ആംസ്റ്റര്‍ഡാം: 'സ്ത്രീകളുടെ സ്ത്രീ ഫോട്ടോഗ്രാഫര്‍' എന്നറിയപ്പെടുന്നയാളാണ് ഐസിസ് ചെറിസ്. ന്യൂയോര്‍ക്കിലെ ബുഡ്വാര്‍ ഫോട്ടോഗ്രാഫറായ ചെറിസ് ആ പേരിന് എന്തുകൊണ്ടും അര്‍ഹയുമാണ്. കാരണം, സ്ത്രീകള്‍ക്കായാണ് അവരുടെ ഫോട്ടോഗ്രാഫി. ചെറിസ് തുടങ്ങിയിരിക്കുന്ന 'ദ ഗ്രെയ്സ് പ്രൊജക്ട്' അതിലൊന്നുമാത്രമാണ്. സ്തനാര്‍ബുദം കാരണം സ്തനം നീക്കം ചെയ്യേണ്ടി വന്ന സ്ത്രീകളുടെ മനോഹരമായ ചിത്രങ്ങളാണ് ചെറിസ് പകര്‍ത്തിയിരിക്കുന്നത്. ദ ഗ്രെയ്സ് പ്രൊജക്ടിലേക്ക് വളരെ യാദൃശ്ചികമായാണ് അവര്‍ എത്തിച്ചേര്‍ന്നത്. 

അതിനെ കുറിച്ച് ചെറിസ് പറയുന്നതിങ്ങനെ: ബുഡ്വാന്‍ ഫോട്ടോഗ്രാഫറാണ് ഞാന്‍. പല സ്ത്രീകളുടെയും പലതരം ചിത്രങ്ങള്‍ ഞാനെടുത്തിട്ടുണ്ട്. സ്ത്രീകളാണ് എന്നതുകൊണ്ടു തന്നെ വൈകാരികമായ സംഭാഷണങ്ങളും അവരും ഞാനും തമ്മിലുണ്ടാകാറുമുണ്ട്. അവര്‍ അവരുടെ പല അനുഭവങ്ങളും എന്നോട് തുറന്നുപറയും. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നടക്കാതെ പോയ ആഗ്രഹങ്ങളുമെല്ലാം അവര്‍ പറയുമായിരുന്നു. ശരീരം നഗ്നമായി ഷൂട്ട് ചെയ്യുന്നതിനോടൊപ്പം അവരുടെ മനസും നഗ്നമാകും. ഒരുപാട് സംസാരിക്കും. ഒടുവില്‍ പുതിയൊരു ഊര്‍ജ്ജത്തോടെയാണ് അവര്‍ തിരികെ പോവുക. 

അതാരും അറിയാതിരിക്കാനാണ് ശരീരം മുഴുവന്‍ മറക്കുന്നത്

എന്‍റെ ഒരു സുഹൃത്തിനും സ്തനാര്‍ബുദമായിരുന്നു. സ്തനം നീക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് അവളെന്നോട് ഒരു പോര്‍ട്രെയ്റ്റ് വേണമെന്ന് പറഞ്ഞിരുന്നു. അത് എടുക്കുന്നതിനു മുമ്പ് ഞാന്‍ ഗൂഗിളില്‍ സ്തനം നീക്കം ചെയ്ത സ്ത്രീകളുടെ ചിത്രങ്ങള്‍ തിരഞ്ഞിരുന്നു. മെഡിക്കല്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു അപ്പോഴെനിക്ക് കിട്ടിയത്. അതിലേറെയും ഭയപ്പെടുത്തുന്നതായിരുന്നു. അത് ഒരിക്കലും സ്തനാര്‍ബുദമുള്ള സ്ത്രീകള്‍ക്ക് സന്തോഷം നല്‍കില്ല. എന്നുമാത്രമല്ല അവരെ തളര്‍ത്തുകയും ചെയ്യും. അതാണ് ഗ്രെയ്സ് പ്രൊജക്ടിന് കാരണമായിത്തീര്‍ന്നത്. 

