
ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം
മൂന്നാം ഭാഗം:
ഒമ്പത് റാണിമാരും ഒരു രാജാവും!
നാലാം ഭാഗം:
മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി!
പുലര്‍ച്ചെ മൂന്നുമണിക്ക് ജോധ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സ്റ്റേഷന്‍ പരിസരം വിജനമായിരുന്നു.ബസ്സിലേക്ക് നടന്നു.സാമാന്യം നല്ല ഒരു ഹോട്ടലിന്റെ മുന്‍പിലാണ് ബസ് നിര്‍ത്തിയത്.രാജസ്ഥാനില്‍ വിവാഹ സീസണായതിനാല്‍ ഡോര്‍മെറ്ററികളൊന്നും ഒഴിവില്ലാത്തതിനാല്‍ നല്ല ഒരു ഹോട്ടലിലാണ് ഞങ്ങള്‍ക്ക് താമസ സൗകര്യം ചെയ്തിരുന്നത്. ടൂര്‍ മാനേജര്‍ വന്ന് ഗ്രൂപ്പായി വന്നവരെയും ദമ്പതിമാരേയും വിളിച്ചു പുറത്തേക്ക് നടന്നു. ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഒരു ഡബിള്‍ മുറി അനുവദിച്ചു കിട്ടി.നല്ല വൃത്തിയുള്ള ഹോട്ടല്‍ മുറിയായിരുന്നു.എഴുന്നേറ്റപ്പോള്‍ ശരീരമാകെ വേദന. ചെറിയൊരു പനിയുടെ തുടക്കമാണെന്ന് തോന്നി.ഒരു പാരസെറ്റാമോള്‍ എടുത്ത് കഴിച്ചു.കുളിച്ചു ഫ്രെഷ് ആയി ഊണു മുറിയില്‍ എത്തിയപ്പോള്‍ ആവി പറക്കുന്ന ഉപ്പ് മാവും ഇഡ്ഡലിയുമൊക്കെ വിളമ്പി തുടങ്ങിയിരുന്നു. എട്ടു മണിക്കേ ബസ് പുറപ്പെടൂ എന്നു പറഞ്ഞപ്പോള്‍ ചായയും തിരഞ്ഞ് ഞങ്ങള്‍ തെരുവിലേക്കിറങ്ങി.തകര പാട്ടകള്‍ കമിഴ്ത്തി വെച്ച് ഇരുപ്പിടമാക്കിയ ഒരു ചെറിയ ചായകടക്ക് മുന്‍പില്‍ വന്‍ തിരക്ക്.വഴിയില്‍ കണ്ട നാട്ടുകാരോടൊക്കെ സംസാരിച്ച് ഞങ്ങള്‍ അവിടെ നിന്നു.
രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. 1429 ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് ഈ നഗരം സ്ഥാപിച്ചത്.അടുത്തിടെ വരെ ജോധ്പൂര്‍ മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത്. ജോധ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ പോയാല്‍ അജ്മീരായി.

നീല നഗരം
മെഹ്‌റാന്‍ ഗാര്‍ഗ് കോട്ടയിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം.മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള വീടുകള്‍ക്കെല്ലാം നീല നിറമാണ്. ജോധ്പൂര്‍ നഗരത്തിനു നീല നഗരമെന്നൊരു വിളി പേരുണ്ട്. ബസ്സ് ഇറങ്ങിയപ്പോള്‍ ഷഫീക്കും സഹിലും കാത്തു നില്‍ക്കുന്നു.അവരോടൊപ്പം കോട്ടയിലേക്കുള്ള കുന്നിന്‍ വഴിയിലൂടെ നടന്നു.ഏതോ വാദ്യസംഗീതവുമായി രാജസ്ഥാനി ഫോക്ക് സംഗീതം ആലപിച്ചുകൊണ്ട് കോട്ടക്ക് മുന്‍പില്‍ ഇരുന്നിരുന്ന ഗായകന്റെ മനോഹര ചിരിയാണ് ഞങ്ങളെ വരവേറ്റത്.ചിരി പോലെ മനോഹരമായിരുന്നു അയാളുടെ സംഗീതവും. ആ ഒരു ദിവസത്തെ മനോഹരമാക്കാന്‍ പ്രസരിപ്പോടെ പാടുന്ന ആ ഗായകന്റെ ചിരി മാത്രം മതിയായിരുന്നു.ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ കൂടെ പാടു എന്ന ആംഗ്യത്തോടെ വൈ ദിസ് കൊലവെറിടി എന്നായി പാട്ട്. പിന്നെ നിംബൂട നിംബൂടാ അങ്ങിനെ സംഗീതത്തിന്റെ ഒരു മാസ്മരിക ലോകം തന്നെ തീര്‍ത്തു അയാള്‍.
