമ്മളോടൊപ്പമില്ലെങ്കിലും നമ്മള്‍ അവരെ ഓര്‍ക്കുന്നു, ആദരിക്കുന്നു എന്നത് കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. പലപ്പോഴും സംഭവിക്കുന്നത് മരണം എന്ന സങ്കടത്തില്‍ നമ്മള്‍  പിന്നെ മരിച്ചുപോയവരെപ്പറ്റി ഒരു പരാമര്‍ശം പോലും  നടത്തില്ല. അവരെ നമ്മള്‍ മറന്നുപോയി എന്ന് കരുതിക്കളയും നമ്മുടെ കുഞ്ഞുങ്ങള്‍. അതുപാടില്ല. കുഞ്ഞുങ്ങള്‍ക്ക് അവരുടെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായുന്നത് സഹിക്കില്ല.  

രക്ഷിതാക്കള്‍ക്കുവേണ്ടിയാണെങ്കില്‍, എലിസബത്ത് കുബേര്‍ ക്രോസ് എഴുതിയ പുസ്തകങ്ങളാവാം

മരിച്ചു പോയവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഊഷ്മളമായിരിക്കേണ്ടുന്നത് അത്യാവശ്യമാണ്. പല പല സംസ്‌കാരങ്ങളിലും മരിച്ചവരെ ഓര്‍ക്കാനുള്ള പലവിധത്തിലുള്ള ചടങ്ങുകളുണ്ട്. മതപരമായതോ അല്ലാത്തതോ, എന്തുതന്നെയായാലും മരിച്ചു പോയി എന്നതുകൊണ്ട് മാത്രം നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ ജീവിതങ്ങളില്‍ നിന്നും മാഞ്ഞുപോവുന്നില്ല എന്ന് നമ്മുടെ കുഞ്ഞുങ്ങളെ  ആചാരങ്ങളും ആണ്ടുകളും മറ്റും ഓര്‍മ്മിപ്പിക്കും. 

അത് അവരുടെ തെറ്റായിരുന്നില്ല എന്ന്.

ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ചില മരണങ്ങള്‍ക്ക് അവനവനെത്തന്നെ പഴിചാരിക്കളയും. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചത് തങ്ങള്‍ കാരണമാണ് എന്നുള്ള കുറ്റബോധം വല്ലാത്ത ഒന്നാണ്. ഒന്നും അവരുടെ തെറ്റല്ലെന്നും. മരണം അതിന്റെ വഴിക്കു വന്നതാണെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ അവര്‍ അവരുടേതായ ഭാവനാലോകങ്ങളില്‍ അവനവനെ പഴിച്ചുകൊണ്ട് തള്ളി നീക്കും, ജീവിതം. 

വായന സഹായകരമാവും


കുഞ്ഞുങ്ങളില്‍ മരണങ്ങള്‍ ഉണ്ടാക്കുന്ന ട്രോമയെപ്പറ്റിയും അവ കടന്നുകിട്ടാനുള്ള പലവിധമുള്ള രീതികളെക്കുറിച്ചും ഒട്ടനവധി പുസ്തകങ്ങള്‍ ലഭ്യമാണ്. Chester Raccoon and the Acorn Full of Memories, The Dragonfly Door, When Dinosaurs Die: A Guide to Understanding Death, Rosie Remembers Mommy: Forever in Her Heart, Sad Ins't Bad: A Good-Grief Guidebook for Kids Dealing With Lossand Samantha Jane's Missing Smile: A Story About Coping With the Loss of a Parent.  എന്നീ പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ വേണ്ട വിദഗ്ധാഭിപ്രായങ്ങള്‍ കൊണ്ട് സമ്പന്നമാണ്. 

രക്ഷിതാക്കള്‍ക്കുവേണ്ടിയാണെങ്കില്‍, എലിസബത്ത് കുബേര്‍ ക്രോസ് എഴുതിയ പുസ്തകങ്ങളാവാം.  How Do We Tell the Children? Fourth Edition: A Step-by-Step Guide for Helping Children and Teens Cope When Someone Dies and Understanding and Supporting Bereaved Children: A Practical Guide for Professionals.പുസ്തകങ്ങളെക്കാള്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്നത് നമ്മുടെ സമൂഹത്തില്‍ തന്നെയുള്ള സമ്പര്‍ക്ക ഗ്രൂപ്പുകള്‍ക്കാണ്. ഉദാ. സ്‌കൂള്‍ കൗണ്‍സലിംഗ്, സപ്പോര്‍ട്ട് ഗ്രൂപ്പ്, പ്‌ളേ തെറാപ്പി, പിയര്‍ കൗണ്‍സിലിങ് സെന്ററുകള്‍ക്ക് .

