ഉപരിപഠനത്തിനായി സനിയ ബംഗളൂരുവിലേക്ക് പോയി. അവിടെയും കളിയാക്കലുകള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. എന്താണ് ആണിനെ പോലെ പെരുമാറാത്തതെന്ന കുറ്റപ്പെടുത്തലുകള്‍ സനിയയെ തളര്‍ത്തിക്കൊണ്ടിരുന്നു. പതുക്കെ പതുക്കെ വിഷാദം സനിയയെ കീഴടക്കി.

ഇത് സനിയയുടെ ജീവിതമാണ്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ്, എല്ലാത്തിനേയും അതിജീവിച്ച്, അതില്‍ ജീവിക്കാന്‍ പ്രാപ്തമായ ഒരാളുടെ ജീവിതം. അതിനായി താണ്ടിയ ദുരിതങ്ങളും പ്രതിസന്ധികളും. ഷിംലയില്‍ ജനിച്ചു. ഇപ്പോള്‍ ദേശീയ സൌന്ദര്യമത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ അതേ സനിയയുടെ അനുഭവം. സംഗീതവും ഫാഷനും ഭക്ഷണവും യാത്രയും ഇഷ്ടപ്പെട്ട പെണ്‍കുട്ടി. ജനിച്ചത് ആണ്‍കുട്ടി ആയിട്ടാണ്. 

നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലായിരുന്നു ജനിച്ചത്. അവനെ കാണാനും കുഴപ്പമില്ല. പക്ഷെ, സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും എല്ലാം പെണ്‍കുട്ടികളുടേതുപോലെ. അവന് ആഗ്രഹവും പെണ്‍കുട്ടിയായി ജീവിക്കാനായിരുന്നു. പക്ഷെ, എല്ലായിടത്തുനിന്നും പരിഹാസം മാത്രമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. മിക്കപ്പോഴും ഒറ്റപ്പെട്ടു. 'നിനക്ക് എന്തോ കുഴപ്പമുണ്ട്' എന്ന തരത്തിലായിരുന്നു അവനോട് മറ്റുള്ളവരെല്ലാം പെരുമാറിയത്. ദൈവത്തിനോട് പോലും അവന്‍ കലഹിച്ചു, എന്തിന് ഇങ്ങനെ ഒരു ജന്മം നല്‍കി എന്ന് പരിഭവിച്ചു. കളിയാക്കലുകളില്‍ നിന്നും കുറ്റപ്പെടുത്തലുകളില്‍ നിന്നും അവന്‍റെ മാതാപിതാക്കളും ഒഴിവാക്കപ്പെട്ടില്ല. പലരും ചോദിച്ചു, നിങ്ങളുടെ മകനെന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന്. എന്നാല്‍, കുറച്ച് കഴിയുമ്പോള്‍ മകന്‍ ആണ്‍കുട്ടിയെ പോലെ പെരുമാറും എന്ന് കരുതിയിരിക്കുകയായിരുന്നു അവന്‍റെ മാതാപിതാക്കള്‍. പക്ഷെ, അയല്‍ക്കാരൊക്കെ നിരന്തരം പറയുമ്പോള്‍ അവര്‍ അവനോട് ദേഷ്യപ്പെടും, കലഹിക്കും. അഞ്ചാമത്തെ വയസിലാണ് ആശങ്കകള്‍ തുടങ്ങിയതെങ്കിലും 25 വയസായപ്പോഴാണ് താനൊരു ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിയുന്നത്.

ഉപരിപഠനത്തിനായി സനിയ ബംഗളൂരുവിലേക്ക് പോയി. അവിടെയും കളിയാക്കലുകള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. എന്താണ് ആണിനെ പോലെ പെരുമാറാത്തതെന്ന കുറ്റപ്പെടുത്തലുകള്‍ സനിയയെ തളര്‍ത്തിക്കൊണ്ടിരുന്നു. പതുക്കെ പതുക്കെ വിഷാദം സനിയയെ കീഴടക്കി. ആരുമില്ലാത്ത അവസ്ഥ. തിരികെ വീട്ടിലെത്തിയപ്പോള്‍, അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞു. തനിക്ക് ആണായി ജീവിക്കാനല്ല ഇഷ്ടം. പെണ്ണായി ജീവിക്കാനാണ്. ഉള്ളുകൊണ്ട് പെണ്ണാണ്. പക്ഷെ, വിവാഹം കഴിക്കാനായിരുന്നു അവര്‍ തിരികെ സനിയയോട് ആവശ്യപ്പെട്ടത്. വിവാഹം കഴിച്ചാല്‍ സനിയയുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നും അവര്‍ ആവര്‍ത്തിച്ചു. അതിനിടയില്‍ ഗസല്‍ ദലിവാല്‍ എന്നയാളിന്‍റെ ജീവിതത്തെ കുറിച്ച് സനിയ അറിഞ്ഞു. അത് സനിയക്ക് പ്രതീക്ഷയേകി. തന്നെ കുറിച്ച് ഒരു വിശദമായ വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചു. ഇത്തവണ അവര്‍ ശകാരിച്ചില്ല, ദേഷ്യപ്പെട്ടില്ല. പകരം, ആ കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍ തന്നെ പറഞ്ഞു, 'നീ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ കൂടെയുണ്ട്.' അപ്പോഴേക്കും സനിയക്ക് വയസ് 30. 

സനിയ ശസ്ത്രക്രിയക്ക് തയ്യാറെടുത്തു. പിന്നെ, വേദനകളുടേയും മരുന്നിന്‍റേയും തളര്‍ച്ചയുടേയും ദിവസങ്ങള്‍. അതിനിടെ ഒരു കമ്പനിയില്‍ ജോലിക്ക് കയറി. ബംഗളൂരുവില്‍ ജോലി ചെയ്തതിന്‍റെ പരിചയം കൂട്ടുണ്ടായിരുന്നു സനിയക്ക്. പുതിയ സ്ഥാപനത്തില്‍ മാനേജറായിട്ടായിരുന്നു ജോലി. 40 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാവര്‍ക്കും താന്‍ എന്താണെന്ന് കാണിച്ചുകൊണ്ട് വിശദമായ ഒരു മെയിലയച്ചു സനിയ. കമ്പനി ഡയറക്ടറടക്കം ഭൂരിഭാഗം പേരും സനിയയെ അംഗീകരിച്ചു. 

2017 -ലാണ് സനിയ ജോലി രാജിവെക്കുന്നത്. പിന്നീട്, ശസ്ത്രക്രിയക്കായി ബാംഗോങില്‍. അമ്മയും സഹോദരനും എല്ലാ സ്നേഹവും പരിചരണവുമായി കൂടെനിന്നു. തിരികെയെത്തി ദേശീയമത്സരത്തില്‍ പങ്കെടുത്തു. ഫസ്റ്റ് റണ്ണര്‍ അപ്പും ആയി. ഇനിയും മോഡലിങ് രംഗത്ത് തന്നെ തുടരാനാണ് ആഗ്രഹം. അഭിനയിക്കാനും ഇഷ്ടമാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് പരിമിതി ആണെന്ന് തനിക്കറിയാമെന്നും അവര്‍ പറയുന്നുണ്ട്. എങ്കിലും കരുത്തോടെ മുന്നോട്ട് പോകുമെന്ന് പറയുന്നു സനിയ. 

ഒരിക്കല്‍ തള്ളിപ്പറഞ്ഞവര്‍ പലരും ഇന്ന് അംഗീകരിക്കുന്നു. അമ്മ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. സനിയക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുണ്ട്.