അച്ഛന്മാരിൽ ചിലർ പത്തു കൽപ്പനകളിലെ ഏഴാം കൽപ്പനയും, പത്താം കല്പനയും ലംഘിക്കുന്നതെന്തു കൊണ്ടാണ്? പ്രകൃതി ശക്തികളെപ്പോലെയുള്ള ജീവൽ ശക്തിയാണ് ലൈംഗീക തൃഷ്ണ എന്നതും ജെ. എസ്സ് അടൂര്‍ എഴുതുന്നു

സാധാരണ ഹോർമോണുകൾ ഉള്ള എല്ലാ ആണിനും പെണ്ണിനും ലൈംഗിക വിചാരവും, വികാരവും, ഉത്തേജനവും അതാത് പ്രായത്തിനനുസരിച്ച് കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. ഇത് മനുഷ്യ ജീവിക്കും, കോഴിക്കും, പട്ടിക്കും പൂച്ചക്കും മിക്ക മൃഗങ്ങൾക്കും ഉള്ള ഒരു കാര്യമാണ്. ഇങ്ങനെ ദിനോസറുകളുടെ കാലത്തിന് മുമ്പ്, അതാത് കുലത്തിലെ ആണും പെണ്ണും പരിപാടികൾ നടത്തി സുഖിച്ചു വിജയിപ്പിക്കുന്നതിനാലാണ് ഈ ഭൂലോകം ഇങ്ങനെ വൈവിധ്യമുള്ള പക്ഷി മൃഗാദികളോടും, വൃക്ഷ ലതാദികളോടും കൂടി സുന്ദരമായി, കാക്കത്തൊള്ളായിരം കൊല്ലങ്ങളായി പോകുന്നത്. ജീവനുള്ളതിനെല്ലാം വായുവും സൂര്യ പ്രകാശവും ആഹാരവും പോലെ പ്രധാനമായൊരു ബയോളേജിക്കൽ നീഡാണ് ലൈംഗികത.

സെലിബസിയെ കുറിച്ചും ലൈംഗികത ഉപേക്ഷിച്ച ജീവിതത്തെ കുറിച്ചും പറയുന്നതിന് മുമ്പ് ആദ്യമേ ഒരു നയം വ്യക്തമാക്കട്ടെ. അച്ഛനായാലും കപ്യാരായാലും ബിഷപ്പായാലും കന്യകാത്വം ഉള്ള സ്ത്രീ ആയാലും, ഇല്ലാത്ത സ്ത്രീയായാലും ഈ നാട്ടിലെ നിയമം എല്ലാവര്‍ക്കും തുല്യമാണ്. അല്ലാതെ, കാനോൻ നിയമമൊക്കെ അങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി. അതുകൊണ്ട് ആരെങ്കിലും വ്യഭിചരിച്ചാണെങ്കിലും പീഡിപ്പിച്ചാണെങ്കിലും നിയമം തെറ്റിച്ചാൽ അതിൽ പന്തിയിൽ പക്ഷഭേദമരുത് എന്നതാണ് നയം. പോലീസ്, പോലീസിന്‍റെ പണി പള്ളിയാണോ, പട്ടക്കാരനാണോ എന്നു നോക്കാതെ ന്യായയുക്തമായി ചെയ്യണം.

അച്ഛന്മാരിൽ ചിലർ പത്തു കൽപ്പനകളിലെ ഏഴാം കൽപ്പനയും, പത്താം കല്പനയും ഇടക്കിടക്ക് ലംഘിക്കുന്നതെന്തു കൊണ്ടാണ്? ഇതിൽ ഒരു പ്രധാന വില്ലൻ ടെസ്റ്റോസ്റ്റിറോൺ ആണ്. സ്ത്രീകളിൽ ഈസ്ട്രോജനും. നല്ല ശാപ്പാടൊക്കെ സ്ഥിരം അടിച്ച് സുഭിക്ഷമായി ജീവിക്കുന്ന ആരോഗ്യമുള്ളവർക്ക്‌ അച്ഛനായാലും, കപ്യാരായാലും ലൈംഗിക ഉത്തേജനമുണ്ടാകും. സാധാരണ സ്ത്രീക്കായാലും, പുരുഷനായാലും, ലൈംഗിക ഉത്തേജനമുണ്ടാവുക സാധാരണയായൊരു ശരീര പ്രക്രിയയും എല്ലാ മൃഗങ്ങളെയും പോലെ പ്രത്യുല്‍പാദന പ്രോഗ്രാമിങ്ങിന്‍റെ ഭാഗവുമാണ്. ഈ ഹോർമോണുകളുടെ കളിയാണത്.