ടിക്കറ്റ് കൗണ്ടറില്‍ തന്നെ പണം അടച്ചാലെ ഗൈഡിനെ ലഭിക്കു എന്ന കാര്യം അതിനിടയില്‍ ഞങ്ങള്‍ മറന്നു പോയിരുന്നു.തിരിച്ചു നടക്കാന്‍ മടിച്ചു മുന്‍പോട്ട് തന്നെ നടന്നു.ഏതാണ്ട് 150 മീറ്ററോളം ഉയരെ ഒരു കുന്നില്‍മുകളിലാണ് മെഹ്‌റാന്‍ഗാധ് കോട്ട സ്ഥിതി ചെയ്യുന്നത്.ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണിത്. 1459 ല്‍ റാവു ജോധായാണ് ഈ കോട്ട നിര്‍മ്മിച്ചത്.ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്‌റാന്‍ഗാധ് കോട്ടയ്ക്ക്.ജയ്‌പോല്‍ എന്ന വാതില്‍ മഹാരാജാ മാന്‍സിങ്ങ് അദ്ദേഹത്തിന് ബിക്കനീര്‍ രാജാക്കന്മാരുമായുണ്ടായ യുദ്ധ വിജയത്തിന്റെ സ്മരണക്ക് ഉണ്ടാക്കിയതാണ്. ഫതേഖ് പോല്‍ എന്ന വാതില്‍ മഹാരാജ അജിത് സിങ്ങ് മുഗളരുമായുണ്ടായ യുദ്ധ വിജയത്തിന്റെ സ്മാരകമായി ഉണ്ടാക്കിയതാണ്.
രണ്ടാം കോട്ട വാതിലില്‍ ജോധ്പൂര്‍ യുദ്ധ കാലത്ത് പതിച്ച വെടിയുണ്ടകളുടെ പാടുകള്‍ ഇപ്പോഴും കാണാം. രജകുടുംബത്തിന്റെ വകയായ പുരാതനവസ്തുക്കള്‍ പ്രദര്‍ശനത്തിനു വച്ചിരിയ്ക്കുന്ന ഒരു മ്യൂസിയം കാണാനാണ് ഞങ്ങള്‍ ആദ്യം പോയത്. ആയുധങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി രാജഭരണകാലത്തെ അമൂല്യവസ്തുക്കള്‍ പലതും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിന്നീട് പോയത് മോത്തി മഹലിലേക്കാണ്.രാജാ സുര്‍സിങ്ങ് ആണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. രാജസഭയായാണ് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നത്. ശിങ്കാര്‍ചൌക്കി എന്ന ജോധ്പൂരിലെ സിംഹാസനവും ഇവിടെ കാണാം
വിവിധ തരത്തില്‍ തലപ്പാവ് ധരിക്കുന്നതിന്റെ ഡെമണ്‍സ്‌ട്രേഷന്‍ നടക്കുകയാണവിടെ. ഒരാള്‍ അറ്റത്ത് പിടിച്ചു നില്‍ക്കുന്ന 82 ഇഞ്ച് നീളവും 81 ഇഞ്ച് വീതിയുമുള്ള നീളന്‍ ദുപ്പട്ട മിനുറ്റുകള്‍ക്കുള്ളില്‍ പല രീതിയില്‍ ഉള്ള തലപ്പാവ് ആയി മാറുന്നത് രസകരമായ കാഴ്ചയാണ്.രാജസ്ഥാനിലെ കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനാവണം അവര്‍ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയത്.തലപ്പാവ് അവരുടെ അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ്.
