Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലെങ്കിലെന്താ? ആര്‍ക്കും പ്രചോദനമാണ് ഈ ജീവിതം

ഇരുപത്തിയേഴാമത്തെ വയസില്‍ എന്‍റെ പ്രിയപ്പെട്ടവളെ ഞാന്‍ വിവാഹം കഴിച്ചു. പലരും ചോദിക്കാറുണ്ട് അവളും അന്ധയാണോ എന്ന്. പക്ഷെ, അല്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടാന്‍ ഒറ്റ കാരണം സ്നേഹം മാത്രമാണ്. 

inspirational story of a blind man
Author
Mumbai, First Published Nov 7, 2018, 6:09 PM IST

മുംബൈ: പന്ത്രണ്ടാമത്തെ വയസില്‍ പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടു. എന്നാലെന്താ? ആഗ്രഹത്തിനൊത്ത ജോലി വാങ്ങി. വിവാഹം കഴിച്ചു. രണ്ട് കുട്ടികളുണ്ട്. സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുന്നു. ആര്‍ക്കും പ്രചോദനമാണ് ഈ ജീവിതം. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഇദ്ദേഹത്തിന്‍റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 

ജനിക്കുമ്പോള്‍ തന്നെ ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നു. പന്ത്രണ്ട് വയസായപ്പോഴേക്കും കാഴ്ച പൂര്‍ണമായും മങ്ങിത്തുടങ്ങി. പക്ഷെ, എല്ലാവരേയും പോലെ സാധാരണ സ്കൂളില്‍ തന്നെ പോയി. നിയമം പഠിക്കാനായിരുന്നു ആഗ്രഹം. അതും സാധിച്ചു. പിന്നീടൊരു ബാങ്കില്‍ ജോലി ലഭിച്ചു. കാഴ്ചയില്ലാത്തതിന്‍റെ പേരില്‍ പ്രൊമോഷന്‍ കിട്ടാതായപ്പോള്‍ അതിനെതിരെ സ്വയം നിയമയുദ്ധം നടത്തി. ഒടുവില്‍ പ്രൊമോഷന്‍ ലഭിച്ചു. പിന്നീട്, വിരമിച്ച ശേഷം തന്നെപ്പോലെയുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റില്‍ നിന്ന്: ജനിച്ചപ്പോഴേ ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നു. പന്ത്രണ്ട് വയസായപ്പോഴേക്കും പൂര്‍ണമായും കാഴ്ച നഷ്ടമായി. ഞാനൊരു സാധാരണ സ്കൂളിലാണ് പഠിച്ചത്. എഴുതാനും വായിക്കാനും പഠിച്ചു. എനിക്കെപ്പോഴും ഒരു വക്കീലാകാനായിരുന്നു ഇഷ്ടം. അതിനായി ഞാന്‍ പരിശ്രമിച്ചു. അച്ഛനെന്നെ സഹായിച്ചു. എന്‍റെ കൂടെ കോളേജില്‍ കൂട്ടുവന്നു. ഞാന്‍ പരീക്ഷകള്‍ ജയിക്കാനായി കഠിനമായി പരിശ്രമിച്ചു. നിയമത്തില്‍ ബിരുദം നേടി. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്കൊരു ഗവണ്‍മെന്‍റ് ബാങ്കില്‍ ജോലി കിട്ടി. സാമ്പത്തികമായി സ്വാശ്രയത്വം നേടിയത് എന്നെ സന്തോഷിപ്പിച്ചു. 

ജോലിക്ക് പോയിത്തുടങ്ങി. അതിനിടയില്‍, എന്‍റെ മുകളിലുള്ള ഒരു ഉദ്യോഗസ്ഥനാണ് എന്നോട് പറയുന്നത് കാഴ്ചയില്ലാത്തതിനാലാണ് എനിക്ക് പ്രൊമോഷന്‍ കിട്ടാത്തത് എന്ന്. ഞാന്‍ പൊരുതാന്‍ തീരുമാനിച്ചു. അതിനായി ഞാനെന്‍റെ ബിരുദം ഉപയോഗിച്ചു. കോടതിയില്‍ കേസ് നല്‍കി. ഞാന്‍ കേസ് ജയിച്ചു. ഇന്‍റര്‍വ്യൂ നടത്തി. എനിക്ക് പ്രൊമോഷനായി. 

ഇരുപത്തിയേഴാമത്തെ വയസില്‍ എന്‍റെ പ്രിയപ്പെട്ടവളെ ഞാന്‍ വിവാഹം കഴിച്ചു. പലരും ചോദിക്കാറുണ്ട് അവളും അന്ധയാണോ എന്ന്. പക്ഷെ, അല്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടാന്‍ ഒറ്റ കാരണം സ്നേഹം മാത്രമാണ്. ഞങ്ങളുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചതിനു ശേഷം ഒരുദിവസം അവളെ സ്റ്റേഷനില്‍ വിടാന്‍ പോയപ്പോള്‍ ഞാനവളുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു, ഒരിക്കലും ഞാനവളെ പിരിയില്ലെന്ന്. ആ പ്രോമിസ് നമ്മളിപ്പോഴും സൂക്ഷിക്കുന്നു.

ഹണിമൂണിനായി ഗോവയില്‍ പോകാനായി വിമാനത്തില്‍ കയറിയപ്പോള്‍ അവള്‍ പറഞ്ഞു, അവള്‍ക്ക് ഭയമാകുന്നു. ആദ്യമായാണ് അവള്‍ ഫ്ലൈറ്റില്‍ കയറുന്നത് എന്ന്. അതുകൊണ്ടാണ് ഫ്ലൈറ്റ് തന്നെ തെരഞ്ഞെടുത്തത് എന്ന് ഞാനും പറഞ്ഞു. 

സീനിയര്‍ മാനേജരായാണ് ഞാന്‍ വിരമിച്ചത്. എന്‍റെ മക്കളെല്ലാം പഠിച്ചു. നല്ല ജോലിയിലാണ്. ഞാന്‍ വിരമിച്ച ശേഷം 'നാഷണല്‍ അസോസിയേഷന്‍ ഓഫ് ദ ബ്ലൈന്‍ഡി'ന്‍റെ കൂടെ ജോലി ചെയ്തു തുടങ്ങി. അവര്‍ക്കാവശ്യമുള്ള നിയമസഹായം നല്‍കിത്തുടങ്ങി. 

എന്‍റെ ജീവിതം എപ്പോഴും സാഹസികതയും സ്നേഹവും നിറഞ്ഞതായിരുന്നു. എന്‍റെ കാഴ്ചയില്ലായ്മ എനിക്കൊരു കുറവേ ആയിരുന്നില്ല. അതെനിക്ക് കരുത്തായി. ഇത് വായിക്കുന്ന നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ്. കാരണം ഇത് വായിക്കാന്‍ നിങ്ങള്‍ക്ക് കാഴ്ചയുണ്ട്. മിടിപ്പുള്ള ഒരു ഹൃദയമുണ്ട്, സ്വന്തം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍. പരാതി പറയുന്നത് അവസാനിപ്പിക്കൂ, ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്നത് അവസാനിപ്പിക്കൂ. സ്വന്തം ജീവിതത്തെ സ്നേഹിക്കൂ. നിങ്ങളുടെ മനസിനാണ് പരിമിതികള്‍. എന്നെ നോക്കൂ... നിങ്ങളാഗ്രഹിക്കുന്ന എന്തും നേടാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. 

 

(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക് പേജ്, ഹ്യുമന്‍‌സ് ഓഫോ ബോംബെ)

Follow Us:
Download App:
  • android
  • ios