സാധാരണ ഹോർമോണുകൾ ഉള്ള എല്ലാ ആണിനും പെണ്ണിനും ലൈംഗിക വിചാരവും, വികാരവും, ഉത്തേജനവും അതാത് പ്രായത്തിനനുസരിച്ച് കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. ഇത് മനുഷ്യ ജീവിക്കും, കോഴിക്കും, പട്ടിക്കും പൂച്ചക്കും മിക്ക മൃഗങ്ങൾക്കും ഉള്ള ഒരു കാര്യമാണ്. ഇങ്ങനെ ദിനോസറുകളുടെ കാലത്തിന് മുമ്പ്, അതാത് കുലത്തിലെ ആണും പെണ്ണും പരിപാടികൾ നടത്തി സുഖിച്ചു വിജയിപ്പിക്കുന്നതിനാലാണ് ഈ ഭൂലോകം ഇങ്ങനെ വൈവിധ്യമുള്ള പക്ഷി മൃഗാദികളോടും, വൃക്ഷ ലതാദികളോടും കൂടി സുന്ദരമായി, കാക്കത്തൊള്ളായിരം കൊല്ലങ്ങളായി പോകുന്നത്. ജീവനുള്ളതിനെല്ലാം വായുവും സൂര്യ പ്രകാശവും ആഹാരവും പോലെ പ്രധാനമായൊരു ബയോളേജിക്കൽ നീഡാണ് ലൈംഗികത. ലൈംഗിക തൃഷ്ണ അതുകൊണ്ട് തന്നെ ജീവിതതൃഷ്ണയാണ്. അതിനെ പ്രകൃതിയുടെ താളവട്ടത്തിൽ പല സ്‌പീഷിസുകളും പല തരത്തിലാണ് മാനേജ് ചെയ്യുന്നത്.

ഇണയും തുണയും തേടുന്നത് ഒരു സാമൂഹിക പ്രക്രിയ ആയതുകൊണ്ട് അതിന് അതിർ വരമ്പുകൾ ഉണ്ടാക്കിയാണ് കുടുംബം എന്ന അടിസ്ഥാന സ്ഥാപനമുണ്ടാകുന്നത്.

മനുഷ്യൻ പ്രായേണ ശാരീരിക ലിമിറ്റേഷൻ ഉള്ള ജീവിയായതിനാൽ തന്നെ, ഹോമോസാപ്പിയൻസ് സാമൂഹികമായാണ് ആഹാരം തേടാൻ വേട്ടയും, പിന്നെ കൃഷിയുമൊക്കെ തുടങ്ങി സാമൂഹിക ജീവിയായത്. അതുകൊണ്ട് തന്നെ മനുഷ്യൻ ആഹാരം തേടി സംസ്കരിച്ചു ഭക്ഷിക്കുന്നതിനും വിചാര വികാര വിരേചനങ്ങൾക്കും ഇണയും തുണയും ആവശ്യമായി വന്നു. ഇണയും തുണയും തേടുന്നത് ഒരു സാമൂഹിക പ്രക്രിയ ആയതുകൊണ്ട് അതിന് അതിർ വരമ്പുകൾ ഉണ്ടാക്കിയാണ് കുടുംബം എന്ന അടിസ്ഥാന സ്ഥാപനമുണ്ടാകുന്നത്.

പ്രകൃതി ശക്തികളെപ്പോലെയുള്ള ജീവൽ ശക്തിയാണ് ലൈംഗീക തൃഷ്ണ എന്നതും, അത് ജീവന്‍റെ അനുസ്യൂത ഒഴുക്കിന് ആവശ്യമായ ലൈഫ് ഫോഴ്‌സാണെണെന്നതും മനുഷ്യൻ തിരിച്ചറിഞ്ഞ ആദ്യ കണ്ടെത്തെലുകളിൽ ഒന്നാണ്. വായുവിനെയും വെള്ളത്തെയും അഗ്നിയേയും പോലെയുള്ള ഒരു ലൈഫ് ഫോഴ്‌സാണ് ഇത് എന്ന് തിരിച്ചറിഞ്ഞതോട് കൂടി അവയുടെ ദിവ്യത്വവും പ്രശ്നവും പ്രശ്ന പരിഹാരങ്ങളും സാമൂഹിക മാനേജ്മെന്‍റും മനുഷ്യൻ പഠിച്ചു. മിക്കവാറും എല്ലാ സംസ്കാരങ്ങളിലും ലിംഗ യോനീ പൂജകളും, ഫെർട്ടിലിറ്റി കൾട്ടുകളും കൃഷി സംസ്‌കാരങ്ങളുടെ ഭാഗമാണ്.