ഫൂല്‍ മഹലും ശീഷ് മഹലും
പിന്നീട് പോയത് ഫൂല്‍ മഹലിലേക്കാണ്.രാജാവിന്റെ അഞ്ചു പത്‌നിമാര്‍ ഇവിടെയാണ് താമസിച്ചിരുന്നത്.രാജാവിന്റെ അന്തപുരത്തിന്റെ സ്വര്‍ണകവചിതമായ മേല്‍തട്ട് കാണേണ്ട കാഴ്ച്ചയാണ്. മുഗള്‍ പോരാളിയായിരുന്ന സര്‍ബുലാന്ത് ഖാനെ തോല്‍പ്പിച്ചപ്പോള്‍ അഹമ്മദാബാദിലെ കൊട്ടാരത്തില്‍ നിന്ന് കൊണ്ടു വന്ന സ്വര്‍ണ്ണം ഉപയോഗിച്ചാണീ മേല്‍തട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.ജാന്‍കി മഹല്‍ മറ്റൊരു മനോഹരമായ കെട്ടിടമാണ്.അതിന്റെ കുഞ്ഞു കിളിവാതിലുകള്‍ കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് സഭാ നടപടികള്‍ കാണാനുള്ളതാണ്.
കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ശീഷ് മഹല്‍ അതിമനോഹരമാണ്. വിവിധനിറങ്ങളിലും വിവിധ രൂപങ്ങളിലുമുള്ള കണ്ണാടികള്‍ പതിച്ച ജനല്‍ പാളികളില്‍ വീഴുന്ന സൂര്യ കിരണങ്ങള്‍ ചിത്രം വരക്കുന്ന കൊട്ടാര മുറിയുടെ തറകളില്‍ തീര്‍ത്ത നിറങ്ങളുടെ വിസ്മയം അതിഗംഭീരമായ ഒരു കാഴ്ച തന്നെയാണ്.ജോധ്പൂരിലെ അവസാനത്തെ രാജാവായ തകാത് സിങ്ങ് യൂറോപ്യന്‍ ഭരതീയ രീതിയില്‍ ഉണ്ടാക്കിയ തക്കാത്ത് വില്ലയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍കൂട്ടം കണ്ടു.
വിവിധ തരത്തില്‍ തലപ്പാവ് ധരിക്കുന്നതിന്റെ ഡെമണ്‍സ്‌ട്രേഷന്‍ നടക്കുകയാണവിടെ. ഒരാള്‍ അറ്റത്ത് പിടിച്ചു നില്‍ക്കുന്ന 82 ഇഞ്ച് നീളവും 81 ഇഞ്ച് വീതിയുമുള്ള നീളന്‍ ദുപ്പട്ട മിനുറ്റുകള്‍ക്കുള്ളില്‍ പല രീതിയില്‍ ഉള്ള തലപ്പാവ് ആയി മാറുന്നത് രസകരമായ കാഴ്ചയാണ്.രാജസ്ഥാനിലെ കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനാവണം അവര്‍ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയത്.തലപ്പാവ് അവരുടെ അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ്.
ജോധ്പൂര്‍ കോട്ടക്ക് ചുറ്റുമുള്ള തടാകത്തിനു മുകളിലൂടെ ഒരു സിപ്പ് ലൈന്‍ സാഹസിക യാത്ര ഞങ്ങള്‍ പ്ലാനിട്ടതായിരുന്നു. കോട്ടയുടെ ഏറ്റവും താഴെയുള്ള സിപ്പ് ലൈന്‍ അഡ്വഞ്ചര്‍ ഓഫീസിലേക്ക് നടന്നപ്പോള്‍ ഭയങ്കര ക്ഷീണം.പാരസെറ്റാമോള്‍ കഴിച്ചപ്പോള്‍ പോയ പനി വീണ്ടും വരികയാണെന്ന് തോന്നി.