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ഇതാണ്, ഒരാള്‍ അയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ എന്നോട് പകര്‍ത്താന്‍ ആവശ്യപ്പെട്ടു. അയാളെന്നെ വിളിച്ചത് 2009 -ലാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ഫോട്ടോഷൂട്ടിനായി എന്‍റെ സ്റ്റുഡിയോയിലെത്തുമെന്നും അറിയിച്ചു. അറുപത്തിരണ്ടുകാരിയായിരുന്നു അവര്‍. ഭര്‍ത്താവിനു വേണ്ടിയുള്ള ഭംഗിയുള്ള ഒരു പോര്‍ട്രെയ്റ്റ് വേണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. അവരുടെ കയ്യിലുണ്ടായിരുന്നതോ ആകെ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും. അങ്ങനെ അവര്‍‌ വസ്ത്രം മാറിത്തുടങ്ങി. പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത് അര്‍ബുദത്തെ തുടര്‍ന്ന് അവരുടെ ഒരു സ്തനം നീക്കം ചെയ്തിരിക്കുകയാണ്. അതിന്‍റെ പേരില്‍ ഭീകരമായ അപകര്‍ഷത അനുഭവിക്കുകയാണവര്‍. അതാരും അറിയാതിരിക്കാനാണ് ശരീരം മുഴുവന്‍ മറക്കുന്നത്. എന്‍റെ ഫോട്ടോഗ്രാഫിയെ കുറിച്ചറിഞ്ഞ അവരുടെ ഭര്‍ത്താവ് അവരുടെ അപകര്‍ഷതാ ബോധം മാറ്റാനാണ് അവരെ എന്‍റെ അരികിലേക്ക് അയച്ചത്. 

'ഒടുവില്‍ ഞാനിത് ചെയ്യുന്നു, എനിക്ക് വേണ്ടി മാത്രം'

അങ്ങനെ ഫോട്ടോഷൂട്ട് തുടങ്ങി. കുറേ ചിത്രങ്ങളെടുത്തു. അവര്‍ നീക്കം ചെയ്യാത്ത സ്തനത്തില്‍ നിന്നും വസ്ത്രം മാറ്റി. അപ്പോഴും നീക്കം ചെയ്ത സ്തനം മറച്ചുപിടിച്ചിട്ടുണ്ട്. പക്ഷെ, കുറേ നേരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അവരുടെ ശരീരത്തോട് ഇഷ്ടം തോന്നിത്തുടങ്ങി. അപകര്‍ഷതാ ബോധം മാറി. അവര്‍ മറച്ചിരുന്ന തുണി എടുത്തു മാറ്റിയിട്ട് പറഞ്ഞു. 'ഒടുവില്‍ ഞാനിത് ചെയ്യുന്നു, എനിക്ക് വേണ്ടി മാത്രം' എന്ന്. അതോടെ, പന്ത്രണ്ട് വര്‍ഷത്തെ അപകര്‍ഷതാബോധത്തില്‍ നിന്നും അവര്‍ പുറത്ത് കടന്നു. അവരുടെ ശരീരത്തോട് വല്ലാത്തൊരുതരം സ്നേഹവുമായി അവരന്ന് സ്റ്റുഡിയോയില്‍ നിന്നിറങ്ങിയപ്പോള്‍ എനിക്ക് അങ്ങേയറ്റം സന്തോഷം തോന്നി. ഒരുപക്ഷെ, എന്‍റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായതായിരുന്നു ആ അനുഭവമെന്ന് പറയാതെ വയ്യ!

സ്തനാര്‍ബുദമുള്ളവരുടെ ചിത്രങ്ങളെടുത്തു. അവരുടെ എല്ലാ സൌന്ദര്യവും ഞാനെന്‍റെ കാമറയില്‍ പകര്‍ത്തി. അവര്‍ക്ക് ആത്മവിശ്വാസമേകുന്നതായിരുന്നു ആ പ്രൊജക്ട്.

നിരവധി പ്രായത്തിലുള്ള, നിരവധി തരത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ ഗ്രെയ്സ് പ്രൊജക്ടിന്‍റെ ഭാഗമായി ചെറിസ് പകര്‍ത്തിക്കഴിഞ്ഞു. ആര്‍ക്കും ആത്മവിശ്വാസമേകുന്ന തരത്തിലുള്ളതാണ് ആ ചിത്രങ്ങളോരോന്നും.