അതുപോലെ ഹോർമോണുകളുടെ സജീവതയിൽ പുരുഷനും, സ്ത്രീയും പ്രത്യുൽപ്പാദന ശേഷി ആർജിക്കുന്നതിന്‍റെ അനുഷ്ടാനങ്ങൾ പല സംസ്കാരങ്ങളിലുമുണ്ട്. ഒരു സമൂഹത്തിൽ ലൈംഗിക ശക്തിയെയും മറ്റു പ്രകൃതി ജീവൽ ശക്തികളെയും നിയന്ത്രിക്കുവാൻ അതിലും മുകളിൽ ഒരു ശക്തിയെ പ്രതിഷ്ഠിച്ച് ഉണ്ടായ തിയോളേജിയാണ് ആദ്യത്തെ സാമൂഹിക അധികാര വിനിമയം. അങ്ങനെ ടോട്ടെവും ടാബുവും ഭാഷയും ഭാഷ വ്യാഖ്യാനങ്ങളും അതിർ വരമ്പുകളുടെ അടയാള ചിഹ്നങ്ങളുമുണ്ടായി. ഒരു സമൂഹത്തെ നിയന്ത്രിക്കുവാൻ ലൈംഗികതയെ നിയന്ത്രിച്ചു മാനേജ് ചെയ്യേണ്ടി വന്നപ്പോൾ മുതലാണ് അതിന്‍റെ പ്രധാന മാനേജ്‌മെന്‍റ് ഡൊമൈൻ കുടുംബമായത്. ആഹാരവും ലൈംഗിക തൃഷ്‌ണയും ഉൽപ്പാദനവും പ്രത്യുൽപ്പാദനവും എല്ലാം 'കുടുംബം' എന്ന പൊളിറ്റിക്കൽ -ഇക്കോണോമിക് -സൈക്കോളെജിക്കൽ വ്യവസ്ഥയ്ക്ക് അകത്താക്കി ചിട്ടപ്പെടുത്തിയാണ് മനുഷ്യൻ മറ്റെല്ലാ മാറ്റങ്ങളും വരുത്താൻ തുടങ്ങിയത്.

ഏറ്റവും വലിയ ദൈവീകാധികാരത്തിന്‍റെ വക്താക്കൾ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടായാൽ അത് ഭൂമിയിൽ രാജ ഭരണം ദൈവത്തിന്‍റെ പേരിൽ നടത്തുന്നവർക്ക് മത്സരമാകും.

ആദ്യത്തെ അധികാരികൾ ദൈവത്തിന്റെ പ്രതി പുരുഷർ എന്ന് കൽപ്പിച്ചു നൽകിയത് ഗോത്ര മൂപ്പന്മാരായിരുന്നു. ലൈംഗികതയെ ത്യജിച്ച് ലൈംഗിക ശക്തിയെ ആവാഹിച്ച് അതിനു മുകളിൽ സ്വയം പ്രതിഷ്ഠിക്കുന്നത് കൊണ്ട് അവർ ദൈവത്തിന്‍റെ കൈയാളുകളും ലൈഗികതയുടെ കാവൽകാരുമായി. പത്തു കൽപ്പന ഒരു ഗോത്ര സമൂഹത്തെ മാനേജ് ചെയ്യാൻ കല്ലിൽ കൊത്തി ദൈവം കൊടുത്തു എന്ന് പറഞ്ഞാണ് 'മോശ' എന്ന ഗോത്ര മൂപ്പൻ മരുഭൂമിയിൽ ഉള്ള നൊമാഡിക് ആയ ഒരു ഗോത്ര സമുദായത്തിന് ആദ്യമായി റൂൾ ഓഫ് ലോ കൊടുക്കുന്നത്. അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കരുത് എന്നും, വ്യഭിചാരം ചെയ്യരുത് എന്നുമുള്ള കുടുംബബദ്ധമായ ലൈംഗിക പരിധി നിർണയിക്കുമ്പോൾ മുതൽ വിവാഹമെന്ന വ്യവസ്ഥാപിത ലൈസൻസിനുള്ളിൽ ഒതുക്കേണ്ട ഒന്നായി സെക്സ്. അതിനപ്പുറം വേലിചാടിയാൽ അത് വ്യഭിചാരമായ പാപവും, നിയമ ലംഘനവുമായി എല്ലാ സെമിറ്റിക് മതങ്ങളും വ്യവസ്ഥാവൽക്കരിച്ചു.