വീണ്ടും ഒരു ഗുളിക കഴിക്കാന്‍ പോയപ്പോള്‍ ലേഖ സമ്മതിച്ചില്ല. ഷഫീക്കും ട്രീസയും വരുന്നില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. സിപ് ലൈന്‍ യാത്രക്ക് തയ്യാറായി വന്നവരെല്ലാം വിദേശിയരായിരുന്നു. സിപ് ലൈനിലൂടെ എങ്ങിനെയാണ് പോവുന്നത് എന്നു മനസിലാക്കാന്‍ അവര്‍ ഒരു വിഡിയോ കാണിച്ചു തന്നു. കോട്ടക്ക് മുകളില്‍ നിന്ന് കുന്നിന്‍ മുകളിലെ തൂണിലേക്ക് വലിച്ചു കെട്ടിയ ഒരു കമ്പിയിലൂടെ വേഗത്തില്‍ പോകുമ്പോള്‍ കൂകി വിളിക്കുന്ന സ്ത്രീയുടെ വീഡിയോ ആയിരുന്നു അത്. കണ്ടപ്പോള്‍ ചെറിയ പേടി തോന്നിയെങ്കിലും സീറോ ശതമാനം റിസ്‌ക് ആണ്. 60 വയസുള്ള ഒരു സ്ത്രീ പോയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ധൈര്യം തന്നു.നാലുമണിക്കാണ് ഞങ്ങള്‍ക്ക് സമയം അനുവദിച്ചത്. ആയിരത്തി അഞ്ഞൂറു രൂപയാണ് ഫീസ്.വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകനു വലിയ ഉത്സാഹം.എന്തായാലും പോവു എന്നായി അവന്‍.പനിയായിരുന്നു എന്നെ പിന്നോക്കം വലിച്ചത്. നാലുമണിക്ക് വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് നടന്നു. സഹിലും ലേഖയും വലിയ ഉത്സാഹത്തിലായിരുന്നു.

ജസ്‌വന്ത് താഡ
മെഹ്‌റാന്‍ഗാധ് കോട്ടയുടെ അടുത്തുള്ള ജസ്‌വന്ത് താഡയിലേക്കായിരുന്നു അടുത്ത യാത്ര.വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കെട്ടിടമാണ് ജസ്‌വന്ത് താഡ.തന്റെ പിതാവായ ജസ്വന്ത് സിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മക്കായി മകന്‍ സര്‍ദര്‍ സിങ്ങ് നിര്‍മിച്ച സ്മാരകമാണീ കെട്ടിടം.കൊത്തു പണികള്‍കൊണ്ട് മനോഹരമാക്കിയ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ കെട്ടിടം മാര്‍വാറിലെ താജ് മഹല്‍ എന്നാണറിയപ്പെടുന്നത്.കാഴ്ചകള്‍ കണ്ടു നടക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് നടന്നു. മുഗള്‍ രീതിയില്‍ പണിത പൂന്തോട്ടത്തിനു മുന്‍പിലെ മര ചുവട്ടില്‍ ഇരുന്ന് ഹാര്‍മോണിയം കട്ടകളിലൂടെ വിരലോടിച്ച് ദമാദം മസ്ത് കലന്തര്‍ എന്നു പാടുന്ന ഗായകന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ ശരീരം മുഴുവന്‍ വേദനയായിരുന്നു.
മന്‍ഡോര്‍ ഗാര്‍ഡനിലെ പാര്‍ക്കിലായിരുന്നു ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്. ഭക്ഷണം കഴിച്ച ഉടന്‍ ഷഫീക്ക് ഗാര്‍ഡന്റെ ഫോട്ടോ എടുക്കാന്‍ പോയി.ഒരു പരാസെറ്റാമോളും ധാരാളം വെള്ളവും കുടിച്ചപ്പോള്‍ എന്റെ പനി കുറഞ്ഞിരുന്നു.ഉമൈദ് ഭവന്‍ കൊട്ടാരം കണ്ട് സിപ്പ് ലൈന്‍ യാത്രക്ക് പോവാനായിരുന്നു പ്ലാന്‍. എന്റെ ക്ഷീണം കണ്ടപ്പോള്‍ ഒറ്റക്ക് പൊയ്‌ക്കോളാമെന്നായി സഹില്‍.എനിക്കാകെ നിരാശയായി. ഇത്രയും നിരാശ ജീവിതത്തില്‍ ഒരിക്കലും എനിക്കുണ്ടായിട്ടില്ല.

