
ജസ്റ്റിന്‍ മാത്യു
തോപ്രംകുടിയിലെ വായനശാലയില്‍നിന്നാണെന്നു തോന്നുന്നു ആദ്യമായി മാത്യു മറ്റമെഴുതിയ ഒരു നോവല്‍ പുസ്തകരൂപത്തില്‍ വായിക്കുന്നത്. മനോരമ ആഴ്ചപ്പതിപ്പ് വായിച്ചുതുടങ്ങുന്ന സമയത്ത് മാത്യു മറ്റം മനോരമ വിടുകയും എഴുത്തില്‍ നിന്നു പിന്നോട്ടുപോയി കുറച്ചുകാലത്തേക്ക് മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. എങ്കിലും, ഗോര്‍ക്കിയും, തിക്കൊടിയനും, പൊന്‍കുന്നം വര്‍ക്കിയും, സി രാധകൃഷണനുമൊപ്പം മാത്യു മറ്റവും, സുധാകര്‍ മംഗളോദയവും, ഗിരിജാ ശങ്കറും മലനാട്ടിലെ വായനശാലയിലെ ചിമ്മിനിവിളക്കിന്റെ വെളിച്ചത്തില്‍ വായിക്കപ്പെട്ടു.
മദ്യവും, ടിവിയും ഇടുക്കിയുടെ രാത്രികളെ വിഴുങ്ങുന്നതിനു മുന്‍പുള്ള തലമുറ മണ്ണെണ്ണ വിളക്ക് മനോരമ ആഴ്ചപ്പതിപ്പിനോടു ചേര്‍ത്തുപിടിച്ചു മാത്യു മറ്റവും, ഏറ്റുമാനൂര്‍ ശിവകുമാറും, കമലാ ഗോവിന്ദുമൊക്കെ എഴുതിയ 'പൈങ്കിളി/മ സാഹിത്യമെന്നു' പേരിട്ടു വിളിച്ച നോവലുകള്‍ വായിച്ചു. (ഇടുക്കിയില്‍ വൈദ്യുതി ഉല്‍പ്പാദനം മാത്രമേ നടന്നിട്ടുള്ളു, തോട്ടം മേഖലയിലെ ബംഗ്ലാവുകളും, സര്‍ക്കാര്‍ വാസസ്ഥലങ്ങളും മാറ്റിനിറുത്തിയാല്‍, തൊണ്ണൂറിന്റെ തുടക്കം വരെ കര്‍ഷകഗ്രാമങ്ങള്‍ രാത്രിയില്‍ മണ്ണെണ്ണ വിളക്കില്‍ തന്നെയായിരുന്നു).
ഇരുട്ടുവോളം പണിയെടുക്കുന്ന കര്‍ഷക ഗ്രാമങ്ങള്‍ ഉറക്കത്തെ തടഞ്ഞു നിറുത്തി ഈ നോവലുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയത് ആ വരികള്‍ അവര്‍ക്കു പരിചിതമായ ദേശത്തിലും കാലത്തിലും എഴുതപ്പെട്ടതുകൊണ്ടായിരുന്നു. പ്രാര്‍ത്ഥന പുസ്തകങ്ങള്‍ക്കപ്പുറമുള്ള വായനകളുടെ തുടക്കം മാത്യു മറ്റത്തിന്റെ നോവലുകളായിരുന്നു. ആദ്യം വായിച്ചു തീര്‍ത്ത നോവലുകളിലൊന്നു മാത്യു മറ്റത്തിന്റെ 'രാത്രയില്‍ വിശുദ്ധരില്ല' എന്നാണോര്‍മ്മ.