അതുകൊണ്ട് ശുദ്ധിയും, വിശുദ്ധിയും, അശുദ്ധിയും, പാപവും, പുണ്യവും എല്ലാം ലൈംഗികതയെ മാനേജ് ചെയ്യുന്നതുമായി ബന്ധപ്പെടുത്തി. 'സ്വാഭാവിക ലൈംഗിക തൃഷ്ണയെ നിയന്ത്രിച്ച് ജനത്തെ വരുതിയിലാക്കുന്നവർക്ക് അവരുടെ ലൈംഗിക തൃഷ്‌ണയെ ദൈവീക ശക്തി കൊണ്ട് നിയന്ത്രിക്കാം' എന്ന അവകാശ വാദത്തിൽ നിന്നാണ് അവർക്ക് വിശുദ്ധിയുടെ പരിവേഷം കിട്ടി പുരോഹിതന്മാരായത്.

അതുമാത്രമല്ല. ഏറ്റവും വലിയ ദൈവീകാധികാരത്തിന്‍റെ വക്താക്കൾ വിവാഹം കഴിച്ച് കുട്ടികൾ ഉണ്ടായാൽ അത് ഭൂമിയിൽ രാജ ഭരണം ദൈവത്തിന്‍റെ പേരിൽ നടത്തുന്നവർക്ക് മത്സരമാകും. അങ്ങനെയാണ് ക്രിസ്തുവിന് മുമ്പ് തന്നെ പല സംസ്കാരങ്ങളിലും 'സെലിബസി അഥവാ ബ്രഹ്മചര്യം' ഒരു മത സംസ്ഥാപന രീതി ആയത്.

ക്രിസ്തീയ മതത്തിൽ ആദ്യം മുതൽ, ഇന്ന് വരെയുള്ള ഒരു ചർച്ച വിഷയമാണ്. ആദിമ ക്രിസ്തീയ സമൂഹത്തിന്‍റെ അതിർ വരമ്പുകളും എത്തിക്സുമൊക്ക ഏറ്റവും കൃത്യമായി എഴുതിയിരിക്കുന്നത് ക്രിസ്തീയ മത സംസ്ഥാപനത്തിന്റെ പ്രധാന വക്താവായ പൗലോസ് അപ്പോസ്തോലൻ എഴുതിയ പതി മൂന്നു ലേഖനങ്ങളിലാണ്. പൗലോസ് അവിവാഹിതനായിരുന്നു. പക്ഷെ, പൗലോസിനു കാര്യങ്ങളുടെ കിടപ്പുവശമറിയാമായിരുന്നു . അത് കൊണ്ട് പിടിച്ചു നില്ക്കാൻ കഴിയാത്തവരെല്ലാം മാനം മര്യാദക്ക് കല്യാണം കഴിച്ചോളാൻ നേരെ ചൊവ്വേ പറഞ്ഞിട്ടുണ്ട്. യേശുവും സ്നാപക യോഹന്നാനും അതുപോലെ എസ്സെനി സന്യസ്തരും വിവാഹം കഴിച്ചതിന് ബൈബിളിൽ തെളിവില്ല

സംഭോഗമോ അല്ലെങ്കിൽ സ്വയംഭോഗമോ ചെയ്യാതെ ജീവിത കാലം മുഴുവൻ ജീവിക്കുക എന്ന് അവകാശപ്പെടുന്നത് തന്നെ കപടമാകാനാണിട

