Asianet News MalayalamAsianet News Malayalam

കുടിയിറക്കപ്പെട്ട ഈ ആദിവാസി ജനതയുടെ എത്ര ശതമാനം ഇതുവരെ പുനരധിവസിപ്പിക്കപ്പെട്ടു?

വനസംരക്ഷണ നിയമത്തെക്കാള്‍ ശക്തവും വികേന്ദ്രീകൃതവുമാണ് വനാവകാശ നിയമം. വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാരമ്പര്യ വനവാസികളായ ആദിവാസികള്‍ക്ക് വ്യക്തിഗത വനാവകാശത്തിനും സാമൂഹിക വനാവകാശത്തിനും ചെറുകിട വനവിഭ ശേഖണത്തിനും വിപണനത്തിനും നിയമപരമായ പരിരക്ഷയുണ്ട്. വനത്തെ സംരക്ഷിക്കാന്‍, അവിടുത്തെ മണ്ണിനെയും മൃഗങ്ങളെയും പൂക്കളെയും പുഴുക്കളെയും ജലവിധാനങ്ങളെയും സംരക്ഷിക്കാന്‍ ആദിവാസികള്‍ക്ക് ശേഷി ഉണ്ട് എന്ന ബോധ്യത്തിന്റെയും പഠനങ്ങളുടെയും ചര്‍ച്ചയുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് വനസംരക്ഷണ നിയമത്തിനു ശേഷം വനാവകാശ നിയമം വരുന്നതും അംഗീകരിക്കപ്പെടുന്നതും. 

k santhosh kumar on supreme court order related to eviction of tribes
Author
Thiruvananthapuram, First Published Feb 22, 2019, 4:04 PM IST

വികസനത്തിനായി കുടിയിറക്കിയ 60 ദശലക്ഷം ആളുകളില്‍ പകുതിയും ആദിവാസികള്‍ ആണ്. ഇന്ത്യയിലെ ഡാമുകളുടെ നിര്‍മ്മാണത്തിനായി കുടിയിറക്കിയവരില്‍ 70 ശതമാനത്തിനു മുകളില്‍ (Taming the waters – Satyajit Singh) ആദിവാസികള്‍ തന്നെയാണ്. കുടിയിറക്കപ്പെട്ട ഈ ആദിവാസി ജനതയുടെ ഇരുപത് ശതമാനം പോലും ഇതുവരെ പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. 

k santhosh kumar on supreme court order related to eviction of tribes

വനാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ള വനവാസികളെ കുടിയിറക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്. വനാവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ച ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11,27446 ആദിവാസികള്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങളുടെ അപേക്ഷ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുകൊണ്ട് വനം വകുപ്പ് തള്ളിയിരുന്നു. കേസ് പരിഗണിക്കവെ ഈ കുടുംബങ്ങളെ 2019 ജൂലൈ 24 -ന് മുന്‍പ് കുടിയിറക്കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്. 1980 -ലെ വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. വനസംരക്ഷണ നിയമത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ പ്രശ്നവല്‍ക്കരിക്കപ്പെട്ടതിന്റെയും പരിഹാര മാര്‍ഗ്ഗം തേടിയതിന്റെയും അടിസ്ഥാനത്തിലാണ് 2006 -ല്‍ വനാവകാശ നിയമം ( The Scheduled Tribes and other Forest Dwellers ( Right recognition ) Act ) നിലവില്‍ വരുന്നത്. 

കാരണം, വന സംരക്ഷണ നിയമവും അതിന്റെ ഭേദഗതിയും വ്യാഖ്യാനങ്ങളും അതിനെ തുടര്‍ന്നുണ്ടായ ഉത്തരവുകളുമാണ് 2003 മുതല്‍ ആദിവാസികളെ വനത്തില്‍ നിന്ന് കുടിയിറക്കുന്നതിനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായി തീര്‍ന്നത്. ഇത്തരത്തില്‍ ഉരുത്തിരിഞ്ഞു വന്ന വനാവകാശ നിയമം 2006 പരിഗണിക്കാതെ ആദിവാസികളുടെ അവകാശവും സംരക്ഷണവും വിഭാവധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്നങ്ങളും അതിനും മുന്‍പുള്ള വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നത് വനാവകാശ നിയമത്തെ അട്ടിമറിക്കുന്നതും നിയമം പാസാക്കിയ പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതുമാണ്.