ഉമൈദ് ഭവന്‍ കൊട്ടാരം
ഉമൈദ് കൊട്ടാരത്തിനുള്ളിലൂടെ നടക്കുമ്പോള്‍ ഒട്ടും ഉത്സാഹം തോന്നിയില്ല.അതിമനോഹരമാണ് ഉമൈദ് ഭവന്‍ കൊട്ടാരവും. ചിത്താര്‍കുന്നിലുള്ള ഈ കൊട്ടാരത്തിനു ചിത്താര്‍ കൊട്ടാരം എന്നും പേരുണ്ട്. അക്കാലത്ത് വന്ന വരള്‍ച്ചയിലും പട്ടിണിയിലും കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ജോലി നല്‍കാനായി 943ല്‍ മഹാരാജാ ഉമൈദ് സിങ്ങ് നിര്‍മിച്ചതാണീ കൊട്ടാരം. ഹെന്റി ലാങ്ക്സ്റ്റര്‍ എന്ന ബ്രിട്ടിഷ് ആര്‍ക്കിട്ടെക്റ്റ് രൂപ കല്‍പ്പന ചെയ്ത ഈ കൊട്ടാരം കൊളോണിയന്‍ രീതിയിലാണ് നിര്‍മിക്കപെട്ടിട്ടുള്ളത്. 406 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. ഒരുഭാഗം മ്യുസിയമായും ഒരുഭാഗത്ത് രാജകുടുംബാംഗങ്ങളുടെ താമസത്തിനും ഉപയോഗിക്കുന്നു. ഒരു ഭാഗം താജ് ഹോട്ടല്‍ ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കൊട്ടാരത്തിനു മുകളില്‍ ചുമത്തിയ വലിയ സംഖ്യയുടെ നികുതി അടക്കാന്‍ ബുദ്ധിമുട്ടിലായപ്പോള്‍ പാതിഭാഗം താജ് ഗ്രൂപ്പിന് വാടകക്ക് നല്‍കാന്‍ രാജ കുടുംബം തീരുമാനിക്കുകയായിരുന്നു.
പിങ്ക് നിറത്തിലുളള കല്ലുകള്‍ കൊണ്ട് നിര്‍മിച്ച കൊട്ടാരം ഇന്റര്‍ലോക്ക് രീതിയിലാണ് പണിതിട്ടുള്ളത്.ക്വാറിയില്‍ നിന്നും പ്രത്യേക റെയില്‍വേലൈന്‍ നിര്‍മ്മിച്ച് ഏതു ഭാഗത്ത് വെക്കണമെന്ന് കണക്ക് കൂട്ടി മുന്‍ കൂട്ടി തീരുമാനിച്ച് ക്രെയിന്‍ വെച്ചുയര്‍ത്തി കട്ടകള്‍ വെച്ചാണ് പണിതത്.കല്ലുയര്‍ത്തിവയ്ക്കുമ്പോള്‍ കൃത്യസ്ഥാനം ഉറപ്പാക്കുന്നതിനായി കല്ലുകള്‍ക്കിടയില്‍ ഐസ് കട്ടകള്‍ വച്ചു.ഐസ് ഉരുകുമ്പോള്‍ കട്ടകള്‍ യഥാ സ്ഥാനത്ത് ഉറച്ചു.ഇതിനായി കൊട്ടാര മുറ്റത്ത് ഐസ് പ്ലാന്റുകള്‍ സ്ഥാപിച്ചു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ലോക്കുകളുടെ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിലുണ്ട്. നേരം അഞ്ചു മണിയായിരുന്നു. പിന്നീട് ഷോപ്പിങ്ങിനുള്ള സമയമായിരുന്നു. ട്രീസയും ലേഖയും ഒരു ഓട്ടോ വിളിച്ച് ഷോപ്പിങ്ങിനു പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.പനി അപ്പോഴും എന്നെ വിട്ടു പോയിട്ടില്ലായിരുന്നു.ഞാന്‍ നേരേ ഹോട്ടല്‍ മുറിയിലേക്ക് പോയി.ഒന്‍പത് മണിക്ക് കൂട്ടുകാരികള്‍ വന്നു മുട്ടി വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്.അപ്പോഴേക്കും പനി മാറിയിരുന്നു.
അവസാന ഭാഗം നാളെ
ആദ്യ ഭാഗം
സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി
രണ്ടാം ഭാഗം
മഴ കാത്തൊരു കൊട്ടാരം
മൂന്നാം ഭാഗം:
ഒമ്പത് റാണിമാരും ഒരു രാജാവും!
നാലാം ഭാഗം:
മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി!