അന്നുതൊട്ട് തുടങ്ങിയ ചർച്ച മൂന്നാം നൂറ്റാണ്ടിൽ എൽവീരയിലും നാലാം നൂറ്റാണ്ടിൽ നൈസിയയിലും നടന്നിരുന്നു. അവസാനം ഇത് സന്യസ്തർക്ക് ഒരു ഓപ്‌ഷനായി. പൗരസ്ത്യ സഭയായ ഓർത്തോഡോക്സ് വിഭാഗങ്ങളിൽ പൗരോഹിത്യം കിട്ടുന്നതിന് മുമ്പ് വിവാഹം കഴിക്കാം എന്നും എന്നാൽ കല്യാണം കഴിക്കാതെ ജീവിത ബ്രഹ്മചര്യം ഉള്ളവർക്ക് മാത്രമേ ബിഷപ്പ് അല്ലെങ്കിൽ മെത്രാൻ ആകാൻ സാധിക്കുകയുള്ളൂ എന്നും നിലപാട് തുടർന്നു. നിലവിലുമതാണ്.

എന്നാൽ റോമൻ ചർച്ചിൽ ഇത് നിര്‍ന്ധമില്ലായിരുന്നു. പുരോഹിതന്മാരും പോപ്പുമാരും ഒക്കെ കല്യാണം കഴിച്ചവരായിരുന്നു. പല പോപ്പുമാരുടെയും മക്കൾ പോപ്പുമാരായി. പുരോഹിതന്മാർക്കും പോപ്പിനുമൊക്ക കുടുംബമായതോട് കൂടി പള്ളിയിലെ ഭണ്ഡാരത്തിൽ നിന്ന് അടിച്ചു മാറ്റാൻ തുടങ്ങി. അഴിമതിയും അധികാര തര്‍ക്കവും വ്യാപകമായി. പല പോപ്പുമാർക്കും അന്തപ്പുരങ്ങൾ ഉണ്ടായി. 904 മുതൽ 960 വരെയുള്ള വർഷങ്ങളിൽ ലൈംഗിക അരാജകത്വം നടമാടി. അങ്ങനെയാണ് 'പോണോക്രസി' എന്ന പദം വന്നത്. അതിന് പിന്നീടുള്ള ചരിത്രകാരൻമാർ പറഞ്ഞത് വേശ്യമാരുടെ ഭരണം എന്നാണ്. പേപ്പൽ ചരിത്രത്തിൽ നിന്ന് തന്നെ മായ്ച്ചു കളഞ്ഞ ചിത്രമാണിത്. ഒരു പോപ്പിനെ വധിച്ചത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് എന്നാണ് ഒരു കഥയിൽ. അതുകഴിഞ്ഞ് കത്തോലിക്ക സഭ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു യൂറോപ്പിലേക്കുള്ള മുസ്ളീം അധിനിവേശം.

അങ്ങനെ ക്രൂസേഡുകൾ രണ്ടു നൂറ്റാണ്ട് ചെയ്തതിന്‍റെ സമ്പത്തിക വെല്ലുവിളികളുമൊക്ക ആയി കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോഴാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ അച്ഛന്മാർക്ക് വിവാഹം നിഷേധിച്ച് സെലിബസി നിർബന്ധമാക്കിയത്. അത് ഒരു പൊളിറ്റിക്കൽ ഇക്കോണോമിക് പാരഡൈം ഷിഫ്റ്റ് കൂടിയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സെലിബസി തത്വം വീണ്ടുമുറപ്പിച്ച് വ്യവസ്ഥയാക്കി. കത്തോലിക്ക സഭ രാഷ്ട്രീയ അധികാരം പോയെങ്കിലും വൻ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി നിലനിന്ന് വെല്ലുവിളികളെ നേരിട്ട് വളർന്ന് ലോകശക്തികളിൽ ഒന്നായി നിലനിൽക്കുന്നതിന്‍റെ കാരണം പത്താം നൂറ്റാണ്ടിൽ അച്ചന്മാരും പോപ്പുമാരും പള്ളിയിൽ നിന്നും അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുപോകുന്ന പരിപാടി അവസാനിപ്പിച്ചത് കൊണ്ടാണ്. സെലിബസിയും കുടുംബവും മക്കളും ഇല്ലാത്ത ലക്ഷകണക്കിന് പേര്‍ കത്തോലിക്ക സഭയിൽ ഉള്ളതിനാലാണ് ഇന്നത് ലോകത്തെ തന്നെ സാമ്പത്തിക ശക്തിയായി നിൽക്കുന്നത്.