വനസംരക്ഷണ നിയമത്തെക്കാള്‍ ശക്തവും വികേന്ദ്രീകൃതവുമാണ് വനാവകാശ നിയമം

1980 -ലെ വനസംരക്ഷണ നിയമം നിഷ്കര്‍ഷിച്ചിരുന്ന പ്രധാനപ്പെട്ട കാര്യം 'വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളതല്ല' എന്നതാണ്. വനങ്ങളുടെ സ്വാഭാവികത നിലനിര്‍ത്താന്‍ പ്ലാന്‍റേഷന്‍ ഉണ്ടാക്കുന്നതും മരം വെട്ടുന്നതും ഈ നിയമത്തിലൂടെ തടഞ്ഞു. വനം, വന ഭൂമി അല്ലാതാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമുള്ള കണ്‍കറന്റ് ലിസ്റ്റ് ( MoEF ) ആക്കി മാറ്റി. ആദിവാസികള്‍ക്ക് വനവിഭവ ശേഖരണത്തിനും പരിപാലിക്കുന്നതിനുമുള്ള “പങ്കാളിത്ത വനപരിപാലനം” അംഗീകരിക്കുകയും 1980 -കള്‍ക്ക് ശേഷമുള്ള വനഭൂമിയുടെ കൈവശത്തെ കയ്യേറ്റമായി ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നും ആദിവാസി വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുള്ള വനം വകുപ്പും ഉദ്യോഗസ്ഥരും ആദിവാസികളുടെ നിയമത്തിലെ അവകാശങ്ങള്‍ അംഗീകരിച്ചില്ല. എന്നു മാത്രമല്ല അവരെ 'വനം കയ്യേറി ജീവിക്കുന്നവര്‍' എന്ന കൊളോണിയല്‍ ബോധത്തിലാണ് കണ്ടത്. നിയമത്തിന്റെ സാങ്കേതികത്വങ്ങള്‍ അതിനായി അവര്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍, നിയമത്തിന്റെ പഴുതിലൂടെ അണക്കെട്ട്, കല്‍ക്കരി പാടങ്ങള്‍, മൈനിംഗ്, വ്യവസായങ്ങള്‍ എന്നിവയ്ക്ക് വേണ്ടി വലിയ തോതില്‍ വനം ഉപയോഗിക്കുകയും നശിപ്പിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ വനം വ്യാപകമായി നശിപ്പിക്കപ്പെട്ടു. 

ഈ സാഹചര്യത്തിലാണ് 'കയ്യേറ്റക്കാരെ കുടിയൊഴിപ്പിക്കുന്നതിനും, വനം സംരക്ഷിക്കുന്നതിനും എന്ത് നടപടി സ്വീകരിച്ചു' എന്ന ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് ആന്‍ഡ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിന്റെ അടിസ്ഥാനത്തില്‍ 2002 മേയ്യില്‍ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഫോറസ്റ്റ്  കയ്യേറ്റക്കാരെ കുടിയിറക്കുന്നതിനായി ഓര്‍ഡര്‍ ഇറക്കുന്നത്. തുടര്‍ന്ന് പതിനായിരക്കണക്കിന് ആദിവാസി കുടുംബങ്ങളാണ് വനത്തില്‍ നിന്നും ആവാസവ്യവസ്ഥയില്‍ നിന്നും കുടിയിറക്കപ്പെട്ടത്. വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇത് കാരണമായി. ലക്ഷക്കണക്കിന്‌ ആദിവാസികളുടെ നീണ്ട സമരത്തിന്റെയും പ്രതിരോധത്തിന്റെയും അടിസ്ഥാനത്തിലാണ് 2006 ല്‍ വനാവകാശ നിയമം ( The Scheduled Tribes and other Forest Dwellers ( Right recognition ) Act ) നിലവില്‍ വരുന്നത്. 2006 -ലെ വനാവകാശ നിയമം വന്നതോട് കൂടി പാരമ്പര്യവാസികളായ മുഴുവന്‍ ആദിവാസികള്‍ക്കും വനഭൂമിയിലും വിഭവങ്ങളിലും അവകാശമുണ്ട് എന്ന് സ്ഥാപിക്കപ്പെട്ടു. അതിനെ ഔദ്യോഗികമായി അംഗീകരിക്കുക ( Recognition ) മാത്രമേ വനാവകാശ നിയമത്തിലൂടെ ചെയ്യുന്നുള്ളൂ. 