നിങ്ങളുടെ സങ്കടം അവര്‍ കാണട്ടെ 


ജീവിതത്തിലെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ നഷ്ടത്തോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും കുഞ്ഞുങ്ങള്‍ ഉറ്റുനോക്കുന്ന ഒരുകാര്യമാണ്. നമുക്കും സങ്കടമുണ്ട് എന്നത് അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. നമ്മള്‍ കരയുന്നത് അവര്‍ കാണുന്നതിനെച്ചൊല്ലി വേവലാതി വേണ്ട. അത് തികച്ചും സ്വാഭാവികമാണ്. അവര്‍ കണ്ടോട്ടെ. ഒന്നും  വരില്ല. അത് അവരില്‍ ജീവിതത്തിലെ വൈകാരികാംശത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. 'എനിക്ക് സങ്കടമുണ്ട് മോനെ. എനിക്കെന്റെ അമ്മയെ മിസ് ചെയ്യുന്നു' എന്നൊക്കെ പറയുന്നത് അവരില്‍ രക്ഷിതാവിനോടുള്ള ബഹുമാനം കൂട്ടുക മാത്രമേയുള്ളൂ. സങ്കടമടക്കം ഏതൊരുവികാരവും കുടുംബത്തിനുള്ളില്‍ പങ്കുവെക്കപ്പെടേണ്ടതാണ് എന്ന പാഠം അത് കുഞ്ഞുങ്ങളില്‍ ഉണര്‍ത്തും. പൊതുവെ ഒരു സങ്കല്‍പമുണ്ട്. നമ്മള്‍ ടഫ് ആവണം എന്ന്. അതിനുവേണ്ടി സങ്കടമെല്ലാം ഉള്ളില്‍ ഒതുക്കി മുഖം വലിച്ചുകെട്ടി, വല്ലാത്തൊരു ചിരി മുഖത്തുവരുത്തി നടക്കുന്നവരെ കണ്ടിട്ടില്ലേ...? 

കുഞ്ഞുങ്ങള്‍ക്ക് അക്കാര്യത്തില്‍ അവരെ സഹായിക്കാനായെന്നുവരില്ല

തന്റെ പ്രിയപ്പെട്ട ഒരാളിന്റെ നഷ്ടത്തില്‍ കുഞ്ഞ് സങ്കടപ്പെട്ടിരിക്കുമ്പോള്‍, അച്ഛനോ അമ്മയോ ചിരിച്ച മുഖവുമായി നടക്കുന്നതുകണ്ടാല്‍ കുഞ്ഞിന് മനസ്സില്‍ സംഭ്രമമാവും ഉണ്ടാവുക. 

ചുരുക്കിപ്പറഞ്ഞാല്‍, 'അമ്മ/അച്ഛന്‍ സങ്കടത്തിലാണ്, പക്ഷേ അമ്മ / അച്ഛന്‍ സ്‌ട്രോങ്ങാണ്..' എന്ന സന്ദേശം കുഞ്ഞിന് കൈമാറുന്നതാവും ഉത്തമം. സങ്കടം തനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികമാണെങ്കില്‍ രക്ഷിതാവിന് പ്രൊഫഷണല്‍ ആയ സഹായങ്ങള്‍  തേടാവുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് അക്കാര്യത്തില്‍ അവരെ സഹായിക്കാനായെന്നുവരില്ല. മുതിര്‍ന്നവര്‍ പക്വതയുള്ളവരും, സമചിത്തരും, സുശക്തരുമാണ് എന്ന തോന്നല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ' സങ്കടം വന്നാല്‍ ഞങ്ങള്‍ തളരില്ല. ഇനി തളര്‍ന്നാലും ഞങ്ങള്‍ക്ക് താങ്ങായി മുതിര്‍ന്നവര്‍ കൂടെയുണ്ട്'  എന്ന തോന്നല്‍ അവരില്‍ ഉളവാക്കേണ്ടത് നമ്മുടെ  ഉത്തരവാദിത്തമാണ്. നമ്മുടെ മാത്രം ഉത്തരവാദിത്തം.

Follow Us:
Download App:
  • android
  • ios