കൊച്ചി: ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോഴും അവിടെയുണ്ട്. അതേ ആശുപത്രിക്കിടക്കയില്‍. മകള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദിവസം എത്തിയതാണ് ഈ ആശുപത്രി കിടക്കയില്‍. പിന്നെ അവിടെ തന്നെയാണ്. 

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ കണ്ണീര്‍ തോരുന്നേയില്ല. ഇതിനടെ പലതും നടന്നു. നാടു മുഴുവന്‍ ജിഷയ്ക്കു വേണ്ടി രംഗത്തുവന്നു. പ്രധാനമന്ത്രി അടക്കമുള്ള വമ്പന്‍ നേതാക്കള്‍ ഇടപെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതിഷേവുമായി ഇറങ്ങി. കേരളത്തിലും പുറത്തും യുവത്വം പ്രതിഷേധവുമായി തെരുവുകളിലിറങ്ങി. ടിവിയില്‍ മാത്രം കണ്ടിരുന്ന വലിയ നേതാക്കള്‍ അമ്മയെ കേള്‍ക്കാന്‍ വന്നു. നീതി കിട്ടാന്‍ വേണ്ടതു ചെയ്യാമെന്നു അവര്‍ വാക്കു നല്‍കി. പൊലീസ് അന്വേഷണത്തിലെ ഓരോ അനക്കവും വാര്‍ത്തകളായി.

എന്നിട്ടും ഈ അമ്മയ്ക്കു നീതി കിട്ടിയതേയില്ല. പ്രതി ഇനിയും ദുരൂഹതയായി തുടരുന്നു. കൊല നടന്ന ഉടന്‍ തന്നെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയുടെ ഫലമാണത്. തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്ന ജിഷയുടെ അരുംകൊല ഇപ്പോള്‍ എല്ലാവരും മറന്ന മട്ടാണ്. ആരും ഇപ്പോള്‍ ഈ അമ്മയെ തേടി വരാറില്ല. ജിഷയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഓണ്‍ലൈന്‍ ലോകവും മറ്റ് തിരക്കുകളിലാണ്. 

ഈ സാഹചര്യത്തില്‍ വീണ്ടും നമ്മള്‍ ഈ അമ്മയെ കേള്‍ക്കേണ്ടതുണ്ട്. ഈ അമ്മയുടെ കണ്ണീര്‍ തുടക്കാന്‍ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. പുതിയ മന്ത്രിസഭ ബുധനാഴ്ച അധികാരത്തിലേറുമ്പോള്‍ മുഖ്യ പരിഗണനയായി ഈ വിഷയം ഉണ്ടാവേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ അമ്മയുടെ നിലവിളികള്‍. 

കേള്‍ക്കാം, ആ അമ്മ പറയുന്ന വാക്കുകള്‍