വനസംരക്ഷണ നിയമത്തെക്കാള്‍ ശക്തവും വികേന്ദ്രീകൃതവുമാണ് വനാവകാശ നിയമം. വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാരമ്പര്യ വനവാസികളായ ആദിവാസികള്‍ക്ക് വ്യക്തിഗത വനാവകാശത്തിനും സാമൂഹിക വനാവകാശത്തിനും ചെറുകിട വനവിഭ ശേഖണത്തിനും വിപണനത്തിനും നിയമപരമായ പരിരക്ഷയുണ്ട്. വനത്തെ സംരക്ഷിക്കാന്‍, അവിടുത്തെ മണ്ണിനെയും മൃഗങ്ങളെയും പൂക്കളെയും പുഴുക്കളെയും ജലവിധാനങ്ങളെയും സംരക്ഷിക്കാന്‍ ആദിവാസികള്‍ക്ക് ശേഷി ഉണ്ട് എന്ന ബോധ്യത്തിന്റെയും പഠനങ്ങളുടെയും ചര്‍ച്ചയുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് വനസംരക്ഷണ നിയമത്തിനു ശേഷം വനാവകാശ നിയമം വരുന്നതും അംഗീകരിക്കപ്പെടുന്നതും. ചരിത്രപരമായ ഈ വസ്തുതയാണ് സുപ്രീം കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. വനവാസികളായ ആദിവാസികളുടെ അവകാശം പരിഗണിക്കുമ്പോള്‍ വനാവകാശ നിയമം പരിഗണിക്കാതെ, അതിന്റെ നിയമപരമായ സാധുതയെ അംഗീകരിക്കാതെ വന സംരക്ഷണ നിയമം മാത്രം കണക്കിലെടുത്തുകൊണ്ട് ആദിവാസികളെ കുടിയിറക്കാന്‍ സുപ്രീം കോടതി തന്നെ ഉത്തരവിറക്കുന്നത് വനാവകാശ നിയമത്തെ മാത്രമല്ല നിയമവ്യവസ്ഥിതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതുമാണ്.

വനം വകുപ്പിന്റെ തെറ്റായ സമീപനം കൊണ്ട് 894 ആദിവാസി കുടുംബങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ കുടിയിറക്കപ്പെടാന്‍ പോകുന്നത്