ഈ മാസികകളില്‍ പൊതുധാരണപോലെ ഇക്കിളിപ്പെടുത്തലുകള്‍ മാത്രമല്ല ജീവിക്കുന്ന ദേശത്തെ പച്ചമണ്ണും, ജീവിതവും, മരണങ്ങളും, കഞ്ചാവ് വില്‍പ്പനക്കാരും ഇടനിലക്കാരും നടത്തുന്ന വെല്ലുവിളികളും, ചോരചിന്തലുകളും, പോലിസ് അഴിഞ്ഞാട്ടങ്ങളും, തടിച്ചുവീര്‍ത്ത സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാരും തുറന്നുകാണിക്കപ്പെട്ടു.
'മഹേഷിന്റെ പ്രതികാരവും', 'പളുങ്കും' 'പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളു' മൊക്കെ ഇടുക്കിയെ വെള്ളിത്തിരയില്‍ എത്തിക്കുന്നതിനു മുന്‍പ്, നഗരവും സമ്പന്നകുടുംബങ്ങളിലെ പ്രശ്‌നങ്ങളും സിനിമയുടെ പ്രധാന പ്രമേയമാകുന്ന കാലത്താണ്, ഈ ജനപ്രിയ നോവലുകള്‍ മലയോരങ്ങളിലും, മലമുകളിലുമുള്ള മാടക്കടകളില്‍ ചൂടപ്പം പോലെ, മനോരമയും, മംഗളവും, മനോരാജ്യവുമൊക്കെയായി വെള്ളിയാഴ്ചകളില്‍ വിറ്റുപോയത്.
മൂന്നാറും ദേവികുളവും അടിമാലിയും പീരുമേടുമൊക്കെ ടൂറിസ്റ്റു കേന്ദ്രങ്ങളാകുന്നതിനു മുന്‍പ് ആ ദേശത്തെ എഴുത്തിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ ജോസി വാഗമാറ്റവും, ബാറ്റണ്‍ ബോസും പ്രിയപ്പെട്ട എഴുത്തുകാരായി. ഈ മാസികകളില്‍ പൊതുധാരണപോലെ ഇക്കിളിപ്പെടുത്തലുകള്‍ മാത്രമല്ല ജീവിക്കുന്ന ദേശത്തെ പച്ചമണ്ണും, ജീവിതവും, മരണങ്ങളും, കഞ്ചാവ് വില്‍പ്പനക്കാരും ഇടനിലക്കാരും നടത്തുന്ന വെല്ലുവിളികളും, ചോരചിന്തലുകളും, പോലിസ് അഴിഞ്ഞാട്ടങ്ങളും, തടിച്ചുവീര്‍ത്ത സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാരും തുറന്നുകാണിക്കപ്പെട്ടു.
അതൊന്നും വെറും പൈങ്കിളി എഴുത്തു മാത്രമായിരുന്നില്ല, ജാഗ്രതയുടെ കണ്ണ് ഈ എഴുത്തുകാര്‍ക്കുണ്ടായിരുന്നുവെന്ന് ആ കാലത്തെ ഇടുക്കിയുടെ ചരിത്രം തേടിയിറങ്ങുമ്പോള്‍ തിരിച്ചറിയുന്നു.
പത്താംക്ലാസ് വരെ മനോരമയും, മംഗളവും ഒന്നൊഴിയാതെ വായിച്ചു. എങ്കിലും, വായനയുടെ തുടക്കകാലം, നാലുപേജുകള്‍ ഒറ്റ ഇരുപ്പില്‍, തട്ടുതടവില്ലാതെ വായിച്ചുതുടങ്ങുന്ന കുട്ടിക്കാലം മാത്യു മറ്റത്തിന്റെ പേരിനൊപ്പം ചേര്‍ന്നുതന്നെയാണ് ഓര്‍ക്കുന്നത്. മധ്യതിരുവിതാംകോടിന്റെ ചരിത്രമെഴുതുന്ന വിദ്യാര്‍ത്ഥികള്‍ മാത്യു മറ്റത്തെ വായിക്കണം.
പ്രിയ നോവലിസ്റ്റിന് അന്ത്യാഞ്ജലി.