അത് പട്ടിണിക്കിട്ട ഒരാൾ ആഹാരം കണ്ടാൽ മോഷ്ടിച്ചാണെങ്കിലും വിശപ്പടക്കുന്നത് പോലെയാണ്.

പക്ഷെ, ആജീവനാന്ത സെലിബസി എന്നൊക്കെ പറയുന്നത് പരിശീലിക്കാൻ വളരെ കുറച്ചു പേർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതും ആർക്കറിയാം? സാധാരണക്കാരിൽ ബ്രഹ്മചര്യം, സെലിബസി എന്നൊക്കെ പറയുന്നത് കുറച്ചു ദിവസം ഉപവാസമെടുക്കുന്നത് പോലെയോ, അല്ലെങ്കിൽ കുറെ മാസം ആഹാരത്തെ ക്രമപ്പെടുത്തി ജീവിക്കുന്നത് പോലെയോ ഒരു താൽക്കാലിക ഏർപ്പാടാണ്. അത് പലരും മതപരമായ കാരണങ്ങളാലും സാമൂഹിക കാരണങ്ങളാലും ചുരുങ്ങിയ കാലത്തേക്ക് ശ്രമിക്കാറുമുണ്ട്.

സാധാരണ ഹോർമോണുകളുള്ള എല്ലാ മനുഷ്യരിലും ലൈംഗിക തൃഷ്ണ സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ മനുഷ്യനാണെങ്കിൽ അവൾക്ക്/ അവന് ആഹാര തൃഷ്ണ പോലെ ലൈംഗിക തൃഷണയും കാണും. അതുകൊണ്ട് ഇണയുമായി, പരിപാടി എന്ന് സാധാരണ മലയാളത്തിൽ പറയുന്ന സംഭോഗമോ അല്ലെങ്കിൽ സ്വയംഭോഗമോ ചെയ്യാതെ ജീവിത കാലം മുഴുവൻ ജീവിക്കുക എന്ന് അവകാശപ്പെടുന്നത് തന്നെ കപടമാകാനാണിട. അച്ഛൻമാർ കുപ്പായമിട്ടെന്നു കരുതി അവർക്ക് ഉത്തേജനമുണ്ടാകില്ലേ?

എല്ലാ സഭകളിലും അച്ചനോ, പാസ്റ്ററോ, കന്യാസ്ത്രീയോ ആകുന്നത് സ്വയമായി തിരഞ്ഞെടുക്കുന്ന ഒന്നാണ്. അത് ആത്മീയ താല്പര്യം കൊണ്ടോ സാമൂഹിക സാമ്പത്തിക കാരണങ്ങളാലോ ആകാം. എന്തെയാലും സ്വയം അങ്ങനെ തിരഞ്ഞെടുക്കുന്നവർ ഒരു വിശ്വാസ ഉടമ്പടിയിൽ ദൈവത്തോടും സഭയോടും ഉള്ള വിശ്വസ്തത കാത്തു കൊള്ളാമെന്നുള്ള ഉടമ്പടിയാണത്. ഇതിൽ ഒരു വലിയ വിഭാഗം ആ വിശ്വാസ ഉടമ്പടി കാക്കുന്നത് കൊണ്ടാണ് ഇത് നിലനില്കുന്നത്. അതുകൊണ്ട് എല്ലാ അച്ചൻമാരും ഒരുപോലെയല്ല. പക്ഷെ ചില അച്ഛന്മാരും പാസ്റ്ററുമാരും വേലി ചാടുമ്പോൾ സാധാരണക്കാർ ചാടുന്നപോലെയല്ല. അത് ഒരു വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും.

വെറുതെ വേലി ചാടാതെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞപോലെ പിടിച്ചു നിൽക്കാൻ പറ്റാത്തവർക്ക് പട്ടത്വം കളഞ്ഞ് കല്യാണം കഴിച്ചോ അല്ലാതെയോ ജീവിക്കാമല്ലോ .

അതുകൊണ്ട് ആജീവനാന്ത സെലിബസിയൊക്കെപറഞ്ഞിട്ട് സ്വയംഭോഗം പോലും ചെയ്യാത്ത ഏതെങ്കിലും അച്ഛൻമാരുണ്ടോയെന്ന് അവർക്കും ദൈവത്തിനും മാത്രമറിയാം !!