ചില പരിസ്ഥിതി സംഘടനകള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നിയമത്തെ തെറ്റായി കോടതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത് (സംഘടനകളുടെ പേര് അപ്രസക്തം ആണെന്ന് തോന്നുന്നത് കൊണ്ട് എഴുതുന്നില്ല. ആദിവാസി വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതില്‍ ബഹുഭൂരിപക്ഷം വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സംഘടനകളും വെച്ചുപുലര്‍ത്തുന്നത് സമാന മനോഭാവം തന്നെയാണ്. മുത്തങ്ങയില്‍ നിന്ന് ആദിവാസികളെ പോലീസിനു പിടിച്ചുകൊടുക്കാന്‍ മുന്നില്‍ നിന്നത് അവിടുത്തെ ‘പ്രധാന’ പരിസ്ഥിതി പ്രവര്‍ത്തകരും സമിതിയുമാണ്. ആദിവാസികളെ കുടിയിറക്കാനു മുന്‍പ് കേസിന് പോയത് ഒരേ ഭൂമി ഒരേ ജീവന്‍ പ്രവര്‍ത്തകരുമാണ്) ആദിവാസികളെ കുടിയൊഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് 2008 -ല്‍ സുപ്രീം കോടതിയില്‍  അവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വനസംരക്ഷണ നിയപ്രകാരം ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും കയ്യേറ്റക്കരായ ആളുകളെ റെഗുലറൈസ് ചെയ്യുകയാണ് വനാവകാശ നിയമം എന്നും അതുകൊണ്ട് “കയ്യേറ്റക്കാരെ” കുടിയിറക്കണമെന്നുമായിരുന്നു പ്രധാന വാദം. വസ്തുതാവിരുദ്ധമായ ഈ വാദത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിച്ചില്ല. വനാവകാശ നിയമത്തിന്റെ സാധുത,  നിയമം രൂപപ്പെടാനുള്ള സാഹചര്യം, അത് നിര്‍മ്മിക്കുവാനുള്ള പാര്‍ലമെന്റിന്റെ അധികാരം, അതിന്റെ ഭരണഘടനാപരമായ സാധുത ഇതൊന്നും കേന്ദ്ര സര്‍ക്കാരോ, മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫേഴ്സോ കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവന്നില്ല. കേസിനെ ദുര്‍ബലപ്പെടുത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

കേസിന്റെ പരിഗണനാ വേളയിലെ അവസാന ഘട്ടങ്ങളില്‍; 2018 മാര്‍ച്ച്, മേയ്, ഡിസംബര്‍ ഹിയറിംഗുകളിലൊന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ഒരു രേഖയും സമര്‍പ്പിച്ചില്ല. പ്രതിപക്ഷത്ത് നിന്ന് വൃന്ദ കാരാട്ട്, ഡി രാജ ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയം മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫേഴ്സിന് കത്തുനല്‍കിക്കൊണ്ട് ഉന്നയിച്ച ഘട്ടത്തില്‍ ജൂനിയര്‍ വക്കീലന്മാരെ കോടതിയില്‍ ഹാജരാക്കിയതല്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ കോടതിയില്‍ യഥാസമയം സത്യവാങ്ങ്മൂലം നല്‍കുകയോ ചെയ്തില്ല. കോടതി അവസാനം കേസ് പരിഗണിച്ച ഫെബ്രുവരി മൂന്നിനു പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. മൈനിങ്ങിനും വ്യവസായ കോറിഡോര്‍ ആരംഭിക്കുന്നതിനും വനാവകാശ നിയമം ദുര്‍ബലപ്പെടുത്തേണ്ടുന്നതും ആദിവാസികളെ കുടിയിറക്കേണ്ടുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ആയിരുന്നു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പണിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കാന്‍ എങ്ങനെ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്താം എന്ന് മാത്രമാണ് ആലോചിക്കുന്നത്. വ്യാവസായിക കുത്തകള്‍ക്ക്‌ വേണ്ടി നിയമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഏറ്റവും അധികം ഭേദഗതികളും ചട്ടങ്ങളും കൊണ്ടുവന്നത് ബി ജെ പി ഭരിക്കുന്ന കേന്ദ്ര ഭരണകൂടം ആണെന്ന് ബോധ്യപ്പെടുമ്പോഴേ ചിത്രം കൂടുതല്‍ വെളിവാകൂ. പ്ലാനിംഗ് ബോര്‍ഡ് പിരിച്ചു വിട്ടു നീതി അയോഗ് കൊണ്ടുവന്നത് തന്നെ കോര്‍പറേറ്റ് രാജ് നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നു. കേന്ദ്ര സര്‍ക്കാരും വനം വകുപ്പും ചേര്‍ന്ന് നടത്തുന്ന കോര്‍പ്പറേറ്റു സേവാ നാടകത്തിന്റെ ക്ലൈമാക്സാണ് ആദിവാസികളെ കുടിയിറക്കണമെന്ന ഫെബ്രുവരി മൂന്നിനു വന്നിരിക്കുന്ന സുപ്രീം കോടതി വിധി.

വനം വകുപ്പിന്റെ ആദിവാസി വിരുദ്ധ നിലപാടുകള്‍ കൊണ്ടും കൊളോണിയല്‍ നിയമബോധം കൊണ്ടുമാണ് ലക്ഷക്കണക്കിന്‌ ആദിവാസികള്‍ക്ക് കുടിയിറങ്ങേണ്ടി വരുന്നത്. ആദിവാസികളുടെ വനാവകാശത്തെ അംഗീകരിക്കാന്‍ വനം വകുപ്പ് ഇപ്പോഴും തയ്യാറാകുന്നില്ല. ഈ നിയമ പ്രകാരം വ്യക്തിഗത ഇനത്തില്‍ ഒമ്പത് ഏക്കര്‍ വരെയും സാമൂഹിക വനാവകാശ പ്രകാരം ആയിരക്കണക്കിന് വനഭൂമിയും ഉപയോഗിക്കുവാന്‍ അവകാശം ആദിവാസികള്‍ക്ക് ഉള്ളപ്പോള്‍ അരയേക്കറും പത്തു സെന്റും അഞ്ചു സെന്റും നല്‍കിക്കൊണ്ട് നിയമത്തെ അട്ടിമറിക്കുന്ന സമീപനമാണ് വനം വകുപ്പ് കൈക്കൊള്ളുന്നത്. വനാവകാശത്തിന്റെ നോഡല്‍ ഏജന്‍സിയായ പട്ടികവര്‍ഗ്ഗ വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് വനം വകുപ്പ് ഇതെല്ലാം ചെയ്യുന്നത്. വനം വകുപ്പിന്റെ തെറ്റായ സമീപനം കൊണ്ട് 894 ആദിവാസി കുടുംബങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ കുടിയിറക്കപ്പെടാന്‍ പോകുന്നത്. 2015 ഡിസംബര്‍ വരെ അപേക്ഷിച്ച 39,999 അപേക്ഷകളില്‍ 894 കുടുംബങ്ങളുടെ ക്ലൈമുകളാണ് തള്ളിയിരിക്കുന്നത്. തൃശൂര്‍ - 461, പാലക്കാട് – 183, എറണാകുളം – 161, ഇടുക്കി – 10, കോട്ടയം – 63, പത്തനംതിട്ട – 8, കൊല്ലം – 4  എന്നീ ജില്ലകളില്‍ നിന്നുള്ള അപേക്ഷകളാണ് തള്ളിയിരിക്കുന്നത്.  

വനാവകാശത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അനര്‍ഹമാണെങ്കില്‍ സ്വീകരിക്കേണ്ടുന്ന യാതൊരുവിധ നടപടിക്രമങ്ങളും ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിട്ടില്ല. വനാവകാശ നിയമത്തില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട് വില്ലേജ് തല കമ്മിറ്റി ക്ലെയിം തള്ളുകയാണെങ്കില്‍ അപ്പീലിനായി സബ് ഡിവിഷണല്‍ കമ്മറ്റിയെ സമീപിക്കാമെന്നു. സബ് ഡിവിഷണല്‍ കമ്മിറ്റില്‍ നിന്നും അപേക്ഷ തള്ളുകയാണെങ്കില്‍ അവര്‍ക്ക് ഡിസ്ട്രികറ്റ് ലെവല്‍ കമ്മിറ്റിയെ സമീപിക്കാം. അവിടെനിന്നും അപേക്ഷ തള്ളുകയാണെങ്കില്‍ പുനപരിശോധനയ്ക്ക് ശേഷം മാത്രമേ വനാവകാശ അപേക്ഷ തള്ളാവൂ എന്ന്. ഇത്തരം യാതൊരു നടപടി ക്രമങ്ങളും നടന്നിട്ടില്ലെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നുണ്ട്. വനാവകാശ നിയമത്തിന്റെ നിയമപരമായ നടപടി ക്രമങ്ങള്‍ കൈക്കൊള്ളാതെ എങ്ങനെയാണ് വനാവകാശത്തിലെ അനര്‍ഹരെ കണ്ടെത്തിയത്? നിയമവിരുദ്ധമായ ഈ നടപടി ജാനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആദിവാസി വിരുദ്ധവും ചോദ്യം ചെയ്യപ്പെടെണ്ടതുമാണ്.

ജാതീയ അധികാര ഘടനകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്ത് നീതിയാണ് ലഭിക്കുക?

നിയമവിരുദ്ധമായ ഈ നടപടി ക്രമങ്ങളിലൂടെ അറുപത്തിയൊന്ന് ലക്ഷത്തോളം ആദിവാസികളാണ് കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത്. 2011 സെന്‍സസ് പ്രകാരം മൊത്തം ആദിവാസികളുടെ ജനസംഖ്യയുടെ  ആറ് ശതമാനം വരുമിത്‌. നിലവില്‍ ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയിറക്കപ്പെട്ട ആദിവാസികളുടെ എണ്ണം മൂന്നുകോടിയോളം വരും (ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത് എന്ത് – കെ സഹദേവന്‍ ) അതായത് വികസനത്തിനായി കുടിയിറക്കിയ 60 ദശലക്ഷം ആളുകളില്‍ പകുതിയും ആദിവാസികള്‍ ആണ്. ഇന്ത്യയിലെ ഡാമുകളുടെ നിര്‍മ്മാണത്തിനായി കുടിയിറക്കിയവരില്‍ 70 ശതമാനത്തിനു മുകളില്‍ (Taming the waters – Satyajit Singh) ആദിവാസികള്‍ തന്നെയാണ്. കുടിയിറക്കപ്പെട്ട ഈ ആദിവാസി ജനതയുടെ ഇരുപത് ശതമാനം പോലും ഇതുവരെ പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. 

ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഒക്കെ നിലനില്‍ക്കെയാണ് ആദിവാസികളെ വീണ്ടും കുടിയിറക്കുവാന്‍ പോകുന്നത്.  ശബരിമല സ്ത്രീ പ്രവേശനം, സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റം അല്ലെന്നു നിരീക്ഷിച്ചുകൊണ്ട് 377 വകുപ്പ് റദ്ദ് ചെയ്തത്, സ്ത്രീകളുടെ ലിംഗ സമത്വം അംഗീകരിച്ചു കൊണ്ട് ഐ പി സി 497 റദ്ദ് ചെയ്തത് തുടങ്ങിയ സുപ്രധാനവും പുരോഗമനപരവുമായ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി പക്ഷെ പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ കേസിലും സംവരണത്തിന്റെ കേസിലും ഉത്തരവ് പുറപ്പെടുവിച്ചത് ഇത്തരത്തിലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണെങ്കിലും ഇന്ത്യന്‍ ജൂഡീഷ്യറിയും ഭരകൂടവും ഉദ്യോഗസ്ഥരും സമൂഹവും ഇപ്പോഴും ജാതി വംശീയ ബോധത്തിലാണ് നിലനില്‍ക്കുന്നത്. ജാതീയ അധികാര ഘടനകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്ത് നീതിയാണ് ലഭിക്കുക? ഞങ്ങള്‍ക്കൊരു മാതൃരാജ്യം ഇല്ലെന്നു അംബേദ്‌കര്‍ പറയുന്നതിന്റെ അര്‍ത്ഥം ഈ സന്ദര്‍ഭത്തില്‍ ആണ് കൂടുതല്‍ വെളിവാകുക. ഈ ജാതീയ അധികാര വ്യവസ്ഥിതിയെ അഴിച്ചു പണിഞ്ഞെടുക്കുന്ന വ്യവസ്ഥിതിയ്ക്ക് മാത്രമേ  ആത്യന്തികമായി ആദിവാസികളെ കുടിയിറക്കാതിരിക്കാനും ആദിവാസികളുടെ ഭൂമി വിഭവാധികാരത്തെയും സാമൂഹിക പദവിയും  അംഗീകരിക്കുവാനും നീതി നടപ്പിലാക്കാനും കഴിയൂ.

Follow Us:
Download App:
  • android